വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
Saturday, April 29, 2017 1:58 PM IST
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മലയാളികൾ. ഈ സിനിമ കണ്ടിറങ്ങിയവർ നല്ലൊരു സിനിമ കണ്ടു, താങ്ക്സ് എന്നാണു പറയുന്നത്. അല്ലാതെ നന്നായി എന്നോ എക്സലന്റ് എന്നോ അല്ല. അതിൽ എനിക്കു വളരെ സന്തോഷമുണ്ട്...” ബിജു മേനോൻ ടൈറ്റിൽ റോളിലെത്തിയ "മാസ്' എന്റർടെയ്നർ രക്ഷാധികാരി ബൈജു ഒപ്പിന്റെ രചനയും സംവിധാനവും നിർവഹിച്ച രഞ്ജൻപ്രമോദ് സംസാരിക്കുന്നു...
ഈ സിനിമ ചെയ്യാനുള്ള പ്രചോദനം...?
ആധുനികകാലത്തിന്റെ ഒരാവശ്യമാണിത്. കുട്ടികൾ കൂടുതലായി പഠിത്തത്തിലേക്കു മാത്രം ശ്രദ്ധിച്ച് അവർ കളിക്കാതെ പോകുന്ന ഒരു കാലം അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ കളിയുടെ പ്രാധാന്യം നഷ്ടപ്പെട്ടുപോകുന്ന ഒരു കാലം എന്ന ചിന്തയിൽ നിന്നാണ് ഈ സിനിമയുടെ തുടക്കം.
ബിജുമേനോനെ കാസ്റ്റ് ചെയ്തതിനു പിന്നിൽ...?
ഇതു ബിജുമേനോനു വേണ്ടിയുണ്ടായ ഒരു കഥാപാത്രമാണ്. കഥയുണ്ടായ സമയത്തുതന്നെ അതിനൊപ്പം ബിജുമേനോന്റെ രൂപം ഉണ്ടായിരുന്നു. ബിജുമേനോനാണ് ബൈജു എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും ഇല്ലായിരുന്നു. ബിജുമേനോൻ ഇതു ചെയ്യില്ല എന്നു പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെയൊരു സിനിമ ഉണ്ടാവില്ലായിരുന്നു. ബിജുമേനോൻ പെർഫോം ചെയ്യുന്നതുപോലെയാണ് ഞാൻ സീനുകൾ മനസിൽ കണ്ടത്. ബിജുമേനോനുമായി നീണ്ടകാലത്തെ അടുത്ത സൃഹൃദമുണ്ട്.
രക്ഷാധികാരി ബൈജു എന്ന പേരിനു പിന്നിൽ...?
വളരെ കോമണ് ആയ ഒരു പേര്, കൂടുതൽ ആളുകൾക്കുള്ള ഒരു പേര് - അതായിരിക്കണം വേണ്ടത് എന്നു ബോധ്യമുണ്ടായിരുന്നു. ഇതിലെ കഥാപാത്രത്തെ പോലെ നല്ല മനസുള്ള ചില ബൈജുമാരെ എനിക്കു പരിചയമുണ്ട്. അതുകൊണ്ടായിരിക്കണം അറിയാതെ ബൈജു എന്ന പേരുവന്നത്. ബിജു എന്ന പേരും ബൈജു എന്ന പേരും ഒരുപോലെയിരിക്കുന്നതായും പ്രമോഷൻ സമയത്ത് രക്ഷാധികാരി ബിജു എന്ന് കുറേയാളുകൾ എഴുതാനിടയുണ്ടെന്നും അതു കണ്ഫ്യൂഷന് ഇടയാക്കുമെന്നും അതിനാൽ ബൈജു എന്ന പേരു വേണ്ട എന്നും ബിജുമേനോൻ ആദ്യം പറഞ്ഞിരുന്നു. മാറ്റാം എന്നു ഞാൻ വാക്കും കൊടുത്തു. പക്ഷേ, ഷൂട്ടിംഗ് തീരാറായപ്പോഴേക്കും ആ കഥാപാത്രത്തിന് അനുയോജ്യമായ പേര് ബൈജു എന്നു തന്നെയാണെന്ന് ബിജുമേനോനു ബോധ്യമായി.
