ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
Saturday, May 27, 2017 2:30 PM IST
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്തുള്ള പെർഫോമേഴ്സ.് ഒപ്പമുള്ള ടെക്നീഷൻസും എക്സ്പീരിയൻസ്ഡ് ആയിരുന്നു. ഒരു പുതുമുഖത്തിന്റെ ഫീലിംഗ് ഉണ്ടായിരുന്നു...’’ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഇമോഷണൽ ത്രില്ലർ കെയർഫുളിലൂടെ ഒരിടവേളയ്ക്കുശേഷം സിനിമയിൽ സജീവമാവുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ’ജാനകിക്കുട്ടി’ ജോമോൾ. ജോമോൾ സംസാരിക്കുന്നു...
മടങ്ങിവരാനുള്ള പ്രചോദനം...?
വിവാഹശേഷം വീട്ടിൽ തന്നെ ആയിരുന്നു. വികെപി(വി.കെ.പ്രകാശ്) ഞങ്ങളുടെ ഫാമിലി ഫ്രണ്ടാണ്. ഒരു സിനിമ ചെയ്യുന്നുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കാരക്ടറാണ്. ചെയ്യുന്നോ - വികെപി ഒരു ദിവസം വിളിച്ച് ഇങ്ങനെ ചോദിച്ചു. അങ്ങനെ വന്നുവെന്നേയുള്ളൂ. അല്ലാതെ പ്രത്യേകിച്ചു പ്രചോദനങ്ങളൊന്നും ഉണ്ടായിരുന്നില്ല. വികെപി വിളിച്ചു. വികെപിയുടെ സിനിമ ആയതുകൊണ്ടു വന്നു. ഇൻസ്പിറേഷൻ വികെപി തന്നെയാണ്.
കെയർഫുളിലെ കഥാപാത്രം...?
സുജ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. സുജയെക്കുറിച്ച് എനിക്കു കൂടുതൽ പറയാനാവില്ല. കാരണം, കെയർഫുളിലെ സുജയുടെ കാരക്ടറും എന്റെ കാരക്ടറും ഏറെക്കുറെ ഒന്നു തന്നെയാണ്. സിനിമയിൽ അഭിനയിച്ചുകഴിഞ്ഞ് എന്റെ ഫാമിലിയൊക്കെ കണ്ടു കഴിഞ്ഞപ്പോൾ, ഫാമിലിക്കൊപ്പമുള്ള എന്റെ ലൈഫ് കണ്ടപ്പോൾ സുജയുടെ ഏകദേശം അതേ കാരക്ടർ തന്നെയാണ് എന്റേതെന്ന് വികെപിയും പറഞ്ഞു. ഒരു ഹാപ്പി ഫാമിലി. സുജയും സുജയുടെ ഭർത്താവും മകളും. എല്ലാ ഫാമിലിയിലും നടക്കുന്ന ഒരു സംഭവമാണ് കെയർഫുൾ എന്ന സിനിമയിലെ പ്ലോട്ട്.
കെയർഫുൾ എന്ന സിനിമയെ ആകർഷകമാക്കുന്നത്.. ?
കെയർഫുൾ എന്ന സിനിമയുടെ പ്രഥമവും പ്രധാനവുമായ ആകർഷണം വികെപി തന്നെയാണ്. പിന്നെ വികെപിയുടെ മേക്കിംഗ് സ്റ്റൈൽ. ഏതു കഥ വികെപിക്കു കൊടുത്താലും അദ്ദേഹം താത്പര്യമെടുത്ത് ഏതു കഥ ചെയ്താലും അതിൽ ഒരു വികെപി ടച്ച് ഉണ്ടാവും. അതിനാൽ കെയർഫുളിൽ എന്നെ ഏറ്റവും ആകർഷിച്ചതു വികെപിയാണ്.
സിനിമയിൽ നിന്നു മാറിനിന്ന 15 വർഷം...?
സിനിമയിൽ നിന്നു 15 വർഷം മാറിനിൽക്കുകയാണ് എന്നൊന്നും ഞാൻ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ്, വീട്, കുടുംബം...അങ്ങനെ പോയി. അതിനിടെ സിനിമയിലെ ആളുകളെ എല്ലാവരെയും കാണാറുണ്ടായിരുന്നു. ഞാൻ കൊച്ചിയിൽ താമസത്തിനു വന്നപ്പോൾ അവരിൽ പലരും എന്റെ അയൽക്കാർ ആയി. പിന്നെ മീറ്റിംഗുകൾക്കും ഫങ്ഷനുകൾക്കുമൊക്കെ പോകുന്പോൾ പലരെയും കാണാറുണ്ടായിരുന്നു. എന്റേതായ ലൈഫ്, എന്റേതായ ഫാമിലി...അങ്ങനെ പോവുകയായിരുന്നു.
