ലണ്ടൻ വേണ്ടെന്നു കോടീശ്വരർ, താത്പര്യം ഈ നഗരങ്ങളോട്
Monday, April 14, 2025 2:48 PM IST
ലണ്ടൻ കോടീശ്വരൻമാരുടെ ഇഷ്ട നഗരമെന്ന പെരുമയിൽ നിന്നും പുറകോട്ടു പോകുന്നതായി റിപ്പോർട്ടുകൾ. അടുത്തിടെയായി ലണ്ടൻ ഉപേക്ഷിക്കുന്ന കോടീശ്വരന്മാരുടെ എണ്ണത്തിൽ വലിയവർധനയുണ്ടായതായാണ് പറയുന്നത്.
കോടീശ്വരന്മാർ ചേക്കേറുന്ന പുതിയ നഗരങ്ങൾ ലണ്ടനു പകരമായി ഉയർന്നു വന്നിട്ടുമുണ്ട്. അതിൽ ഇടം പിടിച്ചിരിക്കുന്നത് അമേരിക്കയിലെയും ഏഷ്യയിലെയും നഗരങ്ങളാണ്. അഡ്വൈസറി കമ്പനിയായ ഹെൻലി ആൻഡ് പാർട്ണേഴ്സും ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്തും ചേർന്നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2023 ൽ ലണ്ടനിൽ ഉണ്ടായിരുന്നത് 227,000 കോടീശ്വരന്മാരാണുണ്ടായിരുന്നത്. ഇപ്പോഴാകട്ടെ 215,700 പേരാണുള്ളത്. 2024 ൽ ഏകദേശം 11,300 കോടീശ്വരന്മാരാണ് ലണ്ടൻ ഉപേക്ഷിച്ചത്. ലോസ് ഏഞ്ചൽസിലാകട്ടെ 220,600 കോടീശ്വരന്മാരുണ്ട്.
നഗരത്തോടുള്ള കോടീശ്വരന്മാരുടെ വൈമുഖ്യം ഏറ്റവും സന്പന്നമായ നഗരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ലണ്ടനെ എത്തിച്ചിട്ടുണ്ട്. സമാന അവസ്ഥയിലാണ് റഷ്യയിലെ മോസ്കോയും ഉക്രൈൻ- റഷ്യ സംഘർഷമാണ് ഇതിനു പ്രധാന കാരണം. നിലവിൽ മോസ്കോയിലെ കോടീശ്വരന്മാരുടെ എണ്ണം 25 ശതമാനമാണ് കുറഞ്ഞത്.
ലണ്ടനോടുള്ള താത്പര്യം കുറയുന്നതിലെ പ്രധാന കാരണം വർധിച്ചു വരുന്ന നികുതിയാണ്. കൂടാതെ ബ്രെക്സിറ്റിൽ നിന്നുമുള്ള പിന്മാറ്റവും വ്യാപാരകരാറുകളിലെ കാലതാമസം തുടങ്ങിയ വ്യാവസായിക രംഗത്തെ പിരിമുറുക്കങ്ങളും കാരണമായിട്ടുണ്ട്. എന്നാൽ, യുഎസ്, ഏഷ്യ എന്നിവിടങ്ങളിൽ സാങ്കേതിക രംഗത്തും മറ്റും വൻ കുതിച്ചു ചാട്ടമാണുണ്ടായിട്ടുള്ളത്. അതാണ് കോടീശ്വരന്മാരെ ആകർഷിക്കുന്ന ഘടകം.