വിസിബ് വിസ്മയം
ജെയിസ് വാട്ടപ്പിള്ളിൽ
Saturday, September 6, 2025 10:26 PM IST
ആയിരക്കണക്കിനു വനിതകൾക്കു തണലും പ്രചോദനവും ജീവിതമാർഗവുമായി മാറിയ വിസിബ് സ്വാശ്രയ പ്രസ്ഥാനം ശരിക്കും ഒരു വിസ്മയമാണ്. ചെറിയൊരു കൂട്ടായ്മയുടെ തളിരായി തുടങ്ങി ഇന്നു കേരളമെന്പാടും പടർന്നുപന്തലിച്ച ഒരു മഹാവൃക്ഷം. ആ മഹാവൃക്ഷം ചൊരിയുന്ന ഫലങ്ങൾ ഇന്ന് നൂറുകണക്കിനു കുടുംബങ്ങളെ മുന്നോട്ടു ചലിപ്പിക്കുന്നു..
വിസിബ് എന്ന പേരു കേൾക്കുന്പോൾ പാലാ അമനകര സ്വദേശിനി മേഴ്സിയുടെ കണ്ണുകൾ നിറയും. നന്ദിയും സന്തോഷവുമെല്ലാം അലിഞ്ഞുചേർന്ന കണ്ണീർത്തുള്ളികൾ. ആത്മഹത്യയല്ലാതെ മറ്റൊരുവഴി ഇനി മുന്നിലില്ല എന്നു തീരുമാനിച്ചതായിരുന്നു മേഴ്സി.
പക്ഷേ, വിസിബ് എന്ന മൂന്നക്ഷരം അവളുടെ നിറം മങ്ങിയ ജീവിതത്തെ മാറ്റിമറിച്ചുകളഞ്ഞു. പ്രണയവിവാഹമായിരുന്നു മേഴ്സിയുടേത്. വീട്ടുകാരുടെ സമ്മതമില്ലാതെ നടന്ന വിവാഹം. സ്നേഹനിധിയായ ഭർത്താവ്. കുടുംബജീവിതം സന്തോഷകരമായി മുന്നോട്ടു നീങ്ങി.
ഇതിനിടെ, അഞ്ചു സെന്റ് സ്ഥലം വാങ്ങി ചെറിയൊരു വീടുവച്ചു. മൂന്നു കുട്ടികളും ജീവിതത്തിലേക്കു വന്നു. എല്ലാം നന്നായി പോകുന്നുവെന്നു തോന്നിയ സമയത്താണ് ഭർത്താവിന് ജോലിസ്ഥലത്തുവച്ച് ഒരു അപകടമുണ്ടായത്. ഒരു വർഷത്തോളം കട്ടിലിൽത്തന്നെ തളയ്ക്കപ്പെട്ടു. പതിയെ സുഖം പ്രാപിച്ചെങ്കിലും കഠിനമായ ജോലികൾ ചെയ്യാൻ കഴിയാതെയായി.
ജീവിതം ഇരുട്ടിലേക്ക്
ഇതിനിടെ, ഭർത്താവ് മദ്യപാനത്തിലേക്കു വഴുതിവീണു. ഇതോടെ ജീവിതം തകർച്ചയിലേക്കു നീങ്ങി. മദ്യപാനത്തിലേക്കു വീണതോടെ ഭർത്താവ് കുടുംബത്തെ മറന്നു. മേഴ്സിയെയും കുട്ടികളും നോക്കുന്നില്ലെന്നു മാത്രമല്ല, മദ്യപിച്ചെത്തിയാൽ വഴക്കും മർദനവും പതിവായി.
ഭർത്താവിന്റെ ചികിത്സയ്ക്കായി പണയം വച്ചിരുന്ന വീടും കിടപ്പാടവും തിരിച്ചടവു മുടങ്ങി ജപ്തിയായതോടെ ജീവിതം വാടകവീട്ടിലേക്കു വലിച്ചെറിയപ്പെട്ടു. പട്ടിണിയും ദാരിദ്ര്യവും മുഴുക്കുടിയനും കലഹപ്രിയനുമായ ഭർത്താവും വിശന്നു കരയുന്ന മക്കളും മാത്രമായി മേഴ്സിയുടെ സന്പാദ്യം. കടം പെരുകി, മക്കളുടെ വിദ്യാഭ്യാസം മുടങ്ങി. വീട്ടുജോലിക്കുപോയി എങ്ങനെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഒന്നും എവിടെയും എത്തിയില്ല.