ബിജുമേനോന് ഒപ്പമുള്ള അനുഭവങ്ങൾ...?
ബിജുമേനോന്റെ അകമഴിഞ്ഞ സഹകരണത്തിലാണ് ഈ സിനിമ ഇങ്ങനെ ചെയ്യാനായത്. കാരണം, ബിജുവിന് അത്രമേൽ വിശ്വാസമുണ്ടായിരുന്നു ഈ സിനിമയിൽ. സുഹൃത്ത്,
ഭർത്താവ്, അച്ഛൻ... അങ്ങനെ പല ഡയമെൻഷൻസുണ്ട് ബൈജു എന്ന കഥാപാത്രത്തിന്. എല്ലാ ഭാവങ്ങളിലും പൂർണമായ തികവോടെയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ഫൈനലായി വന്നിരിക്കുന്ന സിനിമയിൽ ബിജുമേനോന് ഒരു കറക്്ഷൻ പറയാൻ എനിക്കു തോന്നുന്നില്ല.
ഹന്ന റെജിയെ നായികാവേഷത്തിലേക്കു പരിഗണിച്ചതിനു പിന്നിൽ...?
സിനിമാനടി എന്ന തോന്നലുണ്ടാക്കുന്ന ഒരാൾ ആവരുത് ആ റോൾ ചെയ്യുന്നത് എന്നു നിർബന്ധമുണ്ടായിരുന്നു. അതേസമയം, സാധാരണ നാട്ടിൻപുറങ്ങളിലും സാധാരണ ജീവിതത്തിലുമൊക്കെ കാണുന്നതും എല്ലാവർക്കും ഇഷ്ടം തോന്നിക്കുന്നതുമായ ഒരു മുഖം വേണമെന്നുമുണ്ടായിരുന്നു. ഏറെപ്പേരിൽ നിന്നാണ് അവസാനം ഞങ്ങൾ ഹന്നയിൽ എത്തുന്നത്. ഹന്ന വളരെ പോസിറ്റീവായ ഒരു പെണ്കുട്ടിയാണ്. എപ്പോഴും ചിരിച്ചും വളരെ പ്ലസന്റായും നിൽക്കുന്ന ഒരു പെണ്കുട്ടി. ഹന്നയുടെ മനസിന്റെ നന്മ ഈ കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിനും അത്രമേൽ മനോഹരമായി അഭിനയിക്കുന്നതിനും ഹന്നയെ സഹായിച്ചിട്ടുണ്ട്.
സിനിമയിലുടനീളം നൊസ്റ്റാൾജിയയുടെ നിറവാണല്ലോ...?
ചിലതൊക്കെ നഷ്ടപ്പെട്ടുപോയി എന്ന് ഉള്ളിൽ നിന്ന് ഒരു തോന്നലുണ്ടായതുകൊണ്ടാണ് അവ നൊസ്റ്റാൾജിയ ആയി നമുക്കു ഫീൽ ചെയ്യുന്നത്. "ഒരു പുഷ്പം മാത്രം ഞാൻ സൂക്ഷിച്ചുവയ്ക്കാം ഒടുവിൽ നീയെത്തുന്പോൾ ചൂടിക്കുവാൻ' എന്നു പറയുന്നതുപോലെ ഒടുവിൽ നാം ലോകം മുഴുവനും കറങ്ങി വരുന്പോഴേക്കും നമ്മുടെ നാട്ടിൽ ഒരു ഗ്രാമമെങ്കിലും നമ്മുടെ പഴയ ആ നല്ല ഓർമകളിൽ ഉണ്ടായിരുന്നതുപോലെ ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ മുകളിലാണ് അതു ചെയ്തിരിക്കുന്നത്. നമുക്കുള്ള നന്മയൊന്നും നമ്മൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമിപ്പിക്കുന്ന ഒരു സിനിമയാണിത്.
