കൊച്ചിയിലെത്തിയ യെമന്‍ സ്വദേശി ആശുപത്രിയില്‍
കൊച്ചിയിലെത്തിയ യെമന്‍ സ്വദേശി ആശുപത്രിയില്‍
Sunday, April 19, 2015 11:20 PM IST
കൊച്ചി: കലാപഭൂമിയില്‍നിന്നു രക്ഷപ്പെട്ടു കൊച്ചിയിലെത്തിയ യെമന്‍ സ്വദേശി സലാം ഹുസൈനെ (50) നേരേ എത്തിച്ചത് എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍. വൃക്കരോഗിയായ ഹുസൈനു ഡയാലിസിസ് മുടങ്ങിയതോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇന്നലെ എംവി കവരത്തി കപ്പലിലെത്തിയ ഹുസൈനെ തുറമുഖത്ത് ഇറങ്ങാനുള്ള നടപടി വേഗം പൂര്‍ത്തിയാക്കി ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഏഡന്‍ വിമാനത്താവളത്തിലെ ജോലിക്കാരനാണു ഹുസൈന്‍. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഡയാലിസിസിനു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഏഡന്‍ എയര്‍പോര്‍ട്ടും കലാപകാരികള്‍ കൈയടക്കിയതോടെ മഹാരാഷ്ട്ര സ്വദേശിനിയായ ഭാര്യക്കൊപ്പം ഹുസൈന്‍ ഇന്ത്യയിലേക്കു രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ 11ന് കപ്പലില്‍ കയറിയ ഹുസൈനു പത്തു ദിവസമായി ഡയാലിസിസ് നടത്താനായില്ല. ശ്വാസതടസം മൂലം സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. നാവികസേനാ അധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ചു വാര്‍ഫിലൊരുക്കിയ പ്രത്യേക ആംബുലന്‍സില്‍ ഉടന്‍ രോഗിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.


ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നു മെഡിക്കല്‍ ട്രസ്റിലേക്കു മാറ്റി. ഐസിയുവില്‍ പ്രവേശിപ്പിച്ച ഹുസൈന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയ ശേഷം ഡയാലിസിസ് നടത്തി. കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം ഇദ്ദേഹം മഹാരാഷ്ട്രയിലേക്കു തിരിക്കും. ഭാര്യയും രണ്ടു മക്കളും ഹുസൈനോടൊപ്പമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.