ആ നിശബ്ദവിപ്ലവത്തിനു മാഗ്സസേ തിളക്കം
സെബാസ്റ്റ്യൻ തയ്യൂർ
Saturday, September 6, 2025 10:42 PM IST
സാമൂഹ്യ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്കൊപ്പം നിന്ന സഫീനയുടെയും സംഘടനയുടെയും ആത്മാർഥതയ്ക്കാണ് ഈ വർഷത്തെ റ മോൺ മാഗ്സസേ അവാർഡ്. ഏഷ്യൻ നൊബേൽ എന്ന ഖ്യാതിയുള്ള മാഗ്സസേ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംഘടനയാണ് എജ്യുക്കേറ്റ് ഗേൾസ്...
സുഖകരമായിരുന്നില്ല ആ യാത്ര. പാലിയുടെ ഇടുങ്ങിയ വഴികളിൽ ഇവർ നടന്നതു സമൂഹത്തിന്റെ എതിർപ്പുയർത്തിയ മുള്ളുകൾ ചവിട്ടിയായിരുന്നു. ഇവർ മുട്ടിവിളിച്ചപ്പോൾ വാതിലുകൾ തുറന്നതുമില്ല. സ്കൂളുകളിലേക്കുള്ള വഴിയറിയാത്ത പെൺകുട്ടികൾക്കു വഴികാണിക്കാൻ വന്നവർ തങ്ങളുടെ ജീവിതപാഠങ്ങൾ ചോദ്യംചെയ്യുമെന്നു ഗ്രാമീണർ ഭയന്നു.
പെൺകുട്ടികൾ പഠിക്കാനുള്ളവരല്ല. വീട്ടുജോലിചെയ്യാനും ചെറുപ്പത്തിലേ വിവാഹിതരായി വേഗത്തിൽ അമ്മമാരാകേണ്ടവരാണെന്നുമായിരുന്നു അവർ പഠിച്ചുവച്ച ജീവിതപാഠം. അവർ എന്തിനു പഠിക്കണം എന്നായിരുന്നു ഗ്രാമീണരുടെ ചോദ്യം.
പെൺകുട്ടികളെ പഠിപ്പിക്കാനെത്തിയവരെ ഗ്രാമീണർ പരിഹസിച്ചു, ഒറ്റപ്പെടുത്തി. പക്ഷേ, അവർ പിന്മാറിയില്ല. വീണ്ടും വീണ്ടും പെൺകുട്ടികളുള്ള വാതിലുകളിൽ മുട്ടി. അവർക്കുവേണ്ടി പതുക്കെ ഒരു വാതിൽ തുറന്നു. പിറകേ മറ്റൊരു വാതിൽ.
അതേ., പെൺകുട്ടികൾ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. സ്കൂൾ എന്ന സ്വപ്നത്തിന്റെ ബെല്ലടികേട്ട് അവർ ഉണർന്നു. മിന്നിമിന്നി തെളിഞ്ഞുകത്തുന്ന വിളക്കുപോലെ... ആ വെളിച്ചം പടരുകയായിരുന്നു... ആയിരങ്ങളിലേക്ക്, ലക്ഷങ്ങളിലേക്ക്...
എജ്യുക്കേറ്റ് ഗേൾസ്
കടന്നുപോയ വഴികളെക്കുറിച്ച് മുംബൈ അന്ധേരി വീര ദേശായ് റോഡിലെ ഓഫീസിലിരുന്നു സംസാരിക്കുകയായിരുന്നു സഫീന ഹുസൈൻ. ആശയങ്ങളും ആഗ്രഹങ്ങളും കൂട്ടിച്ചേർത്ത് അവർ രൂപീകരിച്ചത് ഒരു പ്രസ്ഥാനമാണ് -എജ്യുക്കേറ്റ് ഗേൾസ്.
