വിറ്റാര ബ്രസ്സ, ഇന്നോവ ക്രിസ്റ്റ എന്നിവ ടോപ് സെല്ലിംഗ് പട്ടികയിൽ
വിറ്റാര ബ്രസ്സ, ഇന്നോവ ക്രിസ്റ്റ എന്നിവ ടോപ് സെല്ലിംഗ് പട്ടികയിൽ
Monday, June 27, 2016 11:18 AM IST
ന്യൂഡൽഹി: മാരുതി സുസുകിയുടെ കോംപാക്ട് എസ്യുവി വിറ്റാര ബ്രസ്സ പാസഞ്ചർ വെഹിക്കിൾസിന്റെ ടോപ് സെല്ലിംഗ് പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ചു. മേയ് മാസത്തെ കണക്കനുസരിച്ച് മാരുതിക്ക് മികച്ച നേട്ടമാണുള്ളത്. മാരുതിയുടെ ഏഴു മോഡലുകൾ ആദ്യ പത്തിലുണ്ട്. തലേ വർഷം ഇതേ മാസം നാലു മോഡലുകളായിരുന്നു പട്ടികയിലുണ്ടായിരുന്നത്.

വാഹന നിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ (സിയാം) കണക്കനുസരിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റയും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. പട്ടികയിൽ ഒമ്പതാം സ്‌ഥാനത്താണ് ക്രിസ്റ്റ.


പട്ടികയിൽ ഒന്നാം സ്‌ഥാനത്ത് ആൾട്ടോ തുടരുന്നു. 19,874 ആൾട്ടോ കാറുകൾ പോയ മാസം നിരത്തിലിറങ്ങി. മാരുതിയുടെ കോംപാക്ട് സെഡാനായ സ്വിഫ്റ്റ് ഡിസയർ രണ്ടാം സ്‌ഥാനത്തും ഹാച്ച്ബാക്ക് മോഡലുകളായ വാഗൺ ആർ മൂന്നാം സ്‌ഥാനത്തും സ്വിഫ്റ്റ് നാലാം സ്‌ഥാനത്തുമാണ്. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോ ഏഴാം സ്‌ഥാനത്തും ഹാച്ച് ബാക്ക് സെലേറിയോ എട്ടാം സ്‌ഥാനത്തുമാണ്. ബ്രസ്സ പത്താം സ്‌ഥാനം അലങ്കരിച്ചു.

ഹ്യുണ്ടായി ഗ്രാൻഡ് ഐ10 അഞ്ചാം സ്‌ഥാനത്തും എലൈറ്റ് ഐ20 ആറാം സ്‌ഥാനത്തുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.