ഇത്രയും വർഷത്തെ ഗ്യാപ്പിനുശേഷം കെയർഫുളിൽ വന്നപ്പോൾ..?
വാസ്തവത്തിൽ ഇതുവരെ ലഭിക്കാത്ത ഒരു എക്സ്പീരിയൻസ് ആയിരുന്നു കെയർഫുളിൽ. കാരണം, ഞാൻ സിനിമയിൽ സജീവമായിരുന്ന കാലത്തെ മേക്കിംഗ് അല്ല കെയർഫുളിൽ വന്നപ്പോൾ. ആക്ടിംഗിന് അപ്പുറം കൂടുതൽ ബിഹേവ് ചെയ്യുകയായിരുന്നു വേണ്ടത്. ആക്ടിംഗ് ഒട്ടും പാടില്ലായിരുന്നു. അതിന്റെ മേക്കിംഗ് രീതി എനിക്കു പുതിയതായിരുന്നു.
വികെപിയെക്കുറിച്ച്...
വികെപി ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആണ്. വികെപി വർക്ക് ചെയ്യുന്പോൾ ആക്ഷനിൽ തുടങ്ങി കട്ട് പറയും വരെയുള്ള സമയത്താണ് അദ്ദേഹം ഒരു ഡയറക്ടറായി ഫീൽ ചെയ്യുന്നത്. അതുകഴിഞ്ഞു വികെപി വളരെ നല്ല ഒരു സുഹൃത്താണ്. എന്തു കാര്യവും തുറന്നുപറയാം. തമാശകൾ പറയാം. വർക്ക് ചെയ്യുന്പോൾ നമുക്കു വളരെ കംഫർട്ടബിൾ ആയ ഒരന്തരീക്ഷം വികെപി ക്രിയേറ്റ് ചെയ്യും. വളരെ ഡൗണ് റ്റു എർത്ത്്. ഒരു സാധാരണ മനുഷ്യൻ.
ഇടവേളയിൽ മലയാളസിനിമകൾ കാണാറുണ്ടായിരുന്നോ..? ഇപ്പോഴത്തെ മലയാള സിനിമയെക്കുറിച്ച് എന്താണ് അഭിപ്രായം..?
തീർച്ചയായും. മലയാളസിനിമകൾ കാണാറുണ്ടായിരുന്നു. മലയാളസിനിമയിലുണ്ടാകുന്ന മാറ്റങ്ങളൊക്കെ മനസിലാകുന്നുണ്ടായിരുന്നു. പണ്ടത്തപ്പോലെ അല്ല ഇപ്പോഴത്തെ സിനിമ. ടാലന്റ്സ് ഉള്ള ധാരാളം അഭിനേതാക്കളും ടെക്നീഷൻസും കടന്നുവന്നിരിക്കുന്നു. പണ്ടൊക്കെ ഒരു പുതുമുഖ സംവിധായകനൊപ്പം വർക്ക് ചെയ്യുന്നതിനു നമുക്കു വലിയ ടെൻഷൻ ഉണ്ടായിരുന്നു. ഇത്രയും കാലം അസിസ്റ്റന്റായിരുന്നു, ഇനി ഇൻഡിപെൻഡന്റ് വർക്കാണ് എന്നൊക്കെ പറയുന്പോൾ നമുക്കു ചെയ്യാൻ ഒരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. ഇപ്പോഴത്തെ സിനിമകളൊന്നുംതന്നെ മറ്റൊന്നുമായി താരതമ്യം ചെയ്യാനാവാത്തവയാണ്. എന്തൊക്കെ രീതിയിലാണ് ആളുകൾ പുതിയ പുതിയ സബ്്ജക്ടുകളുമായി വന്ന് നൂതന മെത്തേഡിൽ സിനിമ ചെയ്യുന്നത്. ഒാരോ സിനിമയും... അതിൽ ഫ്ളോപ്പ് സിനിമ എന്നൊന്നും പറയാനാവില്ല, എല്ലാവരും അവരവരുടെ കഠിനാദ്ധ്വാനം കൊണ്ടാണ് ഓരോ സിനിമയും ക്രിയേറ്റ് ചെയ്യുന്നത്. രണ്ടുമൂന്നു കൊല്ലത്തെ കഷ്ടപ്പാടുകൾക്കുശേഷമാണ് ഒരു സിനിമ ഇറങ്ങുന്നത്. എല്ലാ സിനിമകളും ഞാൻ കാണുമായിരുന്നു. ഒരു സിനിമയെയും എനിക്കു മാറ്റിനിർത്താനാവില്ല. എനിക്ക് ഒരുപാടിഷ്ടമാണ് ഇപ്പോഴത്തെ സിനിമയുടെ മേക്കിംഗ്.
