105-ന്റെ നിറവില്‍ എല്ലാവരെയും സ്നേഹിച്ചു റോസ മുത്തശി
105-ന്റെ നിറവില്‍ എല്ലാവരെയും സ്നേഹിച്ചു റോസ മുത്തശി
Wednesday, October 1, 2014 12:34 AM IST
ബിജു കലയത്തിനാല്‍

ചെറുതോണി: ഭൂമിയില്‍ അവശേഷിക്കുന്ന കാലം എല്ലാവരെയും സ്നേഹിക്കുക വിദ്വേഷവും വെറുപ്പും ആയുസിന്റെ ദൈര്‍ഘ്യം കുറയ്ക്കുമെന്നു 105 വയസ് പിന്നിട്ട റോസ ഫിലിപ്പ് സാക്ഷ്യപ്പെടുത്തുന്നു. ഇടുക്കി പ്രകാശ് മാടപ്ര കണ്ണന്‍ചിറ പരേതനായ ഫിലിപ്പിന്റെ ഭാര്യ റോസയാണു സന്തോഷവും സമാധാനവും മുതല്‍കൂട്ടാക്കി ആയുര്‍ദൈര്‍ഘ്യം നീട്ടിയിരിക്കുന്നത്. കോട്ടയം ഏഴാച്ചേരി കാവളക്കാട്ട് കുടുംബാംഗമായ റോസ 16-ാം വയസിലാണു ഫിലിപ്പിന്റെ കൈപിടിച്ചു പാലാ കടനാട് കണ്ണന്‍ചിറയില്‍ കുടുംബത്തിലേക്കു വലതുകാല്‍വച്ചു കയറിയത്.

ഇന്നത്തേതുപോലെ അത്ര ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വിവാഹം എന്നത് വലിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കലാണെന്ന തിരിച്ചറിവുണ്ടായിരുന്നു. വിവാഹം കഴിക്കുന്ന പുരുഷന്റെ മുന്നില്‍ തലകുനിച്ചു നിന്നുകൊടുക്കുക മാത്രമാണ് അന്നൊക്കെ ചെയ്തിരുന്നത് എന്നുപറയുമ്പോള്‍ ചുക്കിച്ചുളിഞ്ഞുതുടങ്ങിയ മുഖത്തു നാണത്തിന്റെ മിന്നലാട്ടം. ഉപ്പുതറയില്‍ കുടിയേറിയ കുടുംബം 1961-ല്‍ പ്രകാശിലേക്കു താമസംമാറി. കാട്ടാനയോടും വന്യമൃഗങ്ങളോടും പടപൊരുതി ജീവിതം കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടായിരുന്നു പിന്നീട്. മരത്തിനുമുകളില്‍ ഏറുമാടത്തില്‍ കഴിഞ്ഞിരുന്ന കാലമെല്ലാം ഇന്നും ഈ മുത്തശിയുടെ ഓര്‍മയില്‍ മായാതെനില്‍ക്കുന്നു. ഇടയ്ക്കൊക്കെ പഴയകാല ചരിത്രം കൊച്ചുമക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കും വിവരിച്ചുകൊടുക്കാറുണ്ട്. ഇവര്‍ക്ക് അഞ്ചുമക്കളാണ്. പെണ്ണമ്മ, വക്കച്ചന്‍, വര്‍ക്കിച്ചന്‍, വത്സ, റോസിലി. പെണ്‍മക്കള്‍ മൂവരും ബാംഗളൂരിലാണ്. ഇളയമകന്‍ വര്‍ക്കിച്ചനൊപ്പമാണു താമസം. വക്കച്ചനും അടുത്തുതന്നെയാണ് താമസം. മക്കളും കൊച്ചുമക്കളും പേരക്കുട്ടികളുമായി 41 മക്കളുണ്ട്.


ചിട്ടയായ ജീവിതശൈലിയും കൃത്യനിഷ്ഠയുമുള്ള രുന്ന റോസ അമ്മച്ചിയുടെ സ്ഥിരമായുള്ള പ്രഭാതഭക്ഷണം പഴയന്‍കഞ്ഞിയും തൈ രുമാണ്. ഇതാണ് തന്റെ ആരോഗ്യരഹസ്യമെന്ന് ഇവര്‍ അവകാശപ്പെടുന്നു. നാടന്‍ ഭക്ഷണരീതിയാണിഷ്ടം.

പുതിയ രീതിയിലുള്ള ഭക്ഷണമൊന്നും പിടിക്കില്ല. തൃപ്തിയില്ലെങ്കില്‍ വേണ്ടന്നുവയ്ക്കും. എന്നാലും ആരോടും പരാതിയോ പരിഭവമോ ഇല്ല. രാത്രിയിലും രാവിലെയും ദീര്‍ഘനേരം മുട്ടിന്മേല്‍നിന്നു പ്രാര്‍ഥിക്കുന്നത് അമ്മച്ചിയുടെ ശീലമാണ്. മൂന്നുവര്‍ഷംമുമ്പുവരെ ഈര്‍ക്കില്‍ ചൂല് കെട്ടിയുണ്ടാക്കുമായിരുന്നു. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങളേതുമില്ല.

എന്തുചെയ്താലും ആരെയും കുറ്റപ്പെടുത്താറില്ല എന്നതാണ് ഏറെ ശ്രദ്ധേയം. 42 വര്‍ഷംമുമ്പ് ഭര്‍ത്താവ് ഫിലിപ്പ് തന്നെ വിട്ടുപോയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമെന്നു പറയുമ്പോള്‍ റോസ മുത്തശിയുടെ കണ്ണില്‍ അശ്രുകണങ്ങള്‍ ഉരുണ്ടുകൂടിയിരുന്നു. ഊന്നുവടിയുടെ സഹായം വേണമെങ്കിലും സ്വന്തം കാര്യങ്ങള്‍ക്ക് മറ്റാരെയും ആശ്രയിക്കാതെയാണ് കഴിയുന്നത്.

ഇരട്ടസഹോദരങ്ങളായ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ,ഫാ. റോയി കണ്ണന്‍ചിറ, സിഎംഐ എന്നിവര്‍ ഭര്‍തൃസഹോദരന്റെ മകന്റെ മക്കളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.