നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
Saturday, May 20, 2017 1:41 PM IST
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദൻതോട്ടം'. കാടിനുള്ളിൽ "ഏദൻതോട്ടം' എന്ന റിസോർട്ട് നടത്തി ജീവിക്കുന്ന രാമന്റെയും മെട്രോസിറ്റിയിലെ പെണ്കുട്ടി മാലിനിയുടെയും പ്രണയവഴികളിലൂടെയാണു സിനിമയുടെ സഞ്ചാരം. കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് മുഖ്യവേഷങ്ങളിൽ. ചിത്രത്തിന്റെ രചനയും സംവിധാനവും നിർമാണവും നിർവഹിച്ച രഞ്ജിത്ത് ശങ്കർ സംസാരിക്കുന്നു...
ഈ സിനിമയുടെ ത്രഡിലേക്ക് എത്താനുള്ള പ്രചോദനം..?
പാസഞ്ചർ ഇറങ്ങിയതിനുശേഷം ആദ്യമായി നെല്ലിയാന്പതിയിൽ ടൂർ പോയപ്പോഴാണ് ഈ സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. അക്കാലത്ത് ഒരു സോഫ്റ്റ് വെയർ
കന്പനിയിലായിരുന്നു എനിക്കു ജോലി. നമ്മൾ ജീവിക്കുന്ന ഒരു ലൈഫിൽ നിന്നു ഭിന്നമായി പ്രകൃതിയുമായി വളരെ അടുത്ത ഒരു ലോകമുണ്ടെന്നും നമ്മൾ അത് ഏറെ മിസ് ചെയ്യുന്നതായും നെല്ലിയാന്പതി ജീവിതത്തിനിടെ എനിക്കു തോന്നി. അവിടെ താമസിച്ച നാലു ദിവസങ്ങളിൽ നിന്നാണ് ഈ കഥയുടെ ചിന്ത. അന്ന് അവിടെ പരിചയപ്പെട്ട ഒരു ജീപ്പ് ഡ്രൈവറും അതിന്റെ ഓണറുമൊക്കെയാണ് രാമനെക്കുറിച്ചുള്ള ചിന്തകൾക്കു തുടക്കമിട്ടത്. ഈ എട്ടു വർഷത്തിനിടയിൽ അതിന് ഒരുപാടു വികാസപരിണാമങ്ങളുണ്ടായി. മാലിനി, രാമൻ എന്നതുപോലെ തന്നെ രണ്ടു പ്രധാന കാരക്ടേഴ്സാണ് കാടും നഗരവും. രണ്ടു
വ്യത്യസ്ത ലോകങ്ങളിൽ നടക്കുന്ന കഥയാണിത്. അവ രണ്ടു കഥാപാത്രങ്ങളായിത്തന്നെ അനുഭവപ്പെടും എന്നാണു പ്രതീക്ഷ.
ഈ സിനിമയുടെ വർത്തമാനകാല പ്രസക്തി...?
പ്രണയത്തിനൊപ്പം മോഡേണ് കാലത്തെ കുടുംബബന്ധങ്ങൾ, അവയിലെ വിള്ളലുകൾ, വൈകല്യങ്ങൾ എന്നിവയും ഈ സിനിമ പറയുന്നുണ്ട്. ഭാര്യ, ഭർത്താവ്, കുട്ടി, കസിൻ, സുഹൃത്ത്.. ഇത്തരം ബന്ധങ്ങളെല്ലാം തന്നെ ഈ സിനിമയിലുണ്ട്.
കുഞ്ചാക്കോ ബോബനിലേക്ക് എത്തിയത്...?
