രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
Saturday, April 1, 2017 2:27 PM IST
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മലയാളി നഴ്സുമാരുടെ മോചനദൗത്യമാണു പ്രമേയം. 2014 ൽ ഇറാക്കിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കി ചെയ്ത സിനിമ. അതിനോടൊപ്പം തന്നെ നഴ്സുമാരുടെ യഥാർഥ ജീവിതത്തിലേക്കുള്ള ഒരെത്തിനോട്ടവുമാണ് ടേക്ക് ഓഫ്. ഞാനും പാർവതിയും നഴ്സുമാരായിട്ടാണു വേഷമിടുന്നത്... ”
എഡിറ്റർ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ ഷഹീദായി വേഷമിട്ട കുഞ്ചാക്കോ ബോബൻ.
രാജേഷ്പിള്ള ഫിലിംസിന്റെ ആദ്യചിത്രം...
രാജേഷ്പിള്ളയുടെ വിയോഗശേഷം അദ്ദേഹത്തോടു സ്നേഹമുള്ളവർ പെട്ടെന്നുകൂടി തീരുമാനിച്ചതിന്റെ ഫലമാണ് ഇങ്ങനെ ഒരു സിനിമ. മേഘ രാജേഷ്പിള്ള നേതൃത്വം നല്കുന്ന രാജേഷ്പിള്ള ഫിലിംസുമായി ചേർന്നാണ് ടേക്ക് ഓഫിന്റെ നിർമാണം. ആന്റോ ജോസഫും ഷെബിൻ ബെക്കറുമാണ് നിർമാതാക്കൾ. 2011 ൽ വന്ന ട്രാഫിക് മലയാളസിനിമയ്ക്ക് ഒരു ചെയ്ഞ്ച് തന്നതുപോലെ ഒരു ഫീൽ 2017ൽ ടേക്ക്ഓഫ് വന്നപ്പോൾ നമുക്കു കിട്ടുന്നുണ്ട്. കാരണം, മേക്കിംഗിലും ടെക്നിക്കൽ കാര്യങ്ങളിലും പ്രമേയത്തിലുമൊക്കെ അതുമായി ഏറെ സാദ്യശ്യങ്ങൾ കാണുന്നുണ്ട്. കലാപത്തിൽ കുടുങ്ങിയ ഒരു കൂട്ടം നഴ്സുമാരെ അന്യരാജ്യത്തുനിന്ന് ഇന്ത്യയിലേക്കു കൊണ്ടുവരുന്പോൾ നേരിടുന്ന പ്രശ്നങ്ങളും സംഭവങ്ങളുമൊക്കെയാണു ടേക്ക്ഓഫ്.
നഴ്സുമാരുടെ ജീവിതത്തിലൂടെ കഥ പറയുന്പോൾ...
കേരളത്തിൽ നഴ്സുമാരുടെ എണ്ണം വളരെയധികമാണ്. നഴ്സുമാരെ ആശ്രയിച്ചു ജീവിക്കുന്ന ഏറെ കുടുംബങ്ങളുണ്ട്. അവർക്കൊക്കെ ഈ സിനിമയുടെ പ്രമേയം തങ്ങളുടെ ജീവിതവുമായി പെട്ടെന്നു ബന്ധപ്പെടുത്താനാവും. ട്രാഫിക്ക് ഇറങ്ങിയപ്പോൾ അതിൽ പറയുന്നതുപോലെയൊക്കെ സംഭവിക്കുമോ എന്ന കാര്യത്തിൽ ആളുകൾക്കു സംശയമുണ്ടായിരുന്നു. സിനിമയിൽ പറയുന്നതൊക്കെ റിയലിസ്റ്റിക് ആണോ എന്ന മട്ടിൽ സന്ദേഹങ്ങളുണ്ടായിരുന്നു. പക്ഷേ, ടേക്ക് ഓഫിൽ അതിനു സാധ്യതയില്ല. ഇതു നടന്ന സംഭവമാണ്. ഈ സിനിമ നഴ്സുമാരുടെ ജീവിതത്തിലേക്ക് ഏറെ കടന്നുചെല്ലുന്നുണ്ട്. കുടുംബപരമായും തൊഴിൽപരമായും നഴ്സുമാർ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ അതേരീതിയിൽ തന്നെ സിനിമയിൽ കാണിക്കുന്നുണ്ട്.
ഈ ചിത്രം രാജേഷ്പിള്ളയോട് നീതിപുലർത്തുന്നതാണോ..?
