ഭൂമിയില്‍നിന്നുണ്ടായ കുജന്റെ പക്കലേക്ക്
ഭൂമിയില്‍നിന്നുണ്ടായ കുജന്റെ പക്കലേക്ക്
Thursday, September 18, 2014 12:09 AM IST
മഹാവിഷ്ണുവിന്റെ നെറ്റിയില്‍നിന്നു ഭൂമിയില്‍ വീണ വിയര്‍പ്പുതുള്ളിയാണു ചൊവ്വ എന്ന കുജനായി മാറിയതെന്നു പദ്മപുരാണം പറയുന്നു. ചുവപ്പുനിറമുള്ള ആണ്‍കുട്ടിയായി പിറന്നതുകൊണ്ടു ലോഹിതാംഗന്‍ എന്നും ഭൂമിയില്‍നിന്നു ജനിച്ചതിനാല്‍ കുജന്‍ എന്നും വിളിക്കപ്പെടുന്നു. ബ്രഹ്മാവില്‍നിന്നു വരം നേടിയാണു നവഗ്രഹങ്ങളിലൊന്നായതെന്നും പുരാണകഥയുണ്ട്. അംഗാരകന്‍ എന്ന പേരും ബ്രഹ്മാവില്‍നിന്നു കിട്ടിയത്രെ.

ഇങ്ങനെയുള്ള ചൊവ്വാ ചില സ്ഥാനങ്ങളിലായിരിക്കുമ്പോള്‍ ജനിക്കുന്നവര്‍ക്കു ചൊവ്വാദോഷം എന്ന ജാതകദോഷമുണ്െടന്നു ചിലര്‍ വിശ്വസിക്കുന്നു. പക്ഷേ, ചൊവ്വാദൌത്യങ്ങള്‍ക്കു വിഘ്നങ്ങള്‍ ഏറ്റവുമധികമുള്ള ആദ്യഘട്ടങ്ങള്‍ സുഗമമായി കടന്ന മംഗള്‍യാനിന് ഇനി അവസാന നിമിഷ പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ലെന്നുതന്നെയാണ് ഇസ്രോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന) ശാസ്ത്രജ്ഞര്‍ ആത്മവിശ്വാസത്തോ ടെ പറയുന്നത്.

ചൊവ്വാദൌത്യത്തില്‍ ഇന്ത്യ വളരെ വൈകിയാണു പ്രവേശിച്ചത്. അതിനാല്‍ തുടക്കക്കാരുടെ പരാജയകാരണങ്ങള്‍ മനസിലാക്കി അവ ഒഴിവാക്കാന്‍ സാധിച്ചു. അതാണ് ആത്മവിശ്വാസത്തിനു നിദാനം.

മംഗള്‍യാനിന്റെ ഏറ്റവും വലിയ വെല്ലുവിളി ചെറിയ ശേഷിയുള്ള പോളാര്‍ റോക്കറ്റ് (പിഎസ്എല്‍വി) ഉപയോഗിച്ച് എങ്ങനെ നിര്‍ദിഷ്ട ഭ്രമണപഥത്തില്‍ എത്തും എന്നതായിരുന്നു. കൂടുതല്‍ ശക്തമായ ജിഎസ്എല്‍വി ഉപയോഗിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നു. പക്ഷേ, ആയിനം റോക്കറ്റുകള്‍ക്കു ചില പ്രശ്നങ്ങള്‍ കണ്െടത്തിയതിനെത്തുടര്‍ന്നു പയറ്റിത്തെളിഞ്ഞ പിഎസ്എല്‍വിയിലേക്കു മാറി.


അപ്പോള്‍ ഒരു വലിയ ചോദ്യം. ഈ ചെറിയ റോക്കറ്റ് എങ്ങനെ മംഗള്‍യാനെ ഭൂമിയുടെ ആകര്‍ഷണവലയം വിട്ട് ചൊവ്വയിലേക്ക് എത്താവുന്ന ഭ്രമണപഥത്തില്‍ പ്രവേശിപ്പിക്കും? ഏറ്റവും കുറച്ച് ഇന്ധനം ഉപയോഗിച്ച് ഇതു സാധ്യമാക്കാന്‍ ഇസ്രോ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞു. ഹോഫ്മാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് എന്ന ഒരു സവിശേഷ ഭ്രമണപഥത്തിലേക്കു മംഗള്‍യാനെ കടത്തിവിട്ടാണ് ഇതു ചെയ്തത്.

കഴിഞ്ഞവര്‍ഷം നവംബര്‍ 30 രാത്രി 7.19-ന് (ഇന്ത്യന്‍ സമയം ഡിസംബര്‍ ഒന്ന് പുലര്‍ച്ചെ 0.49) ആയിരുന്നു അതിനുള്ള പരിശ്രമം. അതുവരെ ഭൂമിയുടെ ഭ്രമണപഥത്തിലായിരുന്ന മംഗള്‍യാനെ സൂര്യന്‍ കേന്ദ്രമായുള്ള ഒരു ഭ്രമണപഥത്തിലേക്കു കയറ്റുകയായിരുന്നു ലക്ഷ്യം. 22 മിനിറ്റ് സമയം എന്‍ജിന്‍ കത്തിച്ചാണ് ഈ ഭ്രമണപഥമാറ്റം സാധിച്ചത്. ഇതിന് 440 ന്യൂട്ടണ്‍ ശക്തിയുള്ള ദ്രവ എന്‍ജിനും 22 ന്യൂട്ടണ്‍ ശക്തിയുള്ള എട്ടു ത്രസ്ററുകളും ഒരേസമയം പ്രവര്‍ത്തിപ്പിക്കേണ്ടിവന്നു. 198 കിലോഗ്രാം ഇന്ധനം ഇതിനായി ഉപയോഗിച്ചു. ഇതുവഴി ഭൂമിയുടെ സ്വാധീനവലയത്തില്‍നിന്നു പുറത്തുകടക്കാനുള്ള പ്രവേഗമായ സെക്കന്‍ഡില്‍ 11.4 കിലോമീറ്ററിലേക്കു മംഗള്‍യാന്‍ എത്തി. ഡിസംബര്‍ നാലിനു ഭൂമിയുടെ സ്വാധീനപരിധിയായ 9.25 ലക്ഷം കിലോമീറ്റര്‍ കടന്നു ചൊവ്വയിലേക്കുള്ള ദീര്‍ഘവൃത്ത ഭ്രമണപഥത്തിലൂടെ യാത്ര തുടങ്ങി.

മുന്നൂറു ദിവസത്തിനുശേഷം അടുത്ത ബുധനാഴ്ച അടുത്ത ഭ്രമണപഥമാറ്റത്തോടെ ആ യാത്ര ലക്ഷ്യം പ്രാപിക്കുന്നു.

(തുടരും).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.