'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
Saturday, February 11, 2017 3:44 PM IST
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തിയറ്ററുകളിലേക്ക്. സായാഹ്നം, സ്ഥിതി, പറുദീസ, ശീലാബതി, അന്തർദേശീയ പുരസ്കാരം നേടിയ ദ ഡിസയർ(ഹിന്ദി), ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ ശ്രദ്ധേയചിത്രങ്ങൾ സംവിധാനം ചെയ്ത ആർ. ശരത്തിന്റെ ഏഴാമതു ചിത്രമാണ് "സ്വയം'. ഫുട്ബോൾ കളിക്കുന്ന ഓട്ടിസ്റ്റിക്കായ ഒരു കുട്ടിയും അവന്റെ അമ്മയും നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് സ്വയം. മധു, നന്ദു, ലക്ഷ്മിപ്രിയ മേനോൻ, മാസ്റ്റർ നിമയ് തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന സ്വയത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ ആർ. ശരത്ത്...
സ്വയം എന്ന ചിത്രത്തിന്റെ പ്രമേയം...?
സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്ന ഒരവസ്ഥയുണ്ട് ഓട്ടിസം കുട്ടികൾക്ക്. മെന്റലി റിട്ടാർഡഡ് ആണെന്ന് ഓട്ടിസക്കാരെക്കുറിച്ചു മൊത്തത്തിൽ ഒരു ധാരണയുണ്ട്. സാധാരണഗതിയിൽ ഓട്ടിസമുള്ള ഒരു കുട്ടി ജനിച്ചാൽ അതിന്റെ അച്ഛൻ അമ്മയെ ഡിവോഴ്സ് ചെയ്തു പോകും. അല്ലെങ്കിൽ കുട്ടിയെ അവഗണിക്കും. എല്ലാ ഭാരവും അമ്മയിലായിരിക്കും. അങ്ങനെയുള്ള ഒരു അമ്മ ഓട്ടിസ്റ്റിക് ആയ കുട്ടിയുമായി ജീവിതസാഹചര്യങ്ങളോടു നടത്തുന്ന പോരാട്ടവും ആ കുട്ടിയിൽ ഒളിഞ്ഞിരിക്കുന്ന ടാലന്റ് കണ്ടെത്തി അതു വികസിപ്പിച്ച് അവനെ സോഷ്യലി കോംപീറ്റന്റ് (സുഹൃത്തുക്കളുമായും സമൂഹവുമായും ഇടപഴകാനുള്ള കഴിവ്) ആക്കി അതിലൂടെ ഈ സമൂഹത്തിനെതിരേ പോരാടുന്നതും അതിൽ വിജയിക്കുന്നതുമാണ് സ്വയം എന്ന സിനിമയുടെ പ്രമേയം.
കഥാപശ്ചാത്തലം..?
ജർമനിയിൽ സെറ്റിൽ ചെയ്ത ഒരു മലയാളി ഫാമിലിയിലെ ഓട്ടിസമുള്ള ഒരു കുട്ടിക്ക് ഫുട്ബോൾ കളിക്കുന്നതിനിടെ കാൽമുട്ടിൽ പരിക്കുണ്ടാകുന്നു(നീ ലോക്ക്). പെട്ടെന്നു നീ ലോക്ക് വരുന്പോൾ അവൻ തളർന്നുപോകുന്നു. കാരണം, കളിക്കാൻ പറ്റാതെ വരികയല്ലേ പിന്നീട്. പ്രത്യേകിച്ചും ഓട്ടിസ്റ്റിക്കുമാണ്. ആയുർവേദ ചികിത്സ തേടി അവർ നാട്ടിലെ കുടുംബത്തിലെത്തുന്നു. ഈ കുട്ടിക്ക് ഓട്ടിസമാണെന്ന് അതുവരെ നാട്ടിൽ ആർക്കുമറിയില്ലായിരുന്നു. ഇവരുടെ വരവോടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളും രണ്ടു മാസത്തെ ചികിത്സയ്ക്കിടെ ഉണ്ടാകുന്ന മറ്റു ചില സംഭവങ്ങളും ആ കുട്ടിയെ സോഷ്യലി കോംപീറ്റന്റ് ആക്കാനുള്ള ആ അമ്മയുടെ ശ്രമങ്ങളും അതിലുണ്ടാകുന്ന വിജയവുമാണ് സിനിമ.
മുഖ്യകഥാപാത്രങ്ങളെക്കുറിച്ച്...?
