2015 ജൂൺ 20... പയ്യന്നൂർ മാത്തിൽ സ്വദേശിനി കരുണാദാസിന് അതു പതിവുപോലെ ഒരു ദിവസം മാത്രമായിരുന്നു. എന്നാൽ, അന്ന് ഉച്ചകഴിഞ്ഞ് അവരെ തേടിയെത്തിയ ഒരു ഫോൺകോൾ ആ ദിവസത്തെ ജീവിതത്തിൽ ഒരിക്കലും മറന്നു പോകാൻ കഴിയാത്തവിധം അടയാളപ്പെടുത്തി. അവിശ്വസനീയതയുടെ മിന്നലും സങ്കടങ്ങളുടെ പെരുമഴയും പെയ്തിറങ്ങിയ ദിനം. ഒരമ്മയ്ക്കും ഒരിക്കലും ഒാർമിക്കാൻ ഇഷ്ടപ്പെടാത്ത ദിവസവും ഫോൺ കോളും. ജീവിതത്തിന്റെ മുന്പും ശേഷവും എന്നു വേർതിരിച്ച ഫോൺ കോൾ... പ്രിയപ്പെട്ട മകൻ അർജുൻ ദാസ് മരിച്ചു എന്നതായിരുന്നു ആ ഞെട്ടിക്കുന്ന സന്ദേശം. ആകാശമൊന്നാകെ തന്റെ മേലേക്ക് അടർന്നുവീഴുന്നതുപോലെ അവർക്കു തോന്നി.
കാതുകളിൽ കേട്ടതു വിശ്വസിക്കാനാവാതെ, വിളിച്ചുവിവരം പറഞ്ഞവരോടു വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. ആ വാർത്ത ശരിയായിരിക്കില്ല, വിളിച്ചുപറഞ്ഞയാൾ തെറ്റിയതോ ആളുമാറിയോ ആവാമെന്നു മനസ് പുലന്പിക്കൊണ്ടിരുന്നു. അങ്ങനെ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒറ്റ നിമിഷംകൊണ്ട് അർജുന്റെ ഒരായിരം ചിത്രങ്ങൾ കൺമുന്നിലൂടെ കടന്നുപോയി. എന്തു ചെയ്യണം, എന്തു പറയണം, ആരോടു ചോദിക്കണം എന്നൊന്നും യാതൊരു രൂപവും കിട്ടാതെ തരിച്ചിരിക്കുകയായിരുന്നു അവർ. സമയം കടന്നുപോകുന്തോറും കൂടുതൽ ആളുകൾ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. ചുറ്റും അടക്കം പറച്ചിലുകളും തിരക്കിട്ട ആലോചനകളും. സങ്കടങ്ങൾ കൂടു കെട്ടിയ ആ മുഖങ്ങൾ കേട്ടതൊരു യാഥാർഥ്യമാണെന്നു വിശ്വസിക്കാൻ കരുണാദാസിനെ നിർബന്ധിതയാക്കി.
സഹിക്കാവുന്നതിനപ്പുറം
എങ്കിലും ഏതൊരമ്മയ്ക്കും സഹിക്കാൻ കഴിയുന്നതിന്റെ അപ്പുറത്തായിരുന്നു ആ യാഥാർഥ്യത്തിന്റെ വേദന. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈനിംഗിൽ വിദ്യാർഥിയായിരുന്നു അർജുൻ ദാസ്. അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായി കൂട്ടുകാർക്കൊപ്പം സിക്കിമിൽ പോയതായിരുന്നു അവൻ. അവിടെ ടീസ്റ്റ സന്ദർശിക്കുന്നതിനിടയിൽ അപകടത്തിൽപ്പെടുകയായിരുന്നു. കളിച്ചും ചിരിച്ചും തമാശ പറഞ്ഞും ഒപ്പമുണ്ടായിരുന്ന പ്രിയ പുത്രൻ ഒന്നുമുരിയാടാതെ മടങ്ങിവരുന്ന കാഴ്ച കണ്ണീർമറയ്ക്ക് അപ്പുറത്തുനിന്ന് അവർ അവ്യക്തമായി കണ്ടു. എത്ര നേരം കരഞ്ഞുവെന്ന് ഒാർമയില്ല.. അവസാനമൊക്കെ ആയപ്പോഴേക്കും കരയുവാൻ പോലും കരുത്തില്ലെന്നായി. ചുറ്റും തേങ്ങലുകളുടെ ശബ്ദം അലയടിച്ചുകൊണ്ടിരുന്നു. അവൻ മടങ്ങുകയാണ്, എന്നേക്കുമായി. ആരെയും ശല്യപ്പെടുത്തേണ്ട എന്നു കരുതിയിട്ടാണോ.. തികച്ചും മൗനമായി യാത്ര ചോദിച്ച് അവൻ അകന്നുപോയി. മണിക്കൂറുകൾ അടർന്നുവീഴവേ കൂട്ടുകാരും ബന്ധുക്കളും ഒാരോരുത്തരായി മടങ്ങിത്തുടങ്ങി. വീട്ടിലെ മറ്റുള്ളവരെല്ലാം അടുത്തുണ്ടായിട്ടും താൻ ഒറ്റയ്ക്കായിപ്പോയോ എന്ന തോന്നൽ കരുണാദാസിനെ പിടികൂടി. വീട്ടിൽ എല്ലാവരും സങ്കടക്കടലിൽ ആണ്ടുപോയതിനാൽ പരസ്പരം ആശ്വസിപ്പിക്കുന്നതിനു പോലും പരിമിതികളുണ്ടെന്നു തോന്നി.
