ഒരു ഓംലെറ്റിന് 3500 രൂപയോ? പക്ഷേ, സംഭവം പൊളിയാണെന്ന്
Saturday, April 26, 2025 10:47 AM IST
ഒരു ഓംലെറ്റിന് 3500 രൂപ എന്നു കേൾക്കുന്പോഴെ ഓംലെറ്റിനോ എന്നു കണ്ണു തള്ളി ചോദിക്കുന്നവരാണ് പലരും. വില കേട്ടു ഞെട്ടണ്ടന്നേ. ഇത് വെറും മുട്ട ഓംലെറ്റ് അല്ലന്നേ. സംഭവം അങ്ങ് ബാങ്കോക്കിൽ കിട്ടുന്ന സ്പെഷ്യൽ ഞണ്ട് ഓംലെറ്റാണ്.
ഇന്ത്യക്കാരനായ ഒരു യൂട്യൂബറാണ് അടുത്തിടെ ഒരു വീഡിയോയിൽ ഈ സ്പെഷ്യൽ ഓംലെറ്റിനെ പരിചയപ്പെടുത്തുന്നത്. ഡിസിടി ഈറ്റ്സിൽ നിന്നുള്ള ദശരാജ് സെന്തമിൾ തരുൺ ആണ് വീഡിയോ പോസ്റ്റ ചെയ്തിരിക്കുന്നത്. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് രുചികൾ തേടുന്ന യൂട്യൂബറാണ് തരുൺ.
ബാങ്കോക്കിലെ റാൻ ജയ് ഫായിയിൽ നിന്നുമാണ് ഈ ക്രാബ് ഓംലെറ്റ് പരീക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. തരുണിന് റസ്റ്ററന്റിൽ സീറ്റു കിട്ടിയിട്ടും അരമണിക്കൂർ കഴിഞ്ഞാണ് ഓംലെറ്റ് എത്തുന്നത്. സ്വർണ നിറത്തിലുള്ള ഓംലെറ്റിന്റെ വലുപ്പം കണ്ട് തരുൺ ഒന്നു ഞെട്ടി. എന്തുകൊണ്ടാണ് ഈ ഓംലെറ്റിന് ഇത്ര വിലയും വലുപ്പവുമെന്നു അദ്ദേഹം അന്വേഷിക്കുന്നുണ്ട്.
ഞണ്ടിന്റെ മൃദുവായ മാംസം. അതിനൊപ്പം നന്നായി പാകം ചെയ്ത ഓംലെറ്റ് എന്നിവയെല്ലാം ചേർന്നതാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഈ റസ്റ്ററന്റിലെ പ്രധാന പാചകക്കാരൻ 81 വയസുള്ള ഷെഫ് ജയ് ഫായിയാണ്. റാൻ ജയ് ഫായി റസ്റ്ററന്റിന് 2018 ൽ മിഷേലിൻ സ്റ്റാർ ലഭിച്ചിരുന്നു. ഈ നേട്ടം ലഭിക്കുന്ന ആദ്യ തായ് സ്ട്രീറ്റ് ഫുഡ് സ്റ്റാളാണ് ഇത്. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണ പ്രേമികൾ ഈ റസ്റ്ററന്റ് തേടി വരാറുണ്ട്. 2021 ൽ ഏഷ്യയിലെ 50 മികച്ച റസ്റ്ററന്റുകൾക്കുള്ള അവാർഡ് കൂടി ഇത് നേടി.