മൂലമറ്റം പവർഹൗസിൽ ചോർച്ച
Wednesday, September 13, 2017 1:52 PM IST
മൂലമറ്റം: മൂലമറ്റം പവർഹൗസിലെ സ്പെറിക്കൽ വാൽവിൽ ചോർച്ച. കുളമാവ് ഡാമിൽനിന്നു പവർഹൗസിലേക്കു വെള്ളമെത്തിക്കുന്ന പെൻസ്റ്റോക്ക് പൈപ്പിന്റെ വാൽവിനാണ് ഇന്നലെ വൈകുന്നേരം ചോർച്ച കണ്ടെത്തിയത്. പവർഹൗസിലെ രണ്ടാംഘട്ടത്തിൽപ്പെട്ട നാല്, അഞ്ച് ജനറേറ്ററുകളുടെ ടർബനിലേക്ക് വെള്ളം എത്തിക്കുന്ന വാൽവിലാണ് ചോർച്ച ഉണ്ടായിരിക്കുന്നത്.
പവർഹൗസിലെ സ്പെറിക്കൽ വാൽവിന് കാലപ്പഴക്കം കണ്ടെത്തിയതിനെത്തുടർന്നു പുതിയ സെറിക്കൽ വാൽവ് സ്ഥാപിക്കുന്നതിനു ചൈനീസ് കന്പനിക്ക് ടെൻഡർ നൽകിയിരുന്നു. ഇതിന്റെ മാതൃക തയാറാക്കി വൈദ്യുതിബോർഡിന് കന്പനി നൽകിയിരുന്നു. ഒരുവർഷത്തിനുള്ളിൽ വാൽവ് മാറ്റിസ്ഥാപിക്കുന്നതിനായിരുന്നു പദ്ധതി. ഇതിനിടെയാണു ചോർച്ചയുണ്ടായത്. ഇതോടെ രണ്ടു ജനറേറ്ററുകളുടെയും പ്രവർത്തനം നിർത്തിവച്ചു.
പവർഹൗസിലെ ഗവേണിംഗ് ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ 48 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ അൽടോം (ജനറൽ ഇലക്ട്രിക്കൽ) കന്പനിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. നൂറോളം പേർ വിവിധ വിഭാഗങ്ങളിലായി യന്ത്രസമാഗ്രികൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
രണ്ടുവർഷത്തിനുള്ളിൽ നവീകരണം പൂർത്തീകരിക്കണമെന്നാണു കരാറിലെ വ്യവസ്ഥ. സെറിക്കൽ വാൽവിന്റെ തകരാർ താത്കാലികമായി പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തിവരികയാണെന്നു വൈദ്യുതിബോർഡ് അധികൃതർ അറിയിച്ചു.