രാജസ്ഥാനിലെ പാലിയിലെപ്പോലെ രാജസ്ഥാനിലെ മറ്റു ഗ്രാമങ്ങളിലും പെൺകുട്ടികൾ സ്വപ്നംകാണാൻ തുടങ്ങിയപ്പോൾ സഫീന തന്റെ പ്രവർത്തനമേഖല മധ്യപ്രദേശിലേക്കും ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും വ്യാപിപ്പിച്ചു.
18 വർഷംകൊണ്ട് ഇരുപതു ലക്ഷം പെൺകുട്ടികളെയാണ് സഫീനയുടെ എജ്യുക്കേറ്റ് ഗേൾസ് സ്കൂളിൽ എത്തിച്ചത്.സാമൂഹ്യ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്കൊപ്പംനിന്ന സഫീനയുടെയും സംഘടനയുടെയും ഈ ആത്മാർഥതയാണ് ഈ വർഷത്തെ റമോൺ മാഗ്സസേ അവാർഡിന് അർഹനാക്കിയത്. ഏഷ്യൻ നൊബേൽ എന്ന ഖ്യാതിയുള്ള മാഗ്സസേ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംഘടനയാണ് എജ്യുക്കേറ്റ് ഗേൾസ്.
അനുഭവം പ്രചോദനം
സ്കൂൾവിട്ടുനിന്ന സ്വന്തം അനുഭവമാണ് സഫീനയെ പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകേണ്ടതിനെക്കുറിച്ച് ചിന്തിപ്പിച്ചത്. ഡൽഹിയിൽ താമസക്കാരിയായിരുന്ന സഫീനയ്ക്കു പന്ത്രണ്ടാം ക്ലാസിനുശേഷം പഠനം തുടരാനായില്ല.
പക്ഷേ അമ്മായിയുടെ നിർബന്ധപ്രകാരം സഫീനയെ പിതാവ് ലണ്ടനിലേക്കയച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ബിരുദം നേടിയ സഫീന ആരോഗ്യ വിദ്യാഭ്യാസ സന്നദ്ധസംഘടനയുടെ ഭാഗമായി ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും പ്രവർത്തിച്ചു. 2005ൽ ഡൽഹിയിൽ തിരിച്ചെത്തിയ സഫീന കുടുംബത്തോടൊപ്പം മുംബൈയിലേക്കു താമസംമാറ്റുകയായിരുന്നു.
""പെൺകുട്ടികളെ പഠിപ്പിക്കൂ, കുടുംബത്തെ പഠിപ്പിക്കൂ'' എന്ന മുദ്രാവാക്യവുമായി 2007ലാണ് സഫീന ഹുസൈൻ എജ്യുക്കേറ്റ് ഗേൾസ് അന്ധേരിയിൽ ആരംഭിച്ചത്.
കപിൽ സിബൽ വഴി പാലിയിലേക്ക്
സർക്കാരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുക എന്ന ആശയം കത്തിജ്വലിച്ചപ്പോൾ അന്നത്തെ മാനവവിഭവശേഷി മന്ത്രി കപിൽ സിബലിനെ സഫീന കണ്ടു. പെൺകുട്ടികളുടെ സ്കൂൾവിദ്യാഭ്യാസം മുടങ്ങുന്ന പത്തു ജില്ലകളുടെ പേരാണ് കപിൽ സിബൽ സഫീനയ്ക്കു നൽകിയത്. അതിൽ ഉൾപ്പെട്ട രാജസ്ഥാനിലെ പാലിയിലേക്കായി പിന്നെ യാത്ര.
പെൺകുട്ടികൾ എന്തിനു പഠിക്കണം എന്നു ചിന്തിച്ചിരുന്ന ഒരു സമൂഹത്തെ സഫീന പതുക്കെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. പെൺകുട്ടികളെ വീണ്ടും സ്കൂളിൽ എത്തിക്കുക എന്ന ദൗത്യത്തിൽ അതാതു പ്രദേശങ്ങളിലെ യുവാക്കളെയും യുവതികളെയും ഉൾപ്പെടുത്തി "ടീം ബാലിക' ഗ്രൂപ്പ് രൂപീകരിച്ചു.
