ഉറങ്ങിക്കിടന്ന നായ്ക്കുട്ടികളെ വടികൊണ്ട് തല്ലിക്കൊന്നു: പ്രതിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം
Monday, October 6, 2025 7:25 PM IST
മധ്യപ്രദേശിലെ ജബൽപൂരിൽ തെരുവ് നായ്ക്കുട്ടികളെ അതിക്രൂരമായി തല്ലിക്കൊന്ന സംഭവം പ്രദേശത്തും സാമൂഹിക മാധ്യമങ്ങളിലും വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ജാഗൃതി നഗർ പ്രദേശത്താണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം അരങ്ങേറിയത്.
സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയുന്നതിനും കേസ് രജിസ്റ്റർ ചെയ്യുന്നതിനും നിർണ്ണായകമായത്. സംഭവം നടന്നത് ഒക്ടോബർ നാലിന് പുലർച്ചെ 1:30-ഓടെയാണ്. തെരുവ് നായ്ക്കുട്ടികളുടെ നിർത്താതെയുള്ള കുര കേട്ട് അസ്വസ്ഥനായതിനെ തുടർന്നാണ് ഗുത്ത്തൽ ചക്രവർത്തി എന്നയാൾ ഈ അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
ഇയാൾ വീടിന്റെ ഗേറ്റ് തുറന്ന് പുറത്തുവന്ന ശേഷം കൈവശമുണ്ടായിരുന്ന വടികൊണ്ട് നിസഹായരായ നായ്ക്കുട്ടികളെ യാതൊരു ദയയുമില്ലാതെ ആഞ്ഞടിക്കുകയായിരുന്നു. ദൃശ്യങ്ങളിൽ കാണുന്നതനുസരിച്ച്, ആദ്യത്തെ നായ്ക്കുട്ടിക്ക് മർദ്ദനമേറ്റ ഉടൻ തന്നെ ജീവൻ നഷ്ടമായി. എന്നാൽ, രണ്ടാമത്തെ നായ്ക്കുട്ടിയെ മരണം ഉറപ്പുവരുത്തുന്നതുവരെ ഇയാൾ ആവർത്തിച്ച് മർദ്ദിച്ചു.
ഈ ദാരുണമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മൃഗസ്നേഹികൾ നിയമനടപടിക്കായി ഒരുമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന്, നിരവധി മൃഗസ്നേഹികളും സാമൂഹ്യപ്രവർത്തകരും ഞായറാഴ്ച ഗോഹൽപൂർ പോലീസ് സ്റ്റേഷനിൽ എത്തി, പ്രതിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചു.
ഇന്ത്യൻ നിയമപ്രകാരം മൃഗങ്ങളെ കൊല്ലുന്നത് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും, പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം, കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് പരാതി നൽകിയിട്ടുണ്ടെന്നും, ഈ ക്രൂരത അവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും പരാതിക്കാർ അഭ്യർത്ഥിച്ചു.
ഇത്തരം അക്രമങ്ങൾ ജബൽപൂരിൽ മുൻപും ഉണ്ടായിട്ടുണ്ടെന്നും, ശക്തമായ നിയമനടപടിയിലൂടെ മാത്രമേ ഭാവിയിൽ ഇത്തരം അതിക്രമങ്ങൾ തടയാൻ സാധിക്കൂ എന്നും പ്രവർത്തകർ വ്യക്തമാക്കി. പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്യുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.