കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷത്തിലാണ് നടൻ മണികണ്ഠൻ. ""നാടിനോടും നാട്ടുകാരോടുമാണ് കടപ്പാട്. പിന്നെ സംവിധായകൻ രാജീവ് രവി, കാമറാമാൻ മധു നീലകണ്ഠൻ, എഡിറ്റർ അജിത്കുമാർ ഉൾപ്പെടെയുള്ള കമ്മട്ടിപ്പാടം ടീമിനോടും. ”- മണികണ്ഠൻ മനസുതുറന്നു. ബാലനുശേഷം പെർഫോം ചെയ്യാൻ പറ്റിയ കഥാപാത്രമായിരുന്നു വ്യാസൻ കെ.പി. രചനയും സംവിധാനവും നിർവഹിച്ച "അയാൾ ജീവിച്ചിരിപ്പുണ്ട് ' എന്ന സിനിമയിലെ മുരുകനെന്ന് മണികണ്ഠൻ. മിഥുൻ മാനുവൽ തോമസിന്റെ "അലമാര', അനീഷ് അൻവറിന്റെ "ബഷീറിന്റെ പ്രേമലേഖനം' എന്നിവയാണ് മണികണ്ഠന്റെ പുതിയ സിനിമകൾ. മണികണ്ഠന്റെ സിനിമാ വിശേഷങ്ങളിലേക്ക്...
അവാർഡ് പ്രതീക്ഷിച്ചിരുന്നോ...?
പ്രതീക്ഷിച്ചിരുന്നു. അവാർഡ് കിട്ടിയതിൽ സന്തോഷം, അങ്ങനെ അല്ലായിരുന്നുവെങ്കിലും സന്തോഷം. കാരണം, എനിക്കു പരാതിപ്പെടാനോ സങ്കടപ്പെടാനോ ഒന്നുമില്ല. അവാർഡ് എന്നിലെ നടന് എനർജിയാണ്. സിനിമയിൽ അവസരം കിട്ടിയതും ആ സിനിമ വിജയിച്ചതും എന്റെ കഥാപാത്രത്തെ ജനം സ്വീകരിച്ചതും മുഖ്യധാരാ നടന്മാരിൽ ഒരാളായി ജനങ്ങൾ അംഗീകരിക്കുന്നതുമൊക്കെത്തന്നെ ഏറ്റവും വലിയ അവാർഡാണ്. ജനങ്ങളുടെ അംഗീകാരത്തിൽ വലിയ സന്തോഷം.
കമ്മട്ടിപ്പാടത്തിനു മുന്പും അതിനുശേഷവും...?
ഇനി എന്തെങ്കിലും ചെയ്താൽ പോരാ, പഠിച്ചു കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ നന്നായി ചെയ്യണം എന്ന കമിറ്റ്മെന്റുണ്ട്് ജനങ്ങളോട്. നാടകത്തിന്റെ ഉൗർജം ഇപ്പോഴുമുണ്ട്. സ്വഭാവപരമായി മാറ്റമൊന്നുമില്ല. ഇപ്പോഴും നാട്ടിലൊക്കെ ഇറങ്ങിനടക്കും. പിന്നെ, സാന്പത്തികം മെച്ചപ്പെട്ടു.
സിനിമകൾ സെലക്ട് ചെയ്യുന്പോൾ...?
എന്നിലെ നടനെ വളർത്താൻ സഹായകമായ വേഷമാണോ, കമ്മട്ടിപ്പാടം ബാലൻ എന്ന കാരക്ടറിന് അപ്പുറം ചെയ്യാനുള്ള സാധ്യതയുണ്ടോ എന്നൊക്കെ ശ്രദ്ധിക്കാറുണ്ട്. 10 പടമെങ്കിൽ 10 പടം; അതിൽ എന്നും സംസാരിക്കപ്പെടുന്ന കഥാപാത്രങ്ങളാവണം. എന്നെ സംബന്ധിച്ച് 500 രൂപ പോക്കറ്റിലുണ്ടെങ്കിൽ അതിന് 50,000 രൂപയുടെ വിലയുണ്ട്. കാരണം, പോക്കറ്റിൽ 50 പൈസ പോലും ഇല്ലാതിരുന്ന ഒരാളാണു ഞാൻ. എന്നെയും എന്റെ വീട്ടുകാരെയും പണമോ അതുപോലെയുള്ള മായകളോ ഇതേവരെ പിടിച്ചിട്ടില്ല.
വ്യാസൻ കെ.പിയുടെ "അയാൾ ജീവിച്ചിരിപ്പുണ്ട്'...