അവരായി പിന്നെ പ്രവർത്തനത്തിന്റെ നെടുംതൂൺ. പുറമേനിന്നുള്ളവർക്കു ഗ്രാമീണരെ കാര്യമായി സ്വാധീനിക്കാൻ കഴിയില്ല എന്ന തിരിച്ചറിവിലാണ് ഗ്രാമങ്ങളിൽനിന്നുള്ളവരെ ഉൾപ്പെടുത്തി "ടീം ബാലിക' രൂപീകരിച്ചതെന്നു സഫീന ഹുസൈൻ പറഞ്ഞു.
വിശ്വാസം നേടി, വിജയം
ഗ്രാമവാസികൾ അവരെ വിശ്വസിച്ചു... സ്കൂളുകളിൽ പെൺകുട്ടികളുടെ ഹാജർനിലവാരം ഉയർന്നു. ഗ്രാമീണ പെൺകുട്ടികളെ വിദ്യാഭ്യാസത്തിലേക്കു നയിക്കുന്ന നിശബ്ദവിപ്ലവത്തിന് അവിടെ തുടക്കമാകുകയായിരുന്നു.
എന്തിന് ഇവരെ പഠിപ്പിക്കുന്നു എന്ന ആക്ഷേപങ്ങൾക്കു സ്നേഹം നിറഞ്ഞ മറുപടി. ""പെൺകുട്ടി പഠിച്ചാൽ നല്ല അമ്മമാരുണ്ടാകും... നല്ല കുട്ടികളുണ്ടാകും... പെൺകുട്ടികൾ വിവാഹത്തിനുശേഷം ജോലിചെയ്യും... ആരോഗ്യമുള്ള കുടുംബമുണ്ടാകും... വീടിന്റെ സാമ്പത്തികനില ഉയരും...മക്കൾക്കു നല്ല വിദ്യാഭ്യാസം കൊടുക്കാം.''ഗ്രാമീണർ അവർക്കു ചെവികൊടുത്തു.
ഇന്നു നാലു സംസ്ഥാനങ്ങളിലെ 30,000 ഗ്രാമങ്ങളിൽ എജ്യുക്കേറ്റ് ഗേൾസ് പ്രവർത്തകർ പെൺകുട്ടികളെ സ്കൂളിൽ എത്തിച്ചു. 55,000 സേവനപ്രവർത്തകരാണ് എജ്യുക്കേറ്റ് ഗേൾസിനൊപ്പം ഇന്നുള്ളത്.
ത്യാഗനിർഭരം ജീവിതം
നിലവിലുള്ള സാമൂഹ്യ ആചാരങ്ങൾ മാറ്റിയെടുക്കാൻ ഏറെ ത്യാഗങ്ങൾ അനുഭവിക്കേണ്ടിവന്നു എജ്യുക്കേറ്റ് ഗേൾസിന്. പക്ഷേ, അവർ തളർന്നില്ല. പിന്മാറിയില്ല. സഹായിക്കാൻ ഒരുപാടുപേർ കൂടെക്കൂടി. സ്കൂൾവിദ്യാഭ്യാസം ഒഴിവാക്കിയ കുട്ടികളുടെ കണക്കെടുത്തു. വീടുകളിൽ കയറി ബോധവത്കരണം. ഗ്രാമവാസികളോടു സംസാരിക്കാൻ "ടീം ബാലിക' അംഗങ്ങൾ. രക്ഷാകർത്താക്കളുമായുള്ള സംഭാഷണങ്ങൾ. സ്കൂൾ അധികൃതരുമായുള്ള ഏകോപനം, കുട്ടികളെ ചേർക്കൽ. അങ്ങനെ ആ പ്രക്രിയകൾ ഇടവിടാതെ തുടർന്നു.
