കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം; അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി തള്ളിക്കളയണമായിരുന്നു: വി.എസ്. അച്യുതാനന്ദന്‍
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം; അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി തള്ളിക്കളയണമായിരുന്നു: വി.എസ്. അച്യുതാനന്ദന്‍
Sunday, December 28, 2014 11:29 PM IST
ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അര്‍ഹിക്കുന്ന അവജ്ഞയോടെ പാര്‍ട്ടി തള്ളിക്കളയേണ്ടതായിരുന്നെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് പാര്‍ട്ടി നിലപാടിനെതിരായ അഭിപ്രായം വി.എസ.് ആവര്‍ത്തിച്ചത്.

കോണ്‍ഗ്രസ് ഗുണ്ടകളാണു സ്മാരകം ആക്രമിച്ചത്. പാര്‍ട്ടിയിലെ ഒരു കുട്ടിപോലും ഇങ്ങനെ ചെയ്യില്ല. സ്വന്തം തന്തയേയും തള്ളയേയും തല്ലുന്നവരാണു സിപിഎമ്മുകാരെന്നു വരുത്തിത്തീര്‍ക്കാന്‍ രമേശ് ചെന്നിത്തല നടത്തിയ കുപ്രചരണമാണു റിപ്പോര്‍ട്ടെന്നും അദ്ദേഹം ആരോപിച്ചു.

കേവലം പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരെ പുറത്താക്കിയതു ശരിയായില്ല. പി. കൃഷ്ണപിള്ള ഒളിവില്‍ കഴിഞ്ഞ വീടാണു ചെല്ലിക്കണ്ടം.

നായനാരും മറ്റും ആലപ്പുഴയില്‍ ഒളിവില്‍ കഴിഞ്ഞപ്പോഴാണു വിവാഹം കഴിച്ചത്. അന്ന് അവരെയാരും ഒറ്റിക്കൊടുത്തിരുന്നില്ല. ആലപ്പുഴയിലെ പാര്‍ട്ടിയുടെ പാരമ്പര്യം ഇതാണെന്നും വി.എസ് പറഞ്ഞു.

വി.എസ് വിഭാഗത്തെ ഒതുക്കാന്‍ ഔദ്യോഗികപക്ഷം നട ത്തുന്ന ശ്രമങ്ങളുടെ ഭാഗമായി തന്നെ കരുവാക്കുകയായിരുന്നെന്നു കേസിലെ ഒന്നാംപ്രതി ലതീഷ് ബി. ചന്ദ്രന്റെ പരാമര്‍ശത്തേപ്പറ്റി ചോദിച്ചപ്പോള്‍, ഏതു സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് ലതീഷിനെ വിളിച്ചു താന്‍ അന്വേഷിക്കാമെന്ന് വി.എസ് പറഞ്ഞു. പാര്‍ട്ടിയില്‍ വിഭാഗീയതയുണ്െടന്ന പ്രചാരണം പൂര്‍ണമായും തള്ളിക്കളയുകയാണെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. സമ്മേളനങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്നതു വിഭാഗീയതയുടെ ഭാഗമല്ല.

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നതായി ചൂണ്ടിക്കാട്ടിയാല്‍ അന്വേഷിക്കാം. മോദി പ്രധാനമന്ത്രിയായ ശേഷമാണു മതം മാറ്റങ്ങള്‍ നടക്കുന്നത്. പോലീസും ഇതു ന്യായീകരിക്കുകയാണെന്ന് വി.എസ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.