ഈ സിനിമ ചെയ്തിരിക്കുന്നത് മലയാളിക്കു മുഖം നോക്കാനുള്ള ഒരു കണ്ണാടിയായിട്ടാണ്. അതിൽ നമുക്കു നമ്മളെത്തന്നെ കാണാം. അല്ലെങ്കിൽ നമ്മുടെ സുഹൃത്തുക്കളെ അല്ലെങ്കിൽ അടുത്തുള്ള ആളുകളെ ഒക്കെ കാണാം. ഈ സിനിമ അവസാനിക്കുന്നത് തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ നമ്മുടെ മനസിനുള്ളിൽ ഓടിമറയുന്ന നമ്മുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമകളോടുകൂടിയാണ്. ചിലർ പറയും പോലെ ഇതിൽ നൊസ്റ്റാൾജിയ മാത്രമാണു ക്ലിക്ക് ആയിരിക്കുന്നതെങ്കിൽ കുട്ടികൾക്ക് ഇഷ്ടപ്പെടില്ലല്ലോ. കാരണം, കുട്ടികൾക്ക് അതൊരു നൊസ്റ്റാൾജിയ അല്ലല്ലോ. കുട്ടികൾക്കിഷ്ടപ്പെട്ട മറ്റൊരു സിനിമ ഇതിലുണ്ട്. പ്രായമായവർക്ക് ഇഷ്ടപ്പെട്ട വെറൊരു സിനിമ ഇതിലുണ്ട്. ചെറുപ്പക്കാർക്ക് ഇഷ്ടപ്പെട്ട വെറൊരു സിനിമയും ഇതിനകത്തുണ്ട്. അതായത് ഇതൊരു മാസ് എന്റർടെയ്നർ ഫോർമാറ്റിലുള്ള സിനിമയാണ്. മാസ് എന്റർടെയ്നർ എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് എല്ലാ പ്രായക്കാർക്കും എല്ലാത്തരം ആളുകൾക്കും ആസ്വദിക്കാനുള്ള വിഷയം ഇതിലുണ്ട് എന്നതാണ്. ഇതു വളരെ ഗൗരവമുള്ള ഒരു സിനിമയാണ്. എന്നാൽ വ്യത്യസ്തമായ ഒരു സിനിമയുമാണ്. അങ്ങനെയൊരു സിനിമ ഭാഗ്യവശാൽ എനിക്കു വന്നുകിട്ടി. പ്രശാന്ത് രവീന്ദ്രൻ(കാമറ), പ്രമോദ് തോമസ്, സ്മിജിത്ത് കുമാർ പി.ബി(സൗണ്ട് ടീം) സംജിത്ത് മുഹമ്മദ്(എഡിറ്റർ), ബിജിബാൽ( മ്യൂസിക് ഡയറക്്ഷൻ) ഹരിനാരായണൻ(കവിതകൾ)...അങ്ങനെ എല്ലാ സാങ്കേതിക ഘടകങ്ങളും എല്ലാവരുടെയും അഭിനയവും ഒന്നിനൊന്നു മികച്ചുനിൽക്കുന്നതുകൊണ്ടാണ് ഇതൊരു മികച്ച സിനിമയായി മാറിയത്.
അജുവർഗീസിന്റെ കരിയറിൽ വളരെ ഗുണകരമായ ഒരു സിനിമയാണിത്. അജുവർഗീസിന്റെ പ്രതികരണം എന്തായിരുന്നു...?
