ധര്മജന് ഫ്രം ബോള്ഗാട്ടി
Saturday, February 25, 2017 3:14 PM IST
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ഈ താരം പോയ വർഷം തിയറ്ററിലെത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുന്നു. ഈ കഥാപാത്രത്തിലൂടെ നിരവധി പുരസ്കാരങ്ങളും ഇതിനോടകം തന്നെ ധർമ്മജനെ തേടിയെത്തി. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും തിളങ്ങിയ ഈ കലാകാരൻ ഇന്നു സിനിമയിൽ നിന്നും മാറി സഞ്ചരിക്കാനാവാത്ത വിധം തിരക്കിലാണ്. ധർമ്മജൻ വാചാലനാവുകയാണ്, അനുഭവങ്ങളിലും അഭിനയത്തിലും നീളുന്ന കലർപ്പില്ലാത്ത ജീവിതത്തെക്കുറിച്ച്...
പാപ്പി അപ്പച്ചയിൽ തുടങ്ങിയ സിനിമാ ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കുന്പോൾ എന്തു തോന്നുന്നു?
നിറഞ്ഞ സന്തോഷം. ഞാൻ സിനിമയിലേക്ക് എത്തുന്നത് 2009 ലാണ്. ആ ചിത്രം ദിലീപേട്ടനാണ് നിർമ്മിച്ചത്. അതിനു മുന്പുവരെ ദിലീപേട്ടനൊപ്പം സലിംകുമാർ, ഹരിശ്രീ അശോകൻ തുടങ്ങിയവരാണ് സിനിമയിൽ സ്ഥിരമായി എത്തുന്നത്. അതുകൊണ്ടു തന്നെ എന്നെ ആ കഥാപാത്രം ചെയ്യാൻ വിളിച്ചപ്പോൾ പലരും ദിലീപേട്ടനെ നിരുൽസാഹപ്പെടുത്തിയിരുന്നു. പക്ഷേ ദിലീപേട്ടനും അനൂപേട്ടനും പ്രൊഡക്ഷൻ കണ്ട്രോളർ റോഷൻ ചിറ്റൂരും അതിലുറച്ചു നിന്നു. ഈ അന്തർനാടകങ്ങളൊന്നും അറിയാതെയാണ് ഞാൻ അവിടെയെത്തുന്നത്. ടിവിയിൽ മിമിക്രി ചെയ്യുന്നതുകൊണ്ട് സിനിമയിലും നമ്മൾ അതു തന്നെ ചെയ്യുമെന്നാണ് പലരുടേയും വിചാരം. ഷൂട്ടു തുടങ്ങി ആദ്യ സീൻ, രണ്ട് തവണ റിഹേഴ്സൽ നടത്തി. ആദ്യ ഷോട്ട് ഫസ്റ്റ് ടേക്കിൽ ഓകെയായി കഴിഞ്ഞപ്പോൾ എല്ലാവരും നല്ല കയ്യടി. ഞാൻ ഭയങ്കര അഭിനയമൊന്നുമല്ല കാണിച്ചത്. പക്ഷെ, അതാണ് എന്നെ ഉറപ്പിച്ചത്. ഇപ്പോൾ ആ മൂന്നു പേരും ചേർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ മികച്ചൊരു വേഷം തന്നു. സംവിധാനം ചെയ്ത നാദിർഷിക്കയുടെ ഒരു ധൈര്യം കൂടിയാണ് ഈ സിനിമ.
ദിലീപുമായുള്ള സൗഹൃദം കരിയറിൽ ഏറെ ഗുണം ചെയ്തല്ലോ?
