കാസർഗോഡ് ടു കോളിവുഡ്
Saturday, April 15, 2017 2:03 PM IST
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോഡ് സ്വദേശി മഹിമ നന്പ്യാർ ആകെ ത്രില്ലിലാണ്. കാരണം താൻ നായികയായ ഒരു ചിത്രത്തിന്റെ സൂപ്പർ ഹിറ്റ് വിജയം. കൂടാതെ സാക്ഷാൽ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ അഭിനന്ദനം. രജനീകാന്ത് അണിയറപ്രവർത്തകരെയെല്ലാം വീട്ടിലേക്കു ക്ഷണിച്ചു വിരുന്നും നൽകിയിരുന്നു. അറിവഴിഗൻ ആണ് ഈ മെഡിക്കൽ ത്രില്ലർ ഒരുക്കിയത്. വെറും നാലു സിനിമകൾ കൊണ്ടുതന്നെ തമിഴ്മക്കളുടെ പ്രിയങ്കരിയായി മാറിയ മഹിമയുടെ വിശേഷങ്ങൾ.
അഭിനയം അപ്രതീക്ഷിതം
എസ്എസ്എൽസി പരീക്ഷ എഴുതി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ആദ്യ അവസരത്തെക്കുറിച്ച് മഹിമ പറയുന്നു- ""കാസർഗോഡ് ഗവ.കോളജിന്റെ ഒരു ഡോക്യുമെന്ററിയിൽ അഭിനയിച്ചിരുന്നു. ഇതാണ് ദിലീപ് നായകനായ കാര്യസ്ഥൻ എന്ന സിനിമയിലേക്കുള്ള വഴി തുറന്നു തന്നത്. വളരെ ചെറിയൊരു വേഷമായിരുന്നെങ്കിലും നല്ലൊരു അനുഭവമാണ് ആദ്യ സിനിമ സമ്മാനിച്ചത്.’’
ഭാഗ്യമായി തമിഴകം
തുടക്കം മലയാളത്തിലായിരുന്നെങ്കിലും തമിഴ് മണ്ണാണ് മഹിമയ്ക്കു ഭാഗ്യം സമ്മാനിച്ചത്. സേട്ടൈ ആണ് തമിഴിലെ ആദ്യചിത്രം. സമുദ്രക്കനി നായകനായ ചിത്രത്തിൽ അറിവഴഗി എന്ന പ്ലസ്ടു വിദ്യാർഥിനിയുടെ വേഷമായിരുന്നു. ചിത്രം നല്ല അഭിപ്രായം നേടിയിരുന്നു. എന്നമോ നടക്ക്ത് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയാവുന്നത്. മൊസക്കുട്ടി ആയിരുന്നു മൂന്നാമത്തെ ചിത്രം. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം പുറത്തിറങ്ങിയ കുട്രം 21 എന്ന സിനിമയിൽ നാഗരിക യുവതിയുടെ വേഷം. കരിയറിലെ ഏറ്റവും വലിയ വിജയവും ചിത്രം സമ്മാനിച്ചു. പുറത്തിറങ്ങാനിരിക്കുന്ന നാലു സിനിമകളും മഹിമയ്ക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
മലയാളത്തിലേക്ക്
നിലവിൽ മികച്ച അവസരം ലഭിക്കുന്നത് തമിഴിലാണെങ്കിലും മലയാളത്തിൽ ഓഫർ വന്നാൽ അതിനായിരിക്കും മുൻഗണനയെന്ന് മഹിമ പറയുന്നു. ഗോപിക എന്നാണ് മഹിമയുടെ യഥാർഥ പേര്. ഇതേപേരിൽ മറ്റൊരു നടിയുണ്ടായതിനാലാണ് പേരു മാറ്റിയത്. എൻജിനിയറായ സുധാകരന്റെയും അധ്യാപികയായ വിദ്യയുടെയും മകളാണ്. സഹോദരൻ ഉണ്ണികൃഷ്ണൻ എൻജിനിയറാണ്.
ഷൈബിൻ ജോസഫ്