വിദേശ സർവകലാശാലകൾ വന്നാലും കുട്ടികളെ കിട്ടില്ല!
മുരളി തുമ്മാരുകുടി
Saturday, April 19, 2025 4:38 PM IST
സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് അനുവദിക്കാനുള്ള ബിൽ നിയമസഭ പാസാക്കിയല്ലോ. വളരെ നല്ലത്. കേരളത്തിൽ ഐഐടി മുതൽ ഓപ്പൺ യൂണിവേഴ്സിറ്റി വരെ നിലവിൽ ഇരുപത്തഞ്ചോളം യൂണിവേഴ്സിറ്റികളുണ്ട് (ഡീംഡ് റ്റു ബി യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ). ഇവ ഒരുമിച്ച് ചേർത്ത് ഒറ്റ യൂണിവേഴ്സിറ്റി ആക്കണമെന്നാണ് ഞാൻ ഏറെനാളായി ആഗ്രഹിക്കുന്നത്.
പുതിയതായി ഒരു യൂണിവേഴ്സിറ്റിക്ക്, അത് സ്വകാര്യം ആണെങ്കിൽപോലും കേരളത്തിൽ സാധ്യത ഉണ്ടോ എന്ന ചോദ്യമുണ്ട്. തീർച്ചയായും ഉണ്ടെന്നാണ് ഉത്തരം. സമയത്തിന് പരീക്ഷകൾ നടത്തുകയും നടത്തിയ പരീക്ഷയുടെ മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റും വേണ്ടിവരുമ്പോൾ ട്രാൻസ്ക്രിപ്റ്റുകളും സമയത്തിന് നൽകുന്ന സ്വകാര്യ സർവകലാശാലകൾ വന്നാൽ അല്പം ഫീസ് കൂടിയാലും കുട്ടികൾ അത് സ്വീകരിക്കും.
വിദേശപഠനം ഇപ്പോൾ കുട്ടികളുടെ ഒരു സ്വപ്നമാണ്. പക്ഷേ, സാമ്പത്തികമായി ഇത് ഏറെ ചെലവുള്ളതാണ്. ഒരു ഡിഗ്രിയുടെ പകുതി ഇന്ത്യയിലും ബാക്കി വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വിദേശ സർവകലാശാലയിലും പഠിക്കാമെന്നുവന്നാൽ ഏറെ വിദ്യാർഥികൾ അത്തരം സർവകലാശാലകളിൽ എത്തും.
കേരളത്തിൽ ലാഭകരമായി തുടങ്ങാവുന്ന ഒന്ന് സ്വകാര്യ മെഡിക്കൽ സർവകലാശാലയാണ്. ആയിരക്കണക്കിന് വിദ്യാർഥികളാണ് മെഡിക്കൽ നഴ്സിംഗ്പഠിക്കാൻ കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തും പോകുന്നത്.
മെഡിക്കൽ രംഗം നിർമിതബുദ്ധിയും റോബോട്ടും ഒക്കെ വന്ന് ആകെ മാറുകയാണ്. മെഡിക്കൽ ടെക്നോളജി രംഗത്ത് അനവധി പുതിയ പ്രഫഷനുകൾ ഉണ്ടാവുകയാണ്. ലോകത്തെ മറ്റു രാജ്യങ്ങളിലെ ഭാഷകൾ പഠിപ്പിക്കുകയും മറ്റു രാജ്യങ്ങളിൽ പ്രാക്ടിക്കൽ ചെയ്യാൻ സാധിക്കുകയും അവിടുത്തെ രജിസ്ട്രേഷൻ തരമാക്കി കൊടുക്കുകയും ചെയ്യുന്ന ഒരു സർവകലാശാല വന്നാൽ, അത് വിജയമാകും.
കേരളത്തിൽ വളരെ നന്നായി നടത്തപ്പെടുന്ന അനവധി സ്വകാര്യ കോളജുകൾ ഉണ്ട്. അവ ഓട്ടോണമസ് ആയിട്ടുപോലും സർക്കാരിന്റെയും യൂണിവേഴ്സിറ്റിയുടെയും അനവധി നിയന്ത്രണങ്ങൾ അവരുടെ മേലുണ്ട്. ഈ സ്ഥാപനങ്ങൾ യൂണിവേഴ്സിറ്റികൾ ആയി മാറിയാൽ അവ അടുത്ത ലെവലിലേക്ക് പോകും.
വിദേശ സർവകലാശാലകൾ കേരളത്തിൽ (ഇന്ത്യയിൽ) വരാനുള്ള സാധ്യത കുറവാണെന്നതാണു യാഥാർഥ്യം. കേരളത്തിലെ പുറത്തേക്കു പോകാൻ ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം കുട്ടികളും വിദേശവിദ്യാഭ്യാസത്തിന്റെ പ്രധാന ഗുണമായി കാണുന്നത് ഉന്നത വിദ്യാഭ്യാസ നിലവാരമെന്നുമല്ല. വിദേശത്ത് പാർട്ട് ടൈം ആയി ജോലി ചെയ്യാനുള്ള അവസരവും അത് നൽകുന്ന സ്വാതന്ത്ര്യവുമാണ്. ഇതൊന്നും ഇവിടെ ഇല്ലാതിരിക്കുമ്പോൾ വിദേശ സർവകലാശാലകൾ വന്നാലും ഉയർന്ന ഫീസ് കൊടുത്ത് അവിടെ പഠിക്കാൻ മലയാളികളെ കിട്ടിയെന്നു വരില്ല.