ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമൽ എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള ബോണ്ടിംഗ് ഈ സിനിമയിലുണ്ട്. അതിൻറേതായ രസങ്ങളുമുണ്ട്. കൗതുകമുണർത്തുന്ന സന്ദർഭങ്ങളിലൂടെയാണു സിനിമ കടന്നുപോകുന്നത് ... അൻസാർ ഖാൻ സംവിധാനം ചെയ്ത അഡ്വഞ്ചർ ഡ്രാമ ലക്ഷ്യത്തിൻറെ രചനയും നിർമാണ പങ്കാളിത്തവും നിർവഹിച്ച ജിത്തു ജോസഫ് സംസാരിക്കുന്നു..

ലക്ഷ്യത്തിൽ തിരക്കഥയും നിർമാണ പങ്കാളിത്തവും...

സുഹൃത്തായഅൻസാർഖാൻ പങ്കുവച്ച ഒരു കഥയുടെ പ്രത്യേകത പരിഗണിച്ചപ്പോൾ അതിൻറെ സ്ക്രിപ്റ്റിംഗ് ചലഞ്ചിംഗാണെന്നു തോന്നി; എഴുതാമെന്നു പറഞ്ഞു. മറ്റു പ്രോജക്ടുകൾ ഉള്ളതിനാൽ കുറച്ചു സമയമെടുക്കുമെന്നു ഞാൻ. എത്ര സമയമെടുത്താലും കുഴപ്പമില്ലെന്നായി അൻസാർ. അങ്ങനെ ഞാൻ ചെയ്ത സ്ക്രിപ്റ്റാണു ലക്ഷ്യം. സിനിമയാക്കാൻ ചില പ്രൊഡക്്ഷൻ കന്പനികളെയും ആർട്ടിസ്റ്റുകളെയും സമീപിച്ചപ്പോൾ രണ്ടു ഹീറോ ഉളളതുകൊണ്ട് പലരും തിരസ്കരിച്ചു. എല്ലാവർക്കും സിംഗിൾ ഹീറോ കളിക്കാനാണു താത്പര്യം. ആ സന്ദർഭത്തിലാണു ഞാനും സുഹൃത്തുക്കളായ ജോയ് തോമസ് ശക്തികുളങ്ങര, യുഎസിലുള്ള ടെജി മണലേൽ എന്നിവർ ചേർന്നു ലക്ഷ്യം നിർമിക്കാൻ തീരുമാനിച്ചത്. ബിജുവിനെയും ഇന്ദ്രനെയും സമീപിച്ചപ്പോൾ അവർ തയാറായി.

ലക്ഷ്യത്തിൻറെ കഥാപശ്ചാത്തലം...

ഒരേ കൈവിലങ്ങിൽ ബന്ധിതരായ രണ്ടു കുറ്റവാളികൾ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കാട്ടിൽ അകപ്പെടുന്നു. അവരിൽ ഒരാൾ ജീവിതസാഹചര്യങ്ങളിലും വിദ്യാഭ്യാസപരമായും ഉയർന്ന നിലവാരം പുലർത്തുന്നയാൾ. രണ്ടാമൻ അവയിലൊന്നും അത്രത്തോളം വരില്ല. അവരെ പിൻതുടർന്നു പോലീസുകാരുണ്ട്. കാട്ടിലൂടെയുള്ള അവരുടെ യാത്രയാണ് ഈ സിനിമയുടെ കേന്ദ്രഘടകം. അതിനിടെ ഇരുവരും അവരവരുടെ കഥകൾ പറയുന്നു.

ഇവർ രണ്ടുപേരും കാടുമാണ് ഈ സിനിമയുടെ ഭൂരിഭാഗവും. അതാണ് ഈ സിനിമയിലെ ഏറ്റവും ചലഞ്ചിംഗ് ഏരിയ. രണ്ടുപേരെ വച്ച് എത്രനേരം കഥ പിടിച്ചുനിർത്താനാവും. അഡ്വഞ്ചർ ഡ്രാമയാണു ലക്ഷ്യം. കാട്ടിൽ അകപ്പെട്ടുപോകുന്ന രണ്ടുപേർ അവിടെനിന്നു രക്ഷപ്പെടാൻ നടത്തുന്ന ശ്രമം എന്നതിൽ സാഹസികതയുമുണ്ടല്ലോ.

