അൺസംഗ് ഹീറോ
സിജോ പൈനാടത്ത്
Saturday, August 2, 2025 8:56 PM IST
കാലത്തിന്റെ ധീരവും ശക്തവുമായ ചുവടുവയ്പുകള്ക്കായി പുതുവഴികള്‍ വെട്ടിയൊരുക്കിയ ചിലരുണ്ടായിരുന്നു. പിന്നില്‍ നടന്നവര്‍ മുന്നില്‍ വഴിയൊരുക്കിയവരെ അറിഞ്ഞ് ആഘോഷിച്ച് ആദരിച്ചപ്പോള്‍ അവര്‍ ചരിത്രത്തിലെ നായകരായി. അപ്പോഴും, അത്രമേല്‍ ആഘോഷിക്കപ്പെടാതെ പോയ വഴികാട്ടികള്‍, ദീര്‍ഘവീക്ഷണത്തോടെ ധിഷണകളെ ജ്വലിപ്പിച്ചവര്‍, കാലാതീതമായ പ്രകാശം പരത്തിയവര്‍... അങ്ങനെ ചിലരും നമുക്കുമുമ്പേ നിശബ്ദം നടന്നുപോയിട്ടുണ്ട്.
അര്‍ഹതപ്പെട്ടതെങ്കിലും മലയാളനാട്ടില് ഘോഷിക്കപ്പെടാതെ പോയ ഒരു മഹാജീവിതം...!ഡോ. പി.ജെ. തോമസ്.ലോക സാമ്പത്തിക, സാമൂഹിക ഭൂമികയില്‍ മലയാളിക്ക് അഭിമാനിക്കാന്‍ അടയാളങ്ങളേറെ അവശേഷിപ്പിച്ച ഈ അതുല്യപ്രതിഭയെ, അര്‍ഹിക്കുംവിധം അറിയാനും അറിയിക്കാനും കേരളം മറന്നുപോയതിനു നീതീകരണമുണ്ടാവാനിടയില്ല.
കോട്ടയം കുറവിലങ്ങാട് പകലോമറ്റം പാറേക്കുന്നേല്‍ കുടുംബത്തില്‍ ജനിച്ച് അക്കാദമിക് ലോകത്തും ഇന്ത്യന്‍ പാര്‍ലമെന്റിലും ഐക്യരാഷ്ട്രസഭയിലും വരെ അഭിമാനാര്‍ഹമായ പ്രതിഭാവിലാസം അടയാളപ്പെടുത്തി മടങ്ങിയ ഡോ.പി.ജെ. തോമസ്, മലയാളി വായിച്ചു പഠിക്കേണ്ട പാഠപുസ്തകമാണ്.
യുഎന്നിലെ മലയാളിത്തിളക്കം
ഐക്യരാഷ്ട്രസഭയില്‍ ഡോ. പി.ജെ. തോമസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ കൊച്ചുമകള്‍ മേരി മോനി ചാണ്ടി, അതേക്കുറിച്ചു കൂടുതല്‍ അറിയാനും പഠിക്കാനും യുഎന്‍ ലൈബ്രറി സന്ദര്‍ശിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അത് ഡോ. തോമസിന്റെ പ്രതിഭാലോകത്തെക്കുറിച്ചുള്ള പുതുവാതായനങ്ങള്‍ തുറക്കുന്നതു കൂടിയായി.
യുഎന്‍ ലൈബ്രറിയില്‍ തന്റെ ഗ്രാന്‍ഡ് ഫാദറിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതുകണ്ട് അത്ഭുതപ്പെട്ടെന്നു മേരി മോനി പറയുന്നു. അവിടത്തെ രേഖാലയത്തില്‍ കൂടുതല്‍ ചോദിച്ചും വായിച്ചും മനസിലാക്കിയപ്പോഴാണ് യുഎന്നിന്റെ ചരിത്രവഴികളില്‍ ഡോ. തോമസിന്റെ പങ്കിനെക്കുറിച്ചു ബോധ്യപ്പെട്ടത്.
