C\O ഷെയിൻ നിഗം
Saturday, March 25, 2017 2:19 PM IST
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കുസൃതിയുമെല്ലാം കലർന്ന അമ്മയുടേയും മകന്റെയും ജീവിതത്തിലേക്ക് നിഴൽപോലെ ഒരു ദുരന്തം കടന്നെത്തുന്നു. അതിൽ നിന്നു മകനെ രക്ഷപ്പെടുത്തി അവന്റെ സ്വപ്നങ്ങൾ അവനു തിരികെ നൽകാൻ പോരാടുന്ന ഒരമ്മയുടേയും അമ്മയെ ജീവനേക്കാളേറെ സ്നേഹിക്കുന്ന മകന്റെയും കഥയാണ് c/oസൈറാ ബാനു. ബാനുവായി മഞ്ജു വാര്യർ നിറഞ്ഞാടിയപ്പോൾ ജോഷ്വയായെത്തിയ ഷെയിൻ "നമ്മുടെ വീട്ടിലെ കുട്ടി' എന്ന ടാഗ് ലൈൻ സ്വന്തമാക്കിക്കഴിഞ്ഞു.
"ദൈവത്തിന്റെ കരങ്ങൾ' എന്നൊരു പ്രയോഗം സിനിമയിലെ ചില സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. അത്തരമൊരു സ്പർശമുണ്ട് ഷെയിൻ നിഗം എന്ന കലാകാരനിലും. ഒരു ചലച്ചിത്ര താരത്തിന്റെ മകൻ സിനിമയിലേക്കെത്തുന്നതിന്റെ യാതൊരുവിധ ബഹളങ്ങളുമില്ലാതെയാണ് ഷെയിൻ ബിഗ് സ്ക്രീനിലേക്ക് പ്രവേശിച്ചത്. ആദ്യ സിനിമയായ കിസ്മത്തിലെ ഇർഫാനായും c/o സൈറാ ബാനുവിലെ ജോഷ്വ എന്ന നിയമ വിദ്യാർത്ഥിയായും ജനഹൃദയങ്ങളിൽ കയറിക്കൂടിയ ഷെയിൻ നിഗമിന്റെ വിശേഷങ്ങളിലേക്ക്...
സൂപ്പർ ഡാൻസർ ഷെയിൻ
ഷെയിനിനെ പ്രേക്ഷകർ ആദ്യമായി കാണുന്നത് സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. റിയാലിറ്റി ഷോയിലേക്ക് എത്തിയതിനെക്കുറിച്ച് ഷെയിൻ പറയുന്നു, ""ഡാൻസ് ചെറുപ്പം മുതൽ എന്റെ പാഷനായിരുന്നു. അതുകൊണ്ടാണ് സൂപ്പർ ഡാൻസർ ജൂനിയറിലേക്ക് മത്സരാർഥികളെ ക്ഷണിക്കുന്നു എന്ന പരസ്യം കണ്ടപ്പോൾ പങ്കെടുക്കാമെന്ന് കരുതിയത്.’’ സൂപ്പർ ഡാൻസർ ജൂനിയർ സെമി ഫൈനൽ വരെ നിന്ന ഷെയിൻ മത്സരത്തിൽ നിന്നു വിടപറഞ്ഞത് ശരിക്കുമൊരു സൂപ്പർ ഡാൻസറായിത്തന്നെയായിരുന്നു.
കുട്ടിച്ചാത്തനും ഷെയിനും
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിന്റെ ഒന്നും രണ്ടും ഭാഗങ്ങളിൽ ഷെയിനുണ്ടായിരുന്നു. കുട്ടിച്ചാത്തന്റെ കുട്ടുകാരനായ വിവിയായാണ് ഷെയിനിനെ കുട്ടികൾക്കു പരിചയം. കുട്ടിച്ചാത്തനു ശേഷം മിനി സ്ക്രീൻ വിട്ട ഷെയിനിനെ പിന്നെ നമ്മൾ കണ്ടത് ബിഗ് സ്ക്രീനിലാണ്.
ഒരു ബിഗ് എൻട്രി
താന്തോന്നി എന്ന സിനിമയിലൂടെയായിരുന്നു ഷെയിനിന്റെ ബിഗ് സ്ക്രീൻ എൻട്രി. ""താന്തോന്നിയിൽ പൃഥ്വിരാജിന്റെ കുട്ടിക്കാലം ആയിരുന്നു ഞാൻ ചെയ്തത്. അതിൽ വാപ്പച്ചിയും ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് വലിയ ടെൻഷൻ ഒന്നും തോന്നിയില്ല. താന്തോന്നിക്കുശേഷം ഞാൻ ചെയ്തത് അൻവറായിരുന്നു. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സൗബിൻ ഷാഹിറാണ് എന്നെ വിളിച്ചത്.'' സിനിമാ ജീവിതത്തിലെ ആദ്യകാല ഓർമകളിൽ നിന്ന് ഷെയിൻ തുടർന്നു ""കുറച്ചു നാളുകൾക്കു ശേഷം എനിക്കു വീണ്ടും സിനിമയിലേക്കു ക്ഷണം വന്നു. അതും സൗബിനിക്ക വഴിയായിരുന്നു. അദ്ദേഹമാണ് രാജീവ് സാറിന്റെ അന്നയും റസൂലും എന്ന സിനിമയിലേക്ക് എന്നെ റെക്കമൻഡ് ചെയ്തത്. അന്നു മുതലാണ് ഒരു സിനിമാതാരം എന്ന നിലയിൽ എന്നെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്.'' നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാല്യകാലസഖി എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ ഷെയിനുണ്ടായിരുന്നു.
കിസ്മത്തായ കിസ്മത്ത്

ബാല്യകാല സഖി എന്ന സിനിമ കഴിഞ്ഞ് വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷനായ ഷെയിൻ തിരിച്ചെത്തിയത് ഷാനവാസ് കെ. ബാവുട്ടിയുടെ കിസ്മത്തിലൂടെയാണ്. കിസ്മത്തിലേക്കെത്തിയതിനെക്കുറിച്ച് ഷെയിൻ പറയുന്നതിങ്ങനെ :""ഷാനവാസ് ഇക്കയോട് രാജീവ് സാറാണ് ഇർഫാനായി എന്റെ പേരു പറഞ്ഞത്. ലോ ബജറ്റിൽ നിൽക്കുന്ന ചിത്രമായതുകൊണ്ടു തന്നെ എല്ലാം എക്സ്പിരിമെന്റലായിരുന്നു. എന്നിട്ടും ഇർഫാൻ എന്ന കഥാപാത്രം പുതുമുഖമായ എന്നെ വിശ്വസിച്ചേൽപ്പിച്ചു.''
ഇർഫാനിൽ നിന്നു ജോഷ്വയിലേക്ക്
കിസ്മത്ത് കഴിഞ്ഞ് ഷെയിൻ ആദ്യമായി കേട്ട കഥയാണ് c/o സൈറാ ബാനു. കഥ കേട്ടപ്പോൾ പലയിടത്തും ഞാൻ എന്നേയും എന്റെ ഉമ്മച്ചിയേയുമാണ് കണ്ടത് എന്നു പറഞ്ഞാണ് ഷെയിൻ സംസാരിച്ചു തുടങ്ങിയത്. സൈറാ ബാനുവിന്റെ വിശേഷങ്ങളിലേക്ക്. ""ഒരു ദിവസം എനിക്കൊരു ഫോണ് വന്നു. കിസ്മത്തിന്റെ റിലീസിനു മുന്പാണ് സംഭവം. സംവിധായകൻ ആന്റണി സോണിയാണ് വിളിച്ചത്. കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. ഞാൻ ചെയ്യാം എന്ന് പറയുകയും ചെയ്തു. പക്ഷേ ചില പ്രശ്നങ്ങൾ കാരണം സിനിമയുടെ ചിത്രീകരണം നീണ്ടുപൊയ്ക്കൊണ്ടേയിരുന്നു.
കിസ്മത്തിന്റെ റിലീസ് കഴിഞ്ഞ് രണ്ടാഴ്ചയായിക്കാണും. ആന്റണി ചേട്ടൻ എന്നെ വീണ്ടും വിളിച്ചു. "എല്ലാം ഓക്കെയാണ്. നമുക്ക് ഉടൻ തന്നെ തുടങ്ങണം’ എന്ന് ചേട്ടൻ പറഞ്ഞു. കൊമേർഷ്യലി എനിക്ക് ഒരു വാല്യുവും കിട്ടിത്തുടങ്ങാത്ത സമയത്താണ് അദ്ദേഹം എന്നെ ജോഷ്വയാക്കാൻ തീരുമാനിച്ചത്. ആ ഉറപ്പിന് എനിക്ക് തിരികെ നൽകാൻ സാധിക്കുന്ന ഒന്നേയുള്ളൂ, കഥാപാത്രത്തോട് നീതി പുലർത്തുക. പിന്നെ എടുത്തുപറയേണ്ട ഒന്ന് ഈ സിനിമയുടെ കഥയെക്കുറിച്ചാണ്. കാരണം ഇതു വെറുതേ എന്തിനോവേണ്ടി എടുത്തു പോയ ഒരു സിനിമയല്ല. അതിനപ്പുറത്തേക്ക് സമൂഹത്തിനു നൽകാൻ ആഴത്തിലുള്ളൊരു സന്ദേശം ഈ സിനിമയിലുണ്ട്.''
കെമിസ്ട്രിക്കു പിന്നിൽ മഞ്ജു വാര്യർ
കിസ്മത്തിലെ എടുത്തുചാട്ടക്കാരൻ ഇർഫാനിൽ നിന്ന് ജോഷ്വാ എന്ന നിഷ്കളങ്കനായി ഷെയിൻ മാറിയ മാറ്റത്തിനു പിന്നിൽ വലിയ കഠിനാധ്വാനമുണ്ട്. എന്നാൽ ജോഷ്വയും ബാനുവും തമ്മിലുള്ള കെമിസ്ട്രിയുടെ എല്ലാ ക്രെഡിറ്റും മഞ്ജു വാര്യർക്കാണെന്നാണ് ഷെയിൻ പറയുന്നത്. ""എല്ലാ സീനും ചെയ്യുന്നതിനു മുന്പുതന്നെ മഞ്ജുചേച്ചി എന്നെ അതിന്റെ കംഫർട്ടബിൾ ലെവലിലേക്ക് കൊണ്ടു വന്നിരുന്നു. ഒപ്പം നിൽക്കുന്ന ആർട്ടിസ്റ്റ് നമുക്കൊരു സ്പേസ് തന്നില്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കാറില്ല. ആ സ്പേസ് മഞ്ജു ചേച്ചി തന്നത് പുതിയ ആൾ എന്ന നിലയിൽ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഇതെല്ലാം ജോഷ്വ എന്ന കഥാപാത്രത്തെ മികച്ചതാക്കാൻ പ്രയോജനപ്പെട്ടു.''
സൂര്യപുത്രിക്കൊപ്പം
25 വർഷത്തിനുശേഷമാണ് മലയാളത്തിന്റെ സൂര്യപുത്രി അമല മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. അമലയോടൊപ്പം അഭിനയിച്ചതിന്റെയും ത്രിൽ ഇപ്പോഴും ഷെയിനിന്റെ വാക്കുകളിൽ നിറയുന്നു. ""അമല മാമിനൊപ്പം വളരെ കുറച്ച് സീനിൽ മാത്രമാണ് ഞാനുള്ളത്. ഒരു വ്യക്തിക്ക് എത്രമാത്രം ഡൗണ് ടു എർത്ത് ആകാൻ സാധിക്കുമെന്നാണ് മാമിൽ നിന്ന് ഞാൻ പഠിച്ചത്. മാമിന്റെ വിനയവും പെരുമാറ്റവുമെല്ലാം മാമിനോടുള്ള എന്റെ ആരാധന കൂട്ടി.''
എന്റെ ലോകം
സിനിമാ- മിമിക്രി വേദികളിൽ കാണികളെ കൈയിലെടുത്ത അബിയുടെ മകനാണ് ഷെയിൻ നിഗം. ഒരു കഥ കേട്ട് ഇഷ്ടമായാൽ ഷെയിൻ ആദ്യം പോവുക വാപ്പയോട് കഥയെക്കുറിച്ച് സംസാരിക്കാനാകും. കഥ വാപ്പയ്ക്കും ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ ആത്മവിശ്വാസം തനിയെ ഇരട്ടിക്കും എന്നാണ് ഷെയിൻ പറയുന്നത്. മകന്റെ ഇഷ്ടങ്ങൾക്ക് പൂർണ പിന്തുണയുമായി ഉമ്മ സുനിലയുമുണ്ടാകും. അനിയത്തിമാരായ അഹാനയും അലീനയും ചേട്ടന്റെ ഒപ്പം തന്നെയുണ്ട് എന്നതും ഷെയിൻ പറയുന്നത് ഏറെ സന്തോഷത്തിലാണ്.
c/oസൈറാ ബാനുവിൽ ജോഷ്വയുടെ സ്വപ്നം ഫോട്ടോഗ്രഫിയാണെങ്കിൽ അവസാന വർഷ എൻജിനിയറിംഗ് വിദ്യാർഥിയായ ഷെയിനിന്റെ ഏറ്റവും വലിയ സ്വപ്നമാണ് സിനിമാറ്റോഗ്രഫി പഠനം. ഉടൻ തന്നെ സ്വപ്നങ്ങളെല്ലാം കൈയെത്തിപ്പിടിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട് ഷെയിനിന്റെ വാക്കുകളിൽ.
ബി. അജിത്ത് കുമാർ സംവിധാനം ചെയുന്ന പുതിയ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഷെയിനിപ്പോൾ. കിസ്മത്തിലൂടെ പ്രണയനൊന്പരവും c/oസൈറാ ബാനുവിലൂടെ അമ്മ-മകൻ സ്നേഹവും പ്രേക്ഷകർക്കു സമ്മാനിച്ച ഷെയിനിന്റെ പുത്തൻ ചിത്രത്തിനായുള്ള കാത്തിരിപ്പ് ആരാധകർ തുടങ്ങിക്കഴിഞ്ഞു.
എ.എ