ബിജുമേനോൻ - ഇന്ദ്രജിത്ത് കോംബിനേഷൻ...

ഈ കോംബിനേഷൻ ലീഡ് കഥാപാത്രങ്ങളായി വരുന്നത് ആദ്യമായിട്ടാണ്. ഈ കോംബിനേഷന് ഒരു ഫ്രഷ്നെസുണ്ട്. അതുകൊണ്ടുതന്നെ പലരും ഈ സിനിമ വേണ്ടെന്നുവച്ചത് ഗുണകരമായി എന്നു തോന്നിയിട്ടുണ്ട്. എന്നും ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളാണു ഞാൻ. സമയമായപ്പോൾ ദൈവം നല്ല ചേരുവകളോടെ എല്ലാം സെറ്റ് ചെയ്തു തന്നതായി വിശ്വസിക്കുകയാണ്.

മുസ്തഫയെ ബിജുമേനോനും വിമലിനെ ഇന്ദ്രജിത്തും അവതരിപ്പിച്ചിരിക്കുന്നു. മുസ്തഫ ലോക്കൽ തട്ടിപ്പുകളുമായി നടക്കുന്ന ഒരാൾ. പക്ഷേ, നല്ല മനസിൻറെ ഉടമയാണ്. ഒരു പാവത്താൻ. എന്നാൽ വലിയ വിദ്യാഭ്യാസമൊന്നുമില്ല. വിമൽ ഐടി പ്രഫഷണലാണ്. ഇവർ തമ്മിലുള്ള കാരക്ടർ ക്ലാഷാണ് ഈ സിനിമയുടെ രസകരമായ ഒരു പ്രത്യേകത. വിമലിൻറെ ജീവിതപശ്ചാത്തലം അവതരിപ്പിക്കുന്നതിൻറെ ഭാഗമായാണ് പാട്ടും ലൗ ട്രാക്കും സിനിമയിൽ ഉൾപ്പെടുത്തിയത്. ശിവദയാണ് ഇന്ദ്രജിത്തിൻറെ പെയറായി വരുന്നത്.



അൻസാർ ഖാൻ എന്ന സംവിധായകനെക്കുറിച്ച്....

ഏറെ അനുഭവസന്പന്നതയുള്ള, എന്നേക്കാൾ മുന്നേ ഇൻഡസ്ട്രിയിൽ വന്നിട്ടുള്ള ചെറുപ്പക്കാരനാണ് അൻസാർ. അൻസാറിന് ഒരു പടം കിട്ടുന്നതിനു ഞാൻ ഒരു നിമിത്തമാകുന്നതിൽ സന്തോഷം. അദ്ദേഹവുമായി സംസാരിച്ചപ്പോൾ ഒരു നല്ല മനുഷ്യനാണെന്നു മനസിലായി. കഴിവുള്ള ഒരു ചെറുപ്പക്കാരൻ. തീർച്ചയായും ഇൻഡസ്ട്രിയിൽ നിൽക്കേണ്ടയാൾ.

സിനിമയുടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കാൻ
താങ്കളെ പ്രചോദിപ്പിക്കുന്നത്...

