മയക്കുമരുന്നിനു മറുമരുന്നൊരുക്കാം
Monday, April 14, 2025 12:00 AM IST
അവസാനത്തെ കുഞ്ഞിനെയും കൊണ്ടുപോകാൻ നരകമൊരുക്കിയ മയക്കുമരുന്നുവഴികൾ എല്ലാ വീടുകൾക്കു മുന്നിലൂടെയും കടന്നുപോകുന്നു. കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നിക്ഷേപ-ഉപഭോക്തൃ സൗഹൃദ കേന്ദ്രമാകരുത്.മരണവ്യാപാരികളെ ചവിട്ടിപ്പുറത്താക്കണം. ദീപിക തുടങ്ങുന്നു;
‘ലഹരിക്കെതിരേ ജനമുന്നേറ്റം - കിക്ക് ഔട്ട്’.
തന്പുരാന്റെ സ്വന്തം നാടിനെ ലഹരിയുടെ എന്പുരാൻ വിഴുങ്ങുന്നത് ഇനിയും കണ്ടുനിന്നാൽ നരകമേ ബാക്കിയുണ്ടാകൂ. ലഹരിക്കേസുകളിലൊന്നിന്റെ കഥ പറഞ്ഞു തുടങ്ങാമെന്നു കരുതിയെങ്കിലും വേണ്ടെന്നു വയ്ക്കുകയാണ്. മാതാപിതാക്കളെ കൊന്നതും സഹജീവിയുടെ കഴുത്തറത്തതും അമ്മയെയും പെങ്ങളെയും ലൂസിഫറിന്റെ കണ്ണുകളോടെ നോക്കിയതും മയക്കുമരുന്നടിമകൾ ലാഘവത്വത്തോടെ പോലീസിനോടു കൂട്ടക്കൊല വിവരിക്കുന്നതുമൊക്കെ എങ്ങനെ പറയും? അക്രമം, കൊള്ള, കൊലപാതകം, ആത്മഹത്യ, മാനഭംഗം, ക്വട്ടേഷൻ... പറയാൻ കൊള്ളുന്ന ഒന്നുമില്ല. പെൺകുട്ടികളും ലഹരിക്കയത്തിലുണ്ട്. കണ്ടുനിൽക്കാനാവില്ല. ഇന്ന്, 139-ാം വർഷത്തിലേക്കു പദമൂന്നുന്ന ദീപിക ഒരു വർഷത്തെ ലഹരിവിരുദ്ധ പോരാട്ടത്തിനു തുടക്കം കുറിക്കുകയാണ്; ‘ലഹരിക്കെതിരേ ജനമുന്നേറ്റം - കിക്ക് ഔട്ട്’. നമ്മുടെ രാഷ്ട്രീയവും മതവും ജാതിയും നിറവുമൊക്കെ എന്തുമാകട്ടെ, പോരാട്ടം ഒന്നിച്ചുതന്നെ.
138 സംവത്സരങ്ങളുടെ പോക്കുവെയിലുകൾക്കും ഒഴുകിമറഞ്ഞ പ്രളയങ്ങൾക്കുമൊടുവിൽ ഒളിമങ്ങാത്തൊരു ശോഭ ദീപിക പ്രസരിപ്പിക്കുന്നത്, അതിന്റെ പോരാട്ടവഴികളിലൂടെയാണ്. മാധ്യമപ്രവർത്തനം വ്യാപാരമല്ല, സുഖവിശേഷങ്ങളുടെ വിതരണവുമല്ലെന്ന ബോധ്യം മറക്കാനൊരു കാരണവുമില്ല. എങ്ങോട്ടാണു പോകേണ്ടതെന്ന് ആദ്യ മുഖപ്രസംഗത്തിൽ സ്ഥാപക പിതാക്കന്മാർ എഴുതിവയ്ക്കുകതന്നെ ചെയ്തു. “....ശങ്കാരഹിതം പുറപ്പെട്ടു സഞ്ചരിച്ചാലും,... നീയൊരു വിശ്വസ്ത ദൂതിയായി രാജമന്ദിരങ്ങളിലും മന്ത്രിസത്തമന്മാരുടെ സഭകളിലും ന്യായകർത്താക്കന്മാരുടെ സന്നിധാനത്തിലും പോയി നാട്ടിൽ നടക്കുന്ന അനീതിയായ നടത്തകൾ, പരജനപീഡകൾ, സാധുക്കൾക്കുള്ള ആവശ്യങ്ങൾ ആദിയായവ അറിയിച്ചു പരജനസങ്കടങ്ങൾക്കു നിവൃത്തി വരുത്തി സകലഗുണപ്രദസുമുഖിയായി വിലസി എങ്ങും സഞ്ചരിച്ച് മംഗല്യമോടെ ചിരംജീവിയായി വാണുകൊണ്ടിരുന്നാലും.”
