മുഖപ്രസംഗം: കളിക്കളത്തില്‍ നഷ്ടപ്പെടുന്ന ശ്രീ
ക്രിക്കറ്റ് പ്രേമികളെ മാത്രമല്ല രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമായി മലയാളിതാരം ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു പ്രമുഖ ക്രിക്കറ്റ് കളിക്കാരെ ഒത്തുകളിയുടെ പേരില്‍ അറസ്റ് ചെയ്ത നടപടി. അന്താരാഷ്ട്രതലത്തിലുള്ള അധോലോകസംഘങ്ങളുമായി ബന്ധമുള്ള വാതുവയ്പുകാരാണ് ഈ ഒത്തുകളി സംഭവത്തിനു പിന്നിലുള്ളതെന്ന പോലീസിന്റെ വെളിപ്പെടുത്തല്‍ ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. ടെസ്റ് ക്രിക്കറ്റിലുള്‍പ്പെടെ ഇന്ത്യയുടെ മുന്‍നിര കളിക്കാരിലൊരാളായി ഉയര്‍ന്ന ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ കേരളത്തിനാകെ നാണക്കേടുമായി. അതേസമയം, ശ്രീശാന്തിനോടു ക്രിക്കറ്റ് ലോകത്തെ ചില പ്രമുഖര്‍ക്കുള്ള അതൃപ്തിയാണ് ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്കു പിന്നിലെങ്കില്‍ ആ ഗൂഢാലോചനയും പുറത്തുവരേണ്ടിയിരിക്കുന്നു. ക്രിക്കറ്റിന്റെ മായികലോകം പണത്തിന്റെ പിടിയില്‍പ്പെട്ടിട്ടു കാലമേറെയായി. ഒത്തുകളിയും വാതുവയ്പുമൊക്കെ ഈ കായിക ഇനത്തെ ഗ്രസിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കായികരംഗം നേരിടുന്ന പ്രതിസന്ധിയുടെ അതിദയനീയമായൊരു ഏടാണിത്.

രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുന്ന ശ്രീശാന്തിനും മറ്റു കളിക്കാര്‍ക്കും ഇപ്പോള്‍ പുറത്തുവന്ന കോഴത്തുകയേക്കാള്‍ കൂടുതല്‍ തുക ഈ ഐപിഎല്‍ സീസണില്‍ത്തന്നെ കിട്ടാവുന്നതാണ്. എന്നിട്ടും നാല്പതു ലക്ഷം രൂപയ്ക്കുവേണ്ടി ശ്രീശാന്ത് ഈ കൊടിയ കുറ്റം ചെയ്യുമെന്ന് മലയാളികള്‍ക്കു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മൊഹാലിയില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ആദ്യ ഓവര്‍ നന്നായി എറിഞ്ഞ ശ്രീശാന്ത് രണ്ടാം ഓവറില്‍ ട്രൌസറില്‍ തുവാല തിരുകി വാതുവയ്പുകാര്‍ക്കു സൂചന നല്കിയയെന്നു കളിയുടെ ക്ളിപ്പിംഗുകള്‍ സഹിതം പോലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഒത്തുകളിയെക്കുറിച്ചു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ നിരന്തര നിരീക്ഷണമാണ് വ്യക്തമായ തെളിവുകള്‍ സഹിതം കളിക്കാരെയും വാതുവയ്പുകാരെയും പിടികൂടാന്‍ സഹായിച്ചത്.

എറണാകുളം ജില്ലാ ക്ളബ്ബിനുവേണ്ടി കളിച്ചുതുടങ്ങിയ ശ്രീശാന്ത് കേരളത്തില്‍നിന്നും ഇതുവരെയാര്‍ക്കും എത്തിച്ചേരാനാവാത്ത നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കുതിച്ചുയരുകയായിരുന്നു. ഈ കുതിപ്പിനിടയില്‍ ചിലപ്പോഴെങ്കിലും ശ്രീശാന്തിനു തന്റെ പേരിലുള്ള 'ശ്രീ'യും 'ശാന്തത'യും നഷ്ടപ്പെടുന്നതു നാം കണ്ടു. എറണാകുളം ടീമില്‍ ശ്രീശാന്തിന്റെ സഹകളിക്കാരനായിരുന്ന ജിജു ജനാര്‍ദനനും ഇപ്പോഴത്തെ ഒത്തുകളിക്കേസിലൊരു പ്രധാന കണ്ണിയാണ്. കളിക്കളത്തിലെ മോശം പെരുമാറ്റത്തിനു പലതവണ ശാസന ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള ശ്രീശാന്തിന്റെ ആവേശപ്രകടനങ്ങളും കാണികള്‍ക്ക് അരോചകമായി തോന്നിയിരുന്നു. ഇതൊക്കെയാണെങ്കിലും ക്രിക്കറ്റിനെ സ്നേഹിക്കുന്നവര്‍ ശ്രീശാന്തിന്റെ ഈ ബലഹീനതകളെല്ലാം മറക്കാന്‍ തയാറായി. കളിയുടെ സൌന്ദര്യം മാത്രം കാണാനവര്‍ ശ്രമിച്ചു. എന്നാലിപ്പോള്‍ തികച്ചും അപ്രതീക്ഷിതമായൊരു ആഘാതമാണ് ശ്രീശാന്തിന്റെ ആരാധകര്‍ക്കു കിട്ടിയിരിക്കുന്നത്.