ചാക്കോച്ചനുമൊത്തു സിനിമ ചെയ്യണമെന്നു കുറച്ചുനാളായി വിചാരിക്കുന്നു. പല കാരണങ്ങൾകൊണ്ടും അതു നീണ്ടുപോയി. രാമൻ(റാം മേനോൻ) എന്ന കാരക്ടറിനു 40 വയസാണ്. ചാക്കോച്ചനും 40 വയസാണ്. റാം മേനോൻ കാഴ്ചയ്ക്കു 40 വയസിന്റെ ആഢ്യത്വമുള്ളയാളാണ്. ഏറെ അരിസ്റ്റോക്രാറ്റിക്കായ ഫാമിലിയിൽ ജനിച്ച ഒരാൾ. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ധാരാളം യാത്രകൾ ചെയ്തിട്ടുണ്ട്. ഈ കാടു തന്നെ അയാളുടെ കുടുംബ സ്വത്താണ്. കാട്ടിൽ ജീവിക്കുന്പോൾത്തന്നെ വലിയ സിറ്റികളിൽ അർബൻ കാടുകളുണ്ടാക്കുക എന്നതാണ് അയാൾ ചെയ്യുന്ന ബിസിനസ്. പൂന്തോട്ടത്തിനും ലോണിനുമൊക്കെ പകരം നഗരത്തിൽ കാടുകളുണ്ടാക്കുന്ന ഒരാൾ! ഈ കഥ ചാക്കോച്ചനെ ആവേശഭരിതനാക്കി.
കുഞ്ചാക്കോ ബോബനിൽ നിന്നുള്ള പിന്തുണ...?
ഈ കാരക്ടറിനു വേണ്ട ഒരു ലുക്കിലേക്കു വരാനായി മൂന്നു മാസത്തോളം ചാക്കോച്ചൻ വേറേ പടങ്ങളിലൊന്നും അഭിനയിച്ചില്ല. അക്കാലത്തു ചാക്കോച്ചനുമായി അടുത്ത് ഇടപഴകിയപ്പോൾ രാമനിലുള്ള ഒരുപാടു സ്വഭാവവിശേഷങ്ങൾ ചാക്കോച്ചനിലും ഉള്ളതായി മനസിലായി. ചാക്കോച്ചനിലുള്ള ചില എലമെന്റ്സ് രാമനിൽ ഉൾപ്പെടുത്താമെന്നു തോന്നി. മരം കയറാൻ താത്പര്യമുണ്ടെന്നു ചാക്കോച്ചൻ എന്നോടു ഷൂട്ടിനിടെ പറഞ്ഞു. കാട്ടിലെ വലിയ മരത്തിനു മുകളിൽ കയറി നിൽക്കുന്ന സീൻ അങ്ങനെ ഉണ്ടാക്കിയതാണ്. ഈ സിനിമയുടെ പ്രമോഷനു വേണ്ടി ചാക്കോച്ചൻ ദുബായിൽ വച്ചു സ്കൈ ഡൈവിംഗ് ചെയ്തു. മലയാളത്തിൽ ആദ്യമായിട്ടാണ് ഒരു നടൻ ഒരു സിനിമയുടെ പ്രമോഷനുവേണ്ടി ഇങ്ങനെ ചെയ്തത്.
റാംമേനോനിലേക്ക് കുഞ്ചാക്കോ ബോബനെ അടുപ്പിച്ചത്...?
ചാക്കോച്ചനു വളരെ റിയലായി, നാച്വറലായി ചെയ്യാനായ കഥാപാത്രമായിരുന്നു റാം മേനോൻ. അധികം പടങ്ങളിൽ ചാക്കോച്ചൻ അത്തരം വേഷങ്ങൾ ചെയ്തിട്ടില്ല. ഇപ്പോഴും മനസുകൊണ്ടു ചെറുപ്പമായ വ്യക്തിയാണു ചാക്കോച്ചൻ. കാഴ്ചയിലും ശരിക്കും ചെറുപ്പം തന്നെയാണെന്നു പറയാം. പക്ഷേ, 20 വയസിൽ് ഒരാളോടു തോന്നുന്ന പ്രണയവും 40 വയസിൽ തോന്നുന്ന പ്രണയവും രണ്ടും രണ്ടാണ്. കാരണം 20 വർഷത്തെ പാകത അയാൾക്കു വന്നിട്ടുണ്ട്. ഒരു വ്യക്തിയെ അയാളുടെ ഫിസിക്കൽ അപ്പിയറൻസിന് ഒക്കെ അപ്പുറം നമ്മൾ ഇഷ്ടപ്പെട്ടു തുടങ്ങുന്ന ഒരു കാലമാണത്. അത്തരം ഒരു പക്വതയും പാകതയും രാമനും മാലിനിയും തമ്മിലുള്ള ബന്ധത്തിലുണ്ട്.
അനു സിത്താരയിലേക്ക് എത്തിയത്..?