അതേ, രണ്ടു ലോകയുദ്ധ ദുരിതങ്ങളിൽ, ക്ഷാമകാലത്ത് ദരിദ്രന്റെ സങ്കടങ്ങൾ ഭരണകൂടങ്ങളെ ഉണർത്തിക്കുന്നതിൽ, രാഷ്ട്രീയ അടിച്ചമർത്തലിന്റെ ചാട്ടവാറടിയേൽക്കുന്നവരുടെ പക്ഷം ചേരുന്നതിൽ, അടിയന്തരാവസ്ഥയുടെ കറുത്ത വ്യവസ്ഥകളെ അക്ഷരായുധത്താൽ ആക്രമിക്കുന്നതിൽ, കർഷക കുടിയേറ്റത്തിന്റെ ദുരിതപർവാരോഹകർക്കു തണലാകുന്നതിൽ, കുടിയിറക്കപ്പെടുന്നവനൊപ്പം സമരമുഖത്തെത്തുന്നതിൽ, ന്യൂനപക്ഷാവകാശങ്ങളെ വിൽപ്പനയ്ക്കു വയ്ക്കാൻ സമ്മതിക്കാത്തതിൽ, അക്രമരാഷ്ട്രീയത്തോട് ‘മാ നിഷാദ’ പറയുന്നതിൽ, സകലമതവർഗീയതയുടെയും കുടിലനീക്കങ്ങളെ തുറന്നുകാണിക്കുന്നതിൽ, തീവ്രവാദത്തിന്റെ പരന്പരാഗത സംരക്ഷണകേന്ദ്രങ്ങളിൽ തീയിടുന്നതിൽ, ആൾക്കൂട്ട കൊലപാതകങ്ങളെ തുറന്നെതിർക്കുന്നതിൽ, ക്രൈസ്തവ വേട്ടകളുടെ വടക്കുപടിഞ്ഞാറൻ രഥയാത്രകളെ പിന്തുടർന്നെതിർക്കുന്നതിൽ... ശങ്കാരഹിതം യാത്ര തുടരുകയാണ്. എങ്കിലീ ലഹരിവ്യാപാരത്തിലും കണ്ണടയ്ക്കാനാകുമോ? പിഴയ്ക്കാത്ത ചരിത്ര വഴിയിലാണ് ദീപിക.
മയക്കുമരുന്ന് നാടിനെ വിഴുങ്ങുന്പോൾ മയങ്ങാതെ വിളക്കുയർത്തേണ്ടിയിരിക്കുന്നു. രാജ്യത്ത് പഞ്ചാബിലാണ് ഏറ്റവുമധികം മയക്കുമരുന്നു കേസുകളെന്ന് നാം ആശ്വസിക്കാറുണ്ടായിരുന്നു. അതു പഴങ്കഥയായി. മാർച്ച് 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച രേഖകളനുസരിച്ച് 2024ൽ പഞ്ചാബിൽ 9,025 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പക്ഷേ, കേരളത്തിലാകട്ടെ 27,701 കേസുകൾ. പഞ്ചാബിലേതിന്റെ മൂന്നിരട്ടി! പഞ്ചാബിൽ പകുതി കേസുകൾപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഒരാശ്വാസത്തിനു സമ്മതിച്ചാൽപോലും കേരളം മുന്നിലായി. ഇക്കൊല്ലം, ജനുവരിയിലും ഫെബ്രുവരിയിലും മാത്രം 1,783 കേസുകൾ രജിസ്റ്റർ ചെയ്തു. മുഴുവൻ കേസുകളും പിടിക്കപ്പെടുന്നില്ലെന്നതും മറക്കരുത്.