ദിലീപേട്ടനുമായുള്ള ആത്മബന്ധം മിമിക്രി കാലം മുതലുള്ളതാണ്. അക്കാലത്തെ ഞാനടങ്ങുന്ന മിമിക്രിക്കാരുടെ ജീവിതാഭിലാഷം ദിലീപ്, നാദിർഷ, അബി ടീമിന്റെ ദേ മാവേലി കൊന്പത്ത് എന്ന മിമിക്രി കാസറ്റിൽ പങ്കെടുക്കുക എന്നതാണ്. പിന്നെ പ്രോഗ്രാം അവതരിപ്പിക്കാനായി വിദേശത്ത് പോകണം, ഫ്ളൈറ്റിൽ കയറണം എന്നൊക്കെയാണ് എന്റെ മനസിലെ സ്വപ്നങ്ങൾ. അന്ന് ഏറ്റവും കൂടുതൽ കോമഡി കാസറ്റുകളും ഷോകളും ചെയ്യുന്ന തോമസ് തോപ്പിൽകുടിയുടെ ഒപ്പമായിരുന്നു ഞാൻ. ഏകദേശം പത്തു വർഷത്തോളം കാസറ്റിൽ ഒരു സ്റ്റാംപ് സൈസ് ഫോട്ടോ വരാനുള്ള ആഗ്രഹവുമായി നിശബ്ദനായി അദ്ദേഹത്തോടൊപ്പം ഞാനുണ്ടായിരുന്നു. ഒരു ഫോട്ടോ കൊടുക്കുമോ ചേട്ടാ എന്നു ചോദിക്കില്ല, പക്ഷെ അമ്മച്ചി വീട്ടിൽ കൂട്ടിവെക്കുന്ന പൈസ എടുത്തുകൊണ്ടു പോയി ഭാവൻസിൽ നിന്നും ഫോട്ടോ എടുത്തു കൊണ്ടു കൊടുക്കും. നമ്മൾ അതിന്റെ ആവശ്യങ്ങൾക്കായി കഷ്ടപ്പെടുന്പോൾ ഒരു ദിവസത്തേക്കെത്തി ഡയലോഗ് പറഞ്ഞു പോകുന്നവന്റെ വരെ ഫോട്ടോ വരുന്നത് കാണുന്പോൾ സങ്കടം വന്നിട്ടുണ്ട്. പക്ഷെ അതിനൊന്നും പ്രതികരിക്കാൻ പോയിട്ടില്ല. അങ്ങനെ നടന്ന കാലത്താണ് ദിലീപേട്ടനുമായും നാദിർഷ ഇക്കയുമായുള്ള പരിചയം. ഒരു അനിയനെ പോലെന്ന കരുതലാണ് ഇരുവരും എനിക്കു നൽകിയിട്ടുള്ളത്. അത് എന്നോടു മാത്രമല്ല, മലയാള സിനിമയിൽ പലരോടും അങ്ങനെയുണ്ട്. അതു ദിലീപേട്ടന്റെ ബുദ്ധി എന്നൊന്നും വിളിക്കാനാവില്ല, മനസിന്റെ ഒരു നന്മയാണ്. കുറേ നാള് കണ്ടില്ലെങ്കിൽ എന്റെ ഫോണിലേക്കു ദിലീപേട്ടൻ വിളിക്കും. അല്ലെങ്കിൽ എന്റെ സുഹൃത്തുക്കളെ കാണുന്പോൾ തിരക്കും. അതൊരു കരുതലാണ്. ഒരു ജേഷ്ഠ സഹോദരനോടുള്ള സ്നേഹമാണ് എനിക്കും ദിലീപേട്ടനോടുള്ളത്. പുതിയ വീട്ടിലേക്കു താമസം മാറിയപ്പോൾ രണ്ടു സിനിമ നടന്മാരെയാണ് ഞാൻ വിളിച്ചത്. ഒന്നു ദിലീപേട്ടനും, മറ്റൊന്ന് കലാഭവൻ മണിയും. ഞാൻ വന്നതിനു ശേഷമുള്ള ദിലീപേട്ടന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും എന്നെ വിളിക്കാറുണ്ട്. പലതിലും പോകാൻ പറ്റാറില്ല.