മുറിക്കുള്ളിൽത്തന്നെ
എന്തിനാണ് പുറത്തേക്ക് ഇറങ്ങുന്നത്? ഇനി ആരെയാണ് കാണാനുള്ളത്? എന്തു സന്തോഷമാണ് ഇനി ബാക്കിയുള്ളത്? ഇങ്ങനെയുള്ള ചിന്തകൾ അലട്ടിത്തുടങ്ങിയതോടെ മുറിക്കു പുറത്തേക്ക് ഇറങ്ങാനുള്ള താത്പര്യം പോലും നഷ്ടപ്പെട്ടു. മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ മുഖം കാണുന്നതുപോലും അസഹ്യം.. അതുകൊണ്ട് ആരെയും കാണാതെ ഒന്നിലും ഇടപെടാതെ കഴിവതും തന്റെ മുറിക്കുള്ളിൽ ഒതുങ്ങാൻ അവർ ശ്രമിച്ചു.
മരവിച്ച മനസുമായുള്ള ദിവസങ്ങൾ പതിയെ പതിയെ തന്നെ വിഷാദത്തിലേക്കാണ് വലിച്ചുകൊണ്ടുപോകുന്നതെന്ന് കരുണാദാസിനു തോന്നി. വലയം ചെയ്തു നിൽക്കുന്ന വിഷാദത്തിന്റെയും നിരാശയുടെയും വല പൊട്ടിച്ചെറിഞ്ഞില്ലെങ്കിൽ താൻ കുഴപ്പത്തിലേക്കു നീങ്ങുമെന്ന ചിന്തയും ശക്തമായി. പക്ഷേ, അതെങ്ങനെ എന്നു മാത്രം അറിയില്ലായിരുന്നു. വിരസമായി ദിവസങ്ങൾ മുന്നോട്ടു നീങ്ങുന്നതിനിടയിലാണ് വെറുതെ വായിക്കാൻ എടുത്ത ഒരു മാഗസിനിലെ ഒരു സംഭവത്തിൽ കണ്ണുടക്കിയത്. മകൻ നഷ്ടപ്പെട്ട ഒരു അമ്മയെക്കുറിച്ചുള്ള വാർത്തയായിരുന്നു അത്. അടുത്ത നിമിഷം അതു തന്റെ തന്നെ കഥയാണല്ലോയെന്നു മനസു പറഞ്ഞു. ആ വാർത്ത വായിച്ചു തീർന്നപ്പോൾ കരുണാദാസിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മ താൻ മാത്രമല്ലെന്ന ബോധ്യത്തിലേക്കാണ് ആ വാർത്ത നയിച്ചത്.
മക്കളെ നഷ്ടപ്പെട്ടതുമൂലം സങ്കടക്കടലിൽ ഉഴലുന്ന നിരവധി അമ്മമാർ തനിക്കു ചുറ്റുമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. താൻ ഇപ്പോൾ അനുഭവിക്കുന്ന അതേ പ്രതിസന്ധിയും വിഷമവുമാണ് അവരും അനുഭവിക്കുന്നത്. ആ അമ്മയെ ഒന്നു കാണണമെന്നും സംസാരിക്കണമെന്നും കരുണാദാസിനു തോന്നി. അതേ ദുഃഖം പേറുന്ന താനൊന്നു സംസാരിച്ചാൽ ഒരുപക്ഷേ ആ അമ്മയ്ക്ക് അതുവലിയ ആശ്വാസമായി മാറില്ലേ... ഈ ചിന്ത പുതിയൊരു തുടക്കത്തിലേക്കാണ് കരുണാദാസ് എന്ന അമ്മയെ നയിച്ചത്. മക്കളെ നഷ്ടമായ അമ്മമാരെ ഒന്നിച്ചുചേർത്താലോ എന്ന ആശയം പതിയെ മുളപൊട്ടി.
