മിന്നാമിന്നിത്തിളക്കം
Saturday, April 15, 2017 2:10 PM IST
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളികൾ പഠിക്കാനും... ചിലതു പഠിപ്പിക്കാനും... മലയാളത്തിനെ എന്നല്ല തെന്നിന്ത്യൻ സിനിമയ്ക്കുമപ്പുറം ബോളിവുഡിനെപ്പോലും ചിലതു പഠിപ്പിക്കാൻ...
മുഖ്യധാരാ അഭിനേത്രിയായോ നായികയായോ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഒരു നടിയാണ് ദേശീയ പുരസ്കാരത്തിന് അർഹയായിരിക്കുന്നത്. കാരണം, അതിനുള്ള അവസരം സുരഭി ലക്ഷ്മിയെന്ന അഭിനേത്രിക്കു കിട്ടിയിരുന്നോ എന്നു സംശയമാണ്. രാജ്യത്തെ നൂറുകണക്കിനു ടെലിവിഷൻ ചാനലുകളിൽ ഒന്നിൽ സംപ്രേഷണം ചെയ്യുന്ന എം80 മൂസ എന്ന ഹാസ്യ സീരിയലിലെ പാത്തൂസ് എന്ന കഥാപാത്രത്തിലൂടെയാണ് സുരഭി മലയാളികളായ പ്രേക്ഷകരുടെ മാത്രം അടുപ്പക്കാരിയായത്. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയ വേളയിലും പ്രേക്ഷകരുടെ മനസിലേക്ക് സുരഭിയുടെ മുഖം തെളിഞ്ഞു വരുന്നതു പാത്തുമ്മയായാണ്. “ഇതുപോലെ ലേക്കും കമന്റും ഇല്ലാത്ത ഒരു മനുസേൻ'' എന്ന പാത്തുമ്മയുടെ സോഷ്യൽ മീഡിയയിൽ വൈറലായ എം 80 മൂസയിലെ ഡയലോഗാണ് സുരഭിയെ പ്രേക്ഷകർക്ക് ഇത്രയധികം പ്രിയങ്കരിയാക്കിയത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സുരഭിക്കു ലഭിക്കാതെ പോയത് അന്നേറെ ചർച്ചചെയ്യപ്പെട്ടിരുന്നു. വിവാദം കെട്ടടങ്ങും മുന്പേ സുരഭിയെത്തേടി ദേശീയ പുരസ്കാരമെത്തി. അത് സുരഭിക്കുള്ള അംഗീകാരമായി. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശമായിരുന്നു സുരഭിക്ക് ലഭിച്ചത്.
ദേശീയ പുരസ്കാരം നേടിയ സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു നമുക്കു തുടങ്ങാം.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം എന്നിലേക്ക് എത്തുന്പോൾ ഈ അംഗീകാരം എന്നെ പിന്തുണച്ച എല്ലാ മലയാളികൾക്കുമാണ് ഞാൻ സമർപ്പിക്കുന്നത്. എം 80 മൂസയിലെ പാത്തുവിനു നിങ്ങൾ നൽകിയ പൂർണ പിന്തുണയാണ് അഭിനയത്തിൽ എന്നെ ഇവിടെവരെ എത്തിച്ചത്. മിന്നാമിനുങ്ങിലൂടെ ഇങ്ങനെ ഒരു ബഹുമതി കിട്ടുന്പോൾ എന്നെ തെരഞ്ഞെടുത്ത എല്ലാ ജൂറി അംഗങ്ങളോടും എന്റെ വിനീതമായ നന്ദി അറിയിക്കുന്നു. എന്നും കൂടെ നിൽക്കുന്ന കുടുംബത്തോടും സഹപ്രവർത്തകരോടും പറഞ്ഞാൽ തീരാത്ത കടപ്പാടുണ്ട്. എന്നെ ഇവിടം വരെയെത്തിച്ചത് നിങ്ങളുടെ പ്രാർഥനയും സപ്പോർട്ടും ഒന്നുതന്നെയാണ്. ഇനിയും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഇതുവരെ നിങ്ങൾ നൽകിയ പിന്തുണ ഇനിയും എന്നുമുണ്ടാകും എന്ന പ്രതീക്ഷയോടെ... നിങ്ങളുടെ സ്വന്തം സുരഭി.
