പ്രവൃത്തി പരിചയമില്ലാത്തവർക്കു സ്റ്റേഷന്റെ ചുമതല തിരിച്ചടിയാകുന്നു
Saturday, July 30, 2016 11:45 AM IST
തിരുവനന്തപുരം: പ്രഥമ വിവര റിപ്പോർട്ട് പോലും തയാറാക്കാൻ അറിയാത്തവരെ പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഹൗസ് ഓഫിസർമാരായി നിയമിക്കുന്നതു പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം താളംതെറ്റിക്കുന്നു.

എസ്ഐ പരിശീലനം കഴിഞ്ഞിറങ്ങിയവർ പോലും സ്റ്റേഷൻ ചുമതലയിൽ എത്തുന്നതു വൻ ക്രമസമാധാന പ്രശ്നമാണു സൃഷ്‌ടിക്കുന്നത്. സ്റ്റേഷൻ ചുമതലയുള്ള പലർക്കും നിയമപരമായ കാര്യങ്ങളിലെ അറിവു തീരെ കുറവാണെന്നാണു പൊതുവേ ഉയർന്നിട്ടുള്ള പരാതി. ഇൻസ്പെക്ടർ (സിഐ) റാങ്കിലുള്ള ഉദ്യോഗസ്‌ഥരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി നിയമിക്കണമെന്ന കോടതി വിധി അടക്കം നിലനിൽക്കേയാണു സംസ്‌ഥാനത്ത് ജൂണിയർ ഓഫിസർമാർ സ്റ്റേഷൻ ചുമതല വഹിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക സംസ്‌ഥാനങ്ങളിലും ഇൻസ്പെക്ടർമാരാണു സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ചുമതല വഹിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇതു നടപ്പാക്കാൻ പോലീസ് ഉദ്യോഗസ്‌ഥരുടെ ചില സംഘടനകളാണു തടസം സൃഷ്‌ടിക്കുന്നത്.

പലപ്പോഴും രാഷ്ട്രീയ നേതാക്കളിൽ സ്വാധീനം ചെലുത്തി ഇത്തരം ഉദ്യോഗസ്‌ഥർ സ്റ്റേഷനുകളുടെ ചുമതലയിൽ എത്തുന്നതു പരാതിക്കാരായി എത്തുന്ന സാധാരണക്കാർക്കു ഭീഷണിയാവുകയാണ്. മാധ്യമപ്രവർത്തകരെ മർദിച്ചതിനെത്തുടർന്നു സസ്പെൻഷനിലായ കോഴിക്കോട് ടൗൺ എസ്ഐയായ പി.എം. വിമോദും നിരവധി മർദന കേസുകളുടെ പേരിൽ നേരത്തെതന്നെ ആരോപണം നേരിട്ട വ്യക്‌തിയാണെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

നിശ്ചിത വർഷം പ്രവൃത്തി പരിചയമുള്ള എസ്ഐമാരെ മാത്രമേ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി നിയമിക്കാൻ പാടുള്ളുവെന്ന കൃത്യമായ നിർദേശം ആഭ്യന്തരവകുപ്പു നൽകിയാൽ പോലീസ് സ്റ്റേഷനുകൾ നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്നാണ് ഉന്നത ഉദ്യോഗസ്‌ഥർ നൽകുന്ന സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.