ഒരു പേരും അങ്ങ് ശരിയാകുന്നില്ലല്ലോ... പേര് മാറ്റി മാറ്റി യുവാവ്; ഇനി നടക്കില്ലെന്നു അധികൃതർ
Thursday, May 8, 2025 11:02 AM IST
നമ്മുടെയൊക്കെ പേര് നമ്മളല്ലല്ലോ ഇട്ടത്. നമുക്ക് ഓർമ്മയില്ലാത്ത കാലത്ത് അച്ഛനും അമ്മയോ, ബന്ധുക്കളോ ഒക്കെയാകും പേരിട്ടുണ്ടാവുക. ചിലർക്ക് ആ പേരുകൾ ഇഷ്‌ടപ്പെടും. ചിലർക്ക് ഇഷ്ടപ്പെടില്ല. ചിലരാകട്ടെ ഇഷ്‌പ്പെടാത്ത പേരിനെ മാറ്റും. ചിലർ ആ പേരുമായി അങ്ങു ജീവിക്കും.
പക്ഷേ, ചൈനയിലെ ഒരു യുവാവിന് അങ്ങനെ ഇഷ്‌ടപ്പെടാത്ത പേരുമായി ജീവിക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു. അതുകൊണ്ട് പുള്ളിയങ്ങ് പേരു മാറ്റി. ഒരു തവണ മാറ്റി അതിഷ്ടപ്പെട്ടില്ല. പിന്നെയും പിന്നെയും മാറ്റി. തന്‍റെ പേര് കൊള്ളില്ലാത്തതുകൊണ്ടാണ് തനിക്ക് ജോലി പോലും കിട്ടാത്തതെന്നാണ് ഈ 23 കാരന്‍റെ അഭിപ്രായം.
രണ്ടു തവണ പേരുമാറ്റിയിട്ടും തൃപ്തിയാകാതെ മൂന്നാം തവണയാണ് പേരുമാറ്റാനുള്ള അപേക്ഷയുമായി എത്തിയത്. ഓരോ തവണയും പേരുമാറ്റാൻ ഇയാൾ ഓരോ കാരണങ്ങളാണ് പറയാറ്. ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ജു യുൻഫെയ് എന്ന യുവാവാണ് ഇങ്ങനെ പേരുകൾ തുടർച്ചയായി മാറ്റിയത്.
ആദ്യം യുവാവ് തന്‍റെ പേര് മറ്റൊരാൾക്ക് ഉണ്ട് എന്ന കാരണമാണ് പറഞ്ഞത്. പേര് മാറ്റുന്നതിലൂടെതനിക്ക് കൂടുതൽ ഭാഗ്യം വരും എന്നായിരുന്നു ഇയാളുടെ പ്രതീക്ഷ. ഇയാൾ പേര് ഷു ക്യൂ ഷുവാൻ വു ചി ലിംഗ് എന്നാണ് മാറ്റിയത്.
പക്ഷേ, കുറച്ചു കഴിഞ്ഞതോടെ അയാൾക്ക് ആ പേരിനോടും അതൃപ്തി തോന്നി. അതുകൊണ്ടാണ് ജോലി കിട്ടാത്തത് എന്നാണ് അദ്ദേഹത്തിന്‍റെ പരാതി. അങ്ങനെ അയാൾ അമ്മയുടെ സർനെയിം സ്വീകരിച്ചു. അത് കൂടുതൽ വ്യത്യസ്തമായി തോന്നുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. ആ പേര് ഷൗ ടിയാൻ സി വെയ് ഡാ ഡി എന്നായിരുന്നു.
എന്നാലിപ്പോൾ ആ പേരും പോരാ എന്ന് പറഞ്ഞാണ് 48 അക്ഷരങ്ങളുള്ള മറ്റൊരു പേര് സ്വീകരിക്കാൻ ഒരുങ്ങിയത്. പക്ഷേ, ഈ പേര് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ് അധികൃതർ പറയുന്നത്.