ശ്രീശാന്തിനെ ഈ നിലയിലെത്തിച്ചതിന് ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും ചെറുതല്ലാത്ത ഒരു പങ്കുണ്ട്. ശ്രീശാന്തിന്റെ നേട്ടങ്ങള്‍ മാത്രമല്ല, ജീവിതത്തിന്റെ ഓരോ നിമിഷവും ഇന്ത്യന്‍ മാധ്യമങ്ങള്‍, വിശിഷ്യ മലയാള മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. കേരളത്തില്‍ ഇന്നേവരെ മറ്റൊരു കായികതാരത്തിനും ഇത്തരമൊരു അംഗീകാരം കിട്ടിയിട്ടില്ല. കേരളത്തെ ത്രസിപ്പിച്ച എത്രയോ കായികതാരങ്ങളുണ്ട്. അവര്‍ക്കാര്‍ക്കും ഇത്തരം പിന്തുണ മാധ്യമങ്ങള്‍ നല്കിയിട്ടില്ല. ആരാധകരും ശ്രീശാന്തിനെ വാനോളം ഉയര്‍ത്തി. അവര്‍ തന്നെ ഇന്നലെ ശ്രീശാന്തിന്റെ കോലം കത്തിക്കുകയും ചെയ്തു.


കളിയിലെ ജയപരാജയങ്ങള്‍ വികാരവിക്ഷോഭങ്ങളൊന്നുംകൂടാതെ നേരിടാന്‍ ഓരോ കായികതാരത്തിനും കഴിയേണ്ടതുണ്ട്. ശരീരവും മനസും നിയന്ത്രിക്കാന്‍ കഴിയുന്നയാളാണ് യഥാര്‍ഥ കായികതാരം. അച്ചടക്കമില്ലാത്ത കായികതാരത്തിനു കളിയില്‍ മികവു തുടരാനാവില്ലെന്നതിനു പല പ്രമുഖ കായികതാരങ്ങളുടെയും ജീവിതം സാക്ഷ്യമാണ്. ഇവിടെയാണ് സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലുള്ള മാന്യന്മാരായ കായികപ്രതിഭകള്‍ക്കു മുന്നില്‍ ലോകം ശിരസു നമിക്കുന്നത്. എത്രയോ വിമര്‍ശനങ്ങള്‍ ഈ ലോകോത്തര കായികതാരത്തിനെതിരേ ഉയര്‍ന്നു. എത്രമാത്രം സമചിത്തതയോടെയാണദ്ദേഹം അതിനെ നേരിട്ടത്. മദ്യം പോലുള്ള ഉത്പന്നങ്ങളുടെ പരസ്യത്തില്‍നിന്നും വിട്ടുനിന്നതിനു കോടികള്‍ നഷ്ടപ്പെടുത്തിയ കായികതാരങ്ങളുള്ള നാടാണു നമ്മുടേത്. അത്തരം പല മഹനീയ മാതൃകകളുള്ള ഇന്ത്യന്‍ കായികരംഗത്തിനു കേരളത്തില്‍നിന്നുണ്ടാകുന്ന അപമാനം ഓരോ മലയാളിയുടെയും ശിരസു താഴ്ത്തുന്നു.

കായികതാരങ്ങളും സംഘാടകരും സംഘടനാ നേതാക്കളുമൊക്കെ കായികരംഗത്തിന്റെ വളര്‍ച്ചയ്ക്കുപരി തങ്ങളുടെ സ്വാര്‍ഥതാത്പര്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ തകരുന്നത് ഇന്ത്യന്‍ കായികരംഗത്തിന്റെ യശസാണ്. കോമണ്‍വെത്ത് ഗെയിംസിനോടനുബന്ധിച്ചു നടന്ന വന്‍വെട്ടിപ്പുകളില്‍ ഉള്‍പ്പെട്ടതു കായികരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള പ്രധാനികളാണ്. അസറുദ്ദീനെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകപദവിയില്‍ പ്രശോഭിച്ചവര്‍ക്കുപോലും വാതുവയ്പിന്റെ പേരില്‍ വര്‍ഷങ്ങളോളം കളിക്കളത്തിനു പുറത്തു നില്‍ക്കേണ്ടിവന്നു.

ഐപിഎലും ട്വന്റി20യും പോലുള്ള പുതുതലമുറ 'ഇവന്റു'കള്‍ വന്നതോടെ ക്രിക്കറ്റിനു കൂടുതല്‍ കാണികളെയും താരങ്ങള്‍ക്ക് ആരാധകരെയും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്െടങ്കിലും അതു കളിയുടെ അന്തഃസത്തയെ ഏറെ ബാധിച്ചിട്ടുണ്ട്. ചിയര്‍ ഗേള്‍സും വര്‍ണപ്രപഞ്ചവും പണക്കൊഴുപ്പും താരപ്രകടനവുംകൊണ്ടു മൈതാനങ്ങളെ ത്രസിപ്പിക്കുന്നതിനെ സ്പോര്‍ട്സിന്റെ പട്ടികയില്‍ പെടുത്താനാവുമോ എന്നു സംശയമുണ്ട്.

ക്രിക്കറ്റിന്റെ മായാവലയത്തില്‍ ഇന്ത്യന്‍ കായികരംഗം അമരുമ്പോള്‍ മറ്റു കായിക ഇനങ്ങളില്‍ പലതിലും നാം ബഹുദൂരം പിന്നിലാണ്. കാഴ്ചയുടെ സൌന്ദര്യം കളിയിലും കടന്നുകയറുമ്പോള്‍ പടിയിറങ്ങുന്നത് കായികമികവുതന്നെ. കളിക്കാരന്‍ മാത്രമായിരുന്നില്ല ശ്രീശാന്ത്. നല്ലൊരു 'പെര്‍ഫോര്‍മര്‍' കൂടിയായിരുന്നു അദ്ദേഹം- കളിക്കളത്തിലും പുറത്തും. നടനവൈദഗ്ധ്യം കായികതാരത്തിന് ഏറെ പ്രയോജനപ്പെടില്ലെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. ശ്രീശാന്ത് നമുക്കൊരു പാഠമാവണം.