ഒരു കട്ട തകർപ്പൻ പടം
Saturday, March 18, 2017 2:17 PM IST
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു. നല്ല പോർക്കിറച്ചിയുടെയും കപ്പയുടെയും മണമുള്ള അങ്കമാലിയുടെ ഇടവഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രം. സിനിമ സംവിധായകന്റെ കലയാണെന്ന് അടിവരയിട്ടുറപ്പിക്കുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്. തിരക്കഥയാണു സിനിമയുടെ നട്ടെല്ല്. ഇക്കാര്യത്തിൽ ചെന്പൻ വിനോദ് ഞെട്ടിച്ചിരിക്കുന്നു. നായകനും നായികയും ഉൾപ്പെടെ 86 പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യാനുള്ള ചങ്കുറ്റം മുതൽ ഒട്ടും അസ്വാഭാവികതയില്ലാതെ അവരെ കഥാപാത്രങ്ങളാക്കി മാറ്റുന്നതിൽ കാണിച്ച പക്വതയും എല്ലാം ലിജോ ജോസ് പെല്ലിശേരിഎന്ന സംവിധായകന്റെ വ്യത്യസ്തത തേടിയുള്ള യാത്രയ്ക്ക് ഉദാഹരണമാണ്. അങ്കമാലിയുടെ കഥപറയാൻ അങ്കമാലിക്കാരെ തന്നെ തെരഞ്ഞെടുത്തു എന്നതാണ് സിനിമയുടെ വിജയം. 86 പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കണ്ട് പരിചയമുള്ള മുഖങ്ങളെ ചിത്രത്തിൽ കണ്ടെത്താൻ കഴിയില്ല. പക്ഷെ പുതുമുഖങ്ങളുടെ സിനിമ എന്ന തോന്നൽ പ്രേക്ഷകന് ഉളവാകുകയുമില്ല.
നായകൻ മുതലുള്ള ലിജോയുടെ ഓരോ ചിത്രവും ഓരോ പരീക്ഷണങ്ങളയിരുന്നു. സിറ്റി ഓഫ് ഗോഡ്., ആമേൻ, ഡബിൾ ബാരൽ എന്നിവയിലുടെ വ്യത്യസ്തത തേടിയുള്ള യാത്ര അങ്കമാലി ഡയറിയിൽ എത്തിനിൽക്കുന്നു. വിജയം മാത്രം മുന്നിൽ കാണാതെ വ്യത്യസ്തമായ ചലച്ചിത്ര അനുഭവം പ്രേക്ഷകർക്ക് നൽകുകയാണ് അദ്ദേഹം തന്റെ ഓരോ ചിത്രത്തിലും.
അങ്കമാലിയുടെ പോർക്ക് കറിയിലൂടെ തുടങ്ങി അങ്കമാലിക്കാരുടെ തനത് വാക്കുകളിലൂടെയും കൊട്ടുപാടുകളിലൂടേയും പ്രേക്ഷകരേയും അങ്കമാലിക്കാരാക്കി മാറ്റാൻ സംവിധായകന് സാധിച്ചിരിക്കുന്നു.ക്വട്ടേഷനും അടിപിടികളും കൊച്ചിക്കാരന്റെ മാത്രമല്ല, ഓരോ നാടിനും അതിന്റെ പശ്ചാത്തലത്തിൽ ഇത്തരം ജീവിതങ്ങളെ കണ്ടെത്താനാകുമെന്നും അങ്കമാലിയുടെ ഈ ഡയറിത്താളുകൾ പ്രേക്ഷകന് കാണിച്ചുതരുന്നുണ്ട്.
ഒട്ടും ബോറടിപ്പിക്കാതെ, ബഹളത്തിന്റെ അതിപ്രസരമില്ലാതെ വയലൻസ് രംഗങ്ങൾ സ്വാഭാവികതയോടെ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അവസാനത്തെ 11 മിനിറ്റ് ദൈർഘ്യമുള്ള സിംഗിൾ ഷോട്ട് ക്ലൈമാക്സ് അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്നതാണ്. സിനിമയുടെ റിലീസിന് മുന്പേ ഈ രംഗം ചർച്ച ചെയ്യപ്പെട്ടിരുന്നു. ആയിരം ആർട്ടിസ്റ്റുകളെ അണിനിരത്തി 11 മിനിറ്റ് ദൈർഘ്യമുള്ള ഒറ്റ ഷോട്ടിലാണ് ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത്.
ലിജോ ജോസ് എന്ന സംവിധായകന് ഈ സിനിമയ്ക്കു നൂറിൽ നൂറു മാർക്ക് നൽകുന്നത് നൂറുശതമാനം ശരിയാകുന്നു. അങ്കമാലി ടൗണിലൂടെ യാത്ര ചെയ്യുന്പോൾ കാണുന്ന ജീവിതമല്ല അങ്കമാലിയുടേത്. അത് പള്ളിപ്പെരുന്നാളും കിഴങ്ങിട്ടുവച്ച കോഴിക്കറിയുടേയും കായ ഇട്ടുവച്ച പോർക്കിന്റെയും അടിയും ഇടിയും പ്രണയവും പ്രാരാബ്ധങ്ങളും ഉള്ള ജീവിതമാണ്. അത് അടുത്ത് അറിയണമെങ്കിൽ രണ്ടു മണിക്കൂറിന്റെ ചെലവേ ഉള്ളൂ. അതാണ് ഒറ്റ വാചകത്തിൽ അങ്കമാലി ഡയറീസ്.
തിരക്കഥാകൃത്തെന്ന നിലയിൽ കന്നിയങ്കമാണെങ്കിലും ചെന്പൻ വിനോദിന്റെ വാക്കുകളാണ് അങ്കമാലിയിലേക്ക് പ്രേക്ഷകരെ കൂടുതൽ അടുപ്പിച്ചത്. ഓരോ വാക്കിലും ഓരോ വരിയിലും ഒരുപാട് കഥകളുണ്ടായിരുന്നു. അധികമാർക്കും അറിയാത്ത ചോരയുടെ മണമുള്ള അങ്കമാലിയെ കാണിച്ചു തരുന്നതിൽ ഗിരീഷ് ഗംഗാധരന്റെ കാമറയുടെ പങ്കും വളരെ പ്രധാനപ്പെട്ടത്. പ്രതിഭയുടെ കൈയൊപ്പുള്ളതായിരുന്നു ഓരോ ഷോട്ടും ഫ്രെയിമും. ക്ലൈമാക്സിലെ സിംഗിൾ ഷോട്ടിനെക്കുറിച്ച് പറയാൻ വാക്കുകളില്ല. പ്രശാന്ത് പിള്ളയുടെ സംഗീതമാണ് ചിത്രത്തിന്റെ മുഖ്യാകർഷണം. കള്ളുഷാപ്പിലും ചായക്കടയിലും ഡെസ്ക്കിൽ കൊട്ടി പാടുന്ന അങ്കമാലിക്കാരുടെ സ്വന്തം പാട്ടുകൾ പ്രേക്ഷകന്റേതുമാകുന്നു. ചിത്രത്തെ റിയലിസ്റ്റിക് ആക്കുന്നതിൽ വലിയൊരു പങ്ക് ഈ പാട്ടുകൾ വഹിച്ചിട്ടുണ്ട്.
താരപ്രഭയില്ലാത്ത കഥാപാത്രങ്ങളായിരുന്നു ചിത്രത്തിന് ആവശ്യം. അതുകൊണ്ടു തന്നെയാണ് മുഴുവൻ പുതുമുഖങ്ങൾ മതിയെന്ന് ലിജോ ജോസും തീരുമാനിച്ചത്. സംവിധായകന്റെ വിശ്വാസം അഭിനേതാക്കളും കാത്തു. ആരും അഭിനയിച്ചില്ല, ജീവിക്കുക തന്നെയായിരുന്നു. നായകനായ ആന്റണി വർഗീസ് മലയാള സിനിമയ്ക്കൊരു വാഗ്ദാനമാണ്. കാന്പുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിൻസെന്റ് പെപ്പെയിലൂടെ ആന്റപ്പൻ തെളിയിച്ചിരിക്കുന്നു. പ്രേക്ഷകരുടെ കൈയടി നേടുന്ന മറ്റൊരു കഥാപാത്രം അപ്പാനി രവിയാണ്. കട്ട കലിപ്പനായ അപ്പാനി നോട്ടത്തിലും നിൽപ്പിലും വർത്തമാനത്തിലും പോലും വ്യത്യസ്തനാണ്. നായിക രേഷ്മയും തകർത്തു എന്നു തന്നെ നിസംശയം പറയാം. അങ്കമാലിയുടെ ഭാഷയും ശൈലിയും ആ നാടിന് പുറത്തുള്ള പ്രേക്ഷകർക്ക് അത്രത്തോളം എളുപ്പത്തിൽ മനസിലാകണമെന്നില്ല. രണ്ടു മണിക്കൂർ കുറച്ച് അങ്കമാലിക്കാർക്കൊപ്പം, അവരുടെ ജീവിതത്തിനൊപ്പം ചെലവഴിച്ച അനുഭവത്തിൽ പ്രേക്ഷകർക്ക് തിയറ്റർ വിടാം. തോട്ട പൊട്ടിക്കുംപോലെയാണ് അങ്കമാലിയിലെ ആളുകൾ സംസാരിക്കുന്നത്. പ്രണയരംഗങ്ങളിൽപ്പോലും മൃദുശബ്ദമോ, പൈങ്കിളി ഭാഷണങ്ങളോ ഉണ്ടാകില്ല. ധീരന്മാരായ നാടൻ നായകന്മാരെ കണ്ടു വളർന്ന് അവരെപ്പോലെയാവാൻ ആഗ്രഹിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ നേതാവായി വിൻസെന്റ് പെപ്പെ (ആന്റണി വർഗീസ്) ആദ്യാവസാനം തിളങ്ങുന്നുണ്ട്. അങ്കമാലിയിലെ സാധാരണ ജീവിതത്തെ അയാളപ്പെടുത്താൻ പന്നിയിറച്ചി എത്രത്തോളം വലിയ പങ്കുവഹിക്കുന്നുവെന്ന് അങ്കമാലി ഡയറീസ് കാട്ടിത്തരുന്നു. വിൻസെന്റ് പെപ്പെ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് അങ്കമാലി ഡയറിയുടെ താളുകൾ മറിയുന്നത്.
അയാളുടെ ജീവിതാഘോഷങ്ങൾ ഏറ്റവും റിയലായി ചിത്രീകരിച്ചിരിക്കുന്നു. പെപ്പെ സ്കൂൾ ജീവിതത്തിൽ നിന്ന് കേബിൾ ബിസിനസിലേക്കും പിന്നീട് ഇറച്ചിക്കച്ചവടത്തിലേക്കും മാറുന്നു. ജീവിതം അധികം സംഘർഷഭരിതമല്ലാതെ മുന്പോട്ടു നീങ്ങുന്പോഴാണ് അയാളുടെയും കൂട്ടുകാരുടെയും ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ട് ഒരു സംഭവം ഉണ്ടാകുന്നത്. പെപ്പെയും കൂട്ടുകാരും അത് എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് അങ്കമാലി ഡയറീസ്.
തമിഴ് സിനിമയിലെ വിപ്ലവമായിരുന്നു സുബ്രഹ്മണ്യപുരം. അതിനെ വെല്ലുന്ന പടമാണ് അങ്കമാലി ഡയറീസ് എന്നു നിസംശയം പറയാം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചത്. അങ്കമാലി ഡയറീസ് പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ പ്രമുഖതാരങ്ങൾ ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. ജോഷി, സിബി മലയിൽ, വികെ പ്രകാശ്, ലാൽ ജോസ്, ശങ്കർരാമകൃഷ്ണൻ, ടൊവിനോ, ആസിഫ് അലി, ചാന്ദ്നി ശ്രീധരൻ, രമ്യ നന്പീശൻ, റോജിൻ, രാഹുൽ സുബ്രഹ്മണ്യൻ, അനു മോൾ, അപർണ ബാലമുരളി, സണ്ണി വെയ്ൻ, മിഥുൻ മാനുവൽ, ജൂഡ് ആന്റണി, ബേസിൽ ജോസഫ്, ഇർഷാദ്, മാർട്ടിൻ പ്രക്കാട്ട് തുടങ്ങി മലയാളസിനിമയിലെ നിരവധി താരങ്ങൾ ചടങ്ങിനെത്തി. മലയാളസിനിമയിൽ ഇത്രയധികം താരസാന്നിധ്യം നിറഞ്ഞ പ്രീമിയർ ഷോ ഇതാദ്യമായിരുന്നു. മോഹൻലാലടക്കമുള്ള താരങ്ങൾ വരെ ചിത്രത്തെ വാനോളം പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു.
പ്രദീപ് ഗോപി