സംസ്ഥാന എക്സൈസ് വകുപ്പ് എൻഡിപിഎസ് ആക്ട് പ്രകാരം 2016ൽ രജിസ്റ്റർ ചെയ്തത് 2,985 കേസുകളായിരുന്നെങ്കിൽ 2024ൽ ഇത് 8,160 ആയി ഉയർന്നു. മയക്കുമരുന്നടിമകൾ നടത്തിയ അക്രമങ്ങൾ വേറേ. കുടുംബങ്ങളിൽ നഷ്ടപ്പെട്ട സമാധാനത്തിനു കണക്കില്ല. മയക്കുമരുന്നുപയോഗിക്കുന്നവരുടെ കുടുംബാംഗങ്ങളിലേറെയും മരണഭീതിയിലാണ്. പെരുവഴിയിൽപോലും പ്രതികരിക്കാനാവില്ല. അക്രമം ഏതു രീതിയിലായിരിക്കുമെന്നറിയില്ല. പോലീസും ഭീതിയിലാണ്. നാട്ടിൻപുറങ്ങളിലെ വിജനവഴികളിലും മൂലകളിലുമെല്ലാം ലഹരിസംഘങ്ങളുണ്ട്. തിരിഞ്ഞുനോക്കാൻ ആരുമില്ലാതായി. ഇങ്ങനെ എത്രനാൾ?
കോളജുകൾ, സ്കൂളുകൾ, ഹോസ്റ്റലുകൾ, ഡിജെ പാർട്ടികൾ, മൈതാനങ്ങൾ, ലോഡ്ജുകൾ, ലേബർ ക്യാന്പുകൾ... എവിടെയും മയക്കുമരുന്നു ലഭ്യമാണെന്നു മാത്രമല്ല, അത്ര പുതിയതല്ലാത്ത ഡാർക് വെബ്ബിലും കച്ചവടം പൊടിപൊടിക്കുകയാണ്. ഇന്റർനെറ്റിലെ ആഗോള അധോലോകമാണത്. ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകൾ വഴിയല്ലാത്തതിനാൽ ഇതിന്റെ ഉപയോഗവും ഉറവിടവും കണ്ടെത്തൽ പോലീസിന്റെ സാങ്കേതികവിദ്യകൾക്കും എളുപ്പമല്ല. പിടിയിലാകുന്നവർ ഉറവിടം വെളിപ്പെടുത്താതിരിക്കാൻ ഡാർക് വെബ്ബുകളെ ചൂണ്ടിക്കാട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നുമുണ്ട്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കേരളത്തിൽ ഉൾപ്പെടെ മയക്കുമരുന്ന് ഉറവിടങ്ങൾ സർക്കാർ പരാജയത്തിന്റെ ഡാർക് വെബ്ബായി തുടരുകയാണ്. 100 വിതരണക്കാരെ പിടിക്കുന്പോൾ ആയിരം പേർ വേറെ എത്തുന്നു. ലോകത്തെ ഏറ്റവും ലാഭകരമായ ഡേർട്ടി ബിസിനസായി മയക്കുമരുന്നു വ്യാപാരം തുടരുന്പോഴും ഭരണകൂടങ്ങൾ നിസഹായരായി നിൽക്കുകയാണ്. ലഹരിമാഫിയയുമായുള്ള പോലീസ്-രാഷ്ട്രീയ ബന്ധവും തകർത്തേ തീരൂ.
