റൈസൺ ഇനിയും ജീവിക്കും, ആറു പേരിലൂടെ
റൈസൺ ഇനിയും ജീവിക്കും, ആറു പേരിലൂടെ
Wednesday, May 25, 2016 12:19 PM IST
അങ്കമാലി: ദേശീയപാതയിൽ പൊങ്ങത്തുണ്ടായ റോഡപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പറമ്പയം പുതുവാശേരി പള്ളിപ്പറമ്പിൽ റൈസൺ സണ്ണി(24)യുടെ അവയവങ്ങൾ ആറു പേർക്കു പുതുജീവന്റെ തുടിപ്പേകും. വേർപാടിന്റെ തീരാവേദനയ്ക്കിടയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ പിതാവ് സണ്ണിയും മാതാവ് ഷാലിയും എടുത്ത ധീരമായ തീരുമാനമാണ് ആറു പേരുടെ ജീവിതത്തിൽ വെളിച്ചമാകുന്നത്. റൈസണിന്റെ ഇരുകൈകളും വൃക്കകളും കരളും കണ്ണുകളും ദാനം ചെയ്തു. ചൊവ്വാഴ്ച രാത്രി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് അവയവങ്ങൾ എടുത്തത്. ഡോ. പ്രവീൺ വർമ, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. എസ്.ടി. ബിനോജ് എന്നിവരുടെ നേതൃത്വത്തിൽ കൈകളും വൃക്കകളും കരളും. ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നേത്രബാങ്കിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ കണ്ണുകളും എടുത്തു. പുലർച്ചെ ഒന്നോടെ കൈകൾ വഹിച്ചുകൊണ്ടുള്ള ആദ്യ ആംബുലൻസ് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ അമൃത ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. രണ്ടു മണിയോടെ റൈസണിന്റെ ഒരു വൃക്കയും കരളുമായി അടുത്ത ആംബുലൻസ് അമൃത ആശുപത്രിയിലേക്കും തൊട്ടുപിന്നാലെ അടുത്ത വൃക്കയുമായി മറ്റൊരു ആംബുലൻസ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും പുറപ്പെട്ടു.

വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റൈസനെ തിങ്കളാഴ്ച രാത്രിയാണ് ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിംഗിന് വിധേയമാക്കിയപ്പോൾ തലയിൽ ഗുരുതരമായ രക്‌തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്താനാവാത്ത വിധം പരിക്ക് അതീവ ഗുരുതരമായിരുന്നതിനാൽ റൈസണിനെ വെന്റിലേറ്ററിലേക്കു മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് മസ്തിഷ്ക മരണം സംഭവിച്ചതായി ന്യൂറോ സർജൻമാരായ ഡോ. അർജുൻ ചാക്കോയും ഡോ.സിയ മൈദീനും സ്‌ഥിരീകരിച്ചു. തുടർന്ന് ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കലിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പിആർഓമാരുടെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ കീഴിലുള്ള മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ട് അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വിജയകരമായി മുന്നോട്ടുനീക്കി. അവയവദാനത്തിന്റെ സാധ്യതകൾ റൈസണിന്റെ ബന്ധുക്കളെ പറഞ്ഞു മനസിലാക്കുകയും കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിംഗിന്റെ അനുമതിക്കുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതേസമയം റൈസണിന്റെ മാതൃസഹോദരൻ ബെന്റോ ഫ്രാൻസീസ് മുൻകൈയെടുത്ത് ബന്ധുക്കളുടെ സമ്മതം വാങ്ങി. തുടർന്ന് മൃതസഞ്ജീവനിയുടെ പ്രതിനിധി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തി ഫാ.സെബാസ്റ്റ്യൻ കളപ്പുരയ്ക്കലുമായി ചർച്ച നടത്തി. വൈകുന്നേരം ആറോടെ അവയവങ്ങൾ എടുക്കാൻ കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിംഗിന്റെ അനുമതി ലഭിച്ചു. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ ന്യൂറോ സർജറി ഐസിയുവിൽ കഴിഞ്ഞിരുന്ന റൈസണിനെ രാത്രി ഒൻപതിന് ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി. ഇതേസമയം മുതൽ കൈകളും വൃക്കകളും കരളും സ്വീകരിക്കാനുള്ളവരെ അമൃതയിലും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും തയാറാക്കി നിർത്തിയിരുന്നു.


1.25 ഓടെ കൈകൾ അമൃത ആശുപത്രിയിൽ എത്തിച്ചു. താമസിയാതെ കണ്ണൂർ ഇരിട്ടി സ്വദേശി ജിത്തുവിന് കൈകൾ വച്ചു പിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. ശസ്ത്രക്രിയ 15 മണിക്കൂറോളം നീണ്ടു.

നിർധന കുടുംബാംഗമായ ജിത്തു പഠനത്തിന് പണം കണ്ടെത്താൻ വെൽഡിംഗ് ജോലിക്ക് പോകുന്നതിനിടെയാണ് ഷോക്കേറ്റ് ഇരുകൈകളും മുട്ടിന് താഴെവച്ച് നഷ്ടപ്പെട്ടത്. അനുയോജ്യമായ കൈകൾ ലഭിക്കാൻ കഴിഞ്ഞ രണ്ടു വർഷമായി ജിത്തുവും മാതാപിതാക്കളും കാത്തിരിക്കുകയായിരുന്നു. ഇന്ത്യയിലെ മൂന്നാമത്തെ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് അമൃതയിൽ നടന്നത്. 2.25 ന് കരളും അമൃത ആശുപത്രിയിൽ എത്തിച്ചു. പത്തനംതിട്ട സ്വദേശി 27 വയസുള്ള യുവതിക്കാണ് കരൾ നൽകിയത്. വൃക്കകളിലൊന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും മറ്റൊന്ന് ലേക്ഷോർ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്.

അവയവങ്ങൾ സ്വീകരിച്ചവർ അപകടനില തരണം ചെയ്തിട്ടുണ്ട്. നേത്രപടലത്തിന്റെ തകരാർ മൂലം ഇരുട്ടിൽ കഴിയുന്ന രണ്ടു പേർക്ക് നാളെ രാവിലെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയയിലൂടെ കണ്ണുകൾ വച്ചുപിടിപ്പിക്കുമെന്ന് കേരള നേത്രബാങ്ക് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അറിയിച്ചു. റൈസണിന്റെ സംസ്കാരം നടത്തി. സഹോദരി:റെയ്മോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.