ആറന്മുള വിമാനത്താവളം: വ്യോമയാന മന്ത്രാലയവും അനുമതി റദ്ദാക്കി
ആറന്മുള വിമാനത്താവളം: വ്യോമയാന മന്ത്രാലയവും അനുമതി റദ്ദാക്കി
Thursday, May 28, 2015 12:17 AM IST
പത്തനംതിട്ട: നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയം നല്‍കിയിരുന്ന അനുമതിയും റദ്ദാക്കി. ഇതു സംബന്ധിച്ച കഴിഞ്ഞ 25നു കെജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജിജി ജോര്‍ജിനെ സംബോധന ചെയ്തു തയാറാക്കിയ കത്തു പുറത്തുവന്നു.

നിര്‍ദിഷ്ട വിമാനത്താവളത്തിന് പരിസ്ഥിതി മന്ത്രാലയവും ഹരിത ട്രൈബ്യൂണലും അനുമതി നിഷേധിച്ചതിനേത്തുടര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം നല്‍കിയിരുന്ന പ്രാഥമികാനുമതിയും റദ്ദായിരുന്നു. ഇതേത്തുടര്‍ന്നാണു വ്യോമയാന മന്ത്രാലയം അനുമതി റദ്ദാക്കിയിരിക്കുന്നതെന്നു കത്തില്‍ പറയുന്നു.ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അനുമതി റദ്ദാക്കുന്നതിനു സംസ്ഥാന ബിജെപി ഘടകം സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് ആറന്മുളയ്ക്കു പരിസ്ഥിതി ആഘാത പഠനം വീണ്ടും നട ത്താന്‍ അനുമതി നല്‍കിയ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതിയെടുത്ത തീരുമാനം വിവാദമായിരുന്നു. തുടര്‍ന്ന് തീരുമാനം തിരുത്തി വകുപ്പുമന്ത്രിതന്നെ രംഗത്തുവരികയുണ്ടായി.

വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കൂടി പിന്‍വലിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കു നല്‍കിയിരുന്ന എല്ലാ അനുമതികളും റദ്ദായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ള എന്‍ഒസി മാത്രമാണ് ഇനി നിലവിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.