സിനിമയിൽ വീണ്ടും സജീവമാവുകയാണോ...?
അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല. ഫാമിലിക്കാണു ഞാൻ മുൻഗണന നല്കുന്നത്. പക്ഷേ, ഇതുപോലെ നല്ല കാരക്ടേഴ്സ് വന്നാൽ ഞാൻ ചെയ്യും. എനിക്കു ചെയ്യാൻ പറ്റുന്ന നല്ല കാരക്ടേഴ്സും നല്ല മൂവിയും ആവണം. വെറുതേ വന്നിട്ടു പോകുന്നതുപോലെ ആവരുത്. എനിക്ക് ആ മൂവിയിൽ എന്തെങ്കിലും ചെയ്യാനുണ്ടാവണം. അങ്ങനെയുള്ള കാരക്ടേഴ്സ് വന്നാൽ എന്താണെങ്കിലും ചെയ്യും.
വീട്ടുവിശേഷങ്ങൾ..?
വീട്ടിൽ ഞാൻ, ഭർത്താവ്, രണ്ടു മക്കൾ. ഭർത്താവ് ചന്ദ്രശേഖർ (ചന്തു എന്നു വിളിക്കും) എൻജിനിയറാണ്. ഓയിൽ ആൻഡ് ഗ്യാസ് സെക്ടറിൽ കണ്സ്ട്രക്്ഷൻ വിഭാഗത്തിൽ. അഞ്ചാഴ്ച വർക്ക്. പിന്നെ അഞ്ചാഴ്ച വീട്ടിലുണ്ടാവും. മൂത്ത മകൾ ആര്യ എട്ടാം ക്ലാസിലും ഇളയ മകൾ ആർച്ച നാലിലും പഠിക്കുന്നു. ഇരുവരും രാജഗിരി ക്രിസ്തു ജയന്തിയിൽ. ഞങ്ങൾക്കൊപ്പം ഭർത്താവിന്റെ അച്ഛൻ, അമ്മ എന്നിവരുമുണ്ട്. ഇപ്പോൾ ഞങ്ങൾ കൊച്ചിയിലാണു താമസം. കല്യാണശേഷം ഞങ്ങൾ മുംബൈയിലായിരുന്നു. പിന്നീടു തിരുവനന്തപുരത്തേക്കു വന്നു. മക്കളുടെ പഠിത്തം, ഭർത്താവിന്റെ ട്രാവൽ... എല്ലാത്തിനും കുറച്ചുകൂടി സൗകര്യം കൊച്ചിയിലായതിനാൽ ഞങ്ങൾ ഇവിടേയ്ക്കു താമസം മാറി. തിരുവനന്തപുരത്ത് ഇപ്പോഴും വീടുണ്ട്. എന്റെ ഡാഡിയും മമ്മിയും കോഴിക്കോട്ടാണ്.
കെയർഫുൾ എന്ന സിനിമയെക്കുറിച്ചു പ്രേക്ഷകരോട്...?
ട്രാഫിക്നിയമ ലംഘനവുമായി ബന്ധമുള്ള ഒരു സിനിമയാണു കെയർഫുൾ. ഞാനടക്കം എല്ലാവരും ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരു കാര്യമാണ്. ഒരു സന്ദേശം കൊടുക്കാനുള്ള സിനിമയോ ഡോക്യുമെന്ററി പോലയോ ഉള്ള ഒരു സിനിമയല്ല. ഒരു വികെപി ചിത്രം. എന്റർടെയ്നറാണ്. ത്രില്ലറാണ്. ഇമോഷൻസുണ്ട്. അതിനൊപ്പം പടം കണ്ടിറങ്ങുന്പോൾ ഒരു മെസേജും ഉണ്ടാവും. എല്ലാവരും പടം തിയറ്ററിയിൽ പോയി കാണണം. കണ്ടുകഴിയുന്പോൾ നമ്മൾ കുറേക്കൂടി കെയർഫുൾ ആയിരിക്കും.
ടി.ജി.ബൈജുനാഥ്