ഒരു മാസം മുന്പ് സംസ്കരിച്ചു, ഇപ്പോ ഇതാ വീടിന്റെ മുറ്റത്ത് നിൽക്കുന്നു; അപ്പോ അന്നു മരിച്ചതാര്?
Tuesday, April 22, 2025 12:00 PM IST
ബീഹാറിൽ ഒരു മാസം മുന്പ് ഒരു 17 വയസുകാരന്റെ സംസ്കാരം നടത്തി. പക്ഷേ, അന്നു സംസ്കരിച്ചയാൾ ഇപ്പോൾ തിരിച്ചു വന്നിരിക്കുകയാണ്. അതോടെ ആകെ കൺഫ്യൂഷനായിരിക്കുകയാണ് ഒരു നാടും വീടും. അന്നു മരിച്ചതാര് എന്ന ചോദ്യമാണ് എല്ലാവരെയും കുഴയ്ക്കുന്നത്.
ബീഹാറിലെ ദർഭംഗ ജില്ലയിലാണ് സംഭവം. ഫെബ്രുവരി എട്ടിന് 17 കാരനെ കാണാനില്ലെന്ന് കുടുംബം മാബി പൊലീസിൽ പരാതി നൽകി. അതിനിടയിലാണ് ഫെബ്രുവരി 26 ന്, അല്ലൽപട്ടി പ്രദേശത്ത് റെയിൽവേ ട്രാക്കുകൾക്ക് സമീപം കയ്യും കാലും നഷ്ടപ്പെട്ട് ആളെ തിരിച്ചറിയാൻ പോലും സാധിക്കാത്ത ഒരു മൃതദേഹം കണ്ടെത്തി.
പരിശോധനകൾക്കൊടുവിൽ അത് കാണാതായ പതിനേഴുകാരന്റെ മൃതദേഹമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അങ്ങനെ മൃതദേഹം കുടുംബത്തിന് കൈമാറി. അവർ അത് ദഹിപ്പിക്കുകയും ചെയ്തു. കുടുംബത്തിന് സർക്കാരിൽ നിന്ന് നാല് ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച്ച കാണാതായ കുട്ടി ദർഭംഗ ജില്ല കോടതിയിൽ നേരിട്ട് ഹാജരായി.
താൻ ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ മൂന്നോ നാലോ പേർ തന്റെ അടുത്തേക്കു വന്ന് ഒരു തുണികൊണ്ട് മുഖം അമർത്തി തന്നെ ബോധം കെടുത്തി എന്നും തനിക്ക് പിന്നെ ഒന്നും ഓർമയില്ലെന്നും കുട്ടി കോടതിയിൽ പറഞ്ഞു.
അവിടെ നിന്നും തന്നെ നേപ്പാളിലേക്കാണ് കൊണ്ടു പോയതെന്നും അവിടെ നിന്നും ഒരു വിധത്തിൽ രക്ഷപ്പെട്ട് സഹോദരനോട് തന്നെ ആരോ തട്ടിക്കൊണ്ടു വന്നിരിക്കുകയാണെന്നു വീഡിയോ കോളിലൂടെ വിളിച്ചു പറഞ്ഞു. അങ്ങനെ സഹോദരൻ നേപ്പാളിലെത്തിയാണ് തന്നെ കൂട്ടിക്കൊണ്ടു വന്നതെന്നും അവൻ പറഞ്ഞു.
എന്തായാലും സംഭവം എന്താണെന്നുള്ള ത് കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് പോലീസ്. കുട്ടി പറഞ്ഞ കാര്യങ്ങളും അന്ന് ട്രെയിൻ തട്ടി മരിച്ചത് ആരാണെന്നും കണ്ടുപിടിക്കേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്.