ഒരവധി ലഭിക്കാൻ ലൊക്കേഷനും ചിത്രങ്ങളും വേണം, ക്ഷമാപണം നടത്തി സന്ദേശം അയക്കണം; എന്റെ കയ്യിൽ ഇതേയുള്ളുവെന്നു യുവതി
Wednesday, April 23, 2025 4:32 PM IST
ചില തൊഴിലിടങ്ങളിലെ നിയന്ത്രണങ്ങളും കാർക്കശ്യവുമൊക്കെ പലപ്പോഴും വാർത്തയാകാറുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ലീവ് ലഭിക്കാതെയും ശന്പളം ലഭിക്കാതെയും മേലധികാരികളുടെ കാർക്കശ്യത്തോടെയുള്ള പെരുമാറ്റവുമൊക്കെ ജോലി സ്ഥലത്തി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട് പലരും ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇതുപോലൊരു കാര്യമാണ് പങ്കുവെയ്ക്കുന്നത്.
ഒരു യുവതിയാണ് ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. യുവതിയുടെ ഒരു ബന്ധുവിന് കാൻസറായിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു സർജറി ഉണ്ടായിരുന്നതിനാൽ യുവതിക്ക് ഒരു ദിവസം ഓഫീസിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ സാധിച്ചില്ല.
ടീം ലീഡറോട് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം ആശുപത്രിയുടെ ചിത്രങ്ങളും ലൊക്കേഷനുമൊക്കെ അയച്ചു നൽകാനാണ് പറഞ്ഞത് എന്നാണ് യുവതി പറയുന്നത്. ടീം ലീഡറുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടുകളും യുവതി പങ്കുവെച്ചിട്ടുണ്ട്. ടീം ലീഡറോട് നേരത്തെ തന്നെ തനിക്ക് എത്താൻ പറ്റില്ലെന്നു പറഞ്ഞിരുന്നു. പക്ഷേ, മാനേജർ ചെല്ലാൻ പറഞ്ഞു എന്നാണ് യുവതി പറയുന്നത്.
അടുത്ത ബന്ധുവിന് കാൻസർ ശസ്ത്രകിയയുണ്ട് എന്ന് പറഞ്ഞപ്പോൾ നിങ്ങളാണോ ഓപറേഷൻ നടത്തുന്നതെന്നാണ് തിരിച്ചു ചോദിച്ചത്. ഇരുപത് തവണയെങ്കിലും ഈ ചോദ്യം അയാൾ ആവർത്തിച്ചിരുന്നു. ഇതിനൊപ്പമാണ് ആശുപത്രിയുടെ ലൊക്കേഷനും അവിടെ നിന്നുള്ള ചിത്രങ്ങളും ആവശ്യപ്പെട്ടത്.
വീട്ടിവീട്ടിലെത്തിയ ശേഷം ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള ഇമെയിൽ അയക്കണമെന്നും അതോടൊപ്പം ആശുപത്രി രേഖകൾ കൂടി വയ്ക്കണമെന്നും അയാൾ ആവശ്യപ്പെട്ടുവെന്നും. പക്ഷേ, താൻ അതൊന്നും ചെയ്തില്ലെന്നും ഒരു രാജിക്കത്ത് അയക്കുകയാണ് ചെയ്തതെന്നും യുവതി പറഞ്ഞു.