ആവശ്യത്തിനു ശമ്പളം നല്‍കിയാല്‍ പോലീസിലെ അഴിമതി തടയാം: സെന്‍കുമാര്‍
ആവശ്യത്തിനു ശമ്പളം നല്‍കിയാല്‍ പോലീസിലെ അഴിമതി തടയാം: സെന്‍കുമാര്‍
Wednesday, May 27, 2015 12:18 AM IST
തിരുവനന്തപുരം: ആവശ്യത്തിനു ശമ്പളം നല്‍കിയാല്‍ പോലീസിലെ അഴിമതി ഒരു പരിധിവരെ തടയാനാകുമെന്നു നിയുക്ത പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പോലീസ് സ്റേഷനിലേയും അഴിമതിക്കാരായ ഉദ്യാേേഗസ്ഥരുടെ വിവരങ്ങള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കു കൃത്യമായി അറിയാം. അസോസിയേഷന്‍ വിചാരിച്ചാല്‍ അഴിമതി തടയാനാകും. അഴിമതിക്കാരായ പോലീസുകാരെ ചൂണ്ടിക്കാട്ടാന്‍ മറ്റു പോലീസുകാര്‍ക്കു കഴിയണം. ഒരു എസ്ഐ ഒരു വര്‍ഷം 2500-ഓളം ക്രിമിനല്‍ കേസുകള്‍ വരെ കൈകാര്യം ചെയ്യേണ്ടി വരുന്നു. ഇത്രയധികം കേസുകള്‍ നോക്കേണ്ടി വരുമ്പോള്‍ ഗുണമേന്മ ഉറപ്പു വരുത്താന്‍ കഴിയില്ല. ജനങ്ങള്‍ക്കു മനുഷ്യാവകാശം ലഭിക്കണമെങ്കില്‍ ക്രിമിനലുകള്‍ അഴിക്കുള്ളിലാകണം.

പോലീസിംഗിനുള്ളില്‍നിന്നുകൊണ്ടുള്ള ജനമൈത്രി പദ്ധതിയാകണം നടപ്പാക്കേണ്ടത്. ഹോട്ടലുകള്‍ നടത്തിയും വൈദ്യുതി ബില്‍ അടച്ചുമല്ല ജനമൈത്രി പോലീസിംഗ് സംസ്ഥാനത്തു നടപ്പാക്കേണ്ടത്. ഇതു പോലീസിന്റെ ജോലിയല്ല. അടിസ്ഥാനപരമായി ചെയ്യേണ്ട ജോലികളില്‍നിന്നു പോലീസ് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുകയാണ്. എസ്പിമാരും ഡിവൈഎസ്പിമാരും സിഐമാരും പോലീസ് സ്റേഷനുകളില്‍ പരിശോധന നടത്തിയിട്ട് ഏറെക്കാലമായി. ഇന്‍സ്പെക്ഷന്‍ നടപടികള്‍ യഥാക്രമം നടക്കാത്തതു പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍, ജനമൈത്രി പദ്ധതിക്കു താന്‍ എതിരല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

സ്വര്‍ണം, വസ്ത്രം തുടങ്ങിയ വ്യവസായങ്ങളിലേക്കു പണം കുന്നുകൂടുകയാണ്. ഇതു സാമ്പത്തിക അസമത്വത്തിനു വഴിയൊരുക്കിയതു പോലീസിന്റെ ജോലി വര്‍ധിപ്പിച്ചിട്ടുണ്ട്. മണ്ണ്, റിയല്‍ എസ്റേറ്റ് മാഫിയകള്‍ സംസ്ഥാനത്തു പിടിമുറുക്കുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. പോലീസ് കംപ്ളൈയന്റ്സ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റീസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

റോ മുന്‍ മേധാവി ഹോര്‍മിസ് തരകന്‍, എന്‍.ആര്‍. മാധവന്‍നായര്‍, സി.പി. ജോണ്‍, സണ്ണിക്കുട്ടി ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.