ജയരാജന്റെ യാത്ര ആംബുലന്‍സില്‍, രഹസ്യമാക്കാന്‍ ശ്രമം
ജയരാജന്റെ യാത്ര ആംബുലന്‍സില്‍, രഹസ്യമാക്കാന്‍ ശ്രമം
Saturday, February 13, 2016 12:55 AM IST
കണ്ണൂര്‍: മനോജ് വധക്കേസ് പ്രതിയായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പരിയാരം മെഡിക്കല്‍ കോളജില്‍നിന്നു കീഴടങ്ങാനായി തലശേരി കോടതിയിലെത്തിയതു നാടകീയമായി. കോടതിയിലേക്കുള്ള യാത്ര രഹസ്യമാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ പരമാവധി ശ്രമവും നടത്തി. ജനുവരി 31 മുതല്‍ ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജിന്റെ എട്ടാം നിലയിലുള്ള 810ാം നമ്പര്‍ മുറിയില്‍ ചികിത്സയിലായിരുന്നു. കീഴടങ്ങി റിമാന്‍ഡിലായ ജയരാജന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മെഡിക്കല്‍ കോളജിനു കീഴിലുള്ള സഹകരണ ഹൃദയാലയയിലെ ഐസിയുവില്‍ തിരിച്ചെത്തി. കോടതിയിലേക്കും തിരിച്ചുമുള്ള ജയരാജന്റെ യാത്ര ആംബുലന്‍സിലായിരുന്നു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ച തള്ളിയതിനെത്തുടര്‍ന്നു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍, നിയമോപദേശത്തെത്തുടര്‍ന്ന് ഈ തീരുമാനം മാറ്റുകയും കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ തന്നെ ആശുപത്രി വിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനായി ആശുപത്രിയിലെ ബില്ലുകളും മറ്റും തിരക്കിട്ടു തയാറാക്കി. ജയരാജന്‍ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്നു രാവിലെ തന്നെ മാധ്യമപ്രവര്‍ത്തകരുടെ സംഘം മെഡിക്കല്‍ കോളജില്‍ തമ്പടിച്ചു. രാവിലെ 8.30ഓടെ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ കൂടിയായ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ ആശുപത്രിയിലെത്തി.

ഒന്‍പതിന് എം.വി. ജയരാജന്‍ മാധ്യമപ്രവര്‍ത്തകരെ പത്രസമ്മേളനത്തിനായി തന്റെ കാബിനിലേക്കു വിളിപ്പിച്ചു. അവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ 9.15ഓടെ പി. ജയരാജനെ ആശുപത്രി മുറിയില്‍നിന്നിറക്കി താഴെ പാര്‍ക്ക് ചെയ്തിരുന്ന എകെജി ആശുപത്രിയുടെ ഐസിയു ആംബുലന്‍സില്‍ കയറ്റി. ഈ സമയം മാധ്യമപ്രവര്‍ത്തകരുമായി എം.വി. ജയരാജന്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധ മാറ്റാനായിട്ടായിരുന്നു ജയരാജന്റെ പത്രസമ്മേളനം.

പത്രസമ്മേളനം കഴിഞ്ഞു മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങിയപ്പോഴേക്കും പി. ജയരാജനുമായി ആംബുലന്‍സ് തലശേരിയിലേക്കു പുറപ്പെട്ടുകഴിഞ്ഞിരുന്നു. ജയരാജനെ കൊണ്ടുപോയതറിഞ്ഞ് എം.വി. ജയരാജനോടു വിവരമന്വേഷിച്ചപ്പോള്‍ വിദഗ്ധ ചികിത്സയ്ക്കായി പുറത്തുള്ള ഒരു ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയതാണെന്നും തിരിച്ചു പരിയാരത്തേക്കുതന്നെ കൊണ്ടുവരുമെന്നുമായിരുന്നു മറുപടി. എന്നാല്‍, തലശേരി കോടതിയിലേക്കാണു പി. ജയരാജനെ കൊണ്ടുപോയതെന്നറിഞ്ഞു മാധ്യമപ്രവര്‍ത്തകര്‍ ഒവി വാനുകള്‍ സഹിതം ആംബുലന്‍സിനു പിന്നാലെ വച്ചുപിടിച്ചു.


കോടതിയില്‍ ഹാജരാകും മുമ്പ് കണ്ണൂരിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പി. ജയരാജന്‍ പങ്കെടുക്കുമെന്ന സൂചന ലഭിച്ചതോടെ ഒരുസംഘം മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തും സംഘടിച്ചു. എന്നാല്‍, ആംബുലന്‍സ് നേരേ തലശേരിയിലേക്കാണു പോയത്. കണ്ണൂരില്‍നിന്നു ദേശീയപാത വഴിയുള്ള യാത്ര ഒഴിവാക്കി ചാല ജംഗ്ഷനില്‍നിന്നു കൂത്തുപറമ്പ് റൂട്ടിലൂടെയായിരുന്നു യാത്ര.

തലശേരിയിലെത്തിയപ്പോള്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയില്‍ കയറി. ഇവിടെനിന്നു 10.45 ഓടെ ജയരാജന്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയിലെത്തി. ആംബുലന്‍സില്‍ ഭാര്യ യമുനയും രണ്ടു സഹായികളുമാണുണ്ടായിരുന്നത്. ജയരാജന്‍ കോടതിയിലെത്തുമ്പോള്‍ സിപിഎം നേതാക്കളായ എം.വി. ജയരാജന്‍, കെ.കെ. രാഗേഷ് എംപി, ജയരാജന്റെ സഹോദരിയും മുന്‍ എംപിയുമായ പി. സതീദേവി, എന്‍. ചന്ദ്രന്‍, പനോളി വത്സന്‍, സുകുമാരന്‍, ഒ.കെ. വാസു, എം. സുരേന്ദ്രന്‍, എം.സി. പവിത്രന്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. ഈ സമയം കുറച്ചു പ്രവര്‍ത്തകര്‍ മാത്രമാണു കോടതി പരിസരത്തുണ്ടായിരുന്നത്.

മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചശേഷം 11ന് ജയരാജന്‍ കോടതിയില്‍ ഹാജരായി. ആദ്യംതന്നെ കേസ് പരിഗണിച്ചു. മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്തു. ഉച്ചകഴിഞ്ഞ് രണ്േടാടെ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ആശുപത്രിയിലും ജയിലിലും നൂറുകണക്കിനു പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ജയില്‍ ഡോക്ടറും ജയരാജനെ പരിശോധിച്ചു. ജയിലിലെ ആശുപത്രി ബ്ളോക്കില്‍ 121/16 നമ്പറുകാരനായാണു ജയരാജനെ റിമാന്‍ഡ് ചെയ്തത്. ജയിലിലെ നടപടിക്രമം പൂര്‍ത്തിയാക്കി 4.30നു പോലീസ് കാവലില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ജയരാജനെ മെഡിക്കല്‍ കോളജിനു കീഴിലുള്ള സഹകരണ ഹൃദയാലയയിലെ ഐസിയുവിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.