സിനിമയുടെ തിരക്കിലും ടെലിവിഷനിൽ തിളങ്ങുന്നു. എങ്ങനെ ബാലൻസ് ചെയ്യുന്നു?
അതു ബാലൻസിംഗല്ല. ബിഗ് സ്ക്രീനായാലും മിനിസ്ക്രീനായാലും നമ്മുടെ കർമ്മം ഒന്നുതന്നെയാണ്. അത് ആത്മാർത്ഥമായി ചെയ്യണം. ടിവിയിൽ നിൽക്കുന്പോൾ സിനിമയ്ക്കായി മാറിനിൽക്കാമെന്നു കരുതിയാൽ നമ്മൾ പട്ടിണിയായിപ്പോകും. സിനിമയിൽ എല്ലാ സമയത്തും വിളിക്കണമെന്നില്ല. ടെലിവിഷനിലും എന്നും നിലനിൽക്കണമെന്നില്ല. എങ്കിലും ടെലിവിഷനെ അത്ര കുറച്ചു കാണണ്ടതല്ല. ടെലിവിഷനിൽ നല്ല പ്രോഗ്രാമുകളിൽ വിളിക്കുന്നുണ്ട്. സിനിമയിൽ തിരക്കായതിനാലാണ് പ്രോഗ്രാമുകൾ കുറച്ചത്.
ആദ്യ കാലങ്ങളിൽ മിമിക്രിയയേക്കാൾ കോമഡി പരിപാടികളുടെ എഴുത്തിലൂടെയാണല്ലോ ശ്രദ്ധേയനാകുന്നത്?
സ്കൂളിൽ പഠിക്കുന്പോൾ മുതൽ മിമിക്രി ഉണ്ടെങ്കിലും എഴുത്തിലൂടെയാണ് ഞാൻ ഈ രംഗത്ത് എത്തുന്നത്. മിമിക്രിയിലേക്ക് ഇറങ്ങിയപ്പോൾ അവിടെ കോട്ടയം നസീറും ദിലീപേട്ടനുമടക്കമുള്ള അതികായന്മാർ നിൽക്കുകയാണ്. അവരോടൊപ്പം പിടിച്ചു നിൽക്കുക എന്നത് വെല്ലുവിളിയാണ്. അപ്പോൾ നമ്മുടെ കയ്യിലുള്ള ആയുധം എഴുത്താണ്. അതിലൂടെ ഏറ്റവും വലിയ കോമഡിയൻ അടക്കം എല്ലാവരുമായി ബന്ധം സ്ഥാപിക്കാൻ പറ്റും. ഏകദേശം എട്ടു വർഷത്തോളം ഏഷ്യാനെറ്റിലെ സിനിമാലയ്ക്കു വേണ്ടി എഴുതിയിട്ടുണ്ട്. പിന്നെ ടിംഗ് ടോഗ്, എട്ടു സുന്ദരികളും ഞാനും, സന്താനഗോപാലം തുടങ്ങിയ സീരിയലുകൾ, സ്റ്റേജ് ഷോകൾ, കാസറ്റുകൾ എന്നിവയ്ക്കൊക്കെ എഴുതിയിട്ടുണ്ട്. ഇപ്പോൾ എഴുത്തിലിത്തിരി പുറകോട്ടാണ്. ഇനി കുറേ എഴുതിപ്പിടിപ്പിക്കണം.
ആ എഴുത്ത് ഇനി ഒരു സിനിമയുടെ ഭാഷയിലേക്കു മാറുമോ?
ഇനിയുള്ള എഴുത്ത് സിനിമ രൂപത്തിനു വേണ്ടിയാകണമെന്നാഗ്രഹിക്കുന്നു. എങ്കിലും മറ്റു പ്രോഗ്രാമുകൾക്കുള്ള എഴുത്ത് ഇപ്പോഴും നടക്കുന്നുണ്ട്. ഞാനും പിഷാരടിയും ഉള്ള ഷോകൾക്കു വേണ്ടിയും ഏപ്രിൽ അവസാനത്തോടെയുള്ള ദിലീപേട്ടന്റെ അമേരിക്കൻ പ്രോഗ്രാമുകൾക്കുള്ള എഴുത്തുമാണ് ഇപ്പോൾ നടക്കുന്നത്.