വെറുമൊരു കഥ പറച്ചിലുകാരൻ മാത്രമാണു ഞാൻ. വ്യത്യസ്തമായ രീതിയിൽ കഥപറയാൻ ശ്രമിക്കുന്നു. ചിലതു വിജയിക്കുന്നു. ചിലതു നമ്മൾ ഉദ്ദേശിക്കും പോലെ വർക്കൗട്ട് ആകുന്നില്ല. പ്രേക്ഷകരുടെയും എൻറെയും കാഴ്ചപ്പാടുകളിലുള്ള വ്യത്യാസങ്ങൾ കൊണ്ടാവാം അത്. ചിലപ്പോൾ ഞാൻ ഒരെഴുത്തുകാരനായി നിൽക്കും. ചിലപ്പോൾ എഴുത്തുകാരനും സംവിധായകനുമായി നിൽക്കും. ചിലപ്പോൾ ഒരു പ്രൊഡ്യൂസറായും കഥയെഴുത്തുകാരനുമായി നിൽക്കും. പ്രൊഡ്യൂസർ മാത്രമായി നിൽക്കേണ്ട സാഹചര്യം വന്നാൽ അങ്ങനെയും നിൽക്കും. തിയറ്ററിൽ എൻജോയ് ചെയ്യാൻ വരുന്നവരെ എൻറർടെയ്ൻ ചെയ്യിക്കുക മാത്രമാണ് എൻറെ ലക്ഷ്യം.

സന്ദേശം നല്കുന്നതായിരിക്കണം സിനിമ
എന്നു വിശ്വസിക്കുന്നുണ്ടോ...

വലിയ തോതിൽ ആളുകളെ സ്വാധീനിക്കുന്ന ഒരു മാധ്യമമാണു സിനിമ. സിനിമ ചെയ്തുവരുന്പോൾ പ്രേക്ഷകന് ഒരു സോഷ്യൽ മെസേജ് കൊടുക്കാൻ സ്പേസ് ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തണം. ആൾക്കാരെ കുറച്ച്് ഉപദേശിച്ചുകളയാം എന്നു കരുതിയാൽ അത് വർക്കൗട്ട് ആകില്ല. പണ്ടു സത്യേട്ടനും ശ്രീനിയേട്ടനും കൂടി ചെയ്ത സന്ദേശം പോലെയുള്ള സിനിമകളിലൊന്നും നേരിട്ട് ഒരുപദേശവും ഇല്ല. അതിലെ കഥാപാത്രങ്ങളുടെ ജീവിതം കാണുന്പോൾ അതിലെ ന·യും തി·യും വേർതിരിഞ്ഞ് നമ്മുടെ മനസിലേക്കു കയറിവരികയായിരുന്നു. അവരുടെ തിരക്കഥയുടെ, എഴുത്തിൻറെ ശക്തിയാണത്.

എഴുത്തിൽ നേരിടുന്ന വെല്ലുവിളികൾ...

ഏറ്റവും വലിയ ചലഞ്ച് എൻറെ മടി തന്നെയാണ്. ഒരു സ്ക്രിപ്റ്റ് എഴുതാനിരിക്കുന്പോൾ ആദ്യം നോക്കുന്നത് ഇത് എങ്ങനെ എഴുതാതിരിക്കാം എന്നാണ്. ഇതു തീർക്കണമല്ലോ, ഇത് എൻറെ ചോറാണല്ലോ എന്നോർത്ത് വീണ്ടുമിരിക്കും. സീൻ ഓർഡർ ഉണ്ടാക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. സീൻ ഓർഡറിലാണു സിനിമയുടെ ഫ്ളോ ഫിക്സ് ചെയ്യുന്നത്. സീൻ ഓർഡർ ഉണ്ടാക്കുന്നതിനാണ് ഞാൻ ഏറ്റവും കൂടുതൽ സമയമെടുക്കുന്നത്. അത് ആയിക്കഴിഞ്ഞാൽ പിന്നെ എഴുതാൻ ഒന്നൊന്നര മാസം മതി. വാസ്തവത്തിൽ അത്രയും പോലും വേണ്ട. എൻറെ മടി കൊണ്ടാണ് അത്രയുമാകുന്നത്. 10-12 ദിവസം കൊണ്ട് എഴുതാവുന്നതേയുള്ളൂ എന്നാണു പലരും പറയാറുള്ളത്.

പ്രണവ് മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന സിനിമ..