ഡോ.പി.ജെ. തോമസ് ബ്രിട്ടീഷ് ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഘട്ടത്തിലാണ് (1943-1949) യുഎന്‍ ചാര്‍ട്ടര്‍ തയാറാക്കാന്‍ ഇന്ത്യയുള്‍പ്പടെ 44 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ക്കു ക്ഷണം ലഭിച്ചത്. ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഡോ. തോമസും ഉണ്ടായിരുന്നു. 1944ല്‍ യുഎസിലെ ബ്രട്ടന്‍വുഡ്സില്‍ നടന്ന ചരിത്രപ്രസിദ്ധമായ ആ കോണ്‍ഫറന്‍സിലാണ് വേള്‍ഡ് ബാങ്കിന്റെയും ഐഎംഎഫിന്റെയും രൂപീകരണമുണ്ടായതെന്നതും ചരിത്രം.
കോണ്‍ഫറന്‍സിലെ പ്രതിനിധികള്‍ നാലു കമ്മീഷനുകളായാണു ഡ്രാഫ്റ്റിംഗിനായി പ്രവര്‍ത്തിച്ചത്. ഐക്യരാഷ്ട്രസഭയ്ക്കായി ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ ചാര്‍ട്ടര്‍ തയാറാക്കുകയായിരുന്നു ഡോ.പി.ജെ. തോമസ് ഉള്‍പ്പെട്ട കമ്മിറ്റിയുടെ ചുമതല.
കമ്മിറ്റിയുടെ തലവന്‍ ഇന്ത്യയില്‍ നിന്നുള്ള ഡോ. രാമസ്വാമി മുതലിയാറും മറ്റൊരംഗം ഡോ. ഹൃദയാനന്ദ കുസ്റുവുമായിരുന്നു. ആഴ്ചകളോളം നീണ്ട ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടതും നിര്‍ണായകമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതും അവ ഏകോപിപ്പിച്ചു ഡ്രാഫ്റ്റ് തയാറാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതും ഡോ. തോമസായിരുന്നു. 22 സിറ്റിംഗുകള്‍ ഇതിന്റെ ഭാഗമായി നടന്നെന്ന് ഡോ. തോമസിന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
യുഎന്നിന്റെ വിവിധ കൗണ്‍സിലുകള്‍ക്കായി തയാറാക്കപ്പെട്ട രേഖകളില്‍ ഏറ്റവും മികച്ചത് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്സിലിന്റേതായിരുന്നുവെന്ന് അന്നത്തെ മേലുദ്യോഗസ്ഥര്‍ പറഞ്ഞത് യുഎന്‍ ലൈബ്രറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു മേരി മോനി ചൂണ്ടിക്കാട്ടുന്നു.
ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ മികവാര്‍ന്ന പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ്, 'ഇക്കണോമിക് അഡൈ്വസര്‍ ഓഫ് ഇന്ത്യ' എന്ന അടിക്കുറിപ്പോടെ ഡോ. തോമസിന്റെ ചിത്രം യുഎന്‍ ലൈബ്രറിയില്‍ സ്ഥാപിക്കപ്പെട്ടതെന്നും അവര്‍ പറഞ്ഞു. അന്നത്തെ ഇന്ത്യന്‍ സംഘത്തില്‍ ഈ സൗഭാഗ്യം ലഭിച്ച ഏക പ്രതിനിധി കൂടിയായി ഡോ. തോമസ്.
1945ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ഉദ്ഘാടനസമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു യുഎന്‍ ചാര്‍ട്ടറില്‍ ഒപ്പുവച്ച മൂന്നുപേരില്‍ ഡോ. തോമസും ഉണ്ടായിരുന്നു.
ബഹുമുഖ പ്രതിഭ
ഇക്കണോമിക്സില്‍ ഉന്നതപഠനവും ഗവേഷണവും ദീര്‍ഘകാലം അധ്യാപനവും നടത്തിയിട്ടുള്ള, ഡോ. പി.ജെ. തോമസിന്റെ പ്രതിഭ, സാമ്പത്തികലോകത്തു മാത്രം ഒതുങ്ങുന്നതായിരുന്നില്ല. പാര്‍ലമെന്റ് അംഗം, എഴുത്തുകാരന് എന്നീ നിലകളിലും അദ്ദേഹം മികവറിയിച്ചു.
മുന്‍ കേന്ദ്രമന്ത്രിയും സാമ്പത്തികശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ. ജോണ്‍ മത്തായിയുടെ സമകാലികനായിരുന്നു ഡോ. പി.ജെ. തോമസ്. നിരവധി ദേശീയ, അന്തര്‍ദേശീയ വേദികളില്‍ കേരളത്തിന്റെയും ഇന്ത്യയുടെയും പ്രാതിനിധ്യം തിളക്കത്തോടെ അടയാളപ്പെടുത്താന്‍ ഡോ. തോമസിന്റെ വാക്കുകള്‍ക്കും ഇടപെടലുകള്‍ക്കുമായി.
