ദീപാവലി വിപണിയിൽ "പൂനം പടക്കങ്ങൾ'; പടക്കക്കടയിലെ സ്വന്തം ചിത്രം കണ്ട് ഞെട്ടി തരിച്ച് പൂനം പാണ്ഡെ!
Monday, October 20, 2025 7:37 PM IST
ദീപാവലി മഹോത്സവ വേളയിൽ, ജനങ്ങൾ പടക്കങ്ങൾ വാങ്ങാൻ കടകളിലേക്ക് ഒഴുകിയെത്തുമ്പോൾ, പ്രശസ്ത നടി പൂനം പാണ്ഡെയുടെ അടുത്ത സുഹൃത്തിന് ഒരു കൗതുകകരമായ കാഴ്ച കാണാനിടയായി.
പടക്കങ്ങൾ വിൽക്കുന്ന ഒരു സ്റ്റാളിൽ, ഒരു പെട്ടിയിൽ പതിവില്ലാത്തതും എന്നാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതുമായ ഒരു ചിത്രമുണ്ട്! സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, അത് മറ്റാരുമല്ല, സാക്ഷാൽ പൂനം പാണ്ഡെ തന്നെയാണെന്ന് അദ്ദേഹം മനസിലാക്കി.
പൂനം പാണ്ഡെയുടെ ചിത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച നിരവധി പടക്കങ്ങളുടെ പോസ്റ്ററുകൾ ആ കടയിൽ നിറഞ്ഞിരുന്നു. ഈ അമ്പരപ്പിക്കുന്ന ദൃശ്യം സുഹൃത്ത് ഉടൻ തന്നെ നടിയെ വീഡിയോ കോൾ വഴി വിളിച്ചു കാണിച്ചു. തത്സമയം ഈ കാഴ്ചകൾ കണ്ട പൂനം പാണ്ഡെയുടെ പ്രതികരണം ശരിക്കും ആരാധകർക്ക് ഒരു വിരുന്നായിരുന്നു.
സമൂഹമാധ്യമങ്ങളിലെ ശക്തമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയയായ പൂനം പാണ്ഡെ, സുഹൃത്തുമായി നടത്തിയ വീഡിയോ കോളിന്റെ സ്ക്രീൻ റെക്കോർഡിംഗ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. "പൂനം പടക്ക' "പൂനം ഫുൽജഡി' തുടങ്ങിയ പേരുകളിലുള്ള പടക്കങ്ങളാൽ സ്റ്റാൾ നിറഞ്ഞിരുന്നു.
ചുവന്ന, ഓഫ്-ഷോൾഡർ വസ്ത്രം ധരിച്ച പൂനം പാണ്ഡെയുടെ ചിത്രം തന്നെയാണ് ഈ ഉൽപ്പന്നങ്ങളിൽ ഉപയോഗിച്ചിരുന്നത്. കൂടാതെ, നടിയുടെ മറ്റ് ചിത്രങ്ങളും പേരുകളുമുള്ള ഉൽപ്പന്നങ്ങളും അവിടെ ഉണ്ടായിരുന്നു. തന്റെ ചിത്രങ്ങൾ പടക്കങ്ങളിൽ പതിപ്പിച്ചതിനെക്കുറിച്ച് അറിഞ്ഞപ്പോൾ പൂനം അമ്പരന്ന് പോയി.
ഈ പടക്കങ്ങൾ സ്നേഹസ്മരണയായി വാങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്നും, സ്റ്റാളിന്റെ കൃത്യമായ സ്ഥലം എവിടെയാണെന്ന് സുഹൃത്തിനോട് തിരക്കുന്നതും വീഡിയോ കോളിൽ വ്യക്തമായി കേൾക്കാമായിരുന്നു. "ശരിക്കും? നീ തമാശ പറയുകയാണോ? ഈ ചിത്രം നോക്കൂ... എത്രയും വേഗം വാങ്ങണം' പാണ്ഡെ ആകാംഷയോടെ വിളിച്ചുപറഞ്ഞു.
പടക്കക്കടയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു കൊളാഷും അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അതിനൊപ്പം തമാശ രൂപേണ അവർ ഇങ്ങനെ കുറിച്ചു: "ശരി, പക്ഷേ ബ്രാൻഡ് അംബാസഡറായി' എന്നെ നിയമിക്കാൻ ആരാണ് തീരുമാനിച്ചത്?" ഈ അപ്രതീക്ഷിത "പടക്ക സംഭവം' സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.