ആശ്വാസ തീരത്തേക്ക്
വലിയ സങ്കടങ്ങളിൽ കഴിയുന്ന അമ്മമാർക്ക് ചെറിയ ആശ്വാസമെങ്കിലും പകരുകയെന്നതായിരുന്നു ലക്ഷ്യം. അങ്ങനെ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഫോൺ നന്പരുകൾ ശേഖരിച്ചു. ആദ്യം നാട്ടിൽ സമാന ദുഃഖം പേറുന്നവരുടെ വിവരങ്ങളാണ് ശേഖരിച്ചത്. എല്ലാവരോടുംതന്നെ നേരിട്ടു സംസാരിച്ചു. അവർക്ക് ആശ്വാസവും സാന്ത്വനവും പകർന്നു. അങ്ങനെയൊരു വിളിക്കു കാതോർത്തിരുന്നപോലെയാണ് പലരും പ്രതികരിച്ചത്. ഒറ്റപ്പെട്ടു എന്ന തോന്നലിൽനിന്ന് ഒരുമിച്ചുണ്ടെന്ന പ്രതീക്ഷയിലേക്ക് ഒാരോരുത്തരായി കടന്നുവന്നു. മകന്റെ വേർപാട് നൽകിയ ആഘാതം ഒരു പരിധിവരെയെങ്കിലും മറികടക്കാനുള്ള പരീക്ഷണം കൂടിയായിരുന്നു ഈ കൂട്ടായ്മയുടെ രൂപീകരണം. അങ്ങനെ 2017ൽ ഇവരെയെല്ലാം ചേർത്തു കരുണാ വാട്ട്സാപ്പ് ഗ്രൂപ്പ് പിറന്നു.
അതിർത്തികൾ വലുതായിക്കൊണ്ടിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അമ്മമാർ ഇന്ന് ഈ ഗ്രൂപ്പിന്റെ ഭാഗമാണ്. അപ്രതീക്ഷിതമായി മക്കളെ നഷ്ടപ്പെട്ടവരാണ് ഏറെയും. അങ്ങനെയുള്ളവർക്ക് മാനസിക പിന്തുണ നൽകുകയാണ് ഈ കൂട്ടായ്മ ചെയ്യുന്നത്. സങ്കടങ്ങളെ തരണം ചെയ്യാനുള്ള ചിന്തകളും ചർച്ചകളുമാണ് ഈ ഗ്രൂപ്പിൽ നടക്കുന്നത്. പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തവർ ഒപ്പമുണ്ടെന്ന ചിന്ത മറ്റുള്ളവർക്കും പ്രചോദനമായി മാറി. വാട്ട്സാപ്പ് ഉപയോഗിക്കാത്ത അമ്മമാരെ നേരിട്ടു വിളിച്ചും കണ്ടു സംസാരിച്ചുമൊക്കെ കൂട്ടായ്മയോടു ചേർത്തുനിർത്താൻ ഇവർ ശ്രമിക്കുന്നു.
അതിജീവനം
ആത്മഹത്യയിലൂടെയും അപകടങ്ങളിലൂടെയും മറ്റും കുഞ്ഞുങ്ങളെ നഷ്ടമാകുന്ന സംഭവങ്ങളിൽ ചിലപ്പോൾ ശ്രദ്ധക്കുറവെന്നു പറഞ്ഞ് അമ്മമാരെ കുടുംബാംഗങ്ങൾ പോലും കുറ്റപ്പെടുത്തുകയും പഴിചാരുകയും ചെയ്യുന്ന അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. കുഞ്ഞിനെ നഷ്ടപ്പെട്ടതിൽ തകർന്നിരിക്കുന്ന അമ്മമാർക്ക് ഇരട്ടി ആഘാതമാണ് പലപ്പോഴും ഇത്തരം കുറ്റപ്പെടുത്തലുകൾ സമ്മാനിക്കാറുള്ളത്. ഇത്തരം സന്ദർഭങ്ങളെ അതിജീവിക്കാൻ പരസ്പരമുള്ള ഫോൺവിളികളും ആശ്വാസവാക്കുകളും വലിയ കരുത്തായി മാറുന്നുണ്ടെന്ന് അമ്മമാർ സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ ഏക കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മമാരുടെ അവസ്ഥ. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷയും അറ്റെന്നു തോന്നുന്ന ആ നിമിഷത്തിൽ ഒരു കൈ സഹായം കിട്ടിയില്ലെങ്കിൽ പലരും എന്നേക്കുമായി വീണുപോകും.
