മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ ശാന്തിയാത്രയ്ക്കു തുടക്കമായി
മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ ശാന്തിയാത്രയ്ക്കു തുടക്കമായി
Wednesday, October 7, 2015 12:50 AM IST
പത്തനംതിട്ട: മലങ്കര കാത്തലിക് അസോസിയേഷന്‍ നേതൃത്വത്തില്‍ ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ ശാന്തിയാത്രയ്ക്കു തുടക്കമായി. ആര്‍ച്ച്ബിഷപ്പിന്റെ കല്ലൂപ്പാറയിലെ ജന്മഗൃഹത്തില്‍ നിന്ന് ഇന്നലെ രാവിലെ ആരംഭിച്ച ശാന്തിയാത്ര തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ആശയങ്ങളും ആദര്‍ശങ്ങളും എക്കാലവും സമൂഹത്തിനു കരുത്ത് പകരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യത്വം നഷ്ടപ്പെടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. മനുഷ്യനെ അറിയുന്നവര്‍ വേണം ജനപ്രതിനിധികളാകേണ്ടത്. മറ്റുള്ളവനെ കരുതാനുള്ള താത്പര്യം മനുഷ്യത്വത്തിന്റെ ലക്ഷണമാണ്. സംശുദ്ധ രാഷ്ട്രീയം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു.

എംസിഎ സഭാതല പ്രസിഡന്റ് പി.കെ. ജോസഫിനെ ബാഡ്ജ് അണിയിച്ചാണ് ഉദ്ഘാടനം നടന്നത്. വൈദിക ഉപദേഷ്ടാവ് ഫാ.ജോണ്‍ തുണ്ടിയത്ത്, ഫാ.ഡോ.ഇഗ്്നേഷ്യസ് തങ്ങളത്തില്‍ ഫാ.ഹോര്‍മിസ് പുത്തന്‍വീട്, സഭാതല ജനറല്‍ സെക്രട്ടറി തോമസ് ചെറിയാന്‍, ഷാജി പൂച്ചേരില്‍, സണ്ണി ജോര്‍ജ് കൊട്ടാരത്തില്‍, ചെറിയാന്‍ ചെന്നീര്‍ക്കര, സജി പായിപ്പാട്, വില്‍സണ്‍ പാലവിളയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ദേവാലയങ്ങളില്‍ ഇന്നലെ ശാന്തിയാത്രയ്ക്കു സ്വീകരണം നല്‍കി. ഒമ്പതിന് ഉച്ചകഴിഞ്ഞ് ശാന്തിയാത്ര തിരുവനന്തപുരം നാലാഞ്ചിറ സെന്റ് തോമസ് പള്ളിയിലെത്തും. തുടര്‍ന്ന് പദയാത്രയായി പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിങ്കലേക്കു നീങ്ങും. 10നു പട്ടം കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസിന്റെ ഓര്‍മപ്പെരുന്നാളും അനുസ്മരണ ചടങ്ങുകളും നടക്കും. ആര്‍ച്ച് ബിഷപ്പിന്റെ ജന്മശതാബ്ദി വര്‍ഷത്തോടനുബന്ധിച്ചാണ് എംസിഎ കല്ലൂപ്പാറയില്‍ നിന്നും ശാന്തിയാത്ര നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.