വിജയഘടകമാകുന്നത് എന്താണ്?
ഇരുപതിലിധകം ചാനലുകൾ നമുക്കുണ്ട്. അതിനിടയിൽ ഒരു പ്രോഗ്രാം കാണാൻ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഒരു ദിവസം കണ്ടാൽ തുടർച്ചയായിട്ടതു കാണണം. ഇന്നുള്ള പല പ്രോഗ്രാമുകളും തരം താണുപോകുന്നത് നമ്മൾ കാണുന്നുണ്ട്. ഒരാളുടെ ന്യൂനതയെ പരിഹസിക്കുന്ന വിധത്തിലുള്ള കോമഡികൾ ഞാനും പിഷാരടിയും ചെയ്തിട്ടില്ല. കോമഡിയെ ആവർത്തിക്കാതെ പരീഷണങ്ങളെ കാണിക്കാനാണ് ഞങ്ങൾ ശ്രദ്ധിച്ചത്. തിരക്കഥയില്ലാതെ അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സൊക്കെ അന്നൊരു പുതുമയായിരുന്നു. പിന്നെ ഒരു ഇടവേളയ്ക്കു ശേഷമാണ് ബഡായി ബംഗ്ലാവുമായി എത്തിയത്. അതും ബിഗ് ഹിറ്റായി മാറി. ഇപ്പോൾ ഞാൻ സിനിമയിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. അതുകൊണ്ടാണ് ബഡായി ബംഗ്ലാവിൽ നിന്നും ഇറങ്ങിയത്.
എന്താണ് രമേഷ് പിഷാരടി- ധർമ്മജൻ കൂട്ടുകെട്ടിന്റെ വിജയത്തിനു പിന്നിൽ?
സിനിമാലയിൽ കൂടിയാണ് ഞങ്ങൾ കൂട്ടാകുന്നത്. ഞാനും അവനും ചേർന്ന് നിരവധി പ്രോഗ്രാമുകൾ ചെയ്തു. അതെല്ലാം നല്ല ഹിറ്റായിരുന്നു. ഞങ്ങൾ തമ്മിൽ ഭയങ്കര കെമിസ്ട്രിയാണെന്നാണ് പറയുന്നത്. ഞങ്ങളുടെ സ്വഭാവത്തിൽ ഒരു സാമ്യവും ഇല്ലെന്നതാണ് സത്യം. ആകെയുള്ള സാമ്യം മറ്റുള്ളവരെ സഹായിക്കാൻ ഒരുപോലെ മനസ് കാണിക്കുന്നുണ്ട്. അവനെപ്പോഴും സംസാരിക്കുകയും പുതിയത് ചിന്തിക്കുകയും ചെയ്യും. ഒരാളോട് സംസാരിക്കുന്പോൾ തലച്ചോറിൽ ചിന്തിച്ച്, നാവിൽ സെൻസറു ചെയ്തിട്ടാണ് പിഷാരടി സംസാരിക്കാറുള്ളത്. തമാശയും വേണം, എന്നാൽ അതിൽ ആർക്കും ദോഷമായി തോന്നുകയും ചെയ്യരുത്. മലയാളത്തിൽ സ്റ്റാൻഡ് അപ് കൊമേഡിയൻമാരിൽ നന്പൻ വണ് അവൻ ആകുന്നത് ആ ഒരു കഴിവുകൊണ്ടാണ്.
മിനിസ്ക്രീനിൽ ഇനിയും നിങ്ങളുടെ കൂട്ടുകെട്ട് പ്രതീക്ഷിക്കാമോ?
