മനോജ് വധം: മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റില്‍
Saturday, September 20, 2014 12:24 AM IST
തലശേരി: ആര്‍എസ്എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതികൂടി പിടിയിലായി. സിപിഎം മാലൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിര്‍മാണത്തൊഴിലാളിയുമായ കൂത്തുപറമ്പ് മാലൂര്‍ കുരുമ്പോളി തരിപ്പ പ്രഭാകരന്‍ (40) ആണ് അറസ്റിലായത്. ഇയാളും മറ്റൊരു പ്രതിയും സംഭവദിവസം സ്ഥലത്തെത്താന്‍ ഉപയോഗിച്ച കെഎല്‍ 58 എല്‍ 8146 നമ്പര്‍ ബൈക്കും പോലീസ് കസ്റഡിയിലെടുത്തു. മനോജിനെ കൊലപ്പെടുത്തിയ സംഘത്തില്‍ താനുള്‍പ്പെടെ 16 പേരുണ്ടായിരുന്നെന്നും വിവിധ സ്ഥലങ്ങളില്‍നിന്നെത്തി ഒരിടത്ത് ഒത്തുകൂടിയശേഷമാണ് ഓപ്പറേഷനായി പുറപ്പെട്ടതെന്നും പ്രഭാകരന്‍ പോലീസിനു മൊഴി നല്‍കിയതായി അറിയുന്നു.

സംഘത്തിലുണ്ടായിരുന്നവര്‍ക്കു പരസ്പരം പരിചയമില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. മൂന്നു വധശ്രമക്കേസുകളിലടക്കം പത്തോളം കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണു പ്രഭാകരനെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. പ്രഭാകരനെ ഇന്നു കോടതിയില്‍ ഹാജരാക്കും. മനോജ് വധവുമായി ബന്ധപ്പെട്ട മൂന്നാമത്തെ അറസ്റാണിത്.

കൊലപാതകത്തിന് ഒരുമാസം മുമ്പേ ആസൂത്രണം നടന്നതായാണ് നിഗമനം. സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണു പ്രതികളെല്ലാവരും. പിടികിട്ടാനുള്ള വര്‍ക്കായി കതിരൂര്‍, മാലൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ നടത്തിവരികയാണ്.

മാലൂരില്‍നിന്നു കണ്െടടുത്ത ചോരപുരണ്ട നാലു വാളുകള്‍ പരിശോധനയ്ക്കായി കണ്ണൂര്‍ ഫോറന്‍സിക് ലാബിലേക്കയച്ചു. ഇന്നുതന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട്. കൊലയാളിസംഘത്തില്‍ മാലൂര്‍ സ്വദേശി ഉള്‍പ്പെടുകയും മാലൂരില്‍നിന്നു ചോര പുരണ്ട വാളുകള്‍ കണ്െടടുക്കുകയും ചെയ്തതോടെ മനോജിനെ കൊലപ്പെടുത്താനുപയോഗിച്ച വാളുകളാണ് ഇവയെന്ന സംശയം കൂടുതല്‍ ബലപ്പെട്ടു.


എന്നാല്‍, തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ആയുധങ്ങള്‍ കൊണ്ടു വച്ചശേഷം പോലീസിനു വിവരം നല്‍കിയതാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കൊല്ലപ്പെട്ട മനോജിന്റെ രക്തവും പിടിച്ചെടുത്ത വാളുകളില്‍ കാണപ്പെട്ട രക്തക്കറയും ഒന്നാണോയെന്നതു സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അന്തിമനിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്ന് അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതിനിടെ, പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യപ്രതി വിക്രമനെ കാണുന്നതിന് അനുമതി തേടി പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നതു ജില്ലാ സെഷന്‍സ് കോടതി ഇന്നത്തേക്കു മാറ്റി. റിമാന്‍ഡില്‍ കഴിയുന്ന സിപിഎം പ്രാദേശിക നേതാവും പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എംഡിയുമായ സി. പ്രകാശനെ 22ന് കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇയാളെ കസ്റഡിയില്‍ വിട്ടുകിട്ടാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണു പ്രകാശനെ ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.