ഓട്ടിസ്റ്റിക്കായ കുട്ടിയും അവന്റെ അമ്മയുമാണ് പ്രധാന വേഷങ്ങളിൽ. ഈ സിനിമയുടെ നിർമാതാവ് ജർമൻ മലയാളി വിനോദ് ബാലകൃഷ്ണന്റെയും സ്മിതയുടെയും മകനാണ് ഓട്ടിസ്റ്റിക് കുട്ടിയായി അഭിനയിക്കുന്ന നിമയ്. മറൂണ് എന്നാണ് സിനിമയിലെ പേര്. മറഡോണയുമായി ബന്ധിപ്പിച്ചാണ് ഫുട്ബോൾ ഇഷ്ടമുള്ള അവനു മറൂണ് എന്നു പേരു കൊടുത്തത്. മറൂണിന്റെ അമ്മയായി അഭിനയിക്കുന്നത് ലക്ഷ്മിപ്രിയ മേനോൻ. അച്ഛൻ ഉപേക്ഷിച്ചു പോയതിനാൽ ഈ അമ്മ തന്നെയാണ് എല്ലാത്തിനോടും പൊരുതി നിൽക്കുന്നത്. കഥാപാത്രത്തിന്റെ പേര് ആഗ്നസ്. ലക്ഷ്മിപ്രിയ ഈ സിനിമയ്ക്കുവേണ്ടി നന്നായി സ്ട്രഗിൾ ചെയ്തിട്ടുണ്ട്. ഷൂട്ടിനു മുന്പ് ലക്ഷ്മിയെ ഓട്ടിസക്കാരുള്ള മൂന്നാലു സെന്ററുകളിൽ കൊണ്ടുപോയി, അവിടെ നിർത്തി അത്തരം കുട്ടികളുടെ പെരുമാറ്റരീതികൾ സ്റ്റഡി ചെയ്യാനുള്ള സാഹചര്യമൊരുക്കി. ലക്ഷ്മിപ്രിയ ആറു മാസം ഈ സിനിമയ്ക്കു പിന്നാലെ നിന്നു. അവർ നന്നായി ആക്ട് ചെയ്തിട്ടുമുണ്ട്. ബിന്ദു മുരളിയും ശ്രദ്ധേയമായ ഒരു വേഷത്തിൽ വരുന്നു.
ഫുട്ബോൾ താരം റോബർട്ടോ പിന്റോ ...
മറൂണിന്റെ ഫുട്ബോൾ പരിശീലകന്റെ വേഷത്തിലാണ് നിരവധി ലോക മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ജർമൻ ദേശീയ താരം റോബർട്ടോ പിന്റോ വരുന്നത്. ഓട്ടിസത്തെക്കുറിച്ചുള്ള സിനിമ ആയതിനാൽ ഒരു ഫുട്ബോൾ മാച്ച് തന്നെ സിനിമയ്ക്കു വേണ്ടി കുറച്ചുസമയം ഫ്രീ ആയി ഷൂട്ട് ചെയ്യാൻ ജർമനിയിലെ ഫുട്ബോൾ ക്ലബ് അനുവാദം നല്കി.
ഈ സിനിമ ചെയ്യാനുണ്ടായ പ്രചോദനം..?
