പത്രപരസ്യം നല്‍കി സ്വര്‍ണപ്പണയം എടുത്തു നല്‍കുന്നയാളുടെ മൂന്നര ലക്ഷം തട്ടിയെടുത്തു
Sunday, March 1, 2015 12:48 AM IST
ചങ്ങനാശേരി: സ്വര്‍ണപണയം എടുത്തു നല്‍കാനെത്തിയയാളുടെ മൂന്നര ലക്ഷം രൂപ ബാങ്കില്‍ വച്ചു തട്ടിയെടുത്ത് മധ്യവയസ്കന്‍ മുങ്ങി.

ആലപ്പുഴ സഖറിയാ ബസാറിലുള്ള ആസിഫ് മന്‍സിലില്‍ റഫീക്കിന്റെ പണമാണു നഷ്ടമായത്. ഇന്നലെ രാവിലെ 10.30ന് നഗരത്തിലെ എസ്ബിഐ ശാഖയില്‍ വച്ചാണ് റഫീക്കിന്റെ പണം നഷ്ടമായത്. റഫീക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ചു പോലീസിനു വ്യക്തമായ വിവരം ലഭിച്ചതായാണു സൂചന.

സംഭവത്തെക്കുറിച്ചുള്ള പോലീസിന്റെ വിശദീകരണം ഇങ്ങനെ: ആലപ്പുഴ സ്വദേശിയായ റഫീക്ക് ബാങ്കുകളില്‍ പണയം വച്ചിരിക്കുന്ന സ്വര്‍ണം എടുത്തു വില്‍ക്കുന്നതിന് സഹായിക്കുന്നയാളാണ്. ബാങ്കുകളില്‍ പണയം വച്ചിരിക്കുന്ന സ്വര്‍ണം എടുത്തുനല്‍കാമെന്നു വാഗ്ദാനം നല്‍കി റഫീക്ക് ദിനപത്രങ്ങളില്‍ പരസ്യം നല്‍കുക പതിവുണ്ട്. കഴിഞ്ഞദിവസം ഈ പരസ്യംകണ്ട് ഒരാള്‍ റഫീക്കിനെ ഫോണില്‍ വിളിച്ചു. പണയം എടുക്കാന്‍ 3.50 ലക്ഷം രൂപ ആവശ്യമാണെന്ന് ഇയാള്‍ റഫീക്കിനോട് പറഞ്ഞു. ഇതുപ്രകാരം റഫീക്ക് മൂന്നര ലക്ഷം രൂപയുമായി ഇന്നലെ രാവിലെ എസ്ബിഐ ശാഖയിലെത്തി. ഫോണ്‍ വിളിച്ചയാളും ഇതേസമയം ബാങ്കിലെത്തിയിരുന്നു.


റഫീക്ക് ഇയാളുമായി സംസാരിച്ചശേഷം പണയം എടുക്കാനായി തുക ഇയാള്‍ക്ക് കൈമാറി. ഇയാള്‍ പണയമെടുക്കാന്‍ പോയനേരം റഫീക്ക് മൊബൈല്‍ ഫോണ്‍ വിളിച്ച് ബാങ്കിനുള്ളിലെ കസേരയിലിരുന്നു. പണയം എടുക്കാന്‍ കൌണ്ടറിലേക്കു പോയ ആളെ ഏതാനും നിമിഷത്തിനകം കാണാതാവുകയായിരുന്നു. റഫീക്ക് ഇയാളെ അന്വേഷിച്ചെങ്കിലും കണ്െടത്താനായില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.