അതിൻറെ സ്ക്രിപ്റ്റിംഗ് കഴിഞ്ഞു. ഫസ്റ്റ് ഡ്രാഫ്റ്റ് ആയി. കുറച്ചു കറക്്ഷനുകളുണ്ട്. ബേസിക് ഫ്രെയിം ആയി. ക്ലൈമാക്സ് അടക്കം എഴുതി. ഇനി അതിൻറെ പ്രീ പ്രൊഡക്്ഷൻ വർക്കിലേക്കു കയറുകയാണ്. സിനിമയുടെ പേര് ആയിട്ടില്ല. അതു വേറൊരു തരത്തിൽപ്പെട്ട സിനിമയാണ്. തീർച്ചയായും ഒരു എൻറർടെയ്നർ ആയിരിക്കും.

പരിഗണനയിലുള്ള മറ്റു പ്രോജക്ടുകൾ...

മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയവർക്കായി ചില പ്രോജക്ട്സ് ആലോചിക്കുന്നുണ്ട്. കുറച്ചു ഡിസ്കഷനുകൾ നടക്കുന്നുണ്ട്. എപ്പോൾ, എങ്ങനെ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയായിട്ടില്ല. അവരും വേറെ പ്രോജക്ടുകളിലാവാം. നമ്മൾ എഴുതി ചെല്ലുന്പോൾ അവരുടെ ഡേറ്റ് കൂടി നോക്കിയിട്ടേ തീരുമാനം ആവുകയുള്ളൂ. ഇതരഭാഷാ ചിത്രത്തിനു വേണ്ടിയും ഒരു ഡിസ്കഷൻ നടക്കുന്നുണ്ട്.

ദൃശ്യം താങ്കളുടെ ഡ്രീം പ്രോജക്ടാണെന്നു തോന്നുന്നില്ല.
ഡ്രീം പ്രോജക്ടിനെക്കുറിച്ച്...

ദൃശ്യം വേറൊരാൾക്കു വേണ്ടി എഴുതിയ സ്ക്രിപ്റ്റായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ അതു ഞാൻ തന്നെ ചെയ്യേണ്ടി വന്നിട്ടു ചെയ്തതാണ്. ഡ്രീം പ്രോജക്ട്സ് എന്നു പറയാനായി ചില പ്രോജക്ട്സ് ഉണ്ട്. അങ്ങനെയൊക്കെയുള്ള കുറേ ആശയങ്ങൾ മനസിലുണ്ട്. അതു വികസിപ്പിച്ചെടുക്കണം. അതൊക്കെ ചെലവേറിയ പ്രോജക്ടുകളാണ്. സൗത്ത് ഇന്ത്യയിലെ പല ആർട്ടിസ്റ്റുകളെ വച്ചു ചെയ്യേണ്ട സിനിമകളാണ് അവ. അതു ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യം വന്നാൽ ഞാൻ തീർച്ചയായും ചെയ്യും.

വലിയ ചിത്രങ്ങൾക്കു മലയാളത്തിൽ മുതൽമുടക്കാൻ ഇന്നു
നിർമാതാക്കളുണ്ട്. ഈ സാഹചര്യത്തിൽ...

നമ്മൾ കുറേയൊക്കെ പരിമിതികൾ കടന്നെങ്കിലും മറ്റു ഭാഷാസിനിമകളെ വച്ചു നോക്കുന്പോൾ മലയാളത്തിനു വേറൊരു ലെവലിൽ പോകാൻ പറ്റില്ല. എല്ലാ ആർട്ടിസ്റ്റുകളെയും വച്ച് ഒത്തിരി പണം മുടക്കാനും പറ്റില്ല. ചില പടങ്ങൾ ഗംഭീരമായി എന്നു പറയുമെങ്കിലും അവ സാന്പത്തികമായി അതിജീവിച്ചിട്ടുണ്ടാകണം എന്നില്ല. ഞാൻ സിനിമ ചെയ്യുന്പോൾ അതിൻറെ പ്രൊഡ്യൂസർ ഒരിക്കലും നശിക്കരുതെന്ന നിർബന്ധബുദ്ധി എനിക്കുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ഒരു പ്രോജക്ട് ആലോചിക്കുന്പോൾ അതിൻറെ വിജയസാധ്യത പരിഗണിക്കാറുണ്ട്.

ടി.ജി. ബൈജുനാഥ്