വികാരനിർഭരം ; ജീവൻ പണയം വെച്ച് നായയെ രക്ഷിച്ച അഗ്നിശമന സേനാംഗം സോഷ്യൽ മീഡിയയുടെ താരം
Monday, October 20, 2025 12:59 PM IST
ഡൽഹിയിലെ ബ്രഹ്മപുത്ര അപാർട്മെന്റിലുണ്ടായ തീപിടുത്തത്തിൽ കുടുങ്ങിയ നായയെ രക്ഷിച്ചു. അഗ്നിശമന സേനാംഗത്തിന്റെ ധീരമായ പ്രവർത്തനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ബാബാ ഖരക് സിംഗ് മാർഗിലെ, രാം മനോഹർ ലോഹ്യ ആശുപത്രിക്ക് എതിർവശത്തുള്ള റസിഡൻഷ്യൽ കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്.
തീ ആളിപ്പടർന്ന് പുക നിറഞ്ഞ അന്തരീക്ഷത്തിൽ പരിഭ്രാന്തരായി ഓടുന്നതിനിടയിൽ, ഒരു ജീവൻ രക്ഷിക്കാനായി തിരികെ തീയിലേക്ക് കുതിച്ച ഈ ധീരന്റെ വീഡിയോ ആണ് ഇന്റർനെറ്റ് ലോകത്തിന്റെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റിയത്.
തീവ്രമായ തീജ്വാലകൾക്ക് നടുവിൽ കുടുങ്ങിയ വളർത്തുനായയെ സ്വന്തം ജീവൻ പോലും വകവെക്കാതെ രക്ഷപ്പെടുത്തി, സുരക്ഷിതമായി പുറത്തെത്തിച്ചതോടെ ഈ ഉദ്യോഗസ്ഥൻ മനുഷ്യത്വത്തിന്റെയും അനുകമ്പയുടെയും പ്രതീകമായി.
ഭയന്നുവിറച്ച നായയെ, അഗ്നിശമന സേനാംഗം താങ്ങിയെടുത്തു പുറത്തേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം വ്യാപകമായ ശ്രദ്ധ നേടിയത്. നായയെ ഉടമസ്ഥന് കൈമാറിയ നിമിഷങ്ങൾ കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം വികാരനിർഭരമായിരുന്നു.
ആശ്വാസത്തിന്റെ കണ്ണീരും നന്ദി പ്രകടിപ്പിച്ചുള്ള നായയുടെ വാലാട്ടലും ഒത്തുചേർന്ന രംഗം അഗ്നിശമന സേനാംഗത്തിന്, ചുറ്റും കൂടി നിന്നവരിൽ നിന്നും വലിയ കൈയടി നേടിക്കൊടുത്തു. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വൈറലായതോടെ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇദ്ദേഹത്തെ "റിയൽ ഹീറോ' എന്നാണ് വിശേഷിപ്പിച്ചത്.
"എല്ലാ വീരന്മാരും കുപ്പായം ധരിക്കണമെന്നില്ല' എന്നിങ്ങനെ നിരവധി കമന്റുകളാൽ സോഷ്യൽ മീഡിയ നിറഞ്ഞു. എന്നാൽ, തീപിടിത്തമുണ്ടായപ്പോൾ വളർത്തുനായയെ കെട്ടിടത്തിനുള്ളിൽ ഉപേക്ഷിച്ച് ഓടിപ്പോയ ഉടമസ്ഥനെതിരെയും ചില വിമർശനങ്ങൾ ഉയർന്നു.