ഇതാ ഒരു അസാധാരണ ഗായകൻ
ഹരിപ്രസാദ്
Saturday, August 2, 2025 9:32 PM IST
നാളെ കിഷോർ കുമാറിന്റെ ജന്മവാർഷികദിനമാണ്. ഓഗസ്റ്റ് നാല്.., 96 വർഷങ്ങൾ...! ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ മധ്യപ്രദേശിലെ ഖാണ്ഡ്വയിൽ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ ഓൾ ഇന്ത്യ കിഷോർ കുമാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽനിന്നുള്ള രാജു കാജേ എന്ന ഗായകന്റെ സംഗീതപരിപാടി അരങ്ങേറും. ആ ഗായകനെ ആദരിക്കും. എന്താണ് അദ്ദേഹത്തിന്റെ അസാധാരണത്വം?... രാജു കാജേ ഹാർമണിയോടു മനസുതുറക്കുന്നു...
അമിതാഭ് ബച്ചൻ അടക്കമുള്ള നായകന്മാർ സ്ക്രീനിൽ ചുണ്ടനക്കുകയാണെന്നും കിഷോർ കുമാർ, മുഹമ്മദ് റഫി തുടങ്ങിയ പേരുകാരായ ഗായകരാണ് ശരിക്കും പാടുന്നതെന്നും വളരെ വൈകിമാത്രം മനസിലാക്കിയ രാജു എന്നൊരു ബാലനുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ പർഭനിയിൽ അവന്റെ വീട്ടിൽ അന്നു റേഡിയോപോലും ഇല്ല.
എവിടെനിന്നെങ്കിലും പാട്ടുകേട്ടാൽ അതിന്റെ ഈണവും വരികളും മനസിലുറപ്പിക്കും. രണ്ടാമതൊരിക്കൽ ആ പാട്ട് എപ്പോൾ കേൾക്കാമെന്നുപോലും അറിയില്ല. എങ്കിലും കിഷോർ കുമാറിന്റെ പാട്ടുകൾ അവന് ജീവനായി. ഒരിടത്തുംപോയി പാട്ടുപഠിക്കാതെ സ്കൂളിലും നാട്ടിലെ ചെറിയ പരിപാടികളിലും രാജു കാജേ പാടിത്തുടങ്ങി.
മുംബൈയിലേക്കുള്ള ദൂരം
രാജുവിന്റെ പിതാവ് ചെറുപ്പത്തിൽ മരിച്ചു. അമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. കോളജ് കാലത്തും പാട്ട് ഒരു ഹോബി മാത്രമായി തുടർന്നു. പഠനത്തോടൊപ്പം രാത്രികളിൽ ഒരു ചെക്പോസ്റ്റിൽ ജോലിക്കുപോയി. നീ കിഷോർദായെപ്പോലെ പാടുന്നുവെന്ന കൂട്ടുകാരുടെ വാക്കു നൽകിയ ആത്മവിശ്വാസം മാത്രം കൂട്ട്.
അങ്ങനെയിരിക്കെയാണ് റിയാലിറ്റി ഷോകളായ മേരി ആവാസ് സുനോ, അന്താക്ഷരി, സരിഗമ തുടങ്ങിയവ ആരംഭിക്കുന്നത്. ഓഡിഷനുവേണ്ടി മുംബൈയിലേക്കു പോകുകയെന്നത് വിദേശത്തേക്കു പോകുന്നതുപോലെ ശ്രമകരമാണ്. യാത്രാസൗകര്യം കുറവ്, കൈയിൽ പണവുമില്ല. വീട്ടിൽ അമ്മയും സഹോദരിയും തനിച്ചും. ഒടുവിൽ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അമ്മ പോകാൻ സമ്മതിച്ചു.
മുംബൈയിൽ ഏറ്റവും ചെലവുകുറഞ്ഞ ഒരിടത്തു മുറിയെടുത്തു. മൂന്നു റിയാലിറ്റി ഷോകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അന്താക്ഷരിയുടെ ഫൈനൽ റൗണ്ടിൽ ഫസ്റ്റ് റണ്ണർ-അപ് ആയി. നിയമപ്രകാരം ഒരു ഷോയിൽക്കൂടി മാത്രമേ പങ്കെടുക്കാൻ അന്ന് അനുവാദമുള്ളൂ. കൂടുതൽ പേർ കാണുന്നത് ദൂരദർശൻ ആയതിനാൽ മേരി ആവാസ് സുനോയിൽ പങ്കെടുക്കാൻ തീരുമാനിച്ചു.