ഒരിക്കൽ ബംഗളൂരു എയർപോർട്ടിൽ വച്ച് ഓട്ടിസ്റ്റിക്കായ 10 വയസുള്ള ഒരു കുട്ടി ഫ്ളൈറ്റിൽ കയറാൻ കൂട്ടാക്കാതെ ബഹളം വയ്ക്കുന്നതു ഞാൻ കണ്ടു. ടിക്കറ്റും അമ്മയുടെ ബാഗുമൊക്കെ എടുത്തുകളഞ്ഞ് ഹൈപ്പർ ആക്ടീവായി നിൽക്കുകയായിരുന്നു അവൻ. പിടിച്ചു വലിച്ചിട്ടുപോലും ഫ്ളൈറ്റിലേക്കു പോകുന്നില്ല. ഫ്ളൈറ്റ് അനൗണ്സ് ചെയ്തുകൊണ്ടിരിക്കുകയുമാണ്. എല്ലാവരും സ്തബ്ധരായി നിൽക്കുകയാണ്. ആ സിറ്റ്വേഷനിൽ പെട്ട ആ അമ്മ വേറെ നിവൃത്തിയില്ലാതെ പൊട്ടിക്കരയാൻ തുടങ്ങി. എയർപോർട്ട് ജീവനക്കാരാകട്ടെ വിമാനത്തിൽ കയറാൻ ഇവരെ നിർബന്ധിച്ചുകൊണ്ടിരുന്നു. കുറേ കഴിഞ്ഞപ്പോൾ ആ കുട്ടി ഓടിവന്ന് സ്ത്രീയുടെ ഷാൾ വാങ്ങി കണ്ണൊക്കെ തുടച്ച് ശാന്തനായി. അമ്മ അവനെ ഫ്ളൈറ്റിലേക്കു കൊണ്ടുവന്നു. അതോടെ അവൻ തികച്ചും നോർമലായി. തിരുവനന്തപുരത്ത് എത്തിയപ്പോൾ ഞാൻ ആ കുട്ടിയെപ്പറ്റി തിരക്കി. അപ്പോഴാണ് അവൻ ഓട്ടിസ്റ്റിക്കാണെന്ന് ആ അമ്മ പറഞ്ഞത്. മെന്റലി റിട്ടാർഡഡ് അല്ല. കാഴ്ചയ്ക്ക് നോർമൽ കുട്ടി. അച്ഛനാരാണ്, അമ്മയാരാണ് എന്നൊന്നും അവനു തിരിച്ചറിയില്ല. പക്ഷേ, ഏറെ ഇന്റലിജന്റാണ്. അവൻ ഭംഗിയായി തബല വായിക്കുമെന്ന് പിന്നീട് ഞാനറിഞ്ഞു. ഒരുദിവസം ആ കുട്ടിയെ കാണാൻ പോയി. അപ്പോൾ അവൻ നന്നായി തബല വായിച്ചു. അങ്ങനെയൊരു ഫോക്കൽറ്റി അവനുണ്ട്. പക്ഷേ, ഹൈപ്പർ ആക്ടീവ് ആയതിനാൽ പുറത്തിറക്കിക്കൊണ്ടു പോകാനാവില്ല.
വർത്തമാനകാലപ്രസക്തി...?
കേരളത്തിലും ഓട്ടിസ്റ്റിക് കുട്ടികളുടെ എണ്ണം കൂടുകയാണ്. ഇതിന്റെ കാരണം കണ്ടെത്താനാകുന്നില്ല. രണ്ടു വയസിലല്ലേ ഇത് അറിയാൻ പറ്റുകയുള്ളൂ. കണ്ടെത്തിയാൽ തന്നെ മരുന്നില്ല്ല. ഇവർ ഇന്റലിജന്റാണ്. ജൈവപരമായ എല്ലാം പ്രവർത്തനങ്ങളും നമ്മളെപ്പോലെ തന്നെ. പക്ഷേ, ഇവരുടെ ഹൈപ്പർ ആക്ടിവിറ്റിയും ഇവരുടെ പെരുമാറ്റ രീതികളും മറ്റാരെയും തിരിച്ചറിയാൻ പറ്റാത്തതും ഇമോഷണൽ അല്ലാതുമൊക്കെയായ വല്ലാത്ത ഒരു ലോകം.
രണ്ടു വർഷം ഞാൻ ഇതിനു പിന്നാലെ നടന്നു. ഏറെ വേദനിപ്പിക്കുന്നതും ദയനീയവുമാണ് നമ്മുടെ നാട്ടിലെ ഓട്ടിസ്റ്റിക് കുട്ടികളുടെ അവസ്ഥ. നമ്മുടെ നാട്ടിൽ ഓട്ടിസ്റ്റിക് കുട്ടികൾക്കു മാത്രമായി പ്രത്യേകം റീഹാബിലിറ്റേഷൻ സെന്റർ ഇല്ല. രക്ഷിതാക്കളുടെ, പ്രത്യേകിച്ച് അമ്മമാരുടെ കാലശേഷം ഇവരുടെ ജീവിതം എങ്ങനെയാവും. ? സാധാരണ മനുഷ്യരെപ്പോലെ എല്ലാ ബയോളജിക്കൽ പ്രത്യേകതകളും ഉള്ളവരല്ലേ ഇവരും. അതിനാൽ 30 വയസിനുശേഷം ഇവരുടെ ലൈഫ് വലിയ ട്രാജഡിയാണ്.
സ്വയം എന്ന ടൈറ്റിലിനു പിന്നിൽ..?