പെൺകുട്ടികളെ സ്കൂളിൽ എത്തിക്കാനുള്ള തങ്ങളുടെ സേവനപ്രവർത്തനത്തിനു "വിദ്യ' എന്ന പേരു നൽകി എജ്യുക്കേറ്റ് ഗേൾസ് ആളുകളെ ആകർഷിച്ചു. പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളെയും സ്കൂളിൽ എത്തിച്ചു. സ്കൂളിൽ എത്തുന്ന വിദ്യാർഥികളുടെ വീട്ടുകാർക്കു സർക്കാർ പണംനൽകി; പഠനോപകരണങ്ങളും. പാലിയിൽ അഞ്ചുവർഷംകൊണ്ട് അന്പതു പെൺകുട്ടികളെയാണ് സ്കൂളിൽ എത്തിച്ചത്.
"അറിവിന്റ നിറകുടം'
"ടീം ബാലിക'മാർക്ക് പരിശീലനം നൽകാൻ ജ്ഞാൻ കാ പിതാര (ജികെപി) എന്ന പേരിൽ പരിശീലനം തുടങ്ങി. "അറിവിന്റ നിറകുടം' എന്നർഥം. സാമൂഹ്യസാഹചര്യം മനസിലാക്കി പെൺകുട്ടികളെ അവർ വിദ്യാഭ്യാസത്തിന്റെ, സ്വന്തം ആരോഗ്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയായിരുന്നു.
സ്കൂളുകളിൽ "അറിവിന്റെ നിറകുടം' അംഗങ്ങൾ ക്ലാസ് നടത്തി പെൺകുട്ടികളെ പഠിപ്പിച്ചു. പഠനത്തിൽ, പരീക്ഷയ്ക്കു തയാറെടുക്കുന്നതിൽ സഹായിച്ചു.
വീണ്ടും പഠനവിഷയത്തിൽ വെല്ലുവിളികളുണ്ടായി. മിക്ക ഇടങ്ങളിലും ഹൈസ്കൂൾ ഇല്ല എന്ന പ്രശ്നം. അതുകൊണ്ട് ഏഴാംക്ലാസിനുശേഷം പെൺകുട്ടികളെ സ്കൂളിൽ അയയ്ക്കാൻ വീട്ടുകാർ മടിച്ചു. പ്രായപൂർത്തിയായ പെൺകുട്ടികളെ ഒറ്റയ്ക്ക് അയയ്ക്കാനുള്ള ഭയം. വീട്ടിൽ സഹായജോലികൾ ചെയ്യാൻ അവരുണ്ടാകണം എന്ന ചിന്ത... 13നും 21നും ഇടയിൽ വീണ്ടും പെൺകുട്ടികൾ വിദ്യാഭ്യാസം നേടാനാകാതെ പോയി.
ഓപ്പൺ സ്കൂൾ പരിഹാരം
15 വയസായ പെൺകുട്ടികൾക്കുവേണ്ടി ഓപ്പൺ സ്കൂൾ ആരംഭിച്ചാണ് പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയത്. എൻഐഒഎസിന്റെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ) സഹായംതേടി. ആ പ്രായത്തിലെ മുതിർന്ന കുട്ടികളെ പഠനത്തിൽ സഹായിക്കാൻ "പ്രേരക്'മാരെ നിശ്ചയിച്ചു. ആ പഠനരീതിക്ക് "പ്രഗതി' എന്നു പേരിട്ടു.
24,000 ടീം ബാലിക അംഗങ്ങളാണ് വിദ്യ, പ്രഗതി പദ്ധതികളിലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നത്. എജ്യുക്കേറ്റ് ഗേൾസിന്റെ മുംബൈ ഓഫിസിൽ 70 പ്രവർത്തകരുണ്ട്. അവർക്കാണ് പ്രവർത്തനങ്ങളുടെ നിയന്ത്രണം. പ്രഗതി വഴി 31,500 പേർ വിദ്യാഭ്യാസം തുടർന്നു.
