ഗാന്ധിസന്ദേശവുമായി പാരീസില്‍നിന്ന്
ഗാന്ധിസന്ദേശവുമായി പാരീസില്‍നിന്ന്
Sunday, April 19, 2015 11:24 PM IST
കണ്ണൂര്‍: ആഡംബരത്തിന്റെയും ഫാഷന്റെയും തലസ്ഥാനമായ പാരീസില്‍നിന്ന് അര്‍ധനഗ്നനായ ഫക്കീറിന്റെ വേഷത്തില്‍ ഗാന്ധിസന്ദേശം പകര്‍ന്നു ലോകസഞ്ചാരം നടത്തുന്ന മാര്‍സിനിയാക്ക് കണ്ണൂരിലുമെത്തി. ചിത്രകാരന്‍ എബി എന്‍. ജോസഫ് തയാറാക്കുന്ന ഗാന്ധിചിത്ര പരമ്പരയുടെ മോഡലാകുന്നതിന്റെ ഭാഗമായാണ് ഈ അറുപത്തെട്ടുകാരന്‍ കണ്ണൂരിലെത്തിയത്.

ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍നിന്നു തിരിച്ചെത്തിയതിന്റെ നൂറാം വാര്‍ഷികം ബംഗളൂരുവില്‍ ആഘോഷിക്കുന്നതിനായി ഗാന്ധി പീസ് ഫൌണ്േടഷന്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിനിടയിലാണ് എബി എന്‍. ജോസഫ് മാര്‍സിനിയാക്കിനെ കണ്െടത്തുന്നത്. തന്റെ ഗാന്ധിചിത്ര പരമ്പരയായ ലൈഫ് ഓഫ് മഹാത്മയെക്കുറിച്ച് എബി പറഞ്ഞപ്പോള്‍ മോഡലാകാമെന്നു മാര്‍സിനിയാക്ക് സമ്മതിക്കുകയായിരുന്നു. മൂന്നു വര്‍ഷം കൊണ്ടു ഗാന്ധിജിയുടെ 100 ചിത്രങ്ങളാണ് എബി വരയ്ക്കുന്നത്. ഇതില്‍ ഗാന്ധിജിയുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലെ ചിത്രങ്ങള്‍ക്കാണ് ഈ വിദേശഗാന്ധിയന്‍ മോഡലാവുക.

പാരീസില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള ടുലുസ് സ്വദേശിയാണു മാര്‍സിനിയാക്ക്. ഫ്രാന്‍സിലെ ഒരു മുനിസിപ്പാലിറ്റിയില്‍ ശുചീകരണ വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം ഔദ്യോഗിക ജീവിതത്തിനുശേഷം ഗാന്ധിസന്ദേശം പ്രചരിപ്പിക്കാന്‍ സഞ്ചാരത്തിനിറങ്ങുകയായിരുന്നു. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇദ്ദേഹം ഇന്ത്യയില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കേന്ദ്രങ്ങളിലുമെത്തി.

വര്‍ഷങ്ങള്‍ക്കു മുമ്പു സഞ്ചാരിയായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഒരു ഫോട്ടോഗ്രാഫര്‍ മാര്‍സിനിയാക്കിന്റെ ഫോട്ടോയെടുക്കുകയും ഇന്ത്യന്‍ കറന്‍സിയിലെ ഗാന്ധിജിയുടെ ചിത്രം കാണിച്ചു രൂപസാദൃശ്യത്തെക്കുറിച്ചു പറയുകയും ചെയ്തിരുന്നു. ആ സംഭവമാണു തന്നെ ഗാന്ധിജിയിലേക്കു കൂടുതല്‍ അടുപ്പിച്ചതെന്നു മാര്‍സിനിയാക്ക് പറയുന്നു. പിന്നീടു ഗാന്ധിജിയെക്കുറിച്ചു കുടുതല്‍ മനസിലാക്കിയ ശേഷം ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാനുള്ള ഉത്തരവാദിത്വം സ്വയമേറ്റെടുത്തു.

അതോടൊപ്പം രൂപത്തിലും വസ്ത്രധാരണത്തിലും മാറ്റം വരുത്തി. നീണ്ട തലമുടി മുറിച്ചു മാറ്റി. ഗാന്ധിജി ധരിച്ചതിനു സമാനമായ വസ്ത്രം ധരിച്ചു. നടക്കുമ്പോള്‍ വടി നിര്‍ബന്ധമാക്കി. മദ്യപാനം, പുകവലി എന്നിവയൊന്നും ഈ അടിയുറച്ച ഗാന്ധിയനില്ല. മഹാത്മജി സസ്യാഹാരിയായിരുന്നെങ്കില്‍ മാര്‍സിനിയാക്ക് പൂര്‍ണമായും സസ്യാഹാരിയല്ലെന്നതു മാത്രമാണ് ഒരു വ്യത്യാസം. അവിവാഹിതനായ ഇദ്ദേഹത്തിനു സ്വന്തമായി ഇ-മെയില്‍ വിലാസമോ മൊബൈല്‍ ഫോണോ ഇല്ല.

കഴിഞ്ഞ ജനുവരി 26ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഡല്‍ഹിയിലെ രാജ്ഘട്ടില്‍ എത്തിയപ്പോള്‍ മാര്‍സിനിയാക്കും അവിടെയുണ്ടായിരുന്നു. രാഷ്ട്രപിതാവിന്റെ സ്മൃതിമണ്ഡപത്തില്‍ അന്നു പുഷ്പാര്‍ച്ചനയും നടത്തി. ഗാന്ധിജിയുടെ പകര്‍പ്പായ മാര്‍സിനിയാക്കിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ച ഡല്‍ഹിയിലെ ചില മാധ്യമങ്ങള്‍ 'രാഷ്ട്രപിതാവ് മടങ്ങിയെത്തിയതു പോലെ' എന്നാണു ഫോട്ടോയ്ക്ക് അടിക്കുറിപ്പു നല്‍കിയത്.

എബി എന്‍. ജോസഫിനൊപ്പം ഇന്നലെ കണ്ണൂരിലെത്തിയ മാര്‍സിനിയാക്ക് മഹാത്മാമന്ദിരത്തിലെ ഗാന്ധിജിയുടെ അപൂര്‍വമായ ഫോട്ടോകള്‍ പരിശോധിച്ചു. മുമ്പു ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിലെത്തി അവിടുത്തെ ഫ്രഞ്ച് പൌരന്‍മാരുള്‍പ്പെടെയുള്ളവരുമായി ആശയവിനിമയവും നടത്തി. 23ന് ബംഗളൂരു വഴി പാരീസിലേക്കു മടങ്ങിപ്പോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.