ഞങ്ങൾ ഒരേ മേഖലയിൽ തന്നെ ഉള്ളവരാണ്. സിനിമയിൽ ഏറെ അവസരങ്ങൾ അവനെ തേടി എത്തുന്നുണ്ട്, പക്ഷേ മറ്റു പ്രോഗ്രാമുകളുടെ തിരക്കിലായി പോകുന്നതാണ്. ഞാൻ സിനിമയിലും അവൻ ടെലിവിഷനിലും എന്ന വേർതിരിവൊന്നും ഇല്ല. പതിന്നാലു വർഷത്തെ കൂട്ടുകെട്ടാണ് ഞങ്ങളുടേത്. അതു തന്നെ വലിയൊരു റെക്കോർഡാണ്. ഞങ്ങൾ തമ്മിൽ ഈഗോയില്ല എന്നതാണ് വാസ്തവം. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും ആ ബന്ധം സൂക്ഷിക്കുന്നു.
ചില സിനിമകളിൽ മുഴുനീള കഥാപാത്രത്തിൽ, അടുത്ത ചിത്രത്തിൽ ഒരു സീനിൽ മാത്രം ഒതുങ്ങുന്നു. അത് തെരഞ്ഞെടുപ്പിലെ പാളിച്ചയാണോ?
സിനിമയുടെ തെരഞ്ഞെടുപ്പ് ഇപ്പോഴും എനിക്ക് അറിയാൻ പാടില്ല. ഒരു വേഷം തന്നാൽ അതിനെ അഭിനയിച്ചു കാണിക്കാം. ഒരു വേഷമുണ്ട്, നല്ലതാണ് എന്നു പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത്. മൈ ബോസ് സിനിമയിൽ ഞാൻ ഒരു സീനിൽ മാത്രമാണുള്ളത്. പെട്ടെന്നു വിളിച്ചതാണ്, ഞാൻ ചെന്നു ഒരു മണിക്കൂറുകൊണ്ടു ചെയ്തു തീർത്തു. ഒരു ചായക്കടക്കാരന്റെ വേഷമാണ്. ആ വേഷത്തെ ഞാനും ദിലീപേട്ടനും ചേർന്ന് പൊളിച്ചൊന്നു തയ്യാറാക്കി. അതു വളരെ ഹിറ്റായി. അതിനു ശേഷം ഒരു സീനിലേക്കും രണ്ടു സീനിലേക്കും മാത്രമായി വിളി. ഇപ്പോൾ ഞാൻ ആ പരിപാടി നിർത്തി..
പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?
കണ്ണൻ താമരക്കുളത്തിന്റെ അച്ചായൻസാണ് ഇപ്പോൾ കഴിഞ്ഞത്. പിന്നെ സുഗീതിന്റെ ചാക്കോച്ചൻ ചിത്രം, ജിസ്മോന്റെ പുതിയ ചിത്രം, അടുത്ത സുഹൃത്തുക്കളായ ഹരിശ്രീ യൂസഫ്, ഹരിശ്രി ബാബുരാജും രചനയും സംവിധാനം നിർവ്വഹിക്കുന്ന ഹലോ ദുബായിക്കാരൻ, ഹാപ്പി വെഡ്ഡിംഗിനു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചങ്ക്സ് എന്നിവയാണ് ഇനിയുള്ള ചിത്രങ്ങൾ.
കോമഡിയിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്നു തോന്നിയിട്ടുണ്ടോ?
ഞാൻ സിനിമയിൽ എത്തി ആറു വർഷം കൊണ്ടാണ് കോമഡി കൈകാര്യം ചെയ്യുമെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയത്. ഇനിയിപ്പോൾ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളെ ചെയ്യാം. അങ്ങനെയുള്ള കഥാപാത്രങ്ങളുമായി ആൾക്കാർ സമീപിക്കുന്നുണ്ട്.
ലിജിൻ കെ. ഈപ്പൻ