വിഷാദത്തിലേക്കും മറ്റും വീഴുന്നവർക്ക് കൗൺസലിംഗ് സൗകര്യം ഏർപ്പെടുത്തി നൽകാനും ഈ കൂട്ടായ്മ ശ്രദ്ധിക്കുന്നു. കണ്ണൂരിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽനിന്നു വിരമിച്ച കരുണാദാസ് വാട്ട്സാപ്പ് കൂട്ടായ്മയുടെ സേവനങ്ങൾ വിപുലപ്പെടുത്താനുള്ള പരിശ്രമത്തിലാണ്. ആദ്യത്തെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഏറെക്കാലം മുന്പ് മക്കളെ നഷ്ടപ്പെട്ട അമ്മമാരായിരുന്നു കൂടുതൽ. അടുത്ത കാലത്തു മക്കളെ നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങൾ കുറേക്കൂടി തീവ്രവും അവർക്കു വേണ്ടതു കുറച്ചുകൂടി വ്യത്യസ്തവുമായ സമീപനവുമാണെന്നു മനസിലാക്കി അങ്ങനെയുള്ളവർക്കായി കരുണ എന്ന പേരിൽ മറ്റൊരു വാട്ട്സാപ്പ് ഗ്രൂപ്പുകൂടി തുടങ്ങി. ഇവർക്കു മാത്രമായി പ്രത്യേക സംഗമങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
പോലീസ് വകുപ്പിൽനിന്നു വിരമിച്ച ഭർത്താവ് മോഹൻദാസും ബംഗളൂരുവിൽ ഡിസൈനറായി ജോലി ചെയ്യുന്ന മകൾ ആതിര ദാസും അമ്മയ്ക്കൊപ്പം ഈ പ്രവർത്തനങ്ങൾക്കു പിന്തുണയേകുന്നു. സമൂഹത്തിൽ മാനസിക വിഷമം അനുഭവിക്കുന്നവർക്ക് ഒാൺലൈൻ വഴി മാനസിക പിന്തുണ നൽകാനുള്ള വോയ്സ് ദാറ്റ് കെയറിന്റെ വോളണ്ടിയർ കൂടിയാണ് കരുണ.
മകന്റെ സ്വപ്നങ്ങൾക്ക് ചിറക്
മക്കൾ മരിച്ച അമ്മമാർക്കു കരുത്തേകുന്നതിനൊപ്പം മകന്റെ സ്വപ്നങ്ങൾ സഫലമാക്കാനും കരുണ മറക്കുന്നില്ല. നല്ലൊരു ചിത്രകാരനായിരുന്നു കരുണയുടെ മകൻ അർജുൻ ദാസ്. അർജുൻ മരിച്ച് മൂന്നാം മാസം അവൻ വരച്ച ചിത്രങ്ങളെല്ലാം ഫ്രെയിമുകളാക്കി. തുടർന്നു കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചു. പയ്യന്നൂർ കേന്ദ്രീയ വിദ്യാലത്തിൽനിന്നു പ്ലസ് ടു കഴിഞ്ഞ അർജുൻ അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഡിസൈനിംഗിൽ ചേരുകയായിരുന്നു. ഡിജിറ്റൽ പെയിന്റിംഗിലും മികവു കാട്ടി. പൊതുസ്ഥലങ്ങളിലും സ്കൂളിലും കാമ്പസിലുമെല്ലാം അവൻ ചിത്രങ്ങൾ വരച്ചിരുന്നു. അർജുന് വരച്ച ചിത്രങ്ങൾ കോഴിക്കോട് സരോവരം പാർക്കിൽ എൻഐഡിയിലെ അർജുന്റെ കൂട്ടുകാരെത്തി ചുമരിൽ പകർത്തിയിരുന്നു. അർജുന്റെ പിറന്നാൾ ദിനമായ മേയ് രണ്ടിന് മകന്റെ ഒാർമ നിലനിർത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുമർ ചിത്രങ്ങൾ ആലേഖനം ചെയ്യുന്ന പരിപാടിയും നടത്താറുണ്ട്. മകനെ മരണം കവർന്നെടുത്ത സിക്കിമിൽ കരുണ നേരിട്ടെത്തി അർജുന്റെ ചിത്രങ്ങൾ വരച്ചു.
കഴിഞ്ഞ മേയ് രണ്ടിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അർജുന്റെ ചുമർചിത്രം അവന്റെ സുഹൃത്തുകളുടെ സഹായത്തോടെ വരച്ചു. കൂടാതെ പിറന്നാൾ ദിനത്തിൽ ലളിത കലാ അക്കാദമിയുടെ സഹകരണത്തോടെ യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരങ്ങളും ചിത്രരചനാ ക്യാന്പുകളും സംഘടിപ്പിക്കാറുണ്ട്.
അനുമോൾ ജോയ്