"ചില നിമിഷങ്ങൾക്ക് പരിഭാഷ ആവശ്യമില്ല': ദീപാവലി സമ്മാനത്തിന് കാമുകിയുടെ അമ്മയ്ക്ക് ഹിന്ദിയിൽ നന്ദി പറഞ്ഞ് ഐറിഷ് യുവാവ്
Monday, October 20, 2025 2:05 PM IST
ദീപാവലി സമ്മാനത്തിന് നന്ദി പറയാൻ ഇന്ത്യൻ കാമുകിയുടെ അമ്മയോട് ഹിന്ദിയിൽ സംസാരിക്കാൻ ശ്രമിച്ച ഐറിഷ് യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുകയാണ്.
ലളിതമായ സ്നേഹപ്രകടനങ്ങൾക്ക് പോലും വലിയ സ്വാധീനം ചെലുത്താനാകുമെന്നതിന് തെളിവാണ് ഹൃദയം കവരുന്ന ഈ ദൃശ്യം. കാമുകി സാംസ്കൃതിയാണ് "ചില നിമിഷങ്ങൾക്ക് പരിഭാഷ ആവശ്യമില്ല' എന്ന കുറിപ്പോടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
വീഡിയോയിൽ, യുവാവ് നിറഞ്ഞ സന്തോഷത്തോടെ പങ്കാളിയുടെ അമ്മയെ "ഹലോ, കൈസേ ഹേ ആപ്?' (നിങ്ങൾക്ക് സുഖമാണോ?) എന്ന് പറഞ്ഞ് സംഭാഷണം തുടങ്ങുന്നു. തുടർന്ന്, അമ്മ അയച്ച ദീപാവലി സമ്മാനത്തിൽ സന്തോഷം പങ്കുവെച്ച്, "ആപ്കാ പാഴ്സൽ മിലാ, വെരി സുന്ദർ' (നിങ്ങളുടെ പാഴ്സൽ കിട്ടി, വളരെ നന്നായിട്ടുണ്ട്) എന്ന് പറയുന്നു.
ഒപ്പം, അമ്മ സ്നേഹത്തോടെ അയച്ച അനർസ, ലഡു പോലുള്ള പരമ്പരാഗത ദീപാവലി പലഹാരങ്ങൾ ഓരോന്നും എടുത്തുപറഞ്ഞ് നന്ദി അറിയിക്കാനും അദ്ദേഹം മറക്കുന്നില്ല. ഹിന്ദിയിൽ സംസാരിക്കാനുള്ള ശ്രമത്തിനു ശേഷം, ഇംഗ്ലീഷിലേക്ക് മാറിയ അദ്ദേഹം സമ്മാനങ്ങൾ "വളരെ നല്ലതായിരുന്നു' എന്ന് പറഞ്ഞ് ഒരിക്കൽക്കൂടി നന്ദി രേഖപ്പെടുത്തി.
സംഭാഷണത്തിന്റെ അവസാനം, ആത്മാർഥതയോടെയുള്ള "ശുക്രിയ' (നന്ദി) എന്ന വാക്കിലും ആ സ്നേഹം പൂർണമായി. വീഡിയോ നിമിഷങ്ങൾക്കകം വൈറലായതോടെ, കാമുകിക്കുവേണ്ടി പരിശ്രമം നടത്തിയ ഡാരനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്.
ഡാരനെ പലരും "തികഞ്ഞ പങ്കാളി' എന്നാണ് വിശേഷിപ്പിച്ചത്. "ഇന്ന് ഞാൻ കണ്ടതിൽവെച്ച് ഏറ്റവും ക്യൂട്ടായ വീഡിയോ ഇതാണ്,' എന്നും "ഇത് വളരെ മനോഹരമാണ്, സാംസ്കൃതിക്ക് ഡാരനെപ്പോലെ സ്നേഹനിധിയായ ഒരു പങ്കാളിയെ കിട്ടിയത് ഭാഗ്യം,' എന്നും ആളുകൾ അഭിപ്രായപ്പെട്ടു.