അവസാന പിടിവള്ളി
ഇതോടെയാണ് ജീവിതം അവസാനിപ്പിച്ചാലോ എന്ന ചിന്ത അവളിൽ ശക്തമായത്. മേഴ്സി ജോലിക്കു പോകുന്ന വീട്ടിലെ ഗൃഹനാഥ റീനയ്ക്കു മേഴ്സിയുടെ പോക്ക് ദുരന്തത്തിലേക്കാണെന്നു മനസിലായി. റീന മേഴ്സിയോടു പറഞ്ഞു. ""ഞാൻ നിന്നെ ഒരിടത്തേക്കു പറഞ്ഞുവിടാം. നിന്നെ സഹായിക്കാൻ അവർക്കു കഴിഞ്ഞേക്കും’’. അന്നാണ് മേഴ്സി വിസിബ് എന്ന പേര് കേൾക്കുന്നത്.
അങ്ങനെ അവസാന പ്രതീക്ഷയുമായി അവൾ പാലായിലെ വിസിബ് സ്വാശ്രയ പ്രസ്ഥാനത്തിന്റെ പടികയറി. മേഴ്സിയുടെ സങ്കടങ്ങൾ മുഴുവൻ കേട്ട വിസിബ് അധികാരികൾ അവൾക്ക് ആത്മവിശ്വാസം പകർന്നു. സ്വയംതൊഴിൽ പരിശീലനം നൽകി. തുടർന്ന് ഈടില്ലാതെ അവൾക്കു വായ്പ നൽകി.
തിരികെ പിടിക്കുന്നു
കൈവിട്ടുപോയെന്നു കരുതിയ ജീവിതം അതോടെ മേഴ്സി പതിയെ തിരികെപ്പിടിച്ചു. മൂന്നു പെൺകുട്ടികളെയും നഴ്സിംഗ് പഠിപ്പിച്ചു. രണ്ടു പേരെ വിവാഹം ചെയ്തയച്ചു. ഒരാൾ സൗദിയിലും ഒരാൾ യുകെയിലും ജോലി നേടി.
ഇളയമകളും വിദേശത്തേക്കു പോകാൻ തയാറെടുക്കുന്നു. കൂടാതെ പത്തു സെന്റ് സ്ഥലം വാങ്ങി. പുതിയ വീട് വയ്ക്കാനുള്ള പണികൾ തുടങ്ങി. ഇതിനിടെ, ഭർത്താവ് ഏതാനും വർഷം മുന്‍പ് കരൾരോഗം ബാധിച്ചു മരിച്ചു.
പ്രതിസന്ധികളിൽനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയരാൻ ഇന്ധനം നൽകിയത് വിസിബ് സ്വാശ്രയ പ്രസ്ഥാനം ആണെന്നു പറയുന്പോൾ മേഴ്സിയുടെ കണ്ണുകൾ എങ്ങനെ നിറയാതിരിക്കും. ഇതു മേഴ്സിയുടെ മാത്രം കഥയല്ല, നിരവധി വനിതകൾക്കും കുടുംബങ്ങൾക്കും ഇങ്ങനെ ജീവിതം പച്ചപിടിച്ച കഥകൾ പറയാനുണ്ട്.
എന്താണ് വിസിബ്?
സ്ത്രീകളുടെ കൂട്ടായ്മയിലൂടെ കുടുംബത്തിന്റെയും നാടിന്റെയും പുരോഗതിയില്‍ പുതുചരിത്രം രചിച്ച വിസിബ് സ്വാശ്രയ പ്രസ്ഥാനം കേരളത്തിന്റെ സംരംഭക മേഖലയ്ക്കു നല്‍കിയത് വിസ്മയം ജനിപ്പിക്കുന്ന മുന്നേറ്റമാണ്.
കോട്ടയം ജില്ലയിലെ പാലായ്ക്കു സമീപം കൊടുമ്പിടി എന്ന കൊച്ചുഗ്രാമത്തിലായിരുന്നു തുടക്കം. കെ.സി. തങ്കച്ചന് കുന്നുംപുറത്തിന്റെയും ബേബി ഉറുമ്പുകാട്ടിന്റെയും നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കളെ ചേർത്ത് 1981ല്‍ രൂപീകരിച്ച സന്ധ്യ സ്പോര്‍ട്ടിംഗ് ക്ലബ് പിന്നീട് സന്ധ്യ ഡെവലപ്മെന്റ് സൊസൈറ്റിയായി മാറുകയായിരുന്നു.
ഇതാണ് നാടിന്റെ മുഖംതന്നെ മാറ്റിയ വിസിബിന്റെ പിറവിക്കു വഴിയൊരുക്കിയത്. കൃത്യമായ ആസൂത്രണ മികവും നേതൃശേഷിയും പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചപ്പോൾ അനേകം കുടുംബങ്ങൾക്കു പുതിയ വെളിച്ചമായി വിസിബ് മാറി.
