കുറേ വർഷം മുന്പ് അമേരിക്കയിലെ ഒരു റേഡിയോ സ്റ്റേഷൻ ഒരു മത്സരം നടത്തി. ആ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നവരുടെ എണ്ണം കൂട്ടുകയായിരുന്നു അവരുടെ ലക്ഷ്യം. ആ റേഡിയോ സ്റ്റേഷനിലെ ഡിസ്ക് ജോക്കികൾ ഇടയ്ക്കിടയ്ക്കു ശ്രോതാക്കളെ ഇപ്രകാരം അനുസ്മരിപ്പിച്ചുകൊണ്ടിരുന്നു: "ഞങ്ങളുടെ റേഡിയോ ശ്രവിച്ചുകൊണ്ട് നിങ്ങൾ ഉണരുക. ഉണർന്ന ശേഷം ആദ്യം പറഞ്ഞ വാക്കുകൾ എന്താണെന്നു ഞങ്ങളെ വിളിച്ചുപറയുക. നിങ്ങളാണ് ഞങ്ങളെ വിളിക്കുന്ന മൂന്നാമത്തെ വ്യക്തിയെങ്കിൽ നൂറു ഡോളറുകൾ സമ്മാനം ലഭിക്കും.'
ഈ മത്സരം അതിവേഗം ജനശ്രദ്ധ ആകർഷിച്ചു. ഒന്നാം ദിവസം സമ്മാനത്തിന് അർഹനായ വ്യക്തിയോട് ഡിസ്ക് ജോക്കി ചോദിച്ചു :"നിങ്ങൾ ഉണർന്ന ശേഷം ആദ്യം പറഞ്ഞ വാക്കുകൾ എന്താണ്?' ഉടനെ അയാൾ പറഞ്ഞു :"ഓ, ഞാൻ ഇന്നു ജോലിക്കു പോകാൻ വൈകും!' അടുത്ത ദിവസം മൂന്നാമനായി വിളിച്ച വ്യക്തിയോട് താൻ ആദ്യം പറഞ്ഞത് എന്താണെന്നു ജോക്കി ചോദിച്ചപ്പോൾ അയാൾ പറഞ്ഞു:"" ഇസ്രയേലേ കേൾക്കുക, നമ്മുടെ ദൈവമായ കർത്താവ് ഒരേ കർത്താവാണ്, നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും പൂർണാത്മാവോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കണം'(നിയമാവർത്തനം 6:4).
ഭക്തനായ ഏതു യഹൂദനും രാവിലെ ഉറക്കമുണർന്നാൽ ചൊല്ലുന്ന പ്രാർഥനയുടെ ആദ്യ ഭാഗമാണിത്. ഈ പ്രാർഥന കേട്ടപ്പോൾ അല്പനിമിഷത്തേക്കു ഡിസ്ക് ജോക്കി മൗനം പാലിച്ചു. എന്നിട്ട്, അയാൾ പറഞ്ഞു:"ക്ഷമിക്കണം, ഇതു തെറ്റായ നന്പർ ആണ്.' റേഡിയോയിൽനിന്നു പിന്നീട് കേട്ടത് ഒരു പരസ്യത്തെക്കുറിച്ചുള്ള വാർത്തയായിരുന്നു.
ദൈവവിശ്വാസമില്ലാതിരുന്ന ആൾ ആയിരുന്നിരിക്കണം ആ റേഡിയോ അനൗൺസർ. അല്ലെങ്കിൽ, ദൈവത്തെക്കുറിച്ചു പരാമാർശിക്കാൻ വിമുഖനായിരുന്നിരിക്കണം. തന്മൂലമായിരിക്കണം, അന്നു മൂന്നാമതു വിളിച്ച ആളെ അംഗീകരിക്കാൻ കഴിയാതെ അയാൾ ഒഴിഞ്ഞുമാറിയത്. അത് എന്തുമാകട്ടെ മൂന്നാമത് വിളിച്ച ആൾ പറഞ്ഞതിനെക്കുറിച്ച് നമുക്കു ചിന്തിക്കാം.
നാം ഉറക്കമുണരുന്പോൾ നാം ആദ്യം പറയുന്ന വാക്കുകൾ എന്താണ്? അല്ലെങ്കിൽ എന്താണ് നമ്മുടെ ചിന്തയിലേക്ക് കടന്നുവരുന്നത്? നമ്മുടെ ആദ്യ ചിന്തയിലും വാക്കുകളിലും ദൈവത്തിനാണോ സ്ഥാനം. യഹൂദനായ ആ മനുഷ്യൻ ദൈവത്തെ അനുസ്മരിച്ചുകൊണ്ടാണ് ഉണർന്നത്. തന്മൂലമാണ്, ആ പ്രാർഥന ആദ്യം അയാളുടെ നാവിൻതുന്പിൽ വന്നത്.
തുടക്കം പ്രധാനം
പ്രാർഥനയോടെ നമ്മുടെ ദിവസവും ആരംഭിക്കുക എന്നതു ഒരു നിസാര കാര്യമല്ല. പുതിയൊരു ദിവസം നൽകി അനുഗ്രഹിക്കുന്ന ദൈവത്തെ സ്തുതിക്കേണ്ടേ? നന്ദി പറയേണ്ടേ? ശരിയായി വഴി നടത്താനുള്ള ദൈവാനുഗ്രഹം യാചിക്കേണ്ടേ? ദൈവത്തെ ഓർമിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടുമാണ് ദിവസം ആരംഭിക്കുന്നതെങ്കിൽ അവിടത്തെ പരിപാലനയിൽ നയിക്കപ്പെടുമെന്ന് തീർച്ച.
