"ജന ഗണ മന'യുടെ ഈ നിഷ്കളങ്കമായ ആലാപനം നിങ്ങൾ കാണാതെ പോകരുത്: ജോവാഷ് ജെറമിയയുടെ ദേശസ്നേഹം വൈറലാകുന്നു
Monday, October 6, 2025 8:01 PM IST
നാടകീയമായ രംഗങ്ങളും അതിഗംഭീര പ്രകടനങ്ങളുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ സാധാരണയായി വൈറലാകാറുള്ളത്. എന്നാൽ, ലാളിത്യവും ഹൃദയസ്പർശിയായ ഒരൊറ്റ പ്രവൃത്തിയും കൊണ്ട് രാജ്യത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ് നാല് വയസുകാരനായ ജോവാഷ് ജെറമിയ എന്ന കുട്ടി.
അവൻ ആലപിച്ച ഇന്ത്യൻ ദേശീയഗാനമായ "ജന ഗണ മന'യുടെ വീഡിയോയാണ് ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. ദേശീയഗാനം ചൊല്ലുന്നതിൽ മുഴുകി നിൽക്കുന്ന ജോവാഷിനെയാണ് വീഡിയോയിൽ കാണുന്നത്. അവന്റെ കൊച്ചു വായിൽ നിന്നും നിഷ്കളങ്കതയുടെ നിറവോടെയാണ് ഓരോ വരികളും പുറത്തുവരുന്നത്.
വീഡിയോ ജോവാഷിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചപ്പോൾ “എനിക്ക് നാല് വയസേയുള്ളൂ, നമ്മുടെ ദേശീയഗാനം പാടാൻ എനിക്കിഷ്ടമാണ്. 2025-ലെ സ്വാതന്ത്ര്യദിനത്തിലാണ് ഈ ഇഷ്ടം തുടങ്ങിയത്, ഇപ്പോഴും ആ ആവേശം മാറിയിട്ടില്ല. എന്റെ ചെറിയ തെറ്റുകൾ ദയവായി അവഗണിക്കണം, ഇത് മുഴുവനും ഹൃദയത്തിൽ നിന്നാണ്!”എന്നതായിരുന്നു തലക്കെട്ട്.
ഈ ഹൃദയഹാരിയായ പ്രകടനം ആളുകളുടെ മനസിൽ പെട്ടെന്ന് ഇടംനേടി. പ്രശംസ കൊണ്ടും സ്നേഹം കൊണ്ടും കമന്റ് ബോക്സുകൾ നിറഞ്ഞു. ജോവാഷിന്റെ ആലാപനം "നവോന്മേഷം നൽകുന്ന ഒന്ന്' ആണെന്നും, ഇത്ര ചെറുപ്പത്തിൽത്തന്നെ ദേശസ്നേഹം വളർത്തിയതിന് അവന്റെ മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നുവെന്നും പലരും കുറിച്ചു.
അപ്ലോഡ് ചെയ്തതുമുതൽ ഇൻസ്റ്റാഗ്രാം, എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിലായി ആറ് ലക്ഷത്തിലധികം കാഴ്ചക്കാർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. രാജ്യത്തോടുള്ള "നിഷ്കളങ്കമായ സ്നേഹത്തിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലാണിതെന്നാണ്' കാഴ്ചക്കാർ വിശേഷിപ്പിച്ചത്.
പലരുടെയും കണ്ണുകൾ ഈ ദൃശ്യം കണ്ടപ്പോൾ ഈറനണിഞ്ഞുവെന്നും അവർ കമന്റുകളിൽ പങ്കുവെച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമാതാരങ്ങളുമടക്കം നിരവധിപേർ ജോവാഷിന്റെ ഈ കൊച്ചുമിടുക്കിനെ അഭിനന്ദിക്കാൻ എത്തി.