കമ്മട്ടിപ്പാടം എന്ന ഒറ്റപ്പടം മാത്രമേയുള്ളൂ അന്നു മുന്പിൽ വയ്ക്കാൻ. വലിയൊരു താരമല്ല. രണ്ടാമത്തെ പടത്തിൽ ഇയാൾ എന്താണു ചെയ്യാൻ പോകുന്നതെന്ന് എല്ലാവരും നോക്കിനിൽക്കുകയുമാണ്. അതിന്റെ ടെൻഷൻ. പുതിയൊരു സംവിധായകനു രണ്ടാമത്തെ അല്ലെങ്കിൽ മൂന്നാമത്തെ പടം കൊടുക്കുന്പോഴുള്ള പേടി. പക്ഷേ, വ്യാസൻ ചേട്ടൻ കഥ പറഞ്ഞുകഴിഞ്ഞപ്പോൾ എനിക്കു വലിയ വിശ്വാസമായി. ഞാൻ സംവിധായകനിൽ 100 ശതമാനം വിശ്വസിക്കുന്ന നടനാണ്. കഥാപാത്രത്തിനു കൃത്യമായി എന്തു വേണം എന്നറിയാവുന്ന സംവിധായകനാണ് വ്യാസൻചേട്ടൻ.
അയാൾ ജീവിച്ചിരിപ്പുണ്ട് - കഥാപശ്ചാത്തലം..?
മത്സ്യത്തൊഴിലാളിയാണു മുരുകൻ. മുരുകന്റെ ചെറുപ്രായത്തിലേ അച്ഛൻ മരിച്ചു. വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വളരെ ചെറുപ്പത്തിൽ തന്നെ കടലിൽ പോയിത്തുടങ്ങി. സഹോദരിമാരെ കെട്ടിച്ചുവിട്ടശേഷം അയാൾ ഗോവയിൽ പോവുക എന്ന തന്റെ ആഗ്രഹം സഫലമാക്കാൻ തുനിയുന്നു. ഗോവയിൽവച്ച് ജോണ് മാത്യു മാത്തനെ മുരുകൻ പരിചയപ്പെടുന്നു. പെട്ടെന്ന് എല്ലാവരെയും വിശ്വസിക്കുന്നയാളാണ് മുരുകൻ. അവരുടെയിടയിൽ അങ്ങനെ ഉപാധികളില്ലാത്ത സൗഹൃദം രൂപപ്പെടുകയാണ്.
ബാലനിൽ നിന്നു മുരുകനിലെത്തുന്പോൾ..?
വ്യാസൻ ചേട്ടൻ കണ്ടിട്ടുള്ള അല്ലെങ്കിൽ അദ്ദേഹം അനുഭവിച്ചിട്ടുള്ള കുറേ കാര്യങ്ങളാണ് മുരുകൻ. വ്യാസൻ ചേട്ടനുമായും ഞാനുമായുമൊക്കെ പല സ്ഥലങ്ങളിലും സ്പർശിക്കുന്ന കാരക്ടർ. കുട്ടിത്തവും സത്യസന്ധതയും വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെ എന്തിലേക്കും എടുത്തുചാടിക്കുന്ന ഒരു ധൈര്യവുമൊക്ക എപ്പോഴുമുണ്ട് മുരുകനിൽ. ഭാഷ അറിയാത്തതു മൂലമുള്ള പ്രശ്നങ്ങളുണ്ട്. തന്നെ ആരും പറ്റിക്കില്ല, താൻ ബുദ്ധിമാനാണ് എന്ന മണ്ടത്തരവുമുണ്ട്.
വിജയ്ബാബുവിനൊപ്പം ആദ്യമായ്...?
ജോണ്മാത്യു മാത്തനെ അവതരിപ്പിച്ച വിജയ് ബാബുവിനോട് ഷൂട്ടിംഗ് തുടങ്ങി 2-3 ദിവസം വരെ ബഹുമാനം മൂലമുള്ള അകൽച്ച ഉണ്ടായിരുന്നു. എന്നാൽ, മുരുകനെ ജോണ്മാത്യുവിന് ഇഷ്ടമായതുപോലെ മണികണ്ഠനെ പിന്നീടു വിജയ്ബാബുവിനും ഇഷ്ടമായി. ഗോവയിൽ ചെന്നപ്പോഴേക്കും ഞങ്ങൾ ഒരുമിച്ചായിരുന്നു ഫുൾടൈം. മുരുകനെ ജോണ്മാത്യു മാത്തൻ കൊണ്ടുനടക്കുന്നതുപോലെ എന്നെ വിജയ്ബാബു കൊണ്ടുനടക്കുകയായിരുന്നു. വിജയേട്ടന്റെ കരിയറിൽ എടുത്തുപറയാവുന്ന കാരക്ടർ.
രണ്ടുപേർക്കും തുല്യ പ്രാധാന്യമാണോ..?