ദൈവവചനം പറയുന്നു :"കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അവിടത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടത്തെ വിശ്വസ്തത ഉന്നതമാണ് (വിലാപങ്ങൾ 3:22-23). ഓരോ പ്രഭാതത്തിലും അവിടത്തെ സ്നേഹം പുതിയതാണെങ്കിൽ ആ സ്നേഹം ഹൃദയം തുറന്നു നാം സ്വീകരിക്കേണ്ടതല്ലേ? ഒരിക്കലും അവസാനിക്കാത്ത അവിടത്ത കാരുണ്യത്തിനു നന്ദി പറയേണ്ടതല്ലേ?
ഉറക്കുമുണർന്ന് പ്രാർഥിക്കുന്പോൾ ഇതാണ് ചെയ്യേണ്ടത്. അവിടത്തെ പുതിയ സ്നേഹം സ്വീകരിക്കാനായി നമ്മുടെ ഹൃദയം തുറക്കുന്നു. അവിടത്തെ കാരുണ്യത്തിന് അർഹരാകാൻ നാം നമ്മെ ഒരുക്കുന്നു. അതുവഴി നമ്മുടെ വിശ്വാസം വർധിക്കും. നാം അതിവേഗം നന്ദിയുള്ളവരാകും. ദൈവത്തിലാശ്രയിച്ചുകൊണ്ട് പുതിയ ദിവസം തുടങ്ങാൻ സജ്ജരാക്കപ്പെടും. അതോടൊപ്പം, അന്നത്തെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ദൈവത്തിനു പ്രീതികരമായ രീതിയിൽ ആയിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും.
പ്രഭാതത്തിൽ ശരീരത്തെ ഭംഗിയായ വസ്ത്രം ധരിച്ച് അലങ്കരിക്കുന്നതുപോലെ ആത്മാവിനെ ഭക്തിസാന്ദ്രമായ പ്രാർഥനകൊണ്ട് നാം പൊതിയണം. സങ്കീർത്തകനായ ദാവീദിന് ഇതേക്കുറിച്ച് നല്ല അവബോധമുണ്ടായിരുന്നു. തന്മൂലമാണ്, പരിശുദ്ധാത്മാവിനാൽ നിവേശിതനായി അദ്ദേഹം എഴുതിയത്: "പ്രഭാതത്തിൽ അങ്ങയുടെ കാരുണയെയും രാത്രിയിൽ അങ്ങയുടെ വിശ്വസ്തതയെയും ഉദ്ഘാഷിക്കുന്നത് എത്ര ഉചിതം!'(സങ്കീ 92:3).
നന്മ ചെയ്യാൻ
മനുഷ്യനായി അവതരിച്ച ദൈവപുത്രനായ ഈശോ ചെയ്തതും ഇതുതന്നെയാണ്. സുവിശേഷങ്ങളിൽ വായിക്കുന്നതുപോലെ, എല്ലാ ദിവസവും അതിരാവിലെ ഉണർന്ന് അവിടന്ന് ഏറെ സമയം പ്രാർഥനയിൽ ചെലവഴിച്ചിരുന്നു. രാവിലെ മാത്രമല്ല പകൽ സമയവും സന്ധ്യാസമയത്തും രാത്രിയിലും പ്രാർഥിക്കാൻ അവിടന്ന് സമയം കണ്ടെത്തിയിരുന്നു.
രാവിലെ ഉണരുന്പോൾ, ദൈവത്തെ ആത്മാർഥമായി സ്തുതിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും പ്രാർഥിക്കുവാൻ സാധിച്ചാൽ ദിവസം മുഴുവനും ആ ചൈതന്യത്തിൽ മുന്നോട്ടുപോകാൻ നാം പ്രാപ്തരാകും. അപ്പോൾ ഈശോ പഠിപ്പിച്ചതുപോലെ ഇടവിടാതെ പ്രാർഥിക്കാൻ നാം ശ്രദ്ധിക്കുകയും ചെയ്യും (ലൂക്കാ 18:11).
വിശുദ്ധ ജോൺ വിയാനി ഇപ്രകാരം എഴുതി: "നിങ്ങൾ ഉറക്കമുണരുന്പോൾ നിങ്ങളുടെ ആത്മാവ് ദൈവത്തിലേക്ക് ഉയരട്ടെ -പുതിയൊരു ദിവസം നൽകി അനുഗ്രഹിച്ചതിനു നന്ദി പറഞ്ഞുകൊണ്ട്.' ഇപ്രകാരം, പ്രാർഥനയോടെയാണ് നമ്മുടെ ദിവസം തുടങ്ങുന്നതെങ്കിൽ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നിറഞ്ഞുനിൽക്കുന്നത് ദൈവത്തിനു സ്വീകാര്യമായ കാര്യങ്ങളായിരിക്കും.
അതായത്, നാം മറ്റുള്ളവരോടു സ്നേഹത്തോടെയും കരുണയോടെയും ക്ഷമയോടെയും പെരുമാറും. ആരുമായും ശണ്ഠ കൂടില്ല. നമ്മുടെ ഭാഗത്തുനിന്ന് ആർക്കും തിന്മ വരാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും. അതോടൊപ്പം, മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും പകരുന്നതിലും ശ്രദ്ധിക്കും.
സങ്കീർത്തകൻ അനുസ്മരിപ്പിക്കുന്നതുപോലെ, ഓരോ പ്രഭാതത്തിലും ദൈവത്തിന്റെ പുതിയ സ്നേഹം സ്വീകരിക്കാൻ പരിശ്രമിക്കാം. അപ്പോൾ, രാത്രിയിൽ അവിടത്തെ വിശ്വസ്തതയെ നാം സ്തുതിക്കുകതന്നെ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