രാജ്യസഭാംഗമായിരുന്ന ഘട്ടത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങളെക്കുറിച്ചു പാര്‍ലമെന്റില്‍ ശക്തമായി അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ന് ആ വിഷയങ്ങളെക്കുറിച്ചു രാജ്യം ചിന്തിക്കുന്നു എന്നുകൂടി അറിയുമ്പോള്‍ ഡോ. തോമസിന്റെ ദീര്‍ഘവീക്ഷണം തിരിച്ചറിയാനാകും.
കുറവിലങ്ങാട് മുതല്‍ ആലുവ വരെ
1895 ഫെബ്രുവരി 25നാണു കോട്ടയം കുറവിലങ്ങാട്ട് പ്രസിദ്ധമായ പകലോമറ്റം പാറേക്കുന്നേല്‍ കുടുംബത്തില്‍ ഔസേഫിന്റെയും ഏല്യാ പാറേക്കുന്നേലിന്റെയും മകനായി ഡോ. പി.ജെ. തോമസിന്റെ ജനനം.
മാന്നാനം ഹൈസ്കൂള്‍, കോട്ടയം സിഎംഎസ് കോളജ്, തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളജ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠനം. തുടര്‍ന്നു സിലോണ്‍, മദ്രാസ് യൂണിവേഴ്സിറ്റികളില്‍ സാമ്പത്തികശാസ്ത്ര വിഭാഗത്തില്‍ പ്രഫസറായി സേവനം ചെയ്തു.
1937ല്‍ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ സി. രാജഗോപാലാചാരി (പിന്നീട് കേന്ദ്ര ആഭ്യന്ത്രമന്ത്രി) സ്ഥാനമേറ്റതിനു പിന്നാലെ, ഡോ. തോമസിനെ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തു. ഒമ്പതു വര്‍ഷത്തേക്കായിരുന്നു നിയമനം.
ഡോ. ആചാരിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും പി.ജെ. തോമസായിരുന്നു. ഇക്കാലത്താണു സേലം ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം വിജയകരമായി നടപ്പിലാക്കിയത്.1942ല്‍ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. തോമസ് ഡല്‍ഹിയില്‍ നിയമിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് യുഎന്‍ ചാര്‍ട്ടര്‍ തയാറാക്കുന്നതിനുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.
കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവായുള്ള സേവന കാലഘട്ടം കഴിഞ്ഞയുടന്‍ ഡോ. തോമസ് രാജ്യസഭാംഗമായി. പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നന്പൂതിരിപ്പാടാണ് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന് ജനറല്‍ സെക്രട്ടറിയായിരുന്ന ഹാരി പൊള്ളിറ്റിന്റെ ശിപാര്‍ശയും നാമനിര്‍ദേശത്തിനു പിന്നിലുണ്ടായിരുന്നു.
ജീവിതത്തിന്റെ അവസാന കാലഘട്ടം ആലുവയ്ക്കടുത്ത് മാറമ്പിള്ളിയില്‍ പകലോമറ്റം ബംഗ്ലാവിലാണ് ഡോ. തോമസ് ചെലവഴിച്ചത്. അവിടെ തന്റെ പേരിലുണ്ടായിരുന്ന ഭൂമിയുടെ വലിയൊരു ശതമാനവും പാവങ്ങള്‍ക്കായും അഗതികളെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ക്കായും ജീവകാരുണ്യപ്രവര്ത്തനങ്ങള്ക്കായും അദ്ദേഹം നല്കി.
സഭയ്ക്കും സമൂഹത്തിനും നല്കിയ സംഭാവനകളെ ആദരിച്ച് മാർപാപ്പ നൽകുന്ന കത്തോലിക്കാസഭയിലെ ഷെവലിയര്‍ പദവി, കര്‍ദിനാള്‍ യൂജിന്‍ ടിസറാങ്ങാണ് ഡോ. തോമസിനു സമ്മാനിച്ചത്.
വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് 1965 ജൂലൈ 26ന് ഡോ. പി.ജെ. തോമസ് അന്തരിച്ചു. വാഴക്കുളം ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ കബറിടമുള്ളത്.