യഥാസമയം രക്ഷപ്പെടുത്തിയ കേസുകളൊഴിച്ചാൽ, മയക്കുമരുന്ന് ഉപയോഗിച്ച എല്ലാവരും നശിച്ച ചരിത്രമേയുള്ളൂ. വിൽപ്പന, ഉപഭോഗം എന്നീ രണ്ടു തലങ്ങളെടുത്താൽ വിൽപ്പന അവസാനിപ്പിക്കൽ സർക്കാരിന്റെ സത്യസന്ധതയെയും ഇച്ഛാശക്തിയെയും ആശ്രയിച്ചുള്ള കാര്യമാണ്. രാഷ്ട്രീയ, വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതികളായി നിൽക്കുകയും പലരെയും രക്ഷിക്കാൻ രാഷ്ട്രീക്കാർ ഇടപെടുകയും ചെയ്യുന്പോൾ കാര്യങ്ങൾ ഒട്ടും എളുപ്പമല്ല. കഞ്ചാവും എംഡിഎംഎയും മാത്രമല്ല മദ്യവും ലഹരിയാണ്. മയക്കുമരുന്നു വ്യാപനം തടയാൻ ശ്രമിക്കുന്നതിനൊപ്പം സർക്കാർ മദ്യവിൽപ്പനയ്ക്ക് പുതിയ വഴിവെട്ടുകയാണ്.
പലർക്കും മയക്കുമരുന്നിലേക്കുള്ള പാതയാണ് മദ്യമെന്നത് അറിയാഞ്ഞിട്ടല്ല. വീര്യം കുറഞ്ഞ മദ്യം, കൂടുതൽ മദ്യനിർമാണശാലകൾ എന്നിവയ്ക്കു പുറമേ ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമൊക്കെ കള്ള് ലഭ്യമാക്കി മദ്യസൗഹൃദ കുടുംബങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമവും സർക്കാർ നടത്തുന്നു. കേരളത്തിലെ ലഹരിവിരുദ്ധത സത്യത്തിൽ മയക്കുമരുന്നു മാഫിയയ്ക്കും സർക്കാരിനുമെതിരേ ഒരേസമയം നടത്തേണ്ട പോരാട്ടമാണ്. നികുതി ലഭിക്കുമെന്നു വന്നാൽ അനതിവിദൂര ഭാവിയിൽ സർക്കാർ മയക്കുമരുന്നു വ്യാപാരവും തുടങ്ങിയാൽ അദ്ഭുതപ്പെടാനില്ല.
ഉറവിടങ്ങളെയും വിതരണശൃംഖലകളെയും തച്ചുതകർക്കുന്നതുപോലെ പ്രധാനമാണ് ലഹരി ഉപഭോഗത്തിനെതിരേയുള്ള നീക്കങ്ങളും. പ്രിയപ്പെട്ടവരേ, വീടുകളിലേക്കും തെരുവുകളിലേക്കും നോക്കൂ. ചോരക്കറകളുണ്ട്. യുവാക്കളെവിടെ? വലിയൊരു വിഭാഗം പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കു പോയി. ശേഷിച്ചവരിൽ പലരുടെയും കൈവശമിരിക്കുന്നത് മദ്യവും മയക്കുമരുന്നുമാണ്. അപ്രത്യക്ഷമാകുന്ന യൗവനത്തിന്റെ പുകമറയ്ക്കപ്പുറത്ത് കേരളമൊരു വൃദ്ധസദനമായി തെളിയുന്നു.
അയലത്തേക്കു നോക്കണ്ട, അവസാനത്തെ കുഞ്ഞിനെയും കൊണ്ടുപോകാൻ നരകമൊരുക്കിയ മയക്കുമരുന്നുവഴികൾ എല്ലാ വീടുകളിലേക്കും നീളുകയാണ്. കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നിക്ഷേപ-ഉപഭോക്തൃ സൗഹൃദ കേന്ദ്രമാകരുത്. 1887ലെ വിഷുപ്പുലരിയിലെഴുതിയ ആദ്യമുഖപ്രസംഗത്തിന്റെ പ്രചോദനമുൾക്കൊണ്ട് ഈ നാടിന്റെ ജീവന്മരണ പോരാട്ടത്തിൽ ദീപിക ചരിത്രപരമായ നിയോഗം ഇന്ന് ജന്മദിനത്തിൽ ഏറ്റെടുക്കുകയാണ്. വരൂ, നമുക്കൊന്നിക്കാം.