2003-ൽ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ മീരാ ജാസ്മിനാണ് 14 വർഷം മുന്പ് ദേശീയ പുരസ്കാരം ഒടുവിൽ മലയാളത്തിലെത്തിച്ചത്. 1968-ൽ തുലാഭാരത്തിലെ അഭിനയത്തിലൂടെ ശാരദയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി മലയാളസിനിമയിലെത്തിച്ചത്. സ്വയംവരത്തിലൂടെ 1972-ൽ വീണ്ടും ശാരദ ഈ നേട്ടം ആവർത്തിച്ചു. 1986-ൽ നഖക്ഷതങ്ങളിലൂടെ മോനിഷയും 1993-ൽ മണിച്ചിത്രത്താഴിലെ അഭിനയത്തിന് ശോഭനയും ദേശീയ അവാർഡ് മലയാളത്തിന് സ്വന്തമാക്കി.
മകൾക്കു വേണ്ടി മാത്രം ജീവിച്ച ഒരമ്മയുടെ കഥപറഞ്ഞ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ 64-ാം ദേശീയ അവാർഡ് നേടിയ സുരഭി സൺഡേ ദീപികയുമായി സംസാരിക്കുന്നു...
അപ്രതീക്ഷിതം
അവാർഡ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രഖ്യാപിക്കുന്ന ദിവസം പോലും എനിക്കറിയില്ലായിരുന്നു. തലേന്നു രാത്രി രണ്ടു മണിവരെ ഷൂട്ട് ഉണ്ടായിരുന്നു. പിന്നീട് വീട്ടിൽ പോയി. പുലർച്ചെ അഞ്ചിന് എയർപോർട്ടിലെത്തി പ്രോഗ്രാമിനായി ഒമാനിലെ സലാലയിലേക്കു പോയി. ഫ്ലൈറ്റ് ഒരു മണിക്കൂർ ലേറ്റായിരുന്നു. അവിടെയെത്തിയപ്പോൾ സംഘാടകർ ഒരു ബൊക്കെ സമ്മാനിച്ച് നാഷണൽ അവാർഡ് വിന്നർ എന്നു സംബോധന ചെയ്തു. എനിക്കൊന്നും മനസിലായില്ല. സ്റ്റേറ്റ് അവാർഡ് കിട്ടിയതിനുള്ള അഭിനന്ദനമാകും എന്നാണ് ഞാൻ കരുതിയത്. പിന്നീടാണ് ദേശീയ അവാർഡ് എനിക്കാണെന്നു മനസിലായത്. ശരിക്കും ഞാൻ ഞെട്ടിപ്പോയി. കരച്ചിൽ നിർത്താൻ പറ്റാതായി. അരമണിക്കൂറോളം സന്തോഷം നിയന്ത്രിക്കാനാകാതെ കരഞ്ഞുപോയി. നാട്ടിലുള്ള എല്ലാവരെയും അപ്പോൾത്തന്നെ കാണണമെന്നും നാട്ടിലേക്കു വരണമെന്നും തോന്നി. പ്രോഗ്രാമിന് വന്നതുകൊണ്ട് നടന്നില്ല. രണ്ടുദിവസം ഒരുവിധത്തിൽ കടിച്ചുപിടിച്ചു നിന്ന ശേഷമാണ് നാട്ടിലെത്തിയത്. അവിടെ നിന്നു വിവിധ സംഘടനകൾ സമ്മാനിച്ച 48 കിലോ ഷീൽഡുമായാണ് നാട്ടിലെത്തിയത്.