അജുവർഗീസ് ആദ്യം കരുതിയിരുന്നത് എല്ലാ സിനിമകളിലുമുള്ളതുപോലെ കോമഡി കളിക്കുന്ന ഒരു കാരക്ടർ ആയിരിക്കും എന്നാണ്. കാരണം അജു സീനുകളൊന്നും വായിച്ചിട്ടുണ്ടായിരുന്നില്ല. അജുവിനു ഞാൻ പറഞ്ഞുകൊടുത്ത കഥയും കഥാപാത്രവും മാത്രമേ അറിയുമായിരുന്നുള്ളൂ. വളരെയധികം ഇഷ്ടപ്പെട്ടാണ് അദ്ദേഹം സെറ്റിലേക്കു വന്നത്. സെറ്റിൽ വന്നപ്പോഴാണ് ഈ സെറ്റിന്റെ വ്യത്യാസങ്ങൾ അജുവിനു മനസിലാകുന്നത്. സിങ്ക് സൗണ്ട് വേണ്ട, ഡബ്ബിംഗ് വേണം എന്നതായിരുന്നു അജുവിന്റെ നിലപാട്. ഞാൻ അതു തത്ത്വത്തിൽ അംഗീകരിച്ചു. കാരണം, അജു ആ റോൾ ചെയ്യണമെന്ന് ഞങ്ങളുടെ ക്രൂവിൽ എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. അജു ഡബ്ബ് ചെയ്തോട്ടെ, മറ്റുള്ള ആളുകളുടെ സിങ്ക് സൗണ്ട് ഉപയോഗിക്കാം എന്നാണു കരുതിയത്. എന്നാലും മൈക്ക് വച്ച് എല്ലാവരും സിങ്ക്സൗണ്ട് നാച്വറലി ചെയ്തപ്പോൾ അജുവും ചെയ്തു. പക്ഷേ, ഈ ശബ്ദങ്ങളൊന്നും ഉപയോഗിക്കാനാകുമെന്നു യാതൊരുവിധ ആത്മവിശ്വാസവും അജുവിന് ഇല്ലായിരുന്നു. ഇതിൽ വളരെ ലോ ലെവലിൽ പറയുന്ന കാര്യങ്ങൾ സിങ്ക്സൗണ്ട് ആകുന്പോൾ പ്രശ്നമാകുമെന്നും അതു ഡബ്ബിംഗിൽ കറക്ട് ചെയ്യണമെന്നുമൊക്കെയായിരുന്നു അജു വിചാരിച്ചിരുന്നത്. ഡബ്ബിംഗിനുവേണ്ടി അജുവിനെ വിളിച്ചപ്പോൾ ഒരു ഫുൾ ഡേ വേണ്ടിവരുമെന്നാണ് അജു വിചാരിച്ചത്. പക്ഷേ, രണ്ടു മണിക്കൂർ കൊണ്ടു പണി തീർത്തു പോകാനാകുന്ന ഡബ്ബിംഗേ അതിൽ ഉണ്ടായിരുന്നുള്ളൂ. ചെറിയ പാച്ച് ഡബ്ബിംഗ്, ചെറിയ തിരുത്തലുകൾ..വ്യക്തതയില്ലാത്ത ഭാഗം ക്ലിയറാക്കൽ തുടങ്ങിയ ചെറിയ കാര്യങ്ങൾ മാത്രമേ അജുവിനു ചെയ്യാനുണ്ടായിരുന്നുള്ളൂ. ഡബ്ബിംഗിനുശേഷം അജു എനിക്കു ഹസ്തദാനം ചെയ്തശേഷം ഇങ്ങനെ പറഞ്ഞു- "എനിക്ക് ഇത് ഒരു ഐ ഓപ്പണറാണ്. എന്റെ കണ്ണുതുറപ്പിച്ചിരിക്കുന്നു. സിങ്ക് സൗണ്ട് എന്നത് അത്രവലിയ പ്രശ്നമൊന്നുമല്ല. ഇനി സിങ്ക്സൗണ്ട് എന്നു കേട്ടാൽ എനിക്കു പേടിയില്ല. വളരെ ഹാപ്പിയാണെന്നു പറഞ്ഞ് സിനിമ കണ്ടു കഴിഞ്ഞ് അജു വിളിച്ചിരുന്നു.
അജുവർഗീസിന്റെ നായികയായി കൃഷ്ണ പത്മകുമാർ...?
ഞങ്ങളുടെ സിനിമാറ്റോഗ്രഫറായ പ്രശാന്ത് രവീന്ദ്രൻ ഒരു ഫിലിം ഫെസ്റ്റിവലിൽ "കാമുകി'എന്ന ഷോർട്ട് ഫിലിം കണ്ടിരുന്നു. അതിൽ അഭിനയിച്ച കൃഷ്ണ എന്ന പെണ്കുട്ടിയെ ഈ സിനിമയിലേക്കു നിർദേശിച്ചതു പ്രശാന്താണ്. വളരെ മനോഹരമായ പെർഫോമൻസിലൂടെ കൃഷ്ണ ഞങ്ങളെയെല്ലാം ഞെട്ടിച്ചു. ശ്രീകല എന്ന കഥാപാത്രത്തിന് ഏറെ ആന്തരികസൗന്ദര്യമുണ്ട്. കാരണം, നിരാശയില്ലാത്ത പ്രതീക്ഷയാണ് ആ കാരക്ടർ. ആ കാരക്ടറിന്റെ ആന്തരികസൗന്ദര്യം ശ്രീകല എന്ന കഥാപാത്രത്തിനു മിഴിവു നല്കിയിട്ടുണ്ട്. കൃഷ്ണയെ പുതുമുഖമെന്നു പറയാനാവില്ല. ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. മുന്പ് ജാനകി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.നല്ല താളബോധമുള്ള കുട്ടിയാണു കൃഷ്ണ.