നായകന് അത്രതന്നെ പ്രാധാന്യമുള്ള കാരക്ടറാണു മാലിനി. അതു പുതിയ ഒരാൾ ചെയ്താൽ നന്നാകുമെന്നു തോന്നി. ഫ്രഷ്നസ് ഉള്ള ഒരാളെ പെട്ടെന്നു കിട്ടാതെ വന്നു. എസ്റ്റാബ്ലിഷ്ഡ് ആക് ട്രസിനെ നോക്കേണ്ടിവരും എന്നു കരുതിയ സമയത്താണ് ഞാൻ അനുവിനെ കാണുന്നത്. വേണ്ട എന്നു പറയണമെന്ന് ഉദ്ദേശിച്ചു തന്നെയാണ് അനുവിനെ കാണാൻ പോയത്. പക്ഷേ, ചെന്നു കണ്ടപ്പോൾത്തന്നെ അനു ആ കാരക്ടറാണെന്നു ഫീൽ ചെയ്തു. ഡയലോഗ് കൊടുത്തപ്പോൾ കറക്ടായി പറഞ്ഞു. അങ്ങനെയാണ് അനു സെലക്ടായത്. അജുവർഗീസ്, ജോജു ജോർജ്, രമേഷ് പിഷാരടി, മുത്തുമണി, ശ്രീജിത്ത് രവി എന്നിവരാണു മറ്റു പ്രധാന വേഷങ്ങളിൽ.
മാലിനി എന്ന കഥാപാത്രത്തിന്റെ പശ്ചാത്തലം...?
കോതമംഗലം പ്രദേശത്തു ജനിച്ചുവളർന്ന പെണ്കുട്ടിയാണു മാലിനി. ഡാൻസ് പഠിച്ചു കലാകാരിയാകണമെന്ന് ആഗ്രഹിച്ചു. കോളജിൽ കലാതിലകമൊക്കെയായി. പക്ഷേ, ജീവിതം വഴിമാറിപ്പോയി. അങ്ങനെ, ഒരു ഫ്ളാറ്റിൽ ഒതുങ്ങിക്കൂടുന്ന ഒരവസ്ഥയിലാണു രാമനെ പരിചയപ്പെടുന്നത്. അത് മാലിനിയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ഈ സിനിമ..
രാമന്റെ ഏദൻതോട്ടം.. ആ പേരിലെത്തിയത്...?
ഷൂട്ടിംഗിനു മുൻപേ തീരുമാനിച്ച പേരാണ് രാമന്റെ ഏദൻതോട്ടം. സിനിമയ്ക്കു പല പേരുകൾ ആലോചിക്കാറുണ്ട്. അതിൽ ഒരു പേര് എനിക്ക് ഇഷ്ടപ്പെട്ടാൽ ഒരുപാടുപേരോടു ചോദിക്കും. അവർക്കൊക്കെ ഇഷ്ടപ്പെട്ടാലേ അത് ഇടാറുള്ളൂ. ഇത് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പേരാണ്.
ചിത്രീകരണത്തിൽ നേരിട്ട വെല്ലുവിളി...?
ആ കാട് ഷൂട്ട് ചെയ്യുക എന്നുള്ളതുതന്നെ. കാരണം, അതിന്റെ എല്ലാ സൗന്ദര്യത്തിലും അതിന്റെ വന്യതയിലും ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചു. ആ സ്ഥലം.. അതു മറ്റൊരു ലോകമാണെന്നും അവിടെ പോകണമെന്നും തോന്നിക്കുന്ന രീതിയിൽ ഷൂട്ട് ചെയ്യുക എന്നതായിരുന്നു വലിയ ചലഞ്ച്.
സാങ്കേതികപിന്തുണ ഈ സിനിമയിൽ...?
വളരെ ഒൗട്ട് സ്റ്റാൻഡിംഗ് ആയ സിനിമാറ്റോഗ്രഫിയും മ്യൂസിക്കുമാണ് ഈ സിനിമയിൽ. ഛായാഗ്രഹണം മധു നീലകണ്ഠൻ. മ്യൂസിക് ബിജിബാൽ. ഗാനരചന സന്തോഷ് വർമ. എഡിറ്റർ വി. സാജൻ. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. ആർട്ട് ഡയറക്ടർ അജയ് മങ്ങാട്. പ്രൊഡക്്ഷൻ കണ്ട്രോളർ മനോജ് പൂങ്കുന്നം. കോസ്ററ്യൂംസ് അരുണ് മനോഹർ. പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻസ് ക്രോം. സെൻട്രൽ പിക്ചേഴ്സ് ഡിസ്ട്രിബ്യൂഷൻ.