നാടോടി സർക്കസുകർക്കൊപ്പം തുടക്കം
കോഴിക്കോട് എളേറ്റിൽ വട്ടോളിയിൽ താമസിക്കവേ നാടോടി സർക്കസുകാർക്കൊപ്പം നൃത്തംവച്ചായിരുന്നു കലാകാരിയെന്ന നിലയിൽ അരങ്ങേറ്റം. മൂന്നര വയസുള്ളപ്പോൾ അച്ഛനാണ് എന്നെ സ്റ്റേജിൽ കയറ്റിയത്. നൃത്തം ഭംഗിയാക്കിയതിന് നാട്ടുകാർ ഒരു പാക്കറ്റ് കടലയും വത്തക്ക കഷ്ണവും നൽകി. അതായിരുന്നു ആദ്യ പ്രോത്സാഹനം. പിന്നെ കുടുംബം നരിക്കുനിയിലേക്ക് മാറി. അന്പലത്തിലെയും ക്ലബ്ബുകളുടെയും പരിപാടിക്ക് നൃത്തം ചെയ്യുന്നതും നാടകത്തിൽ അഭിനയിക്കുന്നതും കുട്ടിക്കാലത്തെ പതിവായി. നാലാം ക്ലാസിൽ പഠിക്കുന്പോൾ കംസ വധത്തിലെ ശ്രീകൃഷ്ണനായിട്ടായിരുന്നു ആദ്യ നാടകാഭിനയം. പിന്നീട് സമീപത്തെ അന്പലങ്ങളിൽ ഏതു നാടകങ്ങൾ നടന്നാലും മുരുകൻ, കൃഷ്ണൻ തുടങ്ങി കുട്ടിദൈവങ്ങളുടെ വേഷം എന്റെ കുത്തകയായി മാറി.
നൃത്തപരിശീലനം
കലാസംഘാടകനായിരുന്ന വിജയൻ പാലാടിക്കുഴിയാണ് എന്നെ കലാമണ്ഡലം സത്യവ്രതന്റെ അടുത്ത് നൃത്തം പഠിക്കാൻ വിട്ടത്. ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും അവിടെ നിന്നു പഠിച്ച ു. പുന്നശേരി രാമൻകുട്ടിയുടെ ശിക്ഷണത്തിൽ ഓട്ടൻതുള്ളലും പഠിച്ചു. നാട്ടിൽ നാടകങ്ങളൊക്കെ ചെയ്തിരുന്ന മുകുന്ദനാണ് ഈ രംഗത്ത് അവസരം നൽകിയത്. സ്കൂൾ കലോത്സവ വേദികളിലും ഈ കാലത്ത് സജീവമായിരുന്നു.
സിനിമയിലേക്ക്
എന്നെക്കുറിച്ച് സംവിധായകൻ ജയരാജ് സാർ എങ്ങനെയോ അറിയാനിടയായി. അദ്ദേഹം ഭാര്യ സബിതയോട് ആ സമയത്ത് നടന്ന കലോത്സവത്തിൽ നടക്കുന്ന എന്റെ മോണോആക്ട് മത്സരം കാണാനും പരിചയപ്പെടാനും നിർദേശിച്ചു. അങ്ങനെ ജയരാജ് സംവിധാനം ചെയ്ത ബൈ ദ പീപ്പിൾ സിനിമയിൽ ചെറിയ വേഷം ലഭിച്ചു. അങ്ങനെയായിരുന്നു സിനിമാ പ്രവേശം.
കലോത്സവത്തിലും മികച്ച നടി
ഹയർ സെക്കൻഡറി കലോത്സവത്തിലും മികച്ച നടിയായിട്ടുണ്ട്. ആ സമയത്താണ് നാടകത്തോട് കൂടുതൽ പ്രിയം തോന്നിയത്. ഭരതനാട്യത്തിൽ ബിരുദവും എംഎക്ക് നാടകവും എം.ജി. സർവകലാശാലയിൽ നിന്ന് എം.ഫിലുമെടുത്തു.
ഇതിനിടെ സ്വകാര്യ ടിവി ചാനലിലെ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിലും ഒന്നാമതെത്തി. അതോടെ കൂടുതൽ അവസരങ്ങൾ തേടിയെത്തി. കെ.കെ. രാജീവ് സംവിധാനം ചെയ്ത കഥയിലെ രാജകുമാരിയെന്ന സീരിയലിൽ അഭിനയിച്ചു. പിന്നീടാണ് ജനശ്രദ്ധയാകർഷിച്ച എം 80 മൂസയിലെ പാത്തുവാകുന്നത്.
വേറിട്ട സംസാരശൈലി
നാട്ടിൻപുറത്തെ അറുപതുവയസുള്ള മുസ്ലിം സ്ത്രീകളുടെ ഭാഷ പ്രയോഗിച്ചതിലൂടെയാണ് എനിക്ക് ജനഹൃദയങ്ങളിൽ ഇടംപിടിക്കാനായത്. തിരക്കഥ, പകൽ നക്ഷത്രങ്ങൾ, അയാളും ഞാനും തമ്മിൽ തുടങ്ങി 36 സിനിമയിൽ അഭിനയിച്ചു.
ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കുറവായിരുന്നു. ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചു.
മിന്നാമിനുങ്ങ്
കുഞ്ഞുബജറ്റിൽ ചെയ്തൊരു കുഞ്ഞു സിനിമയാണ് മിന്നാമിനുങ്ങ് . സ്വന്തമായി ഒരു പേരുപോലുമില്ലാത്ത, കഷ്ടപ്പാടുകളിൽ ജീവിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ ഒരു നാൽപ്പത്തിയഞ്ചുകാരിയുടെ വേഷമാണ് മിന്നാമിനുങ്ങിൽ ചെയ്തത്. മകളുടെ ഭാവിക്കുവേണ്ടി ജീവിക്കാൻ മറന്നുപോയ സ്നേഹനിധിയായ വിധവയായ ഒരമ്മ. അമ്മവേഷം ചെയ്യുന്നതിനൊന്നും ഒരു മടിയുമില്ല. കിട്ടുന്ന കഥാപാത്രങ്ങൾ ഭംഗിയായി ചെയ്യാൻ ശ്രമിക്കും. അമ്മൂമ്മയായി അഭിനയിക്കാൻ വിളിച്ചാലും അതേറ്റെടുക്കും. അവാർഡ് കിട്ടിയെന്നു കരുതി എന്നെ ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിക്കാതിരിക്കരുത്. എല്ലാ സംവിധായകരുടെയും നടന്മാരുടെയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്.
മണിയൻപിള്ള രാജു പറഞ്ഞാൽ
എനിക്കു കിട്ടിയ അവാർഡ് ഞങ്ങളുടെ കുഞ്ഞുസിനിമയിലെ എല്ലാവർക്കും കൂടിയുള്ള അവാർഡാണ്. മണിയൻപിള്ള രാജു പുരസ്കാരം കിട്ടുമെന്നു പറഞ്ഞാൽ കിട്ടുമെന്നാണ് എന്റെയൊരു കണ്ടെത്തൽ. തിരക്കഥ എന്ന സിനിമയിൽ അഭിനയിക്കുന്പോൾ പ്രിയാമണിക്ക് പുരസ്കാരം കിട്ടുമെന്ന് പറഞ്ഞു, കിട്ടി. എനിക്കും അതുപോലെ തന്നെ സിനിമ കണ്ട ശേഷം അവാർഡ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു..കിട്ടി
സിനിമയെ ഒറ്റയ്ക്കു തോളിലേറ്റിയ നടി
ഒറ്റയ്ക്ക് ഒരു സിനിമയെ തോളിലേറ്റുന്നതായിരുന്നു മിന്നാമിനുങ്ങിൽ സുരഭിയുടെ പ്രകടനമെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ സുരഭി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നെന്നാണ് വിധിനിർണയസമിതിയുടെ അഭിപ്രായം. മലയാളത്തിലെയല്ല കോടികൾ ഒരു സിനിമയ്ക്കു പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടിമാർ പോലും ദേശീയപുരസ്കാരം നേടിയ സുരഭി ആരാണെന്നു തിരക്കുകയാണിപ്പോൾ. കാരണം കാര്യമായ ലൈക്കും കമന്റുമില്ലാത്ത ഒരു നടിയാണല്ലോ അവരെയെല്ലാം പിന്തള്ളി ഇന്ത്യൻ സിനിമയുടെ നെറുകയിലെത്തിയിരിക്കുന്നത്. ബിസിനസുകാരനായ വിപിനാണു സുരഭിയുടെ ഭർത്താവ്.
പ്രദീപ് ഗോപി