സിറിഞ്ച് പ്രാങ്ക്: ഫ്രഞ്ച് ഇൻഫ്ലുവൻസറിന് തടവ് ശിക്ഷ
Monday, October 6, 2025 12:48 PM IST
ഫ്രഞ്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അമീൻ മോജിറ്റോയെ അദ്ദേഹത്തിന്റെ "സിറിഞ്ച് പ്രാങ്ക്' വീഡിയോകളുടെ പേരിൽ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു. അദ്ദേഹത്തിന്റെ ഈ പ്രവൃത്തി രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
പാരീസ് ക്രിമിനൽ കോടതിയാണ് ഇദ്ദേഹത്തിന് 12 മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ഇതിൽ ആറ് മാസം ജയിലിലും, ബാക്കിയുള്ള ആറ് മാസത്തെ ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയുമാണ്.
ശല്യപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, ആക്രമണം എന്നിവയുമായി ബന്ധപ്പെട്ടാണ് ശിക്ഷ. ഇലാൻ എം. എന്ന മോജിറ്റോ, ടിക്ടോക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രശസ്തി നേടിയത്. വഴിയാത്രക്കാർക്ക് നേരെ ഒഴിഞ്ഞ സിറിഞ്ച് ചൂണ്ടി, അവരെ കുത്തിവയ്ക്കാൻ ശ്രമിക്കുന്നതായി അഭിനയിക്കുന്ന വീഡിയോകളായിരുന്നു ഇദ്ദേഹം ചിത്രീകരിച്ചിരുന്നത്.
സിറിഞ്ച് ഒഴിഞ്ഞതായതുകൊണ്ട് ശാരീരികമായി ദോഷമൊന്നുമില്ലായിരുന്നെങ്കിലും, ഈ 'തമാശ' ആളുകളെ ഭയപ്പെടുത്തുകയും പൊതുസ്ഥലങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു. നിമിഷങ്ങൾക്കകം ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇതോടെ ഓൺലൈനിൽ ഇദ്ദേഹത്തിനെതിരെ വ്യാപകമായ വിമർശനമുയർന്നു. മോജിറ്റോയുടെ പ്രവർത്തികൾ, ശല്യപ്പെടുത്തലും മനഃപൂർവമുള്ള പ്രകോപനവുമാണെന്ന് വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർമാർ വാദിച്ചു. ഒരു പ്രോസിക്യൂട്ടർ ഇദ്ദേഹത്തെ "പൊതുശല്യം' എന്നാണ് വിശേഷിപ്പിച്ചത്.
ആക്രമണം, ശല്യപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളിൽ മോജിറ്റോയ്ക്ക് മുൻപും നിയമപ്രശ്നങ്ങളുണ്ടായിട്ടുള്ളതായി കോടതി നിരീക്ഷിച്ചു. തന്റെ വീഡിയോകൾ ആളുകളെ ചിരിപ്പിക്കാനും രസിപ്പിക്കാനും മാത്രമുള്ളതായിരുന്നുവെന്ന് മോജിറ്റോ കോടതിയിൽ വാദിച്ചു.
എങ്കിലും, ഈ ഉള്ളടക്കത്തിൽ താൻ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടെന്നും ഇത് ഉണ്ടാക്കിയേക്കാവുന്ന ഭയം വേണ്ടത്ര കണക്കിലെടുത്തില്ലെന്നും മോജിറ്റോ സമ്മതിച്ചു. ആരോഗ്യപരമായ ആശങ്കകൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ, ഒരു സൂചി ആക്രമണത്തെക്കുറിച്ച് ഓർക്കുമ്പോൾ, തങ്ങൾക്ക് ശരിക്കും പരിഭ്രാന്തിയുണ്ടായെന്ന് ഇരകൾ കോടതിയിൽ മൊഴി നൽകി. സിറിഞ്ചുമായി ആരെങ്കിലും അടുത്തുവന്നാൽ താനും ഭയപ്പെടുമായിരുന്നുവെന്ന് മോജിറ്റോ തന്നെ കോടതിയിൽ സമ്മതിച്ചു.
ഓൺലൈൻ "പ്രാങ്ക് സംസ്കാരത്തിന്റെ' അതിരുകളെക്കുറിച്ചും വൈറൽ ഉള്ളടക്കം നിർമ്മിക്കുമ്പോൾ ഇൻഫ്ലുവൻസർമാർക്ക് ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചുമുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളാണ് ഈ വിധി എടുത്തു കാണിക്കുന്നതെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യവും പൊതുസുരക്ഷയും തമ്മിലുള്ള അതിർവരമ്പ് എവിടെയാണ് എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഫ്രാൻസിൽ വീണ്ടും സജീവമാകാൻ മോജിറ്റോയുടെ കേസ് കാരണമായി.