കൂന്തൽ പൊരിച്ചതിനും മഡ് കോഫിക്കും ഫുൾ മാർക്ക്; പച്ച മാങ്ങ അത്ര പോര വിദേശിയുടെ ഇന്ത്യൻ ഭക്ഷണ പരീക്ഷണങ്ങൾ
Wednesday, May 7, 2025 4:59 PM IST
ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾ ഇന്ത്യയുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തുന്നതിനൊപ്പം ഇന്ത്യയിലെ വൈവിധ്യമാർന്ന വിഭവങ്ങളും രുചിക്കാറുണ്ട്. അവയുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. അവയിൽ ചിലതൊക്കെ ആളുകൾ ശ്രദ്ധിക്കുകയും വൈറലാകുകയും ചെയ്യും.
വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയും ആ സ്ഥലങ്ങളിലെ രുചികൾ അറിയുകയും ചെയ്യുന്ന ഒരു വിദേശ സഞ്ചാരിയാണ്. ഹ്യൂ എബ്രോഡ്. ഹ്യൂ അടുത്തിടെ പങ്കുവെച്ച വീഡിയോയിൽ തമിഴ്നാട്ടിലെ വിവിധ ഭക്ഷണങ്ങൾ രുചിച്ചു നോക്കുന്നതാണ്. ഓരോ ഭക്ഷണവും രുചിച്ചു നോക്കി അവയ്ക്ക് 10 ൽ എത്ര മാർക്കെന്നു പറയുകയും ചെയ്യുന്നുണ്ട്.
ചെന്നൈയിലൂടെയുള്ള കറക്കത്തിനിടയിൽ ഹ്യൂ രുചിച്ചു നോക്കുന്നത് മഡ്കോഫിയും പച്ചമാങ്ങ ഉപ്പും മുളകും പുരട്ടിയതുമാണ്. കുന്തൾ വിഭവവും കഴിക്കുന്നുണ്ട്. മഡ് കോഫിക്കും കൂന്തളിനും 10 ൽ 10 മാർക്ക് നൽകുന്പോൾ പച്ചമാങ്ങയ്ക്ക് നൽകുന്നത് 7.8 മാർക്കാണ്.
മഡ്കോഫി താൻ ആദ്യമായാണ് കുടിക്കുന്നതെന്നു പറയുന്ന ഹ്യൂ അതിൽ ചേർക്കുന്ന വിഭവങ്ങളെക്കുറിച്ചെല്ലാം അതുണ്ടാക്കി വിൽക്കുന്ന സ്ത്രീയോട് ചോദിക്കുന്നുണ്ട്. അവർ അതിനെല്ലാം വ്യക്തമായി മറുപടിയും നൽകുന്നുണ്ട്. മുപ്പതു രൂപ വിലയുള്ള മഡ്കോഫിക്ക് 100 രൂപ നൽകുന്പോൾ ആ സ്ത്രീ അതു വാങ്ങാൻ വിസമ്മതിക്കുകയും ഹ്യൂ നിർബന്ധിച്ച് നൽകുകയും ചെയ്യുന്നുണ്ട്. കോഫി കുടിച്ച ശേഷം തനിക്ക് ഇഷ്ടപ്പെട്ടുവെന്നും 10 ൽ 10 മാർക്ക് നൽകുന്നുവെന്നും ഹ്യൂ പറയുന്നു.
മറ്റൊരു വീഡിയോയിൽ മാങ്ങയും പൈനാപ്പിളും വിൽക്കുന്ന സ്ത്രീയിൽ നിന്നും മസാല പുരട്ടിയ മാങ്ങ വാങ്ങിക്കഴിക്കുന്നതാണ് കാണിക്കുന്നത്. പക്ഷേ, തൊലിയോടു കൂടി ആദ്യം കഴിച്ചപ്പോൾ ഹ്യൂവിന് അത് അത്ര ഇഷ്ടപ്പെട്ടില്ല. അയാൾ അത് ടിഷ്യൂ പേപ്പറെടുത്ത് തുപ്പിക്കളയുന്നതും കാണാം. പിന്നീട്, തൊലി കഴിക്കാതെ മാങ്ങ കഴിക്കുകയും ഇത് കുഴപ്പമില്ല എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്. മാങ്ങയ്ക്ക് 7.8 മാർക്കാണ് നൽകുന്നത്. ചെന്നൈയിലെ ബീച്ചിലൂടെ നടന്നാണ് ഹ്യൂ ഇതൊക്കെ ആസ്വദിക്കുന്നത്.