നീലഗിരി വനത്തിൽ മൂന്നു പുലികൾ ചത്തനിലയിൽ
Monday, March 20, 2017 2:21 PM IST
മറയൂർ: തമിഴ്നാട് നീലഗിരി വന മേഖലയിൽ മൂന്നു പുലികളെ ചത്തനിലയിൽ വനം - വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. മുതുമല ടൈഗർ റിസർവിനുള്ളിലൂടെ കടന്നു പോകുന്ന മായാർ പുഴയരികിലാണു പുലികളെ ചത്ത നിലയിൽ കാണപ്പെട്ടത്. രണ്ടുവയസ് വരുന്ന ഒരു കരിന്പുലിയും ഒന്നര വയസ് വരുന്ന രണ്ടു പുള്ളിപ്പുലികളെയുമാണ് ചത്തനിലയിൽ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മൂന്നു പുലികളെയും ഇരുപത് മീറ്റർ ചുറ്റളവിലാണു ചത്ത നിലയിൽ കണ്ടത്.
മൂന്നു പുലികൾ ചാകാൻ ഇടയായ സാഹചര്യം വനം വകുപ്പ് പരിശോധന നടത്തുമെന്നു മുതുമല റെയിഞ്ച് ഓഫീസർ സി. ചടയപ്പൻ പറഞ്ഞു. തമിഴ്നാട് വനം വകുപ്പ് വെറ്ററിനറി ഡോക്ടർ അമുദയുടെ നേതൃത്വത്തിൽ പോസ്റ്റു മോർട്ടം നടത്തി. വന്യജീവികളുടെ ആക്രമണത്തിൽ മൂന്നുപുലികൾ ഒരേ പോലെ ചാകുന്ന സാഹചര്യം വളരെ വിരളമായതിനാൽ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇൻക്വസ്റ്റും പോസ്റ്റുമോർട്ടം റിപ്പോർട്ടും നടത്തിയത്.