നൈനാന്‍ കോശി അന്തരിച്ചു
നൈനാന്‍ കോശി അന്തരിച്ചു
Thursday, March 5, 2015 12:07 AM IST
തിരുവനന്തപുരം: വിദേശകാര്യ നിരീക്ഷക നും ദൈവശാസ്ത്ര പ ണ്ഡിതനും സാമൂഹ്യചിന്തകനുമായ പ്രഫ.നൈനാന്‍ കോശി (81) അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹം ഇടതുപക്ഷ സഹയാത്രികനെന്ന നിലയില്‍ സാമൂഹിക, സാംസ്കാരിക മേഖലകളിലും മതേതര പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. 1998ലും 1999ലും മാവേലിക്കരയില്‍നിന്നു ലോക്സഭയിലേക്കു മത്സരിച്ചു. 1998ല്‍ പി.ജെ. കുര്യനോട് 1,261 വോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെട്ടത്.

1934 ഫെബ്രുവരി ഒന്നിനു തിരുവല്ല മുണ്ടിയപ്പള്ളി കാലപ്പറമ്പി ല്‍ കെ.വി. കോശിയുടെയും മറിയമ്മയുടെയും മകനായി ജനനം. ചങ്ങനാശേരി എസ്ബി കോളജില്‍നിന്നു ബിരുദം നേടിയ ശേഷം ആഗ്ര സെന്റ് ജോണ്‍സ് സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തരബിരുദം നേടി. സെറാമ്പൂര്‍ സര്‍വകലാശാലയില്‍നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. ചങ്ങനാശേരി എസ്ബി കോളജ്, കോട്ടയം സിഎംഎസ് കോളജ്, തിരുവല്ല മാര്‍ത്തോമ കോളജ്, മാവേലിക്കര ബിഷപ് മൂര്‍ കോളജ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപകനായി പ്രവര്‍ത്തിച്ചു. ബിഷപ്പ് മൂര്‍ കോളജില്‍നിന്നു വൈസ് പ്രിന്‍സിപ്പലായാണു വിരമിച്ചത്. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

കേരള സര്‍വകലാശാല സെനറ്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രഫ.നൈനാന്‍ കോശി, സ്റുഡന്റ് സ് ക്രിസ്ത്യന്‍ മൂവ്മെന്റ് സെക്രട്ടറി, എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി, ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ ഹാര്‍വാഡ് ലോ സ്കൂള്‍ ഫെലോ, നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ ഫാക്കല്‍റ്റി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. സംസ്കാരം പിന്നീടു പാളയം സിഎസ്ഐ ക്രൈസ്റ് പള്ളി സെമിത്തേരിയില്‍ നടത്തും. ഭാര്യ: സൂസന്‍. മക്കള്‍: ഷൈനി, നൈനി, എലിസബത്ത്( മൂവരും സ്വിറ്റ്സര്‍ലന്‍ഡ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.