സ്വയംതൊഴിൽ പരിശീലനം നൽകിയും തൊഴിൽ നൽകിയും സ്വാശ്രയ കൂട്ടായ്മകൾക്കു രൂപം നൽകിയും അവരെ വായ്പനൽകി പുതിയ സംരംഭങ്ങളിലേക്കു നയിച്ചും വിസിബ് ചുവടുറപ്പിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി 106 ബ്രാഞ്ചുകളും 6,000ല്‍പരം സ്വാശ്രയ കൂട്ടായ്മകളും ഒരു ലക്ഷം അംഗങ്ങളുമുള്ള സ്വാശ്രയ പ്രസ്ഥാനമായി വിസിബ് വളർന്നപ്പോൾ മുഴങ്ങിയത് നാടിന്റെ വികസനത്തിന്റെ ശംഖൊലി കൂടിയായിരുന്നു.
ഇന്നു 400 പേര്‍ക്കു നേരിട്ടും 10,000ത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി നല്കുന്ന മഹാസംരംഭമായി അതു വളർന്നിരിക്കുന്നു.
വീട്ടുമുറ്റത്തൊരു ബാങ്ക്
ഗാന്ധിജിയുടെ ഗ്രാമസ്വരാജെന്ന സ്വപ്നം വിസിബിലൂടെ പുനര്ജനിക്കുകയായിരുന്നുവെന്നു പറയാം. സന്ധ്യ ഡെവലപ്മെന്റ് സൊസൈറ്റി 1996ലാണ് വിസിബ് സ്വാശ്രയ സംഘങ്ങള്‍ രൂ പീകരിച്ച് നബാര്‍ഡിന്റെയും ബാങ്കുകളുടെയും പിന്തുണയോടെ വീട്ടുമുറ്റത്തൊരു ബാങ്ക് എന്ന ആശയം അവതരിപ്പിച്ചത്.
അവഗണിക്കപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സ്ത്രീകളുടെ സമഗ്രവികസനം ലക്ഷ്യമിട്ടായിരുന്നു ഇതിന്റെ തുടക്കം. ഒരുമിച്ചു വരുന്നു, ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു, ഒരുമിച്ചു പുരോഗതിയുണ്ടാകുന്നു, ഒരുമിച്ചു നില്ക്കുന്നു-ഇതായിരുന്നു വിസിബിന്റെ മുദ്രാവാക്യം. ഇതു കേവലം മുദ്രാവാക്യം മാത്രമായിരുന്നില്ല.
പരീക്ഷിച്ച് വിജയം കണ്ട ജൈത്രയാത്രയുടെ തുടക്കമായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരാന്‍ കഴിയാതിരുന്ന നൂറുകണക്കിനു വീട്ടമ്മമാര്‍ക്കു സ്വന്തമായി സമ്പാദ്യമുണ്ടാക്കാനും മക്കളുടെ പഠനം, വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു വായ്പ ലഭ്യമാക്കാനും വിസിബ് വാതില്‍ തുറന്നുനല്‍കിയപ്പോള്‍ സ്ത്രീസമൂഹം ഒന്നാകെ അതിനെ നെഞ്ചേറ്റി. ഇതു വിസിബിന്റെ വളര്‍ച്ചയിലെ മറ്റൊരു നാഴികക്കല്ലായി.
സ്ത്രീകളില്‍ സമ്പാദ്യശീലം വളര്‍ത്തുകയും സ്വന്തംകാലില്‍ നില്ക്കാന് അവരെ സഹായിക്കുകയും ചെയ്താല്‍ കുടുംബങ്ങളില്‍ വിസ്മയിപ്പിക്കുന്ന മാറ്റങ്ങള്‍ക്കു വഴിതെളിക്കുമെന്നതിന്റെ നേര്‍സാക്ഷ്യമാണ് വിസിബ്.
സ്വയംപര്യാപ്ത സ്ത്രീസമൂഹം
സ്ത്രീകളില്‍ സമ്പാദ്യശീലം ഉണ്ടാകണമെങ്കില്‍ അവര്‍ക്കു ജോലി വേണം. അതിനായി, സ്ത്രീകളെ സംഘടിപ്പിച്ച് സ്വയംതൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു വിസിബ് ആദ്യം ചെയ്തത്.