ഓട്ടിസം കുട്ടിയുടെ മുന്പിൽ എപ്പോഴും തോറ്റുകൊടുത്ത് ജീവിതത്തിൽ ജയിക്കുന്ന ഒരമ്മയുടെ കഥയാണ് സ്വയം. ഓട്ടിസം കുട്ടിയുണ്ടായാൽ അതിന്റെ എല്ലാ പ്രശ്നങ്ങളും നേരിടുന്നത് അമ്മയാണ്. ഈ സ്ത്രീ തന്നെയാണ് - സ്വയമാണ് - ഇതെല്ലാം ചെയ്യേണ്ടത്, എല്ലാത്തിനോടും പൊരുതി നിൽക്കുന്നത്. എല്ലാം സ്വയം ഏറ്റെടുക്കുകയാണ് ഒരു സ്ത്രീ. മാത്രമല്ല ഈ കുട്ടികൾക്കും സ്വയം ഒന്നും അറിഞ്ഞുകൂടാ. ഈ കുട്ടികളെ സംബന്ധിച്ചിടത്തോളം അവരും സ്വയമാണ് എല്ലാം ചെയ്യുന്നത്. അവർക്ക് വേറൊരു ലോകമില്ലല്ലോ. അവർക്ക് വേറെ ആരെക്കുറിച്ചും ഒരു ചിന്തയുമില്ല. ഒരു ഓട്ടിസം കുട്ടിയുടെ ലോകമാണ് സ്വയം.
ഈ സിനിമ സമൂഹത്തിൽ വരുത്തുന്ന മാറ്റം..?
ഓട്ടിസ്റ്റിക്കായ കുട്ടികളെ കടകളിലും ഫങ്ഷനുകളിലും കൊണ്ടുപോയൽ ചിലപ്പോൾ ഐസ്ക്രീം തട്ടിയെടുത്ത് ഓടിയെന്നു വരാം. അത്തരത്തിൽ ഹൈപ്പർ ആക്ടീവാണ് അവർ. പക്ഷേ, മെന്റലി റിട്ടാർഡഡ് അല്ലെങ്കിൽ മാനസികരോഗി - സമൂഹം അവരെ അങ്ങനെയാണു കാണുന്നത്. അതിനാൽ ഇപ്പോൾ ഫാമിലി ചടങ്ങുകളിലും വിവാഹങ്ങൾക്കും മറ്റും ഓട്ടിസം കുട്ടികളെ കൊണ്ടുപോകാറില്ല. അവർ പോവുകയുമില്ല. അവർ ഒറ്റപ്പെട്ടവരായി മാറുകയാണ്. ഓട്ടിസം ഒരു അവസ്ഥയാണെന്നു സമൂഹം മനസിലാക്കി അവരെ അംഗീകരിക്കുന്ന സാഹചര്യം ഉണ്ടാകണം. കുടുംബങ്ങളിലെ ചടങ്ങുകളിലും മറ്റും അവരെ ക്ഷണിക്കണം. ഈ കുട്ടികൾക്ക് അതിൽ പങ്കെടുക്കാനാകണം. ഓട്ടിസം എന്ന അവസ്ഥ കൊണ്ടാണ് ആ കുട്ടി ഐസ്ക്രീം എടുത്തുകൊണ്ട് ഓടിയത് എന്നു നാം വിചാരിച്ചാൽ പ്രശ്നം തീർന്നു. നമ്മളാണു മാറേണ്ടത്, സമൂഹമാണ് മാറേണ്ടത്. ഇങ്ങനെയുള്ളവരെ കാണാനെങ്കിലുമുള്ള മനഃസ്ഥിതി ഉണ്ടാകണം. ഓട്ടിസം എന്താണെന്നും ഓട്ടിസ്റ്റുകളുടെ അമ്മമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്താണെന്നും അറിയാനുള്ള ഒരു മനഃസ്ഥിതി നമുക്ക് ഉണ്ടാകണം.
അണിയറയിൽ...?
ഇന്തോ- ജർമൻ കോ പ്രൊഡക്ഷനാണു സ്വയം. 15 ദിവസം ജർമനിയിൽ ഷൂട്ട് ചെയ്തു; 20 ദിവസം ഇവിടെയും. ഞാനും സജീവ് പാഴൂരും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഛായാഗ്രഹണം സജൻ കളത്തിൽ. എഡിറ്റിംഗ് രഞ്ജിത്ത് കുഴൂർ. സംഗീതം എ. ആർ. റഹ്മാന്റെ ശിഷ്യന്മാരിൽ ഒരാളായ സച്ചിൻ ശങ്കർ മന്നത്ത്. പാട്ടെഴുത്ത്
ഡോ.സുരേഷ് കുമാർ. പാടിയത് ഉണ്ണിമേനോൻ.
ടി.ജി.ബൈജുനാഥ്