ഈ സിനിമ ഡ്രീം പ്രോജക്ട് ആയിരുന്നോ....?
ഞാൻ ചെയ്തിട്ടുള്ള എല്ലാ സിനിമകളും അങ്ങനെതന്നെയാണ്. ഒരുപാടു കാലമായി മനസിലുള്ള കഥകൾ തന്നെയാണ് എല്ലാം. ഒരു കഥ വരുന്പോൾ ഞാൻ പെട്ടെന്നു മറന്നുകളയാറാണു പതിവ്. പെട്ടെന്നുള്ള ആവേശത്തിൽ ചെയ്താൽ അതു നന്നാവില്ല. ആറു മാസം കഴിഞ്ഞു വീണ്ടുമാലോചിക്കുന്പോഴും ആ കഥ നമ്മളെ ആവേശംകൊള്ളിക്കുന്നതാണെങ്കിൽ മാത്രമേ അതു സിനിമയാക്കാൻ പരിഗണിക്കാറുള്ളൂ.
സന്ദേശം നല്കുന്നതാവണം സിനിമ എന്ന കാഴ്ചപ്പാടുണ്ടോ..?
സിനിമയ്ക്കു സന്ദേശമുണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല. സന്ദേശം സ്വാഭാവികമായി വരുന്നുണ്ടെങ്കിൽ ഓകെ. അല്ലാതെ, നിർബന്ധപൂർവം സന്ദേശംപോലെ ഒന്നു കൊടുക്കേണ്ട കാര്യമില്ല.
കരിയറിൽ എട്ടു വർഷം, എട്ടു സിനിമ...വിലയിരുത്തിയാൽ..?
നമ്മൾ എപ്പോഴും വിലയിരുത്തപ്പെടുന്നത് അവസാനത്തെ സിനിമയിലൂടെയാണ്. അതു മോശമായാൽ എല്ലാം മോശമായി എന്നു വിലയിരുത്തപ്പെടും എന്നതാണ് നിർഭാഗ്യവശാൽ സിനിമയുടെ ഒരു കുഴപ്പം. ഓരോ സിനിമയും പുതിയ സിനിമയാണ് അല്ലെങ്കിൽ അവസാനത്തെ സിനിമയാണ് എന്ന രീതിയിലാണു ചെയ്യുന്നത്. കാരണം ഇനിയൊരു സിനിമ ചെയ്യാൻ അവസരം കിട്ടുമോ എന്നു നമുക്കറിയില്ല. കൂടുതൽ സിനിമകൾ ചെയ്യുന്പോൾ സിനിമ എന്ന മാധ്യമവുമായി നമ്മൾ പൊരുത്തപ്പെടുന്ന ഒരു അവസ്ഥയിലെത്തും. കുറച്ചു പരീക്ഷണങ്ങൾ ചെയ്യാം എന്നു തോന്നുന്ന ഒരവസ്ഥ. അതു കംഫർട്ടബിളാണ്.
സ്വന്തം സ്ക്രിപ്റ്റിൽ സംവിധാനം - അതാണോ കംഫർട്ടബിൾ..?
എന്റെതന്നെ സ്ക്രിപ്റ്റുകളാണ് ഇതേവരെ ചെയ്തിട്ടുള്ളത്. എനിക്ക് അങ്ങനെയേ ചെയ്യാനാവൂ എന്നു തോന്നുന്നു. കാരണം ഷൂട്ടിംഗ് സമയത്തു ഞാൻ സ്ക്രിപ്റ്റിൽ ഏറെ മാറ്റങ്ങൾ വരുത്താറുണ്ട്. വേറൊരാളുടെ സ്ക്രിപ്റ്റ് അതുപോലെ നമുക്കു മാറ്റാൻ പറ്റുകയില്ലല്ലോ.
അടുത്ത പ്രോജക്ട്...?
ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കുറച്ചു പടങ്ങളുണ്ട്. അതിൽ ഏതാണെന്നു തീരുമാനമായിട്ടില്ല. ത്രഡുകൾ മനസിലുണ്ട് എന്നതിനപ്പുറം സ്ക്രിപ്റ്റിംഗ് ഒന്നും ആയിട്ടില്ല.
ടി.ജി.ബൈജുനാഥ്