കാര്‍ഷിക നഴ്സറി, വനിതാ കാന്റീന്, സോപ്പ് നിര്‍മാണ യൂണിറ്റ്, ടെയ്ലറിംഗ് സെന്റര്‍, റെഡിമെയ്ഡ് യൂണിറ്റ് എന്നിവ സ്ഥാപിച്ചു തൊഴില്‍ നല്കി. ഇന്ന് ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എന്ന ചൊല്ല് പ്രാവര്‍ത്തികമാക്കി ഒരു വീട്ടിലേക്കുവേണ്ട എല്ലാ ഉത്പന്നങ്ങളും വിസിബില്‍ വീട്ടമ്മമാര്‍തന്നെ ഉത്പാദിപ്പിക്കുന്നു.
നേരിട്ടുപോയി കണ്ടു മനസിലാക്കി എടുക്കുന്ന ഗുണമേന്മയുള്ള സാധനങ്ങൾ ഉപയോഗിച്ചാണ് നിർമാണം. ഗുണമേന്മയുള്ള വിസിബ് ഉത്പന്നങ്ങൾ വളരെപ്പെട്ടെന്നു സ്വീകാര്യത നേടി. ആവശ്യക്കാർ കൂടിയതോടെ ഏഴു കോടി രൂപ മുടക്കി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളുമുള്ള വലിയൊരു ഫാക്ടറിതന്നെ വിസിബ് സ്ഥാപിച്ചു.
കാരുണ്യരംഗത്തും
നിരാലംബരുടെ ജീവിതത്തിലേക്കു സാന്ത്വനമായി കടന്നുവരികയെന്ന ലക്ഷ്യത്തോടെ പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ്, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ആംബുലന്‍സ് സര്‍വീസുകള്‍, ആരോഗ്യപരിരക്ഷയ്ക്ക് മൈക്രോ ഇന്‍ഷ്വറന്‍സ് പദ്ധതി, സ്വയം തൊഴില്‍ പരിശീലനം എന്നിവയെല്ലാം വിസിബിനെ ഇതര സ്ഥാപനങ്ങളില്‍നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നു.
ആത്മാര്‍ഥതയും വിശ്വസ്തതയുമുള്ള ജീവനക്കാരുടെ ടീം വര്‍ക്കാണ് വിസിബിന്റെ വിജയരഹസ്യമെന്ന് വിസിബിന്റെ സാരഥി കെ.സി. തങ്കച്ചന് കുന്നുംപുറത്ത് സാക്ഷ്യപ്പെടുത്തുമ്പോള്‍ മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള ഊഷ്മളബന്ധത്തിന്റെ ഇഴയടുപ്പമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
വിസിബ് ഹോംലി ബ്രാന്‍ഡ്
സ്വന്തമായ ഒരു ബ്രാന്‍ഡ് എന്ന ആശയമാണ് 2021ല്‍ വിസിബ് ഹോംലി എന്ന ബ്രാന്‍ഡിന്റെ പിറവിക്കു പിന്നിൽ.
അരിപ്പൊടി, പുട്ടുപൊടി, ഗോതമ്പുപൊടി, മസാലപ്പൊടികള്‍, അരി, ആട്ട, മൈദ, പഞ്ചസാര, ശര്‍ക്കര, വെളിച്ചെണ്ണ, കാപ്പി-ചായപ്പൊടികള്‍, ബേക്കറി ഉത്പന്നങ്ങള്‍, ഡിറ്റര്‍ജന്റുകള്‍ തുടങ്ങി 300ല്‍പരം ഉത്പന്നങ്ങളാണ് വിസിബ് ഹോംലി എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തുന്നത്.
പത്തു ലക്ഷത്തോളം ഉപയോക്താക്കളാണ് വിസിബിനുള്ളത്. 29 വര്‍ഷമായി പരസ്യത്തിന്റെ പിന്‍ബലമില്ലാതെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.
നാലു ജില്ലകളില്‍ ഒതുങ്ങിനിന്ന വിസിബ് ഹോംലി ഫാക്ടറി ഔട്ട്ലെറ്റുകള് മറ്റു ജില്ലകളിലേക്കും ചുവടുറപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി പല ജില്ലകളിലും ബ്രാഞ്ചുകള്‍ തുറന്നുകഴിഞ്ഞു. യുകെ, അമേരിക്ക, കാനഡ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് ഹോംലി ഉത്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്.
കൂടുതല്‍ വിദേശരാജ്യങ്ങളില്‍ ഹോംലി ഉത്പന്നങ്ങള്‍ എത്തിക്കുകയെന്നതാണ് വിസിബിന്റെ ഭാവി പദ്ധതി. വിസിബ് ഹെര്‍ബല്‍ പ്രോജക്ടിന്റെ ഭാഗമായി ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ‘അഗ്നിവേദിക്’ എന്ന ബ്രാന്‍ഡില്‍ ആയുര്‍വേദ മരുന്നു നിര്‍മാണ ഫാക്ടറിക്കും തുടക്കമിട്ടിട്ടുണ്ട്.