അന്നമ്മയാണു ഡോ. തോമസിന്റെ ഭാര്യ. മക്കള്‍: ആലീസ് കള്ളിയത്ത്, റോസമ്മ ജേക്കബ് താഴത്തുവീട്ടില്‍, പി.ടി. ജോസഫ്. ആലീസിന്റെ മകളാണ് സാമ്പത്തിക ശാസ്ത്ര അധ്യാപിക കൂടിയായ മേരി മോനി ചാണ്ടി. ഇപ്പോള്‍ താമസം ബംഗളൂരുവില്‍.
വില്പനനികുതിയുടെ അമരക്കാരന്
മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന് നാളത്തെ സാമ്പത്തികലോകത്തെ മുന്നില്‍ക്കാണും. ഡോ. പി.ജെ. തോമസിന്റെ ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടുകളുടെ ഉത്തമദൃഷ്ടാന്തമായിരുന്നു വില്പന നികുതി (സെയില്‍സ് ടാക്സ്)യുടെ തുടക്കം.
മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന ഘട്ടത്തിലാണ്, അവിടെ സര്‍ക്കാരിനു വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ വില്പന നികുതി ഡോ. തോമസ് നിര്‍ദേശിച്ചത്. മദ്യനിരോധനം മൂലമുണ്ടായ വരുമാനനഷ്ടം പരിഹരിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍കൂടിയാണ് നികുതിനിര്ദേശമുണ്ടായത്. ഇന്ത്യയിലാദ്യമായി വില്പന നികുതി വിജയകരമായി ഏര്‍പ്പെടുത്തിയ സംസ്ഥാനമെന്ന ഖ്യാതിയിലേക്കുള്ള ചുവടുവയ്പായിരുന്നു അത്. അതിനു മദ്രാസ് സംസ്ഥാനം കടപ്പെട്ടിരിക്കുന്നതു ഡോ. തോമസിനോട്.
ഇന്ത്യയിലെ തുണിമില്ലുകളെപ്പറ്റി പഠിച്ചിരുന്ന ഫാക്ട് ഫൈന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്, പ്ലാനിംഗ് കമ്മീഷന്റെ പ്രൊഹിബിഷന്‍ കമ്മിറ്റിയംഗം , തിരുവിതാംകൂര്‍- കൊച്ചി ഗവണ്മെന്റുകളുടെ ബാങ്കിംഗ് എന്‍ക്വയറി കമ്മീഷനംഗം (1956), കോട്ടേജ് ഇന്‍ഡസ്ട്രീസ് കമ്മിറ്റി ചെയര്മാന് (1950- 51) എന്നീ നിലകളിലും ഡോ. തോമസ് സേവനം ചെയ്തു.
പന്ത്രണ്ടോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഡോ. പി.ജെ. തോമസ്. ഇംഗ്ലണ്ടില്‍ നിന്നു പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'മെര്‍ക്കന്റലിസം ആന്‍ഡ് ഈസ്റ്റ് ഇന്ത്യാ ട്രേഡ്' ബ്രിട്ടീഷ് സാന്പത്തികനയങ്ങളെപ്പറ്റിയുള്ള ആധികാരികമായ ആദ്യപഠനമെന്നാണ് അറിയപ്പെടുന്നത്.
'ദി ഗ്രോത്ത് ഓഫ് ഫെഡറല്‍ ഫൈനാന്‍സ്' അദ്ദേഹത്തെ ഇംഗ്ലീഷിലുള്ള മറ്റൊരു പ്രമുഖ പുസ്തകമാണ്. കര്‍ഷകന്റെ കടബാധ്യത, കേരളത്തിലെ ക്രിസ്ത്യന്‍ സാഹിത്യം തുടങ്ങിയ മലയാള ഗ്രന്ഥങ്ങളും അദ്ദേഹം എഴുതി. നിരവധി അക്കാദമിക് ജേണലുകളിലും അമ്പതിലേറെ ഗവേഷണബന്ധിയായ പ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്.
അമൂല്യം ഡയറിക്കുറിപ്പുകള്‍
ഡോ. പി.ജെ. തോമസിന്റെ ഡയറിക്കുറിപ്പുകള്‍ അപൂര്‍വ നിധിപോലെ സൂക്ഷിക്കുന്നുണ്ട് കൊച്ചുമകള്‍ മേരി മോനി ചാണ്ടി. ഈ ഡയറിയിലൂടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെയും സംഭാവനകളെയും കൂടുതല്‍ അറിയാന്‍ പ്രചോദനമായതെന്ന് അവര്‍ പറഞ്ഞു.
പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്ന ജീവിതപശ്ചാത്തലത്തില്നിന്നാണ് കഠിനാധ്വാനവും ലക്ഷ്യബോധവും ഒപ്പം ഉറച്ച ഈശ്വരവിശ്വാസവും കൈമുതലാക്കി ഡോ. തോമസ് വലിയ ഉയരങ്ങള്‍ സ്വന്തമാക്കിയതെന്ന് ഡയറിക്കുറിപ്പുകള്‍ അടിവരയിടുന്നു. ഉന്നതപഠനത്തിനു ലണ്ടനിലേക്കു പോകുന്നതിനു സാമ്പത്തികക്ലേശവും മറ്റു തടസങ്ങളും ഏറെയായിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ അവയെ അഭിമുഖീകരിച്ചു, ഫലം കണ്ടു.
തടസങ്ങളുണ്ടാകുമ്പോള്‍ സ്വപ്നങ്ങളെ ഉപേക്ഷിച്ചു പിന്മാറുകയല്ല, അതിജീവിച്ചു മുന്നേറുകയാണ് വിജയത്തിലേത്തെക്കിക്കുന്നതെന്ന് ഡോ. പി.ജെ. തോമസിന്റെ ജീവിതം പഠിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുകളും വിവിധ മേഖലകളിലെ ഇടപെടലുകളും സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയ- പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ദിശാബോധം പകരുന്നതാണ്. - ഡോ. മേരി മോനി പറയുന്നു.
2025 ജൂലൈ 26
പെരുമഴ പെയ്യുന്നൊരു പകലിൽ, ആലുവയ്ക്കടുത്തു വാഴക്കുളം ഇന്‍ഫന്റ് ജീസസ് പള്ളിയോടനുബന്ധിച്ചുള്ള സെമിത്തേരിയിലെ കല്ലറയ്ക്കുമുന്നില്‍ അവര്‍ ഒരുമിച്ചു. ഡോ. പി.ജെ. തോമസിന്റെ ഓര്‍മകള്‍ക്കുമുന്നില്‍ സ്നേഹപ്പൂക്കളര്പ്പിക്കാനെത്തിയതു കുടുംബാംഗങ്ങള്‍ മാത്രമായിരുന്നില്ല; ആ മനുഷ്യസ്നേഹിയുടെ കരുതലും സ്നേഹവും പ്രതിഭയും തിരിച്ചറിഞ്ഞവര്‍ കൂടിയായിരുന്നു.
അറുപതു വര്‍ഷം മുമ്പ് വിടപറഞ്ഞ ഡോ. പി.ജെ. തോമസിന്റെ ജീവിതത്തെ അവര്‍ ആദരവോടെ ഓര്‍ത്തെടുത്തു, സ്മൃതികള്‍ പങ്കുവച്ചു, പ്രാര്‍ഥിച്ചു.
1925 ല്‍ നസ്രാണി ദീപികയില്‍ ഡോ. പി.ജെ. തോമസ് എഴുതിയ ലേഖനത്തിലെ ഏതാനും വരികളിങ്ങനെ-
"അര്‍ക്കദിയാക്കോന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പകലോമറ്റം പുരയിടത്തില്‍ എന്തെങ്കിലും ഒരു സ്മാരകം നിര്‍മിക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്നപക്ഷം, അതില്‍ പങ്കെടുക്കേണ്ടത് അതിന്റെ ശാഖകളായ സകല കുടുംബങ്ങളുടെയും വ്യക്തികളുടെയും അവകാശവും കര്‍ത്തവ്യവുമാണ്.'
ഒരു നൂറ്റാണ്ടു മുമ്പ് ഡോ. തോമസ് കുറിച്ച ആ ആഗ്രഹത്തിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു അദ്ദേഹത്തിന്റെ കല്ലറയ്ക്കു മുന്നില്‍ എല്ലാവരും ഒരുമിച്ചുകൂടിയതെന്നു കൊച്ചുമകള്‍ മേരി മോനി ചാണ്ടി. ഇന്നു പലയിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തറവാട്ടിലെ വിവിധ ശാഖകളിലുള്ളവരെ ഒരുമിച്ചുചേര്‍ക്കാനും ഡോ. തോമസിന്റെ അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാനും പ്രധാന നേതൃത്വമെടുത്തതും മേരി മോനി തന്നെ.