പഠിച്ചവൾ, മിടുക്കികൾ
പരമ്പരാഗത ചിന്താഗതിയിൽനിന്നു മാറിനടക്കാൻ എജ്യുക്കേറ്റ് ഗേൾസ് പെൺകുട്ടികൾക്കു പിന്തുണ നൽകി. ലിംഗതുല്യത പുതിയ വാക്കായിരുന്നു അവർക്ക്. പഠിച്ചവർ ഗ്രാമത്തിൽ അധ്യാപകരായി, നഴ്സായി... പെൺകുട്ടികളുടെ വിവാഹപ്രായം ഉയർന്നു. പ്രസവങ്ങൾ ആരോഗ്യകരമായി...
വിദ്യാഭ്യാസ അവകാശനിയമം തങ്ങളുടെ ശ്രമങ്ങൾക്കു കരുത്തുപകർന്നു എന്നു സഫീന പറഞ്ഞു. "പെൺകുട്ടിയെ പഠിപ്പിക്കൂ, സംരക്ഷിക്കൂ' എന്ന മുദ്രാവാക്യം ഗ്രാമവാസികളെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിൽ സഹായകമായി.
പെൺകുട്ടികൾക്കു പ്രതീക്ഷ കൊടുക്കുകമാത്രമല്ല, ആൺകുട്ടികളെക്കാൾ കൂടുതൽ വിദ്യാഭ്യാസം നേടുന്നവരായിമാറി പെൺകുട്ടികൾ ഇന്നു രാജസ്ഥാനിൽ.
മാഗ്സസേ കരയിച്ചു
അവാർഡുകളും അംഗീകാരങ്ങളും പുതുമയല്ല ഈ സംഘടനയ്ക്ക്. പക്ഷേ, മാഗ്സസേ അവാർഡ് വന്നപ്പോൾ അറിയാതെ കരഞ്ഞുപോയി സഫീന. സഫീനയ്ക്കു കൂട്ടായി വിദ്യാഭ്യാസപ്രവർത്തനത്തിൽ മലയാളികളുമുണ്ട്. മുംബൈ അന്ധേരിയിലെ ഓഫീസിൽ. സിഇഒ ആയി ജോലിചെയ്യുന്ന ഗായത്രി നായർ, മീഡിയ വിഭാഗത്തിൽ ബിനിഷും അബ്ജിയും.
ലക്ഷ്യം ഉറപ്പുനൽകിയാണ് എജ്യുക്കേറ്റ് ഗേൾസ് സംഭാവന നേടുന്നത്. ഗ്രാമത്തിലെ പെൺകുട്ടികൾക്ക് അഞ്ചുവർഷംകൊണ്ട് സ്കൂൾവിദ്യാഭ്യാസം നൽകുക എന്ന ആശയത്തിനു വൻസംഭാവനയാണ് ലഭിച്ചത്. ലക്ഷ്യത്തിൽ വൻവിജയമാണ് എജ്യുക്കേറ്റ് ഗേൾസ് നേടിയതും. വിദ്യാഭ്യാസപ്രവർത്തനത്തിൽ ഇങ്ങനെ ഉറപ്പു പാലിച്ചു സംഭാവന നേടുന്ന സംഘടന എന്ന പേരും എജ്യുക്കേറ്റ് ഗേൾസിനു സ്വന്തം.
അതിനിടയിൽ ഫിലിപ്പീൻസ് രാഷ്ട്രനേതാവിന്റെ പേരിലുള്ള, ഏഷ്യൻ നൊബേൽ എന്നു വിളിപ്പേരുള്ള പുരസ്കാരം തേടിയെത്തിയതു സഫീനയ്ക്കും കൂട്ടുകാർക്കും നൽകുന്ന ആവേശം ചെറുതല്ല. പ്രശംസാപത്രവും റമോൺ മാഗ്സസേയുടെ ചിത്രം പതിച്ച ശില്പവും തുകയും അടങ്ങുന്നതാണ് അവാർഡ്. മനിലയിൽ നവംബർ ഏഴിനു നടക്കുന്ന ചടങ്ങിൽ സഫീന ഹുസൈനും കൂട്ടുകാരും അഭിമാനപുരസരം ആ അവാർഡ് ഏറ്റുവാങ്ങും.