സിനിമാ വിദ്യാർഥികൾക്കു തിരക്കഥയെക്കുറിച്ചു പഠിക്കാനുള്ള ഒരു മോഡലായി ഈ സിനിമയുടെ തിരക്കഥ മാറുകയാണ്...?
നമ്മൾ കണ്ടുപരിചയിച്ച എല്ലാ സിനിമകളുടെയും കഥ ഒരു പ്രോബ്ളവും അതിനുള്ള ഒരു സൊല്യൂഷനുമായിരിക്കും. ഒന്നുകിൽ നായകന് ആന്തരികമായ ഒരു പ്രശ്നം ഉണ്ടാവണം. അപ്പോൾ ആർട്ട് പടം പോലെ ഒരു സിനിമയുണ്ടാവും. അല്ലെങ്കിൽ ബാഹ്യമായ ഒരു പ്രശ്നമുണ്ടാവും. അപ്പോൾ ഒരു കൊമേഴ്സ്യൽ പടമുണ്ടാവും. ഈ സിനിമയിലെ നായകന് ആന്തരികമായോ ബാഹ്യമായോ ഒരു പ്രശ്നവുമില്ല. ഈ സിനിമയിൽ എവിടെയും ഒരു പ്രോബ്ളവുമില്ല. പ്രോബ്ളത്തിനുള്ള സൊല്യൂഷനുമില്ല. പ്രോബ്ളം - സൊല്യൂഷൻ എന്ന പാറ്റേണിൽ നിന്നു മാറിക്കൊണ്ടുള്ള ഒരു തിരക്കഥയാണ് ഈ സിനിമയുടേത്. അതായിരുന്നു ഈ സിനിമയ്ക്കുണ്ടായിരുന്ന ഏറ്റവും വലിയ ചലഞ്ച്. സിനിമ എന്നത് ഒരു കഥ കാണുക എന്നതിനപ്പുറം ഒരു ചലച്ചിത്രാനുഭവമാകണം.ദൃശ്യങ്ങളും അതിന്റെ ശബ്ദങ്ങളും ചേർന്നുള്ള ഒരു ചലച്ചിത്രാനുഭവം. ഒരു കഥ പറയുക എന്നതിനപ്പുറം ആ ഒരു പ്രദേശത്തെയും അവിടത്തെ കാര്യങ്ങളെയും അനുഭവിപ്പിക്കാനാണ് ഞങ്ങളെല്ലാവരും ശ്രമിച്ചിട്ടുള്ളത്.
അടുത്ത സിനിമയെക്കുറിച്ച് ആലോചന തുടങ്ങിയോ...?
ഒരു ആർട്ടിസ്റ്റിനോടു കഥ പറയാവുന്ന രീതിയിൽ, ഫൈനൽ സ്ക്രിപ്റ്റ് എഴുതി ഷൂട്ട് തുടങ്ങാവുന്ന രീതിയിൽ ഒരു സിനിമയുടെ രൂപരേഖ ആയിട്ടുണ്ട്. അത് ഒരു ആക്്ഷൻ സിനിമയാണ്്. 50 കോടി മുതൽമുടക്ക് വേണ്ടിവരുന്ന സിനിമ. അതിനു തയാറായി നല്ല ഒരു പ്രൊഡ്യൂസറും ഒരാർട്ടിസ്റ്റും - വലിയ സ്റ്റാർ - തന്നെ വേണം. മലയാളത്തിൽ അത് അത്ര എളുപ്പമല്ല. ഒരുപക്ഷേ, ഏതെങ്കിലും ഒരു ആർട്ടിസ്റ്റ് അതിനു തയാറായി വന്നാൽ അതു സാധ്യമായെന്നും വരാം.
ടി.ജി.ബൈജുനാഥ്