രാജേഷ് പിള്ളയുമായി ബന്ധമുള്ള സിനിമ തന്നെയാണിത്. രാജേഷിന്റെ മനസിലുണ്ടായിരുന്ന ഒരു സിനിമ ; അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഒരു സിനിമ - അതാണു ടേക്ക് ഓഫ്. മഹേഷ് നാരായണൻ ആദ്യം ഈ കഥ പറയുന്പോൾ വളരെ ചെറിയ ഒരു സിനിമ, ചെറിയ ഒരു കുടുംബ കഥ, ഒരു ഫീൽ ഗുഡ് സിനിമ എന്ന രീതിയിലായിരുന്നു കാര്യങ്ങൾ. അതിനുശേഷമാണ് ഇതു ബിഗ് ബജറ്റ് ചിത്രമായത്. ഏറെ ആർട്ടിസ്റ്റുകളുണ്ട്. ഏറെ പ്രഗല്ഭരായ ടെക്നീഷൻസുണ്ട്. മേക്കിംഗിന്റെ കാര്യത്തിലും അന്തർദേശീയ നിലവാരം പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ടെക്നിക്കലിയും ഒരു ക്വാളിറ്റി സിനിമയാണു ടേക്ക്ഓഫ്. ഇതിന്റെ കാമറ കൈകാര്യം ചെയ്തത് വിശ്വരൂപം പോലെയുള്ള സിനിമകൾ ചെയ്ത് അനുഭവസന്പത്തുള്ള സാനു ജോണ് വർഗീസാണ്. ഈ കഥയോടും രാജേഷ് പിള്ള എന്ന സംവിധായകനോടുമുള്ള താത്പര്യം കൊണ്ടാണ് സാനു ഇവിടെ വന്നത്.
മുഖ്യ കഥാപാത്രങ്ങളെക്കുറിച്ച്...
ആർട്ടിസ്റ്റുകളായ പാർവതി, ഫഹദ്, ആസിഫ്, ഞാൻ... ഞങ്ങളെല്ലാവരും ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളെയാണ് ഇതിൽ അവതരിപ്പിച്ചത്. ഞാൻ ആദ്യമായിട്ടാണു മെയിൽ നഴ്സിന്റെ കാരക്ടർ ചെയ്യുന്നത്. പാർവതി ആദ്യമായിട്ടാണ് നഴ്സാകുന്നത്. പാർവതി ഇതിൽ മുഖ്യകഥാപാത്രമാണ്. കഥാപാത്രത്തിന്റെ പേര് സമീറ. റിയൽലൈഫ് കാരക്ടറിനെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദ് ഇന്ത്യൻ അംബാസഡറുടെ വേഷമാണു ചെയ്യുന്നത്. ആസിഫ് അലിയുടേത് വളരെ പ്രത്യേകതയുള്ള ഒരു കാരക്ടറാണ്. ഇതെല്ലാം ഈ സിനിമയെ സംബന്ധിച്ചിടത്തോളം ആവേശം നിറയ്ക്കുന്ന ഘടകങ്ങളാണ്. ഒരു നല്ല സിനിമയുടെ ബാക്ക്ഡ്രോപ്പും കൂടിയാകുന്പോൾ, പ്രത്യേകിച്ചും രാജേഷിന്റെ ഓർമ നിലനിർത്താനുള്ള സിനിമ കൂടിയാകുന്പോൾ എല്ലാവരും ഏറ്റവും നല്ലരീതിയിൽ സഹകരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
മഹേഷ് നാരായണന്റെ സംവിധാനം...
മഹേഷ് നാരായണന്റെ കഥയ്ക്ക് അദ്ദേഹവും കഥാകൃത്ത് പി.വി. ഷാജികുമാറും ചേർന്നു തിരക്കഥയും സംഭാഷണവുമൊരുക്കി. മഹേഷ് ഈ സിനിമയ്ക്കുവേണ്ടി ഏറെ ഹോംവർക്ക് ചെയ്തിട്ടുണ്ട്. പ്രമേയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുകയും യഥാർഥ സംഭവത്തിലെ ആളുകളുമായി സംസാരിക്കുകയും ചെയ്തു. അതിനാൽ അഭിനേതാക്കളുടെ സംശയങ്ങൾ നിവർത്തിച്ചുതരാൻ അദ്ദേഹത്തിനു സാധ്യമായിട്ടുണ്ട്. ഹൈദരാബാദ്, എറണാകുളം, റാസൽഖൈമ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഏറെ ഗ്രാഫിക്സ് വർക്കുകൾ ഉള്ളതിനാൽ വലിയ ബജറ്റിൽ തീർന്ന സിനിമയാണിത്. എഡിറ്റിംഗും മഹേഷാണു ചെയ്തത്.
മൾട്ടിസ്റ്റാർ ചിത്രമെന്ന നിലയിൽ...
എല്ലാവർക്കും ഏറ്റവും പ്രധാനപ്പെട്ട റോളുകളാണ് ഈ സിനിമയിലുള്ളത്. അതു സിനിമയ്ക്കു മൊത്തത്തിൽ ഗുണകരമാകുമെന്നു കരുതുന്നു. ഈ സിനിമയുടെ കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടു കൂടിയാണ് ഇവരെല്ലാവരും അഭിനയിക്കാൻ തയാറായി വന്നത്. രാജേഷ്പിള്ളയോടുള്ള സ്നേഹം എന്നതിനൊപ്പം നല്ല ഒരു സിനിമയുടെ ഭാഗമാവുക എന്ന ഘടകം കൂടിയുണ്ടല്ലോ. അതുകൂടിയുള്ളതുകൊണ്ടാണ് എല്ലാവരും ഈ സിനിമയോടു സഹകരിക്കാൻ തയാറായത്.