അന്ന് തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് ഒരു സ്പെഷൽ ഓഡിഷൻ നടത്തി ലൈവ് പ്രോഗ്രാമുകൾക്കുവേണ്ടി ബാക്ക്അപ് ഗായകരുടെ സംഘമുണ്ടാക്കിയിരുന്നു. അതിലും രാജു ഇടംനേടി. ഒരുവർഷത്തെ കരാറും ഒപ്പിട്ടു. ഈ സന്തോഷം വീട്ടിലറിയിക്കാൻ വിളിച്ചപ്പോഴാണ് അമ്മയ്ക്കു സുഖമില്ലെന്ന് സഹോദരി അറിയിക്കുന്നത്. അന്നു രാത്രിതന്നെ പർഭനിയിലേക്കു ട്രെയിൻ കയറി.
കോവിഡിന്റെ വരവ്
1996 മുതൽ 2020 വരെയുള്ള കാലം വല്ലപ്പോഴും മാത്രം പാട്ടുപാടുന്ന ഒരാളായി താൻ മാറിയെന്ന് രാജു പറയുന്നു. റവന്യൂ വകുപ്പിൽ തലത്തി (അക്കൗണ്ടന്റ്) ആയി 96ൽ ജോലിക്കു കയറിയിരുന്നു.
കോവിഡ് നാടുകീഴടക്കിയതോടെ ലോകം വീട്ടിനകത്തേക്കു ചുരുങ്ങി. എത്രനേരം ടിവിയും മൊബൈലും നോക്കും. എങ്ങും സങ്കടപ്പെടുത്തുന്ന വാർത്തകൾ. അങ്ങനെയൊരുദിവസം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനൊപ്പം പാട്ടുപാടാവുന്ന സ്റ്റാർമേക്കർ എന്ന ആപ്പ് കണ്ണിൽപ്പെട്ടു. 22 വർഷത്തിനുശേഷം, പഴയ പാഷൻ വീണ്ടും വന്നു. ശബ്ദത്തിനും ശ്രുതിക്കും കുഴപ്പമൊന്നും വന്നിട്ടില്ല.
പക്ഷേ ഒരു പാട്ട് മുഴുവനായി ആലപിക്കാൻ കഴിയുമായിരുന്നില്ല. എങ്കിലും ആപ്പിൽ പാട്ടു പാടി റെക്കോർഡ് ചെയ്തുതുടങ്ങി. വീണ്ടും കേട്ട്, ഒറിജിനലുമായി താരതമ്യപ്പെടുത്തി, ഉച്ചാരണത്തിലെയും ഭാവത്തിലെയും കുറവുകൾ കണ്ടെത്തി പരിഹരിച്ച് ആത്മവിശ്വാസം വീണ്ടെടുത്തു.
കഹാ തക് യേ മൻ കോ അന്ധേരേ ചലേംഗേ എന്ന കിഷോർകുമാർഗാനം പാടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് പരക്കേ സ്വീകരിക്കപ്പെട്ടു. പ്രതീക്ഷയുടെ സന്ദേശമുള്ളതാണ് ആ പാട്ട്. പകർച്ചവ്യാധിപ്പേടിയിൽ കഴിഞ്ഞിരുന്ന ജനത്തിന് അതൊരു ആശ്വാസവുമായിരുന്നു. ഇതുപോലെ ഇനിയും പാട്ടുകൾ പാടി പോസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി കമന്റുകൾ രാജുവിനെത്തേടിയെത്തി. അവിടെ ഒരു യാത്ര തുടങ്ങുകയായിരുന്നു.
ഇന്ന് രാജുവിന് ദശലക്ഷക്കണക്കിനു ശ്രോതാക്കളുണ്ട് സോഷ്യൽ മീഡിയയിൽ. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ലൈവ് പ്രോഗ്രാമുകൾ നടത്തി. പരിപാടികളുടെ എണ്ണം നൂറു കടന്നു. ഫേസ്ബുക്ക് ലൈവുകൾക്ക് ലക്ഷക്കണക്കിനാണ് കാഴ്ചക്കാർ.
ശബ്ദം, ഭാവം- കിഷോറിനൊപ്പം
കണ്ണടച്ചിരുന്നു കേട്ടാൽ ഒറിജിനൽ കിഷോർ കുമാർ. അതാണ് രാജു കാജേയുടെ ആലാപനം. ശബ്ദം, ഭാവം, കിഷോർ കുമാർ അനന്യമായ പ്രയോഗങ്ങളിലൂടെ പാട്ടിനു കൊടുക്കുന്ന സവിശേഷ തലം... എല്ലാം കൃത്യം. ഏറ്റവും ശ്രദ്ധയോടെ കേൾക്കുന്നവർക്കു മാത്രം തിരിച്ചറിയാവുന്ന അതിസൂക്ഷ്മമായ വ്യത്യാസം മാത്രമാണ് ആലാപനത്തിലുള്ളത്.
കിഷോർ കുമാറിൽനിന്ന് പ്രചോദിതരായി പാടുന്ന ഗായകരിലൊന്നുമില്ലാത്ത എന്തോ ഒന്ന് രാജുവിലുണ്ട്. കേട്ടറിയേണ്ട ഒന്ന്. കേൾവിക്കാരെല്ലാം അഭിനന്ദനങ്ങൾകൊണ്ടു മൂടുന്പോഴും രാജു പറയും- കിഷോർദായ്ക്കു തുല്യം അദ്ദേഹം മാത്രം... ഞാൻ വെറുമൊരു സാധാരണ ഗായകൻ...പർഭനിയിൽനിന്നു രാജു കാജേ ഹാർമണിയോടു സംസാരിച്ചു:
കുമാർ സാനു, അഭിജിത്, ബാബുൾ സുപ്രിയോ, സുദേഷ് ഭോസ്ലേ, കിഷോർ കുമാറിന്റെ മകൻ അമിത് കുമാർ- ഇവരിൽ ആരു കിഷോർ കുമാറിന്റെ പാട്ടുകൾ പാടുന്നതാണ് താങ്കൾക്ക് കൂടുതൽ ഇഷ്ടം? ഇവരെല്ലാം മികച്ച ഗായകരാണ്. എനിക്ക് കൂടുതലിഷ്ടം അമിത് കുമാറിനെയാണ്. മികച്ച ഗായകനായ അഭിജിത് സ്വന്തം ശൈലിയിലും ശബ്ദത്തിലുമാണ് പാടുന്നത്. കുമാർ സാനുവും കിഷോർദായുടെ ശബ്ദത്തിന് വളരെയടുത്താണ്.
സുദേഷ് ഭോസ്ലേ, ബാബുൾ സുപ്രിയോ എന്നിവർക്കൊപ്പം സ്റ്റേജിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. അമിത്ജി മേരാ ജീവൻ കോറാ കാഗസ് എന്ന പാട്ട് ഫേസ്ബുക്കിൽ കേട്ട് നല്ല അഭിപ്രായം പറഞ്ഞതായി അദ്ദേഹത്തിന്റെ കുടുംബാംഗം സന്ദേശം അയച്ചിരുന്നു. എല്ലാം സരസ്വതീ ദേവിയുടെയും കിഷോർദായുടെയും അനുഗ്രഹം.
മലയാളം പാട്ടുകൾ കേൾക്കാറുണ്ടോ? യേശുദാസിന്റെ പാട്ടുകൾ അറിയാമോ?
മഹാഗായകൻ യേശുദാസ്ജിയെ ആർക്കാണ് അറിയാത്തത്!. രാജ്യം മുഴുവൻ ആദരിക്കുന്ന സംഗീതജ്ഞനല്ലേ അദ്ദേഹം! ഞാൻ അദ്ദേഹത്തിന്റെ ഹിന്ദി പാട്ടുകൾ പ്രാക്ടീസ് സമയത്ത് പാടിപ്പഠിക്കാറുണ്ട്. ഹിന്ദിയിൽ അദ്ദേഹം അതിമനോഹരമായ പാട്ടുകളാണ് നൽകിയിട്ടുള്ളത്. (മധുബൻ ഖുഷ്ബൂ ദേതാ ഹേ എന്ന യേശുദാസിന്റെ സുന്ദരഗാനം ഫോണിലൂടെ പാടിക്കേൾപ്പിക്കുന്നു).കേരളത്തിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ ആഗ്രഹമുണ്ടോ?
തീർച്ചയായും ഉണ്ട്. മലയാളികൾക്ക് ഹിന്ദി ഗാനങ്ങളോട്, പ്രത്യേകിച്ച് കിഷോർ കുമാറിന്റെ പാട്ടുകളോടുള്ള ഇഷ്ടം കേട്ടറിഞ്ഞിട്ടുണ്ട്. ഞാൻ ഇതുവരെ പഠിച്ചതെല്ലാം അവിടെയുള്ളവർക്കുവേണ്ടി പാടാൻ ആഗ്രഹിക്കുന്നു. അങ്ങനെയൊരു അവസരംകിട്ടിയാൽ അതെനിക്കു വലിയ ബഹുമതിയായിരിക്കും.
കുടുംബം?
ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാര്യ അധ്യാപികയാണ്. മകൻ ബിരുദം പൂർത്തിയാക്കി. പുനെയിൽ നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുന്നു. മകൾ ഗായികയും നർത്തകിയുമാണ്. ശാസ്ത്രീയ സംഗീതം പഠിക്കുന്നുമുണ്ട്.നാളെ ഖാണ്ഡ്വയിൽ 55കാരനായ രാജു കാജേ പാടുന്പോൾ കിഷോർ കുമാർ ആരാധകരിൽ ഓർമകളുടെ വേലിയേറ്റം ഉറപ്പ്!