സബ്ജക്ട് തന്നെയാണ് ഇതിൽ ഹീറോ. ഈ സിനിമയുടെ സബ്ജക്ട് പറഞ്ഞുപോകാൻ രണ്ട് ഉപകരണങ്ങളാണ് മുരുകനും ജോണും. ഇവിടെ നടന്മാരുടെ അതിപ്രസരമില്ല. സബ്ജക്ട് അതിന് അനുവദിക്കുന്നില്ല. കമ്മട്ടിപ്പാടം പോലെതന്നെ, നടന്മാർക്കു മുകളിലേക്ക് സബ്ജക്ട് കയറി നിൽക്കുകയാണ്.
ഈ സിനിമയുടെ മറ്റു വിശേഷങ്ങൾ..?
ആദ്യമായി ഒരു പാട്ടുസീനിൽ വരികയാണ്; ഒൗസേപ്പച്ചൻ സാർ സംഗീതം നല്കിയ പാട്ടിൽ. ഹരിനായരാണു കാമറ. എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. ഗോവയിൽ ചുറ്റിക്കറങ്ങിയതും വിമാനത്തിൽ കയറിയതും ആദ്യമായിട്ടാണ്. ദുൽഖറിന്റെ സപ്പോർട്ടും സ്നേഹവും ഇപ്പോഴും തുടരുന്നു.
അലമാരയിലെ സുപ്രൻ മാമൻ..?
മിഥുൻ മാനുവൽ തോമസിന്റെ അലമാരയിൽ എന്റെ കഥാപാത്രത്തിന്റെ പേര് സുബ്രഹ്മണ്യൻ; സുപ്രൻ മാമൻ എന്നാണു വിളിക്കുന്നത്. കുടുംബത്തിനിടയിൽ വന്നു പ്രശ്നങ്ങളുണ്ടാക്കുന്ന തരത്തിലുള്ള ഒരമ്മാവൻ കഥാപാത്രം. നായകൻ സണ്ണി വെയ്നിന്റെ അമ്മാവനായിട്ടാണ്. കോമഡി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സീമ ജി. നായരുടെ സഹോദരന്റെ വേഷം.
രഞ്ജിയേട്ടനുമായി കോംബിനേഷനുകളുണ്ട്.
ബഷീറിന്റെ പ്രേമലേഖനത്തിലെ ഉസ്മാൻ..?
അനീഷ് അൻവർ സംവിധാനം ചെയ്ത ബഷീറിന്റെ പ്രേമലേഖനത്തിൽ എന്റെ കഥാപാത്രം ഉസ്മാൻ. അതിൽ ഫുൾടൈം കോമഡിയല്ല. സെന്റിമെന്റ്സും പ്രണയവുമൊക്കെുള്ള ആളാണ് ഉസ്മാൻ. ഷീലാമ്മയുമായി കോംബിനേഷൻ സീൻ അഭിനയിച്ചു. ഷീലാമ്മയുടെ അനുഗ്രഹം വാങ്ങാനായി. "നാടകത്തിൽ നിന്നല്ലേ വന്നത്, നന്നായി ചെയ്യുന്നുണ്ട്' എന്നു ഷീലാമ്മ പറഞ്ഞതു ഭാഗ്യമായി കരുതുന്നു.
എസ്രയിലെ റോൾ..?
സംവിധായകൻ ജെയ് കെയുമായുള്ള സൗഹൃദത്തിന്റെ പേരിലും ഫാമിലി സിനിമ എന്ന രീതിയിലുമാണ് എസ്രയിൽ ഗസ്റ്റ് റോളിൽ വന്നത്. ഞാനും ബാലു വർഗീസുമുള്ള സീൻ മുംബൈയിലാണ് ഷൂട്ട് ചെയ്തത്. ചെറുതാണെങ്കിലും ആളുകൾ അതിനെ കഥാപാത്രമായി അംഗീകരിച്ചു.
തീവ്രമായ ജീവിതാനുഭവങ്ങളാണോ താങ്കളുടെ കരുത്ത്..?
തീർച്ചയായും. പല തലങ്ങളിൽ ജീവിക്കാൻ കഴിയുക എന്നുള്ളതാണ് നടന്റെ ഏറ്റവും വലിയ ഭാഗ്യം. പല നാടുകളിൽ പല ആളുകളെ പരിചയപ്പെടുക, പല സിറ്റ്വേഷനുകളും തരണം ചെയ്യപ്പെടുക എന്നതും.
വീട്ടുകാര്യങ്ങൾ..
താമസം തൃപ്പൂണിത്തുറയിൽ. അമ്മ സുന്ദരിയമ്മ, മൂന്നു ജ്യേഷ്ഠന്മാർ - മുരുകദാസ്, ഗണേശൻ, ശിവദാസ്.
ടി.ജി.ബൈജുനാഥ്