ഇറാക്കിലെ സീനുകൾ ചിത്രീകരിച്ചത്...
ഇറാക്കിൽ പോയി ഷൂട്ട് ചെയ്യാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ, അവിടെ പെർമിഷൻ കിട്ടിയില്ല. അതിനാൽ റാസൽഖൈമയിലാണു ഷൂട്ട് ചെയ്തത്. അവിടെ ഗോസ്റ്റ് വില്ലേജ് എന്ന ഒരു പ്രദേശമുണ്ട്. യുദ്ധത്തിന്റെ നാശനഷ്ടങ്ങളൊക്കെ ഫീൽ ചെയ്യുന്ന തരത്തിലുള്ള റിയലിസ്റ്റിക്കായ ഒരു പ്രദേശമാണത്. അവിടെയായിരുന്നു ഷൂട്ടിംഗ് ഏറെയും. പിന്നെ ഗ്രാഫിക്സ് സാങ്കേതികത ഫലപ്രദമായി പ്രയോജനപ്പെടുത്തിയതിനാൽ പ്രേക്ഷകന് അവിടം ഒരുതരത്തിലും ഇറാക്ക് അല്ല എന്നു പറയാനുമാവില്ല. അത്രയും മികച്ച ക്വാളിറ്റിയിലാണു നിർമാണം. ഏറ്റവും വലിയ വെല്ലുവിളി ടെക്നിക്കലി തന്നെയായിരുന്നു. യുദ്ധത്തിന്റെയും കലാപത്തിന്റെയും കഥാപശ്ചാത്തലമുള്ളതിനാൽ കഥാപാത്രങ്ങൾക്കു സ്പെഷൽ മേക്കപ്പ് ഉണ്ടായിരുന്നു. രഞ്ജിത്ത് അന്പാടിയാണ് അതു നിർവഹിച്ചത്. അദ്ദേഹത്തിന്റെ മികച്ച വർക്കുകളിലൊന്നാണിത്. സന്തോഷ് രാമനാണ് ഈ ചിത്രത്തിന്റെ ആർട്ട് ഡയറക് ഷൻ നിർവഹിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും നല്ല വർക്കുകളിലൊന്നാണു ടേക്ക് ഓഫ്.
പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യമുണ്ടോ...
ത്രില്ലർ പടം എന്നതിനപ്പുറം ടേക്ക് ഓഫിൽ കുടുംബജീവിതമുണ്ട്. ബന്ധങ്ങളുടെ കാര്യങ്ങളുണ്ട്. മോചനദൗത്യമുണ്ട്. അങ്ങനെ എല്ലാത്തരത്തിലും ഇമോഷണൽ ത്രില്ലർ എന്ന കാറ്റഗറിയിൽപ്പെടുത്താവുന്ന സിനിമയാണു ടേക്ക് ഓഫ്. ഒട്ടും സിനിമാറ്റിക് ആവാതെ വളരെ റിയലിസ്റ്റിക്കായി എടുക്കാനാണു ശ്രമിച്ചിട്ടുള്ളത്. അങ്ങനെ യാണു ഞങ്ങൾ ഈ സിനിമയെ സമീപിച്ചിരിക്കുന്നത്. സംഗീതം ഷാൻ റഹ്മാൻ. റീ റിക്കോർഡിംഗ് ഗോപീസുന്ദർ. അദ്ദേഹം ഏറെ ആവേശത്തിലായിരുന്നു. കാരണം, ഇത്തരം ബാക്ക്ഡ്രോപ്പിലുള്ള ഒരു സിനിമ ഗോപി ആദ്യമായിട്ടാണു ചെയ്തത്. ഒരു ക്രിയേറ്റർ എന്ന നിലയിൽ അദ്ദേഹത്തിന് ഏറെ ആവേശവും സംതൃപ്തിയും നല്കിയ പ്രോജക്ടാണിത്.
ടേക്ക്ഓഫിന്റെ മറ്റു പ്രത്യേകതകൾ...
മഹേഷിന്റെ പ്രതികാരത്തിനുശേഷമുള്ള ഫഹദിന്റെ ചിത്രമാണു ടേക്ക് ഓഫ്. ഞാനും ഷാനുവും(ഫഹദ് ഫാസിൽ) ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ. ഞാനും പാർവതിയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ. പാർവതിയും ഫഹദും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ. അനിയത്തിപ്രാവ് റിലീസായി 20 വർഷമായി. അനിയത്തിപ്രാവിലൂടെ എന്നെ കൊണ്ടുവന്ന പാച്ചിക്കയുടെ(ഫാസിൽ) മകനാണു ഷാനു. ഞങ്ങൾ രണ്ടുപേരുംകൂടി ഒരു പടം ചെയ്യണമെന്ന് ഒരുപാടു നാളായി ആഗ്രഹിക്കുന്നതാണ്. അത് ഇങ്ങനെയൊരു നല്ല സിനിമയിലൂടെ ആയതിൽ ഞങ്ങൾ രണ്ടുപേർക്കും വലിയ സന്തോഷവും അഭിമാനവുമുണ